OVS - ArticlesOVS - Latest News

ഓർത്തഡോക്സ്‌ സഭയെ സമൂഹമാധ്യമങ്ങളിൽ അവഹേളിച്ചു ആനന്ദം കണ്ടെത്തുന്നവർക്കായി ഒരു കുറിപ്പ്

മലങ്കര ഓർത്തഡോക്സ്‌ സഭയെ ന്യായ-അന്യായങ്ങൾ മനസിലാക്കാതെ സമൂഹ മാധ്യമങ്ങളിൽ കൂടി അവഹേളിച്ചു സംതൃപ്തിയടയുന്ന ഒരു സങ്കുചിത വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട് എന്നതൊരു യാഥാർഥ്യമാണ്. അതിനുള്ള വിവിധ കാരണങ്ങൾ ഇതര മതവിഭാഗങ്ങൾക്കു ഒരു പരിധിവരെ മനസ്സിലായിട്ടുണ്ട്. ബഹു.സുപ്രീംകോടതി വിധിയുടെ നടത്തിപ്പ് മൂലം പ്രലോഭനങ്ങളും, വാഗ്ദാനങ്ങളും നൽകി കർത്താവിൻ്റെ തിരുശരീരമായ സഭയുടെ ഒരു ഭാഗം അടർത്തിയെടുക്കാനോ, സമാന്തര ഭരണക്കാർക്കോ, അജമോഷണം നടത്താനോ ശ്രമിക്കുന്നവർക്കല്ലാതെ ഇതുകൊണ്ടു ദോഷമൊന്നുമില്ലതാനും. അല്ലാത്തവർക്ക് ഇതൊക്കെ പറഞ്ഞു ചിരിക്കാൻ വകനൽകുന്നു എന്ന് മാത്രം.

ഒരു തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞു നിൽക്കുന്ന ഈ സന്ദർഭത്തിൽ യാഥാർഥ്യം മറ്റൊന്ന് ആണെങ്കിലും മലങ്കര സഭയിലെ ഒരു കൂട്ടം വൈദികരും വിശ്വാസികളും ബി.ജെ.പി-യെ അനുകൂലിച്ചു എന്നുള്ളതാണ് ഇപ്പോൾ വലിയ അപരാധമായി ചിലർ ചിത്രീകരിക്കുന്നത്. ആ ചിലരിൽ ഭൂരിഭാഗവും യാക്കോബായ വിഭാഗം എന്ന് അവകാശപ്പെടുന്ന സഹോദരങ്ങൾ തന്നെയാണ്. കാര്യങ്ങൾ ശരിയായ അർത്ഥത്തിൽ മനസിലാക്കാതെയോ അസൂയയോടെയോ പക്ഷംപിടിച്ചു ഒരു പോലെ പരിഹസിക്കുകെയും സഹതപ്പിക്കുകേയും ചെയ്യുന്ന സഹോദരി സഭാ വിശ്വാസികളാണ് മറ്റൊരു വിമർശകർ. മറ്റൊരു വിഭാഗം രാഷ്ട്രീയ കണ്ണിൽ കൂടെ മാത്രം സഭയുടെ നിലപാടുകളെ കാണുന്ന മലങ്കര സഭയിലെ കോൺഗ്രസ് അല്ലെങ്കിൽ ഇടതു അനുകൂല സഭാംഗങ്ങളാണ്.

ആദ്യം ഓർത്തഡോക്സ്‌ സഭ അംഗങ്ങളുടെ കാര്യം തന്നെ എടുക്കാം. അവർ എന്തിനു സ്വന്തം സഭയെ അവഹേളിക്കുന്നു? കോൺഗ്രസിന് ഫിക്സഡ് ഡെപ്പോസിറ് പോലെ സ്ഥിരമായി കിട്ടാറുണ്ടായിരുന്ന വോട്ടുകൾ മാറി പോയി കോൺഗ്രസ് സ്ഥാനാർത്ഥികൾ തോൽക്കുമെന്ന് ഭയമാണോ അവരെ ഇത് ചെയ്യിപ്പിക്കുന്നത്? ഈ അടുത്ത കാലത്തു ആറന്മുള, ചെങ്ങന്നൂർ മുതൽ ഇങ്ങോട്ടു ഇടതിന് അനുക്കൂലമായി വീണ വോട്ടുകൾ അവർക്കു ഭാവിയിൽ നഷ്ടപ്പെടുമോ എന്ന ഭയമാണോ ഓർത്തഡോക്സ്‌ സാഭാഗങ്ങളായ ഇടതു പ്രവർത്തകർക്കും വേവലാതി സൃഷ്ഠിക്കുന്നത്? സഭയില്ലെങ്കിൽ സഭയുടെ പേരും പറഞ്ഞു രാഷ്ട്രീയ നേതാക്കളുടെ പുറകെ നടന്നിട്ടു കാര്യമൊന്നുമില്ല എന്ന് ഇങ്ങനെയുള്ളവർ എന്ന് മനസിലാക്കും?. സഭ വേണ്ട രാഷ്ട്രീയം മതി എന്നുള്ളവർക്കു സഭയെ ഉപദ്രവിക്കാതെ അവരവരുടെ തട്ടകത്തിൽ പ്രവർത്തിക്കാവുന്നതാണ്. രണ്ടു വള്ളത്തിൽ കൂടെ കാലിട്ടു നിന്ന് രണ്ടിടത്തു നിന്നും ആനുകൂല്യം പറ്റുന്നവർ ആ പരിപാടി ദയവായി നിർത്തണം.

സോഷ്യൽ മീഡിയയിൽ വസ്തുതാപരമല്ലാത്ത നിലയിൽ മലങ്കര സഭയെ വിമർശിക്കുന്നവരുടെ പൊതു സ്വഭാവം എടുത്താൽ അവർ ഏറെയും കോട്ടയം മുതൽ തെക്കോട്ടുള്ളവരും, കോൺഗ്രസിലെ ഒരു ഗ്രൂപ്പിൻ്റെ വക്താകളും ആണെന്നത് ശ്രദ്ധേയമാണ്. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ താല്പര്യങ്ങൾ സഭയിൽ സംരക്ഷിക്കുന്നതിന് വേണ്ടി സഭയുടെ പേരിൽ ഡിസ്കഷൻ ഫോറങ്ങളും, പേജുകളും നടത്തി സഭയെയും, പരിശുദ്ധ പിതാവിനെയും അവഹേളിക്കാൻ അവസരം ഉണ്ടാക്കുന്ന കുലദ്രോഹികൾ വരെ ഉണ്ട്. പ്രവാസലോകത്ത് അടക്കം മലങ്കര സഭയുടെ വലിയ ഇടവകകളിൽ ഉത്തരവാദിത്ത സ്ഥാനങ്ങളിൽ ഇരുന്ന് കൊണ്ട് സഭയുടെ താല്പര്യങ്ങളെ അവഹേളിച്ചു രാഷ്ട്രീയ പാർട്ടിക്കൾക്കു വിടുപണി ചെയ്യുന്ന നിർഗുണന്മാരും വിമർശകരിൽ പ്രധാനികളാണ്. പല സ്ഥലത്തും കുടുംബത്തോടെ പള്ളികളുടെ സ്ഥാനങ്ങളോ, സഭയുടെ സ്ഥാനങ്ങളോ സ്ഥിരമായി കരസ്ഥമാക്കുന്നവരും ഇവരൊക്കെത്തന്നെയാണ്. ഇതേ ആളുകൾ തിരഞ്ഞെടുപ്പു വരുമ്പോൾ വീട് വീടാന്തരം കയറി രാഷ്ട്രീയ പാർട്ടികളുടെ സ്ലിപ്പുമായി വോട്ട് പിടിക്കുന്നതും കാണുവാൻ സാധിക്കും. നാണം കുറച്ചെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ഏതേലും ഒരു പണി മാത്രം ചെയ്യുക. ഇടവകക്കാർ നിങ്ങളെ കൊണ്ട് മടുത്തു ഇരിക്കുകയാണ് എന്ന് മനസ്സിലാക്കുക. പള്ളികൾ സ്വന്തം മിടുക്കുകൊണ്ടാണ് നടക്കുന്നത് എന്ന് മേനി പറയുകയും, സ്ഥാനങ്ങൾ വീതിച്ചു സ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുന്ന ഇത്തിൾ കണ്ണികളെ സഭ/ഇടവക ചുമതലകളിൽ നിന്ന് മാറ്റി നിർത്താൻ സഭ നേതൃത്വം നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.

അടുത്തത് മലങ്കര സഭയിലെ യാക്കോബായ വിഭാഗം എന്ന് സ്വയം വിളിച്ചു നടക്കുന്ന അന്തോഖ്യൻ കൂട്ടർ. കാലങ്ങളായി സഭയിൽ ഭിന്നിപ്പ് ഉണ്ടാക്കി, സഭയെ മൊത്തത്തിൽ വിഴുങ്ങാം എന്ന് ധരിച്ചു, പരാജയപ്പെട്ടു, ഇപ്പോൾ നിൽക്കക്കള്ളിയില്ലാതെ സഭയെ വെട്ടിമുറിച്ചു കിട്ടാവുന്നതൊക്കെ അടിച്ചുമാറ്റി, പുറത്തുപോയി മറ്റൊരു സഭ ഉണ്ടാക്കാൻ പരിശ്രമിക്കുന്ന ഒരു വിഭാഗം. 2002-ൽ ഒന്നുണ്ടാക്കി, രാജ്യത്ത് ഉന്നത കോടതികൾ അത് അസാധുവാണെന്നു പറഞ്ഞതുകൊണ്ട് ഇപ്പോൾ അടുത്തതിനുള്ള തയ്യാറെടുപ്പുമായി മാതൃ സഭയായ ഓർത്തഡോക്സ്‌ സഭയെ തെറി വിളിച്ചു, സമൂഹ മാധ്യമങ്ങളിൽ കൂടി ആക്ഷേപിച്ചു, വിശ്വാസികളിൽ വൈരവും നിരാശയും കുത്തി വെച്ചു ആശ്വാസം കൊള്ളുന്നു. ഈ വിഘിടിത സമൂഹത്തിനു മലങ്കര ഓർത്തഡോക്സ്‌ സഭയെ അവഹേളിക്കാൻ എന്താണ് യോഗ്യത? ഓർത്തഡോക്സ്‌ സഭ അംഗങ്ങൾ എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിച്ചാലും ഇവർക്ക് എന്താണ്? ഈ വിഘടിത യാക്കോബായ എന്ന് വിളിക്കുന്ന വിഭാഗത്തിൻ്റെ അങ്കമാലി സ്രേഷ്ട മെത്രാൻ അല്ലെ ഏതു തിരഞ്ഞെടുപ്പ് വന്നാലും ആദ്യം ഇന്നവരെ ജയിപ്പിക്കണം എന്ന് പ്രഖ്യാപിക്കുന്നത്. ഈ ഇലക്ഷനിലും കോടതി വിധികൾ അട്ടിമറിക്കാൻ സഹായിക്കുന്ന ഇടതുമുന്നണിക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞില്ലേ ഇവരുടെ സ്രേഷ്ട പുരോഹിതൻ? തിരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിൽ എറണാകുളത്തു മാത്രമാണ് അദ്ദേഹത്തിൻ്റെ സഭ അംഗങ്ങൾ ഉണ്ടായിരുന്നത്, അതുകൊണ്ടു അവിടെ ഇടതുപക്ഷം തോൽക്കുകയും ചെയ്തു എന്നത് മറ്റൊരു കാര്യം. ഇവരുടെ തന്നെ കോട്ടയം മെത്രാനല്ലേ ബി.ജെ.പി നേതാക്കളെ കാണാൻ ബാംഗ്ലൂർ വരെ പോയത് ? കോട്ടയത്ത് എത്ര മീറ്റിങ്ങിൽ കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പ് സമയത്തു ഇവരുടെ വൈദികർ പങ്കെടുത്തു. എല്ലാ തിരഞ്ഞെടുപ്പുകളിലും എറണാകുളം ജില്ലയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതു പോലും യാക്കോബായ നേതാക്കൾ ആണ്. അങ്ങനെ സൃഷ്ട്ടിക്കുന്ന MLA, MP -മാരുടെ സ്വാധീനം ഉപയോഗിച്ചാണ് കാലാകാലങ്ങളിൽ അവർക്കെതിരെ വന്നിട്ടുള്ള കേസുകളും കോടതിവിധികളും അട്ടിമറിച്ചു, രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു ഇപ്പോളും പ്രവർത്തിക്കുന്നത്. ഇങ്ങനെയൊക്കെയുള്ളവർ ആണ് ഓർത്തഡോക്സ്‌ സഭയെ കുറ്റം പറഞ്ഞു നടക്കുന്നത്.

മൂന്നാമത്തെ കൂട്ടർ ഇതര സഭാ വിശ്വാസികളാണ്. പലപ്പോഴും കാര്യമൊന്നും അറിയില്ലെങ്കിലും കിട്ടാവുന്ന സ്ഥലത്ത് എല്ലാം കയറി തങ്ങളുടെ സഭയുടെ പൂർവ്വ ചരിത്രങ്ങളും, വ്യഹാര പരമ്പരകളും, ആനുകാലിക സംഭവങ്ങളും, ഏച്ചു കെട്ടിയ അർഹതയില്ലാത്ത സ്ഥാനങ്ങളും ഒക്കെ മറന്നും മറച്ചും സാമൂഹ്യ വിമർശകരായി, നല്ല ശമര്യക്കാരായി സോഷ്യൽ മീഡിയയിൽ ഗിരിപ്രഭാഷണം നടത്തുന്നത്.

ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഓർത്തഡോക്സ്‌ സഭ നേതൃത്വം ഏതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തോ? ചില ഓർത്തഡോക്സ്‌ അംഗങ്ങൾ ബി.ജെ.പിയെ സഹായിക്കണം എന്ന് പറഞ്ഞത് ആ പാർട്ടിയോടുള്ള സ്നേഹം മൂലം ആണെന്ന് തോന്നുന്നുണ്ടോ? ഒന്നുമല്ല. എറണാകുളം ജില്ലയിൽ ഇടതു, വലതു മുന്നണികൾ അവരോടു ചെയ്ത അതിക്രമങ്ങളിൽ മനം മടുത്തു  മാത്രമാണ്. ഭൂരിപക്ഷം ഓർത്തഡോക്സ്‌ അംഗങ്ങളും കാലാകാലങ്ങളായി കോൺഗ്രസ് വോട്ടേഴ്‌സ് ആണ്. സി.പി.എമ്മിന് കുത്താൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്, മറ്റു ലാഭങ്ങൾ ഒന്നും ഉണ്ടായിട്ടൊന്നുമല്ല അവർ കോൺഗ്രസിന് വോട്ട് ചെയ്യുന്നത്. പക്ഷെ സഭ കേസുകൾ, അടുത്ത കാലത്തു ഓർത്തഡോക്സ്‌ സഭയ്ക്ക് അനുക്കൂലമായി വന്ന വിധികൾ, അത് യാക്കോബായ വിഭാഗത്തിന് വേണ്ടി അട്ടിമറിക്കാൻ ആദ്യം കോൺഗ്രസ് മുന്നണിയും, പിന്നീട് ചില ഇടതു നേതാക്കളും നടത്തിയ വഴിവിട്ട ശ്രമങ്ങൾ എല്ലാം ആണ് സഭ അംഗങ്ങളെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. കോൺഗ്രസിൻ്റെ ഉറച്ച സീറ്റ് അതുമൂലം അവർക്കു നഷ്ടപ്പെടുകയും ചെയ്തു. ആ ഗ്യാപ്പിൽ ഇടതുമുന്നണി അവിടെ വിജയിച്ചു എന്ന് മാത്രം. നായർ, ഈഴവ വോട്ടുകൾ  വലതും ഇടതും വീതം വെച്ച് മേടിച്ചില്ലായിരുന്നു എങ്കിൽ ബി.ജെ.പി അവിടെ ജയിച്ചു കയറുകയും ചെയ്തേനെ.

രാഷ്ട്രീയക്കാരെ ഉപയോഗിച്ചും, സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചും, ധാരാളം പണം വാരി എറിഞ്ഞും ഇന്ത്യൻ നിയമ വ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് യാക്കോബായ വിഭാഗം എന്ന് കോടതികൾക്ക് പോലും ബോധ്യമായി. അതുമൂലമാണ് കോടതികൾ കടുത്ത നടപടികളിലേക്ക് കടക്കുന്നത്. ബഹു. സുപ്രീം കോടതി കടുത്ത നിലപാട് സ്വീകരിച്ചതിൻ്റെ ഫലം ആണ് ഇടതു വലതു രാഷ്ട്രീയ സമ്മർദ്ദങ്ങളെ അതിജീവിച്ചു കോലഞ്ചേരി, കട്ടച്ചിറ, മാന്തളിർ, കണ്ടനാട്, കടമറ്റം, പിറവം പോലുള്ള അനേകം പള്ളികളിൽ വിധി നടപ്പാക്കാൻ ഇടയായത്. ആരും സഹായിക്കാൻ ഇല്ലാത്തവൻ്റെ ആകെ ആശ്രയം രാജ്യത്തെ കോടതികളാണ്. കോടതി വിധികൾക്കും രക്ഷയില്ല എന്ന് വന്നാൽ എന്ത് ചെയ്യും? അതാണ് ജനങ്ങളെ മറ്റൊരു അഭയ കേന്ദ്രത്തിലേക്കെത്തിക്കുന്നത്.

സഭയുടെ സ്ഥാപനത്തിൽ അച്ചനും കൊച്ചമ്മയ്ക്കും ജോലിയുള്ള, പള്ളി പണിയാൻ മിടുക്കുള്ള, ബുദ്ധിജീവി നിലവാരത്തിലുള്ള പ്രസംഗികരായ, രാഷ്ട്രീയം കളിക്കാൻ അറിയുന്ന, എത്ര ക്യാഷ് കിട്ടിയാലും തികയാത്ത, സ്വസ്ഥമായി പള്ളി മേഞ്ഞ ഭരിക്കുന്ന അച്ചന്മാരെ മാത്രം കണ്ടിട്ടുള്ള സഭാ വിമർശകർ മലങ്കര സഭയ്ക്കും മാർത്തോമൻ പൈതൃകത്തിനും വേണ്ടി പതിറ്റാണ്ടുകളായി കഷ്ടത അനുഭവിക്കുന്ന ഒരു കൂട്ടം വൈദികരെയും വിശ്വാസികളെയും അറിയാതെ പോകരുത്. ഇങ്ങനെ സഭയ്ക്ക് വേണ്ടി, വിശ്വാസികൾക്ക് വേണ്ടി അടി കൊള്ളാൻ ധാരാളം അച്ചന്മാർ വടക്കു ഉള്ളത് കൊണ്ട് കൂടെയാണ് ഈ മലങ്കര സഭ ഇന്നും നിലനിൽക്കുന്നത്. രാവിലെ മനോരമ പത്രത്തിൽ റബറിൻ്റെ വില നോക്കി നെടുവീർപ്പിടുന്ന, ലോകത്ത് എവിടെ യുദ്ധമുണ്ടായാലും ഇറാനും സൗദിയും തമ്മിൽ യുദ്ധമുണ്ടായി ഗൾഫിൽ നിന്നും വരുന്ന ക്യാഷ് നിന്ന് പോകല്ലേ എന്ന് ഉപവസിച്ചു പ്രാർത്ഥിക്കുന്ന, എല്ലാ ഇലെക്ഷനിലും ഒന്നും ചെയ്തില്ലെങ്കിലും നമ്മുടെ പരാമരാഗത രാഷ്ട്രീയ കക്ഷി തന്നെ ജയിക്കാൻ ആരും ഇടംകോലിടരുതേ എന്ന് നിർബന്ധ ബുദ്ധിയുള്ള ഒരു ശരാശരി മധ്യതിരുവതാംകൂർ നസ്രാണിക്കു ഇതൊക്കെ പെട്ടന്നു ദഹിക്കില്ലെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ, പീഡനം അനുഭവിക്കുന്ന സ്വന്തം സഹോദരങ്ങൾക്ക് വേണ്ടി.

വറുഗീസ് എബ്രഹാം