OVS - Latest NewsOVS-Kerala News

യാക്കോബായ നേതൃത്വം ഉൾപ്പടെ 9 എതിർകക്ഷികൾക്ക് സുപ്രീം കോടതിയുടെ കോടതി അലക്ഷ്യ നോട്ടീസ്

ന്യൂഡൽഹി: മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികളുടെ ഭരണം 1934ലെ ഭരണഘടനപ്രകാരമെന്നു വ്യക്തമാക്കിയുള്ള വിധികൾ നടപ്പാക്കാത്തതു കോടതിയലക്ഷ്യമാണെന്നാരോപിച്ച് ഓർത്തഡോക്സ് സഭ നൽകിയ ഹർജികളുടെ ഭാഗമായ ഇടക്കാല അപേക്ഷയിൽ 9 എതിർകക്ഷികൾക്കു നോട്ടിസ് അയയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ചീഫ് സെക്രട്ടറി, അഡിഷനൽ ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി, പൊലീസ് മേധാവി എന്നിവർക്കും ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമൻ , കുര്യാക്കോസ് യൗസേബിയോസ്, ഏലിയാസ് അത്തനാസിയോസ്, ജോസഫ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് തെയോഫിലോസ് എന്നിവർക്കുമാണ് നോട്ടിസ്.

കഴിഞ്ഞ ഓഗസ്റ്റിൽ നൽകിയ കോടതിയലക്ഷ്യ ഹർജി കഴിഞ്ഞ 18ന് പരിഗണിച്ചിരുന്നു. കോടതിയലക്ഷ്യമെന്നു കരുതാവുന്ന നടപടികൾ കൃത്യമായി വ്യക്തമാക്കി അപേക്ഷ നൽകാൻ അന്നു നിർദേശിച്ചു. ഈ അപേക്ഷയിലെ 3 പ്രധാന ആവശ്യങ്ങൾ സംബന്ധിച്ചാണ് ഇന്നലത്തെ നോട്ടിസ്.

3 ആവശ്യങ്ങൾ ഇപ്രകാരമായിരുന്നു,

  1. 1934 ലെ ഭരണഘടനപ്രകാരം നിയമിക്കപ്പെട്ട വികാരിമാർക്ക് ഇടവകകളുടെ നടത്തിപ്പിനും ആരാധന, മൃതദേഹ സംസ്കാരം, മറ്റു ചടങ്ങുകൾ തുടങ്ങിയവയ്ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയോടും മറ്റും നിർദേശിക്കുക.
  2. 2017 ൽ കെ.എസ്.വർഗീസ് കേസിൽ നൽകിയ വിധിയും അനുബന്ധ വിധികളും 1934ലെ ഭരണഘടനയും പാലിക്കുമെന്നും 34ലെ ഭരണഘടന ബാധകമാകുന്ന പള്ളികളുടെ നടത്തിപ്പിലും ഭരണത്തിലും ഇടപെടില്ലെന്നും മലങ്കര ഓർത്തഡോക്സ് സഭയുടെയും അതിനു കീഴിലുള്ള പള്ളികളുടെയും നടത്തിപ്പിന് സമാന്തര ഭരണസംവിധാനത്തിനു ശ്രമിക്കില്ലെന്നും തോമസ് പ്രഥമൻ കാതോലിക്കാ ബാവായും 4 മെത്രാന്മാരും നിരുപാധിക ഉറപ്പു നൽകുക.
  3. 1934ലെ ഭരണഘടനപ്രകാരം പ്രവർത്തിക്കുന്ന എല്ലാ പള്ളികളിലും ആരാധന, മൃതദേഹ സംസ്കാരം, മറ്റ് ചടങ്ങുകൾ തുടങ്ങിയവ സഭാ ഭരണഘടനപ്രകാരം നിയമിക്കപ്പെട്ട വികാരിമാരും വൈദികരും വ്യക്തികളും മാത്രം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ എതിർകക്ഷികളോടു നിർദേശിക്കുക.

മൊത്തം 6 കോടതിയലക്ഷ്യ ഹർജികളാണ് ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി വരിക്കോലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. വിജു ഏലിയാസ് ഉൾപ്പെടെ 15 ഹർജിക്കാർ നൽകിയിരുന്നത്.

എല്ലാം ഒരേ പ്രശ്നവും ആവശ്യങ്ങളുമുന്നയിച്ചായതിനാൽ 5 ഹർജികൾ പിൻവലിക്കാൻ കോടതി അനുമതി നൽകി. ഹർജിക്കാർക്കുവേണ്ടി രാകേഷ് ദ്വിവേദി, കൃഷ്ണൻ വേണുഗോപാൽ, ഇ.എം.സദ്രുൾ അനാം എന്നിവർ ഹാജരായി. ഈ വിധിയോടെ രണ്ടാഴ്ചയോളമായി യാക്കോബായ നേതൃത്വം നടത്തിവന്ന നുണപ്രചരണങ്ങൾക്ക് വിരാമമായി.

ശവസംസ്കാര പരാതികൾ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തീർപ്പാക്കി