OVS - Latest NewsTrue Faith

പന്തിരു തൂണുകളീ ധരയേ താങ്ങുന്നു

പരിശുദ്ധ സഭ ശ്ലീഹാ നോമ്പിലേക്കു പ്രവേശിക്കുകയാണ്. പതിമൂന്നു നോമ്പെന്നു സാധാരണ ഭാഷയിൽ പറയുന്ന ഈ നോമ്പ് ശ്ലീഹൻമാരെ പൊതുവായും പത്രോസ് പൗലോസ് ശ്ലീഹൻമാരെ പ്രത്യേകമായും അനുസ്മരിക്കുകയും അവരുടെ മദ്ധ്യസ്ഥത യാചിക്കുകയും ചെയ്യുന്ന നോമ്പാണ്. അഞ്ച് കാനോനിക നോമ്പുകളിൽ ഒന്നായ ശ്ലീഹാ നോമ്പ് എന്നാരംഭിച്ചു എന്നതിനു കൃത്യമായ തെളിവുകൾ ഒന്നും തന്നെയില്ല. കർത്താവിന്‍റെ സ്വർഗാരോഹണത്തിനുശേഷം ശിഷ്യൻമാർ നോമ്പാചരിക്കുവാൻ തുടങ്ങുകയും അങ്ങനെ ഒരു പതിവായിത്തീരുകയും ആയിരിക്കാം ചെയ്തതെന്നു പിതാക്കൻമാർ രേഖപ്പെടുത്തിയിരിക്കുന്നു. “യേശു അവരോടു പറഞ്ഞതു: മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്കു ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും.” (മത്തായി 9:15) റോമാ സാമ്രാജ്യത്തിലെ സഭകളിൽ തന്നെയാകാം ഈ നോമ്പ് ആരംഭിച്ചത്. പാശ്ചാത്യ സഭയിൽ ഈ നോമ്പ് ഇന്നു അപ്രധാനമായിത്തീർന്നിരിക്കുകയാണ്. എന്നാൽ ഈ നോമ്പാചരണത്തെപ്പറ്റിയുള്ള ആദ്യ സൂചനകളിൽ ഒന്നു ലിയോ ഒന്നാമൻ മാർപാപ്പായുടെ ചില എഴുത്തുകളാണ്. 

ഓർത്തഡോക്സ് സഭകൾ വളരെയേറ പ്രാധാന്യത്തോടെ ആചരിക്കുന്ന നോമ്പാണ് ശ്ലീഹാ നോമ്പ്. എന്നാൽ വ്യത്യസ്ത ഓർത്തഡോക്സ് സഭകൾ വ്യത്യസ്ത ദൈർഘ്യത്തിലാണ് ഈ നോമ്പ് ആചരിക്കുന്നത്. നമ്മൾ ജൂൺ 16 മുതൽ 29 വരെ ശ്ലീഹാ നോമ്പ് ആചരിക്കുന്നു. ഹൂദായ കാനോനിൽ രണ്ട് തരത്തിലുള്ള ആചരണം കാണുന്നുണ്ട്. അത് ഇപ്രകാരമാണ്.

ശ്ശീഹാ നോമ്പ് പെന്തികോസ്തിക്കു ശേഷം വരുന്ന തിങ്കളാഴ്ച മുതൽ ഹസീറോൻ മാസം ഇരുപത്തൊൻപതാം തീയതി, അതായത് ശ്ലീഹൻമാരിൽ തലവൻമാരുടെ പെരുനാൾ വരെ, നാം ആചരിക്കുന്നു. പൗരസ്ത്യർ പെന്തിക്കോസ്തി കഴിഞ്ഞുവരുന്ന തിങ്കളാഴ്ച മുതൽ അമ്പതു ദിവസം കഴിയുന്നതുവരെ ആചരിക്കുകയും ശ്ലീഹൻമാരുടെ പെരുന്നാൾ നോമ്പിന്‍റെ മദ്ധ്യത്തിൽ കൊണ്ടാടുകയും ചെയ്യുന്നു.

കോപ്റ്റിക് സഭ ഇതിൽ ആദ്യം പറഞ്ഞ രീതിയാണ് അവലംബിക്കുന്നത്. തൻ നിമിത്തം നോമ്പിന്‍റെ ദൈർഘ്യം 15 മുതൽ 40 ദിവസങ്ങൾ വരെയാകാം. അന്ത്യോഖ്യൻ സഭയും ഇതിനു സമാനമായ രീതിയായിരുന്നു 1946-വരെയും സ്വീകരിച്ചിരുന്നത്. എന്നാൽ 1946-ൽ ഹോംസിൽ കൂടിയ സിനഡ് നോമ്പ് മൂന്നു ദിവസമായി വെട്ടിക്കുറച്ചു. നോമ്പ് ലാഘവപ്പെടുത്തിക്കൊണ്ടുള്ള പാത്രിയർക്കീസിന്‍റെ സർക്കുലറിനു മലങ്കരയിൽ, ബാവാ കക്ഷിയുടെ ഇടയിൽ പോലും പ്രാധാന്യം ലഭിച്ചില്ല.

മലങ്കരയിൽ നേരത്തെ മുതൽതന്നെ 13 ദിവസങ്ങളാണ് നോമ്പിനായി വേർതിരിച്ചിരിക്കുന്നത്. റീശ് ശ്ലീഹൻമാരുടെ പ്രധാന പെരുനാളായ ജൂൺ 29-നു നോമ്പ് വീടുന്നു. പക്ഷേ ഈ ദിവസം അവധി ദിനമല്ലാത്തതിനാൽ പലപ്പോഴും നോമ്പ് വീടലിനു പള്ളിയിൽ എത്തുന്നവർ അംഗുലീ പരിമതമാണ്. നോമ്പിന്‍റെ ദൈർഘ്യം 4 ദിവസങ്ങൾ കൂടി കൂട്ടി ജൂലൈ 3-ലെ മാർത്തോമാശ്ലീഹായുടെ ദുക്റോനോയോടുകൂടി വീടുന്ന ക്രമീകരണം ഉണ്ടാക്കണമെന്ന ബഹു. കെ.എം. ജോർജ് അച്ചന്‍റെ അഭിപ്രായം (മലങ്കരസഭ, സെപ്തംബർ 2009) ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്.

കർത്താവേ! പരിശുദ്ധശ്ലീഹൻമാരുടെ നോമ്പ് നിനക്ക് ഇഷ്ടമായതുപോലെ ഞങ്ങളുടെ നോമ്പും നിനക്ക് ഇഷ്ടമാകേണമെ. (പാമ്പാക്കുട നമസ്കാരം)