OVS - ArticlesOVS - Latest News

ഒരു വടിയും കുറെ വെടിയും: ഡോ. എം. കുര്യന്‍ തോമസ്

സമാനതകളില്ലാത്ത ഒരു ജീവിതമായിരുന്നു പ. പരുമല തിരുമേനിയുടേത്. പരിശുദ്ധന്‍ എന്ന നിലയില്‍ മാത്രമല്ല, പരിപാകതയുള്ള കാര്യവിചാരകനും ഉത്തമ ഇടയനും എന്ന നിലയിലും അദ്ദേഹം പ്രശോഭിച്ചു. ഈ കഴിവുകളാണ് നിരണം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്താ ആയിരുന്ന അദ്ദേഹത്തെ കൊല്ലം, തുമ്പമണ്‍ ഭദ്രാസനങ്ങള്‍ കൂടി സഭ ഏല്പിക്കാന്‍ ഇടവന്നത്. ഒരു പടി കൂടെ കടന്ന് അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി അദ്ദേഹത്തെ അസിസ്റ്റന്റ ് മലങ്കര മെത്രാപ്പോലീത്താ ആയും നിയമിച്ചു. കാലംചെയ്ത് ഒരു നൂറ്റാണ്ടു പിന്നിടുമ്പോഴും പരിശുദ്ധന്‍ എന്നതിലുപരിയായുള്ള അദ്ദേഹത്തിൻ്റെ പ്രവര്‍ത്തനമേഖലകള്‍ പൂര്‍ണ്ണമായും പഠനവിധേയമാക്കിയിട്ടില്ല.

ഇത്തരം വിഷയങ്ങളൊന്നുമല്ല ഇവിടെ പ്രതിപാദിക്കുന്നത്. പ. പരുമല തിരുമേനിയുടെ അംശവടിയാണ് ഇവിടെ ചര്‍ച്ചാ വിഷയം. കുറച്ചുകാലമായി അതിനെപ്പറ്റി കുറെ വ്യാജപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അവയെ താഴെ പറയുംവിധം സംഗ്രഹിക്കാം.
1). പ. പരുമല തിരുമേനിയുടെ അംശവടി പ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് നല്‍കിയതാണ്.
2). മലങ്കരയിലെ മെത്രാന്മാര്‍ കാലംചെയ്യുമ്പോള്‍ അവരുടെ വടി, സ്ലീബാ, കുരിശുമാല മുതലായ ജംഗമങ്ങള്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു എത്തിച്ചു കൊടുക്കുക എന്ന കീഴ്‌വഴക്കം ഉണ്ട്‌.
3). അപ്രകാരം പ. പരുമല തിരുമേനിയുടെ അംശവടിയും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു എത്തിച്ചുകൊടുത്തു.
4). പ്രഥമ ക്‌നാനായ മെത്രാപ്പോലീത്താ ആയിരുന്ന ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസിനു സ്ഥാനാരോഹണവേളയില്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ഈ അംശവടി സമ്മാനിച്ചു.
5). ക്‌നാനായ മെത്രാപ്പോലീത്താ ഏബ്രഹാം മാര്‍ ക്ലിമ്മീസിൻ്റെ സ്ഥാനാരോഹണ വേളയില്‍ പാത്രിയര്‍ക്കീസ് ഈ അംശവടി അദ്ദേഹത്തിനു സമ്മാനിച്ചു. ഈ വടി ഇപ്പോള്‍ ചിങ്ങവനത്ത് ക്‌നാനായ സമുദായ ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്നു.
6). ഏബ്രഹാം മാര്‍ ക്ലിമ്മീസ്, 1979-ല്‍ ഈ അംശവടി തോമസ് മാര്‍ തെയോഫിലോസ് മൂത്തേടം മെത്രാപ്പോലീത്തായ്ക്ക് കൈമാറി. അദ്ദേഹം അത് ഡല്‍ഹിയില്‍ എത്തിച്ചു.

ഇതില്‍ രണ്ടാമത്തെ പ്രചരണത്തെപ്പറ്റി ആദ്യം പറയാം. അത്തരമൊരു തെറ്റിദ്ധാരണ ഉണ്ടാകാനുള്ള കാരണം കോട്ടയം, അങ്കമാലി ഇടവകകളുടെ കടവില്‍ പൗലൂസ് മാര്‍ അത്താനാസ്യോസ് ആണ്. കൊസ്റ്റവര്‍ഷം 1078 വൃശ്ചികം 7-നു പറവൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത അദ്ദേഹത്തിന്റെ വില്‍പത്രത്തിലെ നാലാം ക്ലോസില്‍ … ബി. പട്ടികയില്‍ ഒന്നു മുതല്‍ മൂന്നുവരെ നമ്പറുകളായി ചേര്‍ത്തിട്ടുള്ളതും നമ്മുടെ കാലശേഷം അന്ത്യോഖ്യാ സിംഹാസനത്തിങ്കലേയ്ക്ക് അയച്ചുകൊടുപ്പാന്‍ നമ്മുടെ പിന്‍ഗാമിയെ ഏല്‍പ്പിപ്പിക്കാന്‍ ഇതില്‍ പറയുന്ന അധികാരികളോട് ആജ്ഞാപിച്ചിട്ടുള്ളതുമായ വകകള്‍… എന്നൊരു പരാമര്‍ശനം ഉണ്ട്. 1907-ല്‍ മാര്‍ അത്താനാസ്യോസ് കാലം ചെയ്തതിനെ തുടര്‍ന്ന് വില്‍പത്രപ്രകാരം പാത്രിയര്‍ക്കീസിനു എത്തിച്ചുകൊടുക്കുവാന്‍ പട്ടിക വസ്തുക്കളായ വടി, സ്ലീബാ, കുരിശുമാല ഇവ തൃക്കുന്നത്തു സെമിനാരിയുടെ ട്രസ്റ്റി എന്ന നിലയില്‍ അവയുടെ കൈവശക്കാരനായിരുന്ന വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ (പിന്നീട് പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍) ആ വര്‍ഷം ധനു 3-ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവങ്കാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്തായ്ക്ക് കൈമാറി. ഈ വിവരം അദ്ദേഹത്തിൻ്റെ സഭാജീവിത നാള്‍വഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിറ്റേവര്‍ഷം മേല്പട്ടസ്ഥാനമേല്‍ക്കുവാന്‍ യെറുശലേമിലെത്തിയ പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ ഇവ പാത്രിയര്‍ക്കീസിനു എത്തിച്ചുകൊടുത്തു. ഇതില്‍പ്പെട്ട കുരിശ് പില്‍ക്കാലത്ത് ഒരു അന്ത്യോഖ്യന്‍ മെത്രാന്‍ ധരിച്ചിരിക്കുന്നത് സിറിയയില്‍ വെച്ചു കണ്ടതായി കടവില്‍ പോള്‍ റമ്പാന്‍ തൻ്റെ ശീമയാത്രയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കടവില്‍ മാര്‍ അത്താനാസ്യോസ് ഇഷ്ടദാനം നടത്തിയ ഈയൊരൊറ്റ നടപടിയാണ് മലങ്കരയിലെ കീഴ്‌വഴക്കം എന്നു തട്ടിമൂളിക്കുന്നത്. 1876-നു മുമ്പ് മലങ്കരയില്‍ ഒരു മെത്രാന്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവരുടെ സ്ഥാനചിഹ്നങ്ങള്‍ പിന്‍ഗാമികള്‍ക്കു ലഭിക്കുകയായിരുന്നു പാരമ്പര്യം. അപ്രകാരം ചേപ്പാട്ട് പീലിപ്പോസ് മാര്‍ ദീവങ്കാസ്യോസ് നാലാമന്‍ വരെയുള്ളവരുടെ സ്ഥാനചിഹ്നങ്ങള്‍ പാലക്കുന്നത്തു മാര്‍ മാത്യൂസ് അത്താനാസ്യോസിനു ലഭിച്ചു. അദ്ദേഹത്തില്‍ നിന്നും പാലക്കുന്നത്തു തോമസ് മാര്‍ അത്താനാസ്യോസിൻ്റെ കൈകളിലെത്തിയ സ്ഥാനചിഹ്നങ്ങളും ചെപ്പേടുകളും നിയമാനുസൃത മലങ്കര മെത്രാേപ്പാലീത്താ ആയ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ കോടതിവഴി നടത്തിയെടുക്കുക ആയിരുന്നു. അവയെല്ലാം അദ്ദേഹം പിന്‍ഗാമി പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമനു കൈമാറി. പ. പത്രോസ് പാത്രിയര്‍ക്കീസ് വാഴിച്ച ആറു മെത്രാന്മാരില്‍ അമ്പാട്ട് മാര്‍ കൂറിലോസിൻ്റെ അംശവടി ആലുവാ തൃക്കുന്നത്തു സെമിനാരിയിലും മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസിൻ്റെ (പിന്നീട് പ. ബസേലിയോസ് പൗലൂസ് പ്രഥമന്‍) അംശവടി കോട്ടയം കാതോലിക്കേറ്റ് അരമനയിലും ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. ആ ആറുപേരില്‍പ്പെട്ട പ. പരുമല തിരുമേനിയുടെ അംശവടിയുടെ ഗതിവിഗതികളാണ് ഈ ലേഖനത്തിലെ ചര്‍ച്ചാവിഷയം.

1876 ഡിസംബര്‍ 10-നാണ് വടക്കന്‍പറവൂര്‍ പള്ളിയില്‍ വെച്ച് പ. പരുമല തിരുമേനിക്കും അങ്കമാലി ഇടവകയുടെ അമ്പാട്ട് മാര്‍ കൂറിലോസിനും പത്രോസ് പാത്രിയര്‍ക്കീസ് മേല്പട്ട സ്ഥാനം നല്‍കിയത്. അവര്‍ക്കോ, അദ്ദേഹം മേല്പട്ടസ്ഥാനം നല്‍കിയ മറ്റാര്‍ക്കെങ്കിലുമോ അംശവടിയോ വിലപിടിച്ച എന്തെങ്കിലും വസ്തുക്കളോ പാത്രിയര്‍ക്കീസ് സമ്മാനമായി നല്‍കിയതായി രേഖയൊന്നുമില്ല. കൈമുത്തായി ലഭിച്ചതിനുപരി, പുതുപ്പള്ളി പൊന്‍കുരിശടക്കം മലങ്കരസഭയുടെ വിലപിടിച്ച ജംഗമവസ്തുക്കള്‍ വിദേശത്തേയ്ക്കു കടത്തുവാന്‍ ശ്രമിച്ച പത്രോസ് പാത്രിയര്‍ക്കീസില്‍ നിന്നും അത്തരമൊരു സമ്മാനം പ്രതീക്ഷിക്കുകയും വേണ്ട. എന്നു മാത്രമല്ല , പ. പരുമല തിരുമേനിയില്‍ നിന്നടക്കം സമ്മാനങ്ങള്‍ ചോദിച്ചുവാങ്ങിക്കുകയും ചെയ്തിട്ടുണ്ട്.

പ. പരുമല തിരുമേനി സ്വഭവനമായ ചാത്തുരുത്തിലേയ്ക്കയച്ച ഏതാനും കത്തുകളില്‍ ഇതിനെക്കുറിച്ചു വ്യക്തമായ സൂചനകളുണ്ട് .
1. … വിശുദ്ധ പിതാവ് ഇവിടെനിന്നും രണ്ടുമൂന്നു ദിവസത്തിനകം അങ്കമാലിക്കു എഴുന്നള്ളുന്നതും അതിനിടയില്‍ മുടി വേഗത്തില്‍ തീര്‍പ്പാന്‍ കല്പിച്ചിരിക്കുന്നതും ആകകൊണ്ടു എത്രയും വേഗത്തില്‍ ആയതു നടത്തുവാന്‍ വിചാരിക്കണം… (1876 ധനു 16-നു കൊച്ചിക്കോട്ടയില്‍ നിന്നും)
2. … പിതാവിനുള്ള കാപ്പ വേഗത്തില്‍ ഏനപ്പെടുത്തി കൊണ്ടുവരുന്നതിനു ഉത്സാഹിക്കണം (1877 മെയ് 1, കൊച്ചിയില്‍ നിന്നും).
3. … വിശുദ്ധ പിതാവ് അകപ്പറമ്പില്‍ നിന്നും ഇവിടെയെത്തി. ഉടനെ ശീമയ്ക്കു എഴുന്നള്ളണമെന്നുള്ള വിചാരത്തിമ്പേരില്‍ മുളന്തുരുത്തിയില്‍ അവര്‍ വല്ലതും പണിയിച്ചു തീര്‍ത്തിട്ടുണ്ടെങ്കില്‍ ആയതുകൊണ്ടു ചാലിയും – പാലക്കാട്ടു കത്തനാരും – നിൻ്റെ ജേഷ്ടനും മറ്റും വേഗത്തില്‍ വരുന്നതിനായി എഴുതി അയയ്ക്കണമെന്നു കല്പിക്കകൊണ്ടു ഇതെഴുതുന്നതാകുന്നു… (1877 മേടം 4നു കൊച്ചിക്കോട്ടയില്‍ നിന്നും).

സ്വമേധാദാനം സ്വീകരിക്കുന്നതു കൂടാതെ പത്രോസ് പാത്രിയര്‍ക്കീസ് ചോദിച്ചു വാങ്ങിക്കുകയും ചെയ്തിരുന്നു എന്നാണ് ഇവയില്‍ നിന്നും വ്യക്തമാകുന്നത്. അത്തരമൊരു വ്യക്തി പ. പരുമല തിരുമേനിക്ക് വെള്ളി അംശവടി സമ്മാനിച്ചു എന്നത് അചിന്ത്യമാണ്. എന്നു മാത്രമല്ല, അംശവടി അടക്കം തൻ്റെ പൗരോഹിത്യ സ്ഥാനത്തിന് ആവശ്യമായ പൊന്‍വെള്ളി ജംഗമങ്ങള്‍ സ്വയം പണിയിക്കുക ആയിരുന്നുവെന്ന് അദ്ദേഹം അയച്ച മറ്റുചില സ്വകാര്യ കത്തുകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. തനിക്കു ലഭിച്ച അല്പ സമ്മാനങ്ങളൊഴികെ അതിനുള്ള പണം അദ്ദേഹം ആവശ്യപ്പെടുന്നത് സ്വഭവനത്തില്‍ നിന്നും!

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

1. … മാര്‍ കൂറിലോസു മെത്രാച്ചനു ഇനി വടി വകക്കും കുരിശിനും കൂടി കൊടുത്തതു നീക്കി പത്തില്‍ കുറയാതെ രൂപാ കൊടുക്കണം… (1877 കന്നി 3, വെട്ടിക്കല്‍).
2. … ഇന്നലെ ഇവിടെ വന്നപ്പോള്‍ വടിയുടെ കാര്യം പറഞ്ഞതില്‍ തലയുടെ ഭാഷ ഉണ്ടാക്കിത്തന്നാല്‍ അവിടെത്തന്നെ ഉണ്ടാക്കാം എന്നാണല്ലോ പറഞ്ഞത് കൊള്ളാം അങ്ങിനെ ആകട്ടെ. വടിയുടെ തല വാര്‍ത്തുണ്ടാക്കേണ്ടതിന്നുള്ള ചിലവ് വീതിച്ചെടുക്കേണ്ടി വരും… (വെട്ടിക്കല്‍ നിന്നും).

ഇതില്‍നിന്നും പ. പരുമല തിരുമേനിയുടെ അംശവടി, തനിക്കു സമ്മാനമായി ലഭിച്ച പണവും ബാക്കി കുടുംബച്ചിലവിലും മുളന്തുരുത്തിയിലോ പരിസര പ്രദേശത്തോ പണിതതാണന്നു പകല്‍പോലെ വ്യക്തമാണ്. അതുതന്നെ 1877 മെയ് 21-നു പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് പട്ടാമ്പിയില്‍ നിന്നും തീവണ്ടി കയറിയ ശേഷം! അവിടെ അവസാനിക്കുന്നു പ. പരുമല തിരുമേനിയുടെ അംശവടിയുടെ ശീമ ഉത്ഭവം!

പ. പരുമല തിരുമേനിയുടെ 29-ാം വയസില്‍ (1877-78) എടുത്ത ഫോട്ടോയില്‍ കാണുന്ന വടിയും 1901-ല്‍ ഡിക്രൂസ് എടുത്ത ഫോട്ടോയിലെ വടിയും വ്യത്യസ്തമാണ്. ആദ്യത്തെ വടിക്ക് മുട്ടുകള്‍ ഉണ്ട്; രണ്ടാമത്തേതിനു ഇല്ല എന്നതാണ് ദൃശ്യമായ വ്യത്യാസം. അതായത് 1877-ല്‍ അദ്ദേഹം പണിയിച്ച വടിയല്ല ഡിക്രൂസിൻ്റെ ഫോട്ടോയില്‍ കാണുന്നത്. ആ ഫോട്ടോയും അതിനെ അവലംബിച്ച് സര്‍ രാജാ രവിവര്‍മ്മ വരച്ച എണ്ണഛായാ ചിത്രവുമാണ് പ. പരുമല തിരുമേനിയുടെ അംശവടി മുട്ടുകള്‍ ഇല്ലാത്തതാണെന്ന ധാരണ പരത്തിയത്.

പ. പരുമല തിരുമേനിയുടെ അംശവടി ക്‌നാനായ സമുദായത്തിൻ്റെ കൈവശമുണ്ടെ ന്നാണ് പരക്കെ പ്രചരിപ്പിക്കപ്പെടുന്നത്. ... ഈ വടിയാണ് പരുമല തിരുമേനിയുടെ അംശവടി. ഇത് അന്ത്യോഖ്യായില്‍ നിന്നും കേരളത്തില്‍ വന്ന ഇഗ്നാത്തിയോസ് പത്രോസ് പാത്രിയര്‍ക്കീസുബാവാ തിരുമനസുകൊണ്ട് പരുമല തിരുമേനിയെ മെത്രാനായി അഭിഷേകം ചെയ്തപ്പോള്‍ അദ്ദേഹത്തിനു കൊടുത്തതായ വടിയാണ്. അധികാരത്തിൻ്റെ ചിഹ്നമാണിത്… (മലങ്കരയുടെ പരിമളം എന്ന പേരില്‍ 2002-ല്‍ ക്രോസ് മീഡിയ നിര്‍മ്മിച്ച ഡോക്യുമെന്ററി വീഡിയോയില്‍ ഏബ്രഹാം മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്താ നല്‍കിയ അഭിമുഖം). പക്ഷേ ഈ വടി തനിക്ക് എങ്ങിനെ ലഭ്യമായി എന്നദ്ദേഹം ഇവിടെ വ്യക്തമാക്കുന്നില്ല. ചിത്രത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിക്കുന്ന വടി മുട്ടുകള്‍ ഉള്ളതാണ്.

ഈ അംശവടി ചിങ്ങവനത്തെത്തിയതിനെപ്പറ്റി http://www.parumalathirumeni.org/എന്ന വെബ്‌സൈറ്റില്‍ 24-03-2018-ല്‍ ലഭ്യമാകുന്ന വിവരം ഇപ്രകാരമാണ് ….The Staff (amsavadi) and some of the insignias used by Parumala Thirumeni, on his death, were handed over to the supreme head of the Church, the Patriarch. This Staff used by Parumala Thirumeni was handed over to Mor Severius Geevarghese, the first Knanaya Metropolitan on his consecration and was later passed on to his successor Mor Clemis Abraham and is now there at the Knanaya diocesan headquarters in Chingavanam near Kottayam…. അതായത്, പരുമല തിരുമേനിയുടെ അംശവടി അദ്ദേഹത്തിൻ്റെ കാലശേഷം ഇതര സ്ഥാനചിഹ്നങ്ങളോടൊപ്പം പാത്രിയര്‍ക്കീസിനു കൈമാറിയെന്നും പാത്രിയര്‍ക്കീസ് അത് ക്‌നാനായ സമുദായത്തിൻ്റെ ആദ്യ മെത്രാപ്പോലീത്താ ആയ ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസിനു അദ്ദേഹത്തിൻ്റെ മേല്പട്ട സ്ഥാനാരോഹണവേളയില്‍ നല്‍കി എന്നുമാണ്.

ഇടവഴിക്കല്‍ മാര്‍ സേവേറിയോസ് സ്വന്ത കൈപ്പടയില്‍ രേഖപ്പെടുത്തിയ ഇടവഴിക്കല്‍ ക്രോണിക്കിള്‍ എന്ന നാളാഗമത്തില്‍ തൻ്റെ മേല്പട്ട വാഴ്ചയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇത്തരമൊരു സമ്മാനത്തെപ്പറ്റി സൂചനയില്ല. പക്ഷേ പിറ്റെ ആഴ്ച കോട്ടയം വലിയപള്ളിക്കാര്‍ സ്വീകരിച്ചപ്പോള്‍ സമ്മാനിച്ച സ്വര്‍ണ മസനപ്‌സായുടെ കാര്യം രേഖപ്പെടുത്തിയിട്ടുണ്ടുതാനും! മാര്‍ സേവേറിയോസിൻ്റെ വാഴ്ചയ്ക്കു ചുക്കാന്‍ പിടിച്ച ഇ. എം. പീലിപ്പോസും ഇക്കാര്യത്തില്‍ നിശബ്ദനാണ്. മാര്‍ സേവേറിയോസിനോ, തൊട്ടു സമീപകാലത്ത് വാഴിക്കപ്പെട്ട ആലുവാ കുറ്റിക്കാട്ടില്‍ പൗലൂസ് മാര്‍ അത്താനാസ്യോസിനോ അബ്ദള്ളാ പാത്രിയര്‍ക്കീസ് എന്തെങ്കിലും നല്‍കിയതായി യാതൊരു പരാമര്‍ശനവും സമകാലിക രേഖകളില്‍ കാണാനില്ല. അദ്ദേഹത്തിൻ്റെ സ്വഭാവം വെച്ച് അത് അസംഭാവ്യവുമാണ്.

കുറച്ചുകൂടി വിചിത്രമായ വാദമാണ് 2016-ല്‍ ജാക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഡല്‍ഹി ഡയോസിസ് പുറത്തിറക്കിയ Ido Dam’adronutho എന്ന സോവനീറില്‍ 143-ാം പേജില്‍ കാണുന്നത്. .. ..The ‘Staff ’, the insignia of Apostolic authority which the Parumala Thirumeni had been using was taken to Antoch on his death. It was presented by His Holiness the Patriarch of Antioch to H. G. Abraham Mor Clemis at the time of his consecration as a Bishop for the Knanaya Diocese of the Malankara Jacobite Syrian Church. H. G. Abraham Mor Clemis presented this ‘staff’ on 19th April 1979 to H. G. Thomas Mor Theophilos when he was ordained as Metrapolitan of Bahhya Kerala Diocese and thus it was brought to Delhi… ഇതനുസരിച്ച് ഏബ്രഹാം മാര്‍ ക്ലിമ്മീസിനു സ്ഥാനാരോഹണവേളയില്‍ ലഭിച്ചതും അദ്ദേഹം തോമസ് മാര്‍ തേയോഫിലോസിനു കൈമാറിയതുമായ അംശവടി ഡല്‍ഹിയില്‍ എത്തിച്ചത്രെ! അതിൻ്റെ പില്‍ക്കാല ചരിത്രത്തെപ്പറ്റി സോവനീര്‍ നിശബ്ദവുമാണ്.

പ. പരുമല തിരുമേനിയുടെ അംശവടിയെപ്പറ്റി ലഭ്യമായ ഏറ്റവും പഴയ രേഖ വട്ടിപ്പണക്കേസില്‍ പ. വട്ടശ്ശേരില്‍ തിരുമേനി നല്‍കിയ മൊഴിയാണ്. അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് അദ്ദേഹത്തെ മുടക്കിയതിനെ തുടര്‍ന്ന് ആവിര്‍ഭവിച്ച തിരുവനന്തപുരം ജിസ്റ്റാകോടതിയില്‍ കൊല്ലവര്‍ഷം 1088-ലെ ഒ.എസ്. 98ാം നമ്പര്‍ കേസാണ് വട്ടിപ്പണക്കേസ് എന്നറിയപ്പെടുന്നത്. ടി. കേസിൻ്റെ നടപടികളില്‍ പ. പരുമല തിരുമേനിയുടെ വടി പൊന്തിവന്നു. 1918 ജൂലൈ 4 മുതല്‍ ഒക്‌ടോബര്‍ 30 വരെ നീണ്ട പ. വട്ടശ്ശേരില്‍ തിരുമേനിയുടെ സാക്ഷി വിസ്താരത്തിനിടയില്‍ ഒന്നിലധികം പ്രാവശ്യം ഈ വിഷയം പരാമര്‍ശന വിധേയമായി. അതില്‍ ഏറ്റവും വ്യക്തമായ മൊഴി 1094 തുലാം 13ാം തീയതി നല്‍കിയതാണ്:

ചോദ്യം: … ഒരു മെത്രാപ്പോലീത്താ മരിച്ചാല്‍ അദ്ദേഹത്തിന്റെ അംശവടി പാത്രിയര്‍ക്കീസിനെ ഏല്‍പ്പിക്കുന്ന നടപ്പുണ്ടോ ?
ഉത്തരം: നടപ്പുണ്ടായിരുന്നില്ല. എന്നാല്‍ ഇടവക മെത്രാന്മാരില്‍ ചിലര്‍ പാത്രിയര്‍ക്കീസിനയച്ചു കൊടുക്കണമെന്നു പറകയും അതുപ്രകാരം അയച്ചുകൊടുക്കയും ചെയ്തിട്ടുണ്ട്. അതായത് അവര്‍ മരിക്കുന്നതിന് മുമ്പ് പറഞ്ഞിട്ടുള്ളതനുസരിച്ച് മരിച്ചതിനു ശേഷം അയച്ചുകൊടുക്കയും ചെയ്തിട്ടുണ്ട് എന്നാണ്. കഴിഞ്ഞുപോയ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ അംശവടി അദ്ദേഹം അല്‍വാറീസ് മെത്രാച്ചന് കൊടുക്കുകയാണ് ചെയ്തത്. അതില്‍ പിന്നീട് മാര്‍ ജോസഫ് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ അംശവടിയാണ് അദ്ദേഹം ഉപയോഗിച്ചു വന്നത്. ആ അംശവടിയാണ് വെള്ളി അംശവടി എന്നു പറഞ്ഞത്.

ചോദ്യം: അതാണോ പാത്രിയര്‍ക്കീസിന് കൊടുത്തു എന്നു പറഞ്ഞത്.
ഉത്തരം: ഞാന്‍ പാത്രിയര്‍ക്കീസിനു കൊടുത്തിട്ടില്ല. കൊടുത്തു എന്നു പറഞ്ഞിട്ടുമില്ല. തല്‍ക്കാല ആവശ്യത്തിലേക്ക് കൊടുത്തത് ഞാനാണ്…

ചുരുക്കത്തില്‍, 1877-ല്‍ പ. പരുമല തിരുമേനി പണിയിച്ചതും അതേ വര്‍ഷം എടുത്ത ഫോട്ടോയില്‍ കാണുന്നതുമായ അംശവടി മാര്‍ അല്‍വാറീസ് യൂലിയോസിനു അദ്ദേഹം നല്‍കി. 1889 ജൂലൈ 28-നു പഴയസെമിനാരിയില്‍ വെച്ച് തൻ്റെ കാര്‍മ്മികത്വത്തില്‍ അദ്ദേഹത്തെ മേല്പട്ടക്കാരനായി വാഴിച്ചപ്പോഴാവണം ഇത്. കാരണം അക്കാലത്ത് പ. പരുമല തിരുമേനി നിരണത്തു പള്ളിക്കാരെക്കൊണ്ട് അദ്ദേഹത്തിനു കഴുത്തിലണിയാനുള്ള കുരിശും, മറ്റു പല പള്ളിക്കാരെക്കൊണ്ടു ഇതര സ്ഥാനചിഹ്നങ്ങളും കൊടുപ്പിച്ചതായി രേഖയുണ്ട്. അതിനു ശേഷമാവണം മാര്‍ ദീവന്നാസ്യോസ് അഞ്ചാമൻ്റെ അംശവടി അദ്ദേഹം ഉപയോഗിച്ചു തുടങ്ങിയത്. ഈ അംശവടിയാണ് മുട്ടില്ലാത്ത വടിയായി ഡിക്രൂസ് എടുത്ത ഫോട്ടോയില്‍ കാണുന്നത്.

ഈ വടി അബ്ദുള്ളാ പാത്രിയര്‍ക്കീസിൻ്റെ കൈകളിലെത്തിയതിനു പിന്നില്‍ ഒരു ചരിത്രമുണ്ട്. പ. വട്ടശ്ശേരില്‍ തിരുമേനി മേല്പട്ടസ്ഥാനമേല്ക്കുവാന്‍ യെറുശലേമിനു പോയപ്പോള്‍ തൻ്റെ പൗരോഹിത്യ കനകജൂബിലിക്കു പുതുപ്പള്ളി പള്ളിക്കാര്‍ സമ്മാനമായി നല്‍കിയ സ്വര്‍ണ്ണ അംശവടി മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ പാത്രിയര്‍ക്കീസിനു സമ്മാനമായി കൊടുത്തുവിട്ടിരുന്നു. പിങ്കീട് അബ്ദുള്ളാ പാത്രിയര്‍ക്കീസ് കേരളത്തിലെത്തിയപ്പോള്‍ അത് അറ്റകുറ്റപ്പണികള്‍ക്കായി പുതുപ്പള്ളിക്കാരെ ഏല്പിച്ചു. ആ സമയത്തെ താല്ക്കാലിക ഉപയോഗത്തിനായി പാത്രിയര്‍ക്കീസ് ചോദിച്ചു വാങ്ങിയതായിരുന്നു വെള്ളികൊണ്ടുള്ള ഈ അംശവടി. അതിനെപ്പറ്റി പ. വട്ടശ്ശേരില്‍ തിരുമേനി വട്ടപ്പണക്കേസില്‍ …ആ ദിവസങ്ങളില്‍ അദ്ദേഹം ഉപയോഗിച്ചുവന്നത് എൻ്റെ കൈവശം ഉണ്ടായിരുന്ന അംശവടി ആയിരുന്നു. പാത്രിയര്‍ക്കീസ് എന്നോട് കോപിച്ച് അവിടെനിന്ന് എന്നെ അയച്ചു കളഞ്ഞപ്പോള്‍ എൻ്റെ ഉപയോഗത്തിലേക്കായി ടി വടി ഇങ്ങു തരണമെന്നു ഞാന്‍ ആവശ്യപ്പെട്ടു എങ്കിലും ഇപ്പോള്‍ എൻ്റെ കൈവശം ഇരിക്കട്ടെ. പിന്നാലെ ആകാം എന്നു പറഞ്ഞതല്ലാതെ അതു പിന്നെ ഒരിക്കലും തിരിയെ തന്നില്ല … എന്നു മൊഴി കൊടുത്തിട്ടുണ്ട്.

അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് കേരളം വിട്ടതോടെ ഈ അംശവടിയുടേയും പാത ഇരുളിലായി. ഇടവഴിക്കല്‍ മാര്‍ സേവേറിയോസിൻ്റെ ജീവചരിത്രക്കുറിപ്പുകളിലെങ്ങും ഇത്തരമൊരു സമ്മാനത്തെപ്പറ്റി പരാമര്‍ശനമില്ല. ഈ വടി, 1951 ഏപ്രില്‍ 15-നു സിറിയയിലെ ഹോംസില്‍ വെച്ചു ഏബ്രഹാം മാര്‍ ക്‌ളീമ്മീസ് മെത്രാപ്പോലീത്തായുടെ മേല്പട്ടസ്ഥാനാരോഹണ വേളയില്‍ അദ്ദേഹത്തിനു ലഭിച്ചു എന്ന വാദവും യുക്തിരഹിതമാണ്. കാരണം 1958-നു മുമ്പ് ശീമയില്‍പ്പോയി പട്ടമേറ്റ മറ്റാര്‍ക്കും ഇത്തരം എന്തെങ്കിലും സമ്മാനം ലഭിച്ചതായി യാതൊരു സൂചനയുമില്ല. 2000മാണ്ടില്‍ പ്രസിദ്ധീകരിച്ച ഏബ്രഹാം മോര്‍ ക്ലീമ്മീസ് മെത്രാഭിഷേക സുവര്‍ണ്ണ ജൂബിലി സ്മരണികയിലും ഈ അംശവടിയെപ്പറ്റി യാതൊരു പരാമര്‍ശനവുമില്ല. അതിനാല്‍ അതിനുശേഷം മാത്രമാണ് ഈ വാദം പൊങ്ങിവന്നതെന്നു സാരം.

2001-ല്‍ ഏബ്രഹാം മാര്‍ ക്ലീമ്മീസ് മാതൃഭൂമി ദിനപ്പത്രത്തിലെ കെ. എസ്. ഗിരീഷ് കുമാറിനു നല്‍കിയ അഭിമുഖത്തില്‍ ഈ വാദങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. …പരുമല തിരുമേനിക്ക് അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഇവിടെവന്ന് പട്ടംകൊടുത്ത് കൈമാറിയതാണീ അംശവടി. തുടര്‍ന്ന്‌ മെത്രാന്മാര്‍ കാലം ചെയ്യുമ്പോള്‍ ഇത് അന്ത്യോഖ്യയെ തിരിച്ചേല്പിക്കണം. പരുമല തിരുമേനി ദിവംഗതനായപ്പോള്‍ അംശവടി പാത്രിയര്‍ക്കീസിലെത്തി. പിങ്കീട് 1910-ല്‍ ക്‌നാനായ സഭയുടെ പ്രഥമ മെത്രാപ്പോലീത്താ ഗീവര്‍ഗീസ് മാര്‍ സേവേറിയോസിനെ വാഴിച്ചപ്പോള്‍ പാത്രിയര്‍ക്കീസ് ഈ വടി കൊടുത്തു. 1951-ല്‍ താന്‍ സഭാ മേലദ്ധ്യക്ഷനായപ്പോള്‍ ഇതെൻ്റെ പക്കലെത്തി… എന്നാണ് അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. മുകളില്‍ പ്രസ്താവിച്ച വസ്തുതകള്‍ കൂടാതെ ഈ ലേഖനത്തില്‍ ഒരു പൂര്‍വാപര വിരുദ്ധതയുണ്ട്. അഭിമുഖത്തില്‍ പറയുന്നതുപോലെ …മെത്രാന്മാര്‍ കാലം ചെയ്യുമ്പോള്‍ ഇത് അന്ത്യോഖ്യയെ തിരിച്ചേല്പിക്കണം… എങ്കില്‍ എന്തുകൊണ്ട് 1927-ല്‍ ഇടവഴിക്കല്‍ മാര്‍ സേവേറിയോസ് കാലം ചെയ്തപ്പോള്‍ അദ്ദേഹത്തിനു ലഭിച്ച വടി തിരിച്ചേല്പിച്ചില്ല?

വേറേയും വിചിത്രമായ ചില അവകാശവാദങ്ങള്‍ മാര്‍ ക്ലിമ്മീസ് അഭിമുഖത്തില്‍ ഉയര്‍ത്തുന്നുണ്ട്. …ആദ്യം ഇത് ഒറ്റവടിയായിരുന്നു. ആ സമയത്ത് യാത്ര കെട്ടുവള്ളത്തിലും മറ്റുമായിരുന്നതിനാല്‍ കൊണ്ടുപോകാമായിരുന്നെങ്കിലും തൻ്റെ കാലമായതോടെ ബുദ്ധിമുട്ടായി. തുടര്‍ന്ന് വടി മുറിച്ച് രണ്ട് മുട്ടിട്ടു. ഇപ്പോള്‍ കഷ്ണങ്ങളായി ഊരിയെടുക്കാവുന്ന രീതിയിലാണ്... എന്നാണദ്ദേഹം പറയുന്നത്. ഇത് അസംഭാവ്യമാണ്. പ. പരുമല തിരുമേനി വള്ളത്തില്‍ മാത്രമല്ല; കാല്‍നടയായും കാളവണ്ടിയിലും മഞ്ചലിലും മേനാവിലും യാത്ര ചെയ്തിരുന്നു. 1895-ല്‍ ട്രെയിനിലും കപ്പലിലുമായി ഊര്‍ശ്ലേംയാത്രയും നടത്തി. കേടുപറ്റാതെ ഒരു അംശവടി ഇത്തരത്തിലെല്ലാം കൊണ്ടുപോവുക അപ്രായോഗികമാണ്. അക്കാലത്തെ ലഭ്യമായ ഇതര അംശവടികളെല്ലാം കഷ്ണങ്ങളായി ഊരിയെടുക്കാവുന്നതുമാണ്.

… പരുമല തിരുമേനി കാലം ചെയ്തശേഷം അദ്ദേഹത്തിന്റെ അംശവടി എവിടെയന്നു ഓര്‍ത്തഡോക്‌സ് സഭക്കാര്‍ക്ക് അറിയില്ലായിരുന്നു… എന്നതാണ് അടുത്ത പ്രസ്താവന. കൃത്യമായി കുറഞ്ഞത് 1912-ലും 1965-ലും രേഖയുള്ള, 1929-ല്‍ പ. പാമ്പാടി തിരുമേനിക്ക് കൈമാറിയ അംശവടി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അജ്ഞാതമായിരുന്നു എന്ന വിചിത്രവാദം യുക്തിഹീനമാണ്. 2001-ല്‍ തൻ്റെ മെത്രാനഭിഷേക കനകജൂബിലിയും പിറ്റേവര്‍ഷം പ. പരുമല തിരുമേനിയുടെ ചരമ ശതവാര്‍ഷികവും മുമ്പില്‍ക്കണ്ടു മാര്‍ ക്ലിമ്മീസ് നടത്തിയ അടിസ്ഥാനമില്ലാത്ത ഒരു പ്രചരണം മാത്രമാണ് ഈ അഭിമുഖം.

പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് ഉപയോഗിച്ചിരുന്നതും, അദ്ദേഹം പിന്‍ഗാമിയായ പ. വട്ടശ്ശേരില്‍ തിരുമേനിക്കു കൈമാറിയതും, അതിനു മുമ്പ് ഇടക്കാലത്ത് പ. പരുമല തിരുമേനിയുടെ ഉപയോഗത്തിലിരുന്നതുമായ അംശവടിയുടെ പ്രയാണകഥ ഇതാണ്. പക്ഷേ ആ വടിയുടെ മുന്‍കാല ചരിത്രം മാര്‍ ദീവന്നാസ്യോസ് അഞ്ചാമനില്‍ അല്ല ആരംഭിക്കുന്നത്. ഈ രസകരമായ വിവരം പ. വട്ടശ്ശേരില്‍ തിരുമേനിയുടെ 1094 തുലാം 8ാം തീയതിയിലെ മൊഴിയിലുണ്ട് . …അബ്ദള്ളാ പാത്രിയര്‍ക്കീസ് എന്നോടു വാങ്ങിച്ച അംശവടി, മലങ്കര മെത്രാപ്പോലീത്തായ്ക്കുള്ള അവകാശങ്ങളായി ആര്‍ അക്കക്കേസിലെ (1889-ല്‍ അവസാനിച്ച സെമിനാരിക്കേസ്) വിധിമൂലം അതിലെ പ്രതിയില്‍ നിന്ന് ഈടാക്കി, കാലം ചെയ്ത മാര്‍ ജോസഫ് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും ഞാനും ഉപയോഗിച്ചു വന്നതാണ്… അതായത്, പാലക്കുന്നത്ത് മാര്‍ തോമസ് അത്താസ്യോസില്‍ നിന്നും നടത്തിയെടുത്ത പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസിന്റെ അംശവടി!

ഈ വസ്തുത ഇടവഴിക്കല്‍ മാര്‍ സേവേറിയോസും ശരിവയ്ക്കുന്നുണ്ട്. ഇടവഴിക്കല്‍ ക്രോണിക്കിള്‍ എന്ന കുടുംബ ഡയറിയില്‍ ...പഴയസെമിനാരി കേസില്‍ പാലക്കുന്നത്തു മെത്രാനോടു സ്ഥാനചിഹ്നങ്ങള്‍ ഒഴിപ്പിച്ചു വാങ്ങിയപ്പോള്‍ അവര്‍ വെച്ചൊഴിഞ്ഞ ഒരു ചെറിയ വെള്ളി അംശവടി ബാവായുടെ കൈവശം വന്നത് ഞാന്‍ സ്ഥാനമേറ്റപ്പോള്‍ തല്‍ക്കാല ഉപയോഗത്തിനായി ഞാന്‍ ബാവായോടു (അബ്ദുള്ളാ ദ്വിതീയന്‍) വായ്പ വാങ്ങിച്ചിരുന്നു. എങ്കിലും ബാവായുടെ യാത്രസമയം അത് തിരിച്ചുവാങ്ങാതെ ഞാന്‍ ഉപയോഗിച്ചുകൊള്ളുന്നതിനു അനുവദിച്ചു എനിക്ക് വിട്ടുതന്നു… എന്നദ്ദേഹം രേഖപ്പെടുത്തുന്നു. … ഫ്രാന്‍സില്‍ തയിപ്പിച്ചതും ഏകദേശം അഞ്ചു പവന്‍ വിലയുള്ളതുമായ ഒരു കസവിന്റെ വേലയുള്ള ശീലമുടി എന്റെ സമ്മാനമായി ഈ സമയത്തു ടി ഫീലിപ്പോസിൻ്റെ (ഇ. എം. പീലിപ്പോസ്) പക്കല്‍ ഞാന്‍ കൊടുത്തയയ്ക്കയും അത് ബാവായ്ക്കു കൊടുക്കയും ചെയ്തു. ബാവായ്ക്കു അത് വളരെ തൃപ്തിപ്പെട്ടതായി കല്പിക്കയും എനിക്കു മറുപടി അയക്കയും ചെയ്തു… എന്നതിനോടൊപ്പമാണ് 1911 ഒക്‌ടോബര്‍ 14-നു ആലുവായില്‍ നിന്നുള്ള അബ്ദുള്ളാ പാത്രിയര്‍ക്കീസിൻ്റെ മടക്കയാത്രാ സമയത്തെ ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത അംശവടിയെപ്പറ്റി പ. വട്ടശ്ശേരില്‍ തിരുമേനിയുടെ സാക്ഷ്യങ്ങളെ ഈ ഭാഗം ശരിവയ്ക്കുന്നു. എന്നു മാത്രമല്ല, സ്ഥാനാരോഹണവേളയില്‍ സമ്മാനിച്ചത് എന്ന പില്‍ക്കാലവാദം പൊളിയുകയും ചെയ്യുന്നു. പ. പരുമല തിരുമേനിയെപ്പറ്റി യാതൊരു പരാമര്‍ശനവും ഇതില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.

പ. പരുമല തിരുമേനിയുടെ അംശവടിയുടെ ചരിത്രം പക്ഷേ ഇവിടെ അവസാനിക്കുന്നില്ല. 1902-ലെ അദ്ദേഹത്തിൻ്റെ കബറടക്ക ഫോട്ടോയില്‍ മുട്ടുള്ളതും മുട്ടില്ലാത്തതുമായി രണ്ടു അംശവടികള്‍ കാണുന്നുണ്ട്. അദ്ദേഹത്തെ കബറടക്കം നടത്തിയ മുറിമറ്റത്തില്‍ പൗലൂസ് മാര്‍ ഈവാനിയോസിന്റെ വടി വ്യത്യസ്തമാണ്. പരുമലയില്‍ ഉണ്ടായിരുന്നിട്ടും ദുഃഖാധിക്യത്താല്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ കബറടക്ക ശുശ്രൂഷയില്‍ പങ്കെടുത്തുമില്ല. ഇതില്‍നിന്നും പുറകില്‍ പിടിച്ചിരിക്കുന്ന മുട്ടുകളുള്ള വടിയും സ്ലീബായും പ. പരുമല തിരുമേനിയുടേതാണെന്നു ന്യായമായും അനുമാനിക്കാം. അദ്ദേഹത്തിൻ്റെ കൈയിലിരിക്കുന്നത് കബറടക്കത്തിനായി മരംകൊണ്ടോ മെഴുകുകൊണ്ടോ ഉണ്ടാക്കിയതാവാന്‍ സാദ്ധ്യതയുണ്ട്.

ഈ അംശവടിക്ക് കൃത്യമായ പില്‍ക്കാല ചരിത്രമുണ്ട് . 1912-ല്‍ മേല്പട്ടസ്ഥാനമേറ്റ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ (പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍) ഉപയോഗിച്ചിരുന്നത് ഈ അംശവടിയാണ്. താന്‍ കാതോലിക്കാ ആയതിൻ്റെ പിറ്റേന്ന് 1926 ഫെബ്രുവരി 16-നു അദ്ദേഹം, ആ വടിയും മുടിയും സ്ലീബായും ഗ്രീഗോറിയോസെന്ന സ്ഥാനനാമവും നല്‍കി പ. പരുമല തിരുമേനിയുടെ ആത്മീക പിന്‍ഗാമിയായി വാഴിച്ച പാമ്പാടി കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസിനു നല്‍കി. പ. പാമ്പാടി തിരുമേനിയുടെ കാലശേഷം ആ വടി പാമ്പാടി ദയറായില്‍ സൂക്ഷിച്ചു (ഫാ. പി. പി. ഗീവര്‍ഗീസ്, പാമ്പാടി തിരുമേനി ഒരു ലഘു ജീവചരിത്രം, മാര്‍ കുറിയാക്കോസ് ദയറാ, പാമ്പാടി, 1965). നിരണത്തിൻ്റെ മാര്‍ ഗ്രീഗോറിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്താ എന്നു മുഴുനീളത്തില്‍ സുറിയാനിയില്‍ കൊത്തിയ ആ അംശവടി ഇപ്പോഴും പാമ്പാടി ദയറായില്‍ ഉണ്ട്.

മുളന്തുരുത്തിയില്‍ 1877-ല്‍ പണിയിച്ച അംശവടിക്കു സമാനമായ ഇത് എങ്ങിനെ 1902-ല്‍ അദ്ദേഹത്തിൻ്റെ കബറടക്കവേളയില്‍ പ്രത്യക്ഷപ്പെട്ടു? രണ്ടു സാദ്ധ്യതകളാണ് ഉള്ളത്. 1. തൻ്റെ അവസാന കാലത്ത് ഇരവു വാങ്ങിയ അംശവടിക്കു പകരം പുതിയതൊന്ന് സ്വന്തമായി അദ്ദേഹം പണികഴിപ്പിച്ചു. 2. മാര്‍ അല്‍വാറീസ് യൂലിയോസിനു നല്‍കിയ തന്റെ സ്വന്തം അംശവടി അപ്പോഴേയ്ക്കും അദ്ദേഹത്തിനു തിരികെ ലഭിച്ചു. ഇതില്‍ ഏതാണ് സംഭവിച്ചതെങ്കിലും ഇന്ന് പ. പരുമല തിരുമേനിയുടെ സ്വന്തം എന്നു ഉറപ്പിച്ചു പറയാവുന്ന ഏക അംശവടി പാമ്പാടി ദയറായില്‍ സൂക്ഷിച്ചിരിക്കുന്നത് മാത്രമാണ്.

ഇതൊന്നും അല്ലാത്ത ഒരു വടി കൂടെ പ. പരുമല തിരുമേനിയുടേതായി ഉണ്ട്. അതദ്ദേഹത്തിനു കോര്‍എപ്പിസ്‌ക്കോപ്പാ എന്ന നിലയില്‍ ലഭിച്ച സ്ഥാനചിഹ്നമാണ്. ചാത്തുരുത്തില്‍ തറവാട്ടില്‍ സൂക്ഷിച്ചിരുന്ന മല്പാന്‍വടി എന്നറിയപ്പെടുന്ന വെള്ളികെട്ടിയ ഈ ചൂരല്‍ ചാത്തുരുത്തി കുടുംബ കാരണവരായിരുന്ന ജിമ്മി ചാത്തുരുത്തി ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായ്ക്കു സമ്മാനിച്ചു. ഇപ്പോള്‍ ഈ വടി, മീമ്പാറ മാര്‍ പക്കോമിയോസ് മൗണ്ട് അരമനയില്‍ സൂക്ഷിച്ചിരിക്കുന്നു.

പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളിലൂടെ