OVS - ArticlesOVS - Latest News

അന്ത്യോഖ്യാ – മലങ്കര ബന്ധം ചില ചരിത്ര വസ്തുതകള്‍

അന്ത്യോഖ്യാ സിംഹാസനവും മലങ്കരസഭയുമായുള്ള ബന്ധം എന്നു തുടങ്ങിയതാണ്? അതിനുള്ള ചരിത്രപരമായ അടിസ്ഥാനം എന്താണ്? ആ ബന്ധം ഏതുവിധത്തിലായിരുന്നു? ഈ രീതിയിലുള്ള സംശയങ്ങള്‍ ഇന്നു പലര്‍ക്കും ഉണ്ട്. എന്നാല്‍ ഈ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന അധികാരിക രേഖകള്‍ അധികമൊന്നും ഇന്നേവരെ ലഭിച്ചിട്ടില്ല. ഉള്ളവതന്നെ വിദേശീയ ഭാഷകളിലാണു താനും. സഭാചരിത്രകാരന്മാരായ മീഖായേല്‍ റാബോയും, ബാര്‍ എബ്രായയും അടിസ്ഥാനമാക്കിയിരുന്ന പുരാതന രേഖകളില്‍ ചിലവ നമ്മുടെ പഠനത്തെ സഹായിക്കുന്നവയാണ്. പ്രസംഗകനായ സഖറിയായുടെയും (Zachariah, the Rhetor) ആസ്യയിലെ യൂഹാനോന്റെയും (John of Asia) ചരിത്രഗ്രന്ഥങ്ങളാണ് ഏറ്റം പുരാതനവും, അധികാരികവുമായിട്ടുള്ളത്. അവയെക്കുറിച്ചു ഗവേഷണം നടത്തിയ ചില പണ്ഡിതരുടെ പഠനങ്ങള്‍ നമുക്കു വളരെ സഹായകമാണ്.

1. പുരാതന തെളിവ്
ഇന്ത്യയിലെ സഭ പുരാതനകാലം മുതല്‍തന്നെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു കിഴ്‌പ്പെട്ടിരുന്നു എന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ മേൽപ്പറഞ്ഞ ചരിത്രകാരന്മാരുടെ ആധികാരിക രേഖകളിലും പഠനങ്ങളിലും അവര്‍ വ്യക്തമാക്കിയിരിക്കുന്നത് 16-ാം നൂറ്റാണ്ടുവരെയെങ്കിലും, അവ തമ്മില്‍ യാതൊരു ബന്ധവും ഇല്ലായിരുന്നുവെന്നാണ്. എന്നാല്‍ നമ്മുടെ ഇന്ത്യയുമായി അന്ത്യോഖ്യാ സിംഹാസനത്തിനുള്ള ബന്ധത്തെപ്പറ്റി നിസ്സംശയം സാക്ഷിക്കുന്ന ഒരു രേഖയെ സംബന്ധിച്ചു ചില പഠനങ്ങള്‍ക്കിടയില്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ഒരു പക്ഷേ ഇന്നേവരെ ലഭ്യമായിട്ടുള്ള രേഖകളില്‍ വച്ച്, അന്ത്യോഖ്യാ – മലങ്കര ബന്ധത്തെ പരാമര്‍ശിക്കുന്ന ഏറ്റം പുരാതന രേഖ ഇതായിരിക്കും എന്നു കരുതുന്നു. ഇന്ന് വത്തിക്കാന്‍ ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നതായി ഏണസ്റ്റ് ഹോണിഗ് മാന്‍ (Ernest Honing Man) എന്ന ഗവേഷകന്‍ സാക്ഷിക്കുന്ന ഈ രേഖ (P. 177, Ernest Honing Man, The Convant of Bar Sauma and the Jacobite Patriarchate of Antioch in Syria, CSCO Tome 7) 1581-ല്‍ കൂടിയ ഒരു സുന്നഹദോസിന്റെ മിനിറ്റ്‌സാണ്. പാത്രിയര്‍ക്കീസ്, ഇഗ്നാത്തിയൂസ് ദാവൂദ്ശായുടെ തെരഞ്ഞെടുപ്പുയോഗത്തിന്റെ ഈ മിനിറ്റ്‌സില്‍, അതില്‍ സംബന്ധിച്ചവരും, ഒപ്പിട്ടവരുമായ 12 എിസ്‌കോപ്പാമാരുടെ പേരു പറയുന്നു. അവയില്‍ ഏറ്റവും ആദ്യമായിട്ടെഴുതിയിരിക്കുന്ന പേര് താഴെക്കൊടുത്തിരിക്കുന്ന പ്രകാരമാണ്:  ”കിഴക്കിന്റെയും, ഇന്‍ഡ്യയുടെ അതായത് പരിശുദ്ധനായ തോമാശ്ലീഹായുടെ സിംഹാസനത്തിന്റെയും കാതോലിക്കോസായ ബസേലിയോസ്.”

16-ാം നൂറ്റാണ്ടിലെ ചരിത്രരേഖയിലെ ആക്ഷരികമായ മേല്പറഞ്ഞ പരാമര്‍ശങ്ങള്‍ താഴെപ്പറയുന്ന സംഗതികളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.

  1. പാത്രിയര്‍ക്കീസിനെ തെരഞ്ഞെടുത്ത സുന്നഹദോസില്‍ കാതോലിക്കോസ് സംബന്ധിച്ചു.
  2. അദ്ദേഹത്തിന്റെ പേര് ഒന്നാമത് എഴുതിയിരിക്കുന്നതിനാല്‍, അദ്ദേഹം തന്നെയായിരിക്കണം അധ്യക്ഷം വഹിച്ചതും.
  3. കിഴക്കിന്റെയും ഇന്ത്യയുടെയും കാതോലിക്കായിരുന്നു അദ്ദേഹം.
  4. ഇന്ത്യയുടെ, എന്നതിന്റെ വിശേഷണമായി പരിശുദ്ധനായ മാര്‍ത്തോമ്മായുടെ നാമം പ്രത്യേകിച്ചു പറഞ്ഞിരിക്കുന്നതിനാല്‍ നമ്മുടെ ഇന്ത്യ തന്നെയാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.
  5. സുറിയാനി സഭയിലെ കിഴക്കിന്റെ കാതോലിക്കാ മാര്‍ത്തോമ്മായുടെ സിംഹാസനത്തിലായിരുന്നു എന്നത് 16-ാം നൂറ്റാണ്ടിലെ അന്ത്യോഖ്യന്‍ രേഖയും സാക്ഷിക്കുന്നു.

ഇന്നത്തെ നമ്മുടെ സഭാ അന്തരീക്ഷത്തില്‍ മേല്‌റഞ്ഞ അഞ്ചു സംഗതികള്‍ക്കും അതിന്റെതായ പ്രസക്തിയുണ്ട് എന്നു മാത്രം സൂചിപ്പിച്ചുകൊള്ളട്ടെ.

2. അധികാരസീമകള്‍ എന്തു സാക്ഷിക്കുന്നു?
മുമ്പു പറഞ്ഞ രേഖയുടെ കാലമായ 16-ാം നൂറ്റാണ്ടിനു മുമ്പ് അന്ത്യോഖ്യാ പാത്രിയര്‍ക്കീസന്മാരുടെ അധികാരസീമകളും മറ്റും എങ്ങനെ എന്നു പ്രതിപാദിക്കുന്ന പല രേഖകളും ഉണ്ട്. ചിലതില്‍ പാത്രിയര്‍ക്കീസിന്റെ അധീനതയില്‍ ഒരു പ്രത്യേക കാലയളവില്‍ ഉണ്ടായിരുന്ന മെത്രാപ്പോലീത്തന്മാരെയും, അവരുടെ ആസ്ഥാനങ്ങളെയും പ്രതിപാദിക്കുന്നു. ചിലതില്‍ ഓരോ മെത്രാപ്പോലീത്തന്‍ പ്രവിശ്യയിലും ഉള്ള എപ്പിസ്‌കോപ്പമാരുടെപോലും വിവരങ്ങള്‍ നല്‍കുന്നുണ്ട്. അവ പരിശോധിച്ചു നോക്കിയാല്‍, അക്കൂട്ടത്തില്‍ എവിടെയെങ്കിലും, പേര്‍ഷ്യയിലേയോ ഇന്ത്യയിലേയോ എപ്പിസ്‌കോപ്പാമാരെപ്പറ്റി പറയുന്നുണ്ടോ എന്നു മനസ്സിലാക്കാം. ഉദാഹരണത്തിന് 6-ാം നൂറ്റാണ്ടില്‍, അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ ഭരണസീമയെ പ്രതിപാദിക്കുന്ന രേഖകളില്‍നിന്ന് ഹോണിഗ് മാന്‍ തയ്യാറാക്കിയ ഒരു ലിസ്റ്റ് പരിശോധിക്കാം (Eveques Et Eveches Monophysites, D’Asie Anterieure Au VIE, Ernest Honing Man, p. 178 ff).

മേല്പറഞ്ഞ വൃത്താന്തം, അന്ത്യോഖ്യന്‍ പാത്രിയര്‍ക്കേറ്റിന്റെ ഏറ്റവും സുവര്‍ണ്ണമായ ഒരു കാലഘട്ടത്തിലേതാണ്. അന്ത്യോഖ്യയിലെ പാത്രിയര്‍ക്കീസായി എ.ഡി. 512-ല്‍ അവരോധിക്കട്ടെ വി. സേവേറിയൂസിന്റെ കാലത്തിന് തൊട്ടുമുമ്പുള്ള കാലത്തെ അധികാരാവകാശസീമയാണ് മേല്പറഞ്ഞ രേഖയുടെ യാഥാര്‍ത്ഥ ഉള്ളടക്കം. അതില്‍ 16-ഓളം മെത്രാപ്പോലീത്തമാരും, 139-ഓളം എിസ്‌കോപ്പമാരും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനോട് ബന്ധെപ്പെട്ടിട്ടുള്ളതായി കാണുന്നു. അവയിലൊന്നും തന്നെ ഇന്ത്യയെയോ, പേര്‍ഷ്യയെയോ, അവയിലെ ഏതെങ്കിലും ഭദ്രാസനങ്ങളേയോ ഉള്‍പ്പെടുത്തിയിട്ടില്ല. സ്വയംഭരണാധികാരം പരിപൂര്‍ണ്ണമായി ഉള്ളതും പാത്രിയര്‍ക്കീസിന്റെ സ്ഥാനത്തെ മാത്രം ബഹുമാനിക്കുന്നതുമായ മെത്രാപ്പോലീത്തന്‍ പ്രവിശ്യകളൊപ്പോലും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബേയ്‌റൂട്ട്, ഹോംസ്, ലവോദിക്യ എന്നീ സ്വതന്ത്ര പ്രവിശ്യകളോടൊത്തും (Autocephalous metropolitanates) മലങ്കരയേയോ കിഴക്കിന്റെ ഭദ്രാസനങ്ങളെയോ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് പരമാര്‍ത്ഥം.

3. പിന്തുണ പ്രഖ്യാപിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടോ?
ആറാം ശദാബ്ദത്തോടെ ഏകസ്വഭാവവാദികളും ഇരുസ്വഭാവവാദികളും തമ്മിലുള്ള കലഹം മൂര്‍ഛിച്ചപ്പോള്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസായ സേവേറിയൂസിനോടൊപ്പം നിന്ന് അദ്ദേഹത്തിനു പിന്തുണ നല്‍കിയ മെത്രാപ്പോലീത്താമാരുടേയും, എിസ്‌കോപ്പാമാരുടേയും വിവരങ്ങള്‍ നമുക്കു കിട്ടിയിട്ടുണ്ട് (‘ഏകസ്വഭാവവാദികള്‍’ എന്ന് മറുപക്ഷത്താല്‍ മുദ്രയടിക്കപ്പെട്ട സേവേറിയൂസിന്റെ അനുചരന്മാരായ മെത്രാന്മാര്‍ ആകെ 52 പേരായിരുന്നു. ഇതില്‍ നാല്പതോളം പേര്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കാ സിംഹാസനത്തോട് ബന്ധമുള്ളവരും മറ്റുള്ളവര്‍ കുസ്തന്തീനോപോലീസിലെ പാത്രിയര്‍ക്കാ സിംഹാസനത്തോട് ബന്ധമുള്ളവരുമായിരുന്നു). അന്ത്യോഖ്യാ പാത്രിയര്‍ക്കാ സിംഹാസനത്തിനു വെളിയിലായി, കുസ്തന്തീനോാപ്പോലീസിലെ സിംഹാസനത്തിലുള്‍പ്പെട്ടവരായി അദ്ദേഹത്തോടനുകൂലിച്ചവരോടൊപ്പം, ഒരിടത്തുപോലും ഇന്‍ഡ്യയിലെയോ, പേര്‍ഷ്യയിലെയോ മെത്രാപ്പോലീത്താരുടെയും എപ്പിസ്‌കോപ്പാമാരുടെയും കാര്യം പറയുന്നില്ല. ഇന്‍ഡ്യയിലെ സഭ ആദിമുതലേ സത്യവിശ്വാസത്തെയായിരുന്നു പിന്തുടര്‍ന്നത്. അല്ലാതെ ഇരുസ്വഭാവവാദികളുടേതല്ലായിരുന്നു. ഇവിടുത്തെ മെത്രാപ്പോലീത്താ അന്ത്യോഖ്യായുമായി വിധേയത്വപരമായോ, ഏതെങ്കിലുംവിധത്തില്‍ ബന്ധെപ്പെട്ടാണ് ഇരുന്നതെങ്കില്‍ ഈ സഭയെക്കൂടി മേല്പറഞ്ഞ ലിസ്റ്റില്‍ പെടുത്തുമായിരുന്നു. ഇതില്‍നിന്നു നാം മനസ്സിലാക്കുന്നതായ പരമാര്‍ത്ഥം, മലങ്കരയിലെ സഭയ്ക്ക് ആറാം നൂറ്റാണ്ടില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായി യാതൊരു ബന്ധമോ വിധേയത്വമോ ഇല്ലായിരുന്നുവെന്നാണ്. വല്ല ബന്ധവും ഉണ്ടായിരുന്നുവെങ്കില്‍ കുസ്തന്തീനോപോലീസിലെ ആളുകളുടെ കാര്യം പറയുന്നതിനു മുമ്പു തന്നെ ഇവിടുത്തെ മെത്രാപ്പോലീത്താ സ്ഥാനത്തെറ്റി പറയുമായിരുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

4. യാക്കോബ് ബുര്‍ദ്ദാനയുടെ വൃത്താന്തം എന്തു സാക്ഷിക്കുന്നു?
അന്ത്യോഖ്യാ-മലങ്കര ബന്ധത്തിലേയ്ക്ക് വെളിച്ചം വീശുന്നതും, അങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നുവെങ്കില്‍ അതിനെപ്പറ്റി നിശ്ചയമായും പ്രതിപാദിക്കെപ്പെടേണ്ടതായ ചരിത്ര സാഹചര്യമാണ് വി. യാക്കോബ് ബുര്‍ദ്ദാനയുടെ പ്രവര്‍ത്തനങ്ങള്‍. ചക്രവര്‍ത്തിയുടെയും, സ്വാധീനമുള്ള മറ്റു പലരുടേയും പിന്‍ബലത്തോടെ ‘ഏകസ്വഭാവ വിശ്വാസം‘ പുലര്‍ത്തിയവരെ പീഡിപ്പിക്കുവാന്‍ തുടങ്ങി. സേവേറിയൂസിനെയും അദ്ദേഹത്തെ പിന്താങ്ങിയവരെയും നിര്‍മ്മാര്‍ജനം ചെയ്യുവാന്‍ മറുഭാഗക്കാര്‍ മാര്‍ഗങ്ങള്‍ ആരാഞ്ഞു. സേവേറിയൂസിന്റെ സ്‌നേഹിതനായിരുന്ന അനാസ്താസിയോസ് ചക്രവര്‍ത്തി 518-ല്‍ അന്തരിച്ചാപ്പോള്‍ ജസ്റ്റിന്‍ ചക്രവര്‍ത്തിയായി. അദ്ദേഹത്തിന്റെ അംഗരക്ഷക പ്രമാണിയായ വിറ്റാലിയന്‍ ഒരു കടുത്ത കല്‍ക്കദോന്യനായിരുന്നു. വിറ്റാലിയന്റെ പിന്‍ബലത്തോടെ ബൈസാന്റിയൻ ചക്രവര്‍ത്തിയെ തങ്ങളുടെ ഭാഗത്തേയ്ക്ക് തിരിപ്പിച്ചു. 518 സെപ്തംബറില്‍, സേവേറിയൂസ് ഈജിപ്തിലേയ്ക്ക് അഭയാര്‍ത്ഥിയായി പോകേണ്ടി വന്നു. അന്നത്തെ അലക്‌സാന്ത്രിയന്‍ പാത്രിയര്‍ക്കീസായ തിമോത്തിയോസ് നാലാമന്‍ അദ്ദേഹത്തെ സ്വീകരിച്ചു. ജസ്റ്റീനിയന്‍, സേവേറിയൂസിന്റെ അനുയായികളായ 52 മെത്രാന്മാരെ അറസ്റ്റുചെയ്ത് രാജനഗരത്തിലേയ്ക്ക് കൊണ്ടുവന്നു. പക്ഷേ, ചക്രവര്‍ത്തിനിയായ തിയോഡോറാ ഒരു സിറിയാക്കാരനായ പട്ടക്കാരന്റെ പുത്രിയായിരുന്നതിനാല്‍, ഈ മെത്രാന്മാരോട് അനുകമ്പ തോന്നി. ഈ മെത്രാന്മാരെ കൂടാതെ 500-ഓളം സന്യാസി പുരോഹിതന്മാരും കൊണ്ടുവരെപ്പെട്ടിരുന്നു. ഇവരുടെ സംരക്ഷണത്തിനായ് ചക്രവര്‍ത്തിനി തന്റെ ഒരു കൊട്ടാരം ഉപയോഗിച്ചു. മേല്പറഞ്ഞ മെത്രാന്മാരെല്ലാം തങ്ങളുടെ പിന്‍ഗാമികളെ വാഴിക്കാതെ മരിച്ചുപോയി. എ.ഡി. 538-ല്‍ മാര്‍ സേവേറിയൂസ് കാലം ചെയ്തതോടെ ഈജിപ്തിലൊഴികെ റോമാ സാമ്രാജ്യത്തില്‍ ഏകസ്വഭാവ വിശ്വാസമുള്ള ഓര്‍ത്തഡോക്‌സ് സഭ അവസാനിച്ചു എന്ന മട്ടിലായി.

ഈയവസരത്തില്‍, തിയോഡോറാ ചക്രവര്‍ത്തിനിയും, അറബികളുടെ രാജാവായ ഹാറത്ത് ബാര്‍ ഗബലിയും സത്യവിശ്വാസത്തെ സംരക്ഷിക്കുവാന്‍ വളരെയധികം കിണഞ്ഞു പരിശ്രമിച്ചു. സിറിയക്കാരിയായ ചക്രവര്‍ത്തിനി മുഖാന്തിരം, ഗ്രീക്കു ചക്രവര്‍ത്തിയുടെ മുമ്പില്‍ അറബി രാജാവ് ഒരു അപേക്ഷ സമര്‍പ്പിച്ചു. അറബികള്‍ പകുതിയോളം പേര്‍ഷ്യന്‍ സാമ്രാജ്യത്തിലും, പകുതി ബിസാന്റ്യം (ഗ്രീക്ക്) സാമ്രാജ്യത്തിലും, ആയിരുന്നു. ബിസാന്റ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുവാന്‍ ആക്കിയിട്ടുള്ള പട്ടാളക്കാര്‍ അധികവും അറബികളും സിറിയക്കാരുമാണ്. അവരുടെ ആധ്യാത്മികാവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുന്നതിന് രണ്ട് എിസ്‌കോപ്പമാരെ ഒന്നു തെക്കിനും, ഒന്ന് വടക്കിനും ആയി വാഴിച്ചു കൊടുക്കണമെന്നായിരുന്നു അറബി രാജാവിന്റെ അഭ്യര്‍ത്ഥന. ചക്രവര്‍ത്തിനിയുടെ ശുപാര്‍ശപ്രകാരം ചക്രവര്‍ത്തി അപേക്ഷ അനുവദിച്ചു.

ഏക സ്വഭാവവാദിയായതിനാല്‍, നാടുകടത്തെപ്പെട്ടിരുന്ന അലക്‌സാന്ത്രിയാ പാത്രിയര്‍ക്കീസ് മാര്‍ തേവോദോസ്യോസിനെ കൊണ്ട് ഈ രണ്ട് മെത്രാന്മാരെയും വാഴിച്ചു. അവരില്‍ ഒരാളായിരുന്നു യാക്കോബ് ബുര്‍ദ്ദാന. സുറിയാനിസഭയുടെ പട്ടത്വം ഇങ്ങനെ വീണ്ടും ആരംഭിക്കുന്നത് ചക്രവര്‍ത്തിയാല്‍ നിഷ്‌ക്കാസിതനായിരുന്ന അലക്‌സാന്ത്രിയാ പാത്രിയര്‍ക്കീസില്‍ നിന്നാണ്. 542-ല്‍ യാക്കോബ് ബുര്‍ദ്ദാന ഉറഹായിലെ മെത്രാപ്പോലീത്തായായി അഭിഷേകം ചെയ്യെപ്പെട്ടു. ആ സ്ഥാനത്തിരുന്നു കൊണ്ട് അദ്ദേഹം 2 പാത്രിയര്‍ക്കീസന്മാരെയും, 27 മെത്രാന്മാരെയും, 102000 കശീശാരെയും പട്ടംകൊടുത്ത് അല്ലെങ്കില്‍ വാഴിച്ച് നിയമിച്ചാക്കി എന്നാണ് കഥ. ഇങ്ങനെ പട്ടംകെട്ടെപ്പെട്ടവരുടെ ലിസ്റ്റിലും ഇന്‍ഡ്യയിലെ മെത്രാന്മാരെ ഒന്നും കാണുന്നില്ല.

അന്ത്യോഖ്യാ പാത്രിയര്‍ക്കീസന്മാരായ സെര്‍ഗോസും, പൗലൂസും, ഈഗുപ്തായ സഭയ്ക്ക് 12 പുതിയ മെത്രാന്മാരും, ലവോദിക്യാ സിറിയന്‍ സെലൂക്യാ, താര്‍സൂസ്, ഇസൗറിയന്‍ സെലൂക്യാ, ഖല്‍ക്കീസ്, കാറിയ, സൂറ, അവീദ്, എഫേസൂസ്, സ്മിര്‍ണ, പെര്‍ഗാമോന്‍, ത്രാല്ലാസ്, ഖീയോസ്, അഫ്‌റോഡീസിയാസ്, അലാബാന്ദ എന്നീ 15 മെത്രാസനങ്ങളിലേയ്ക്കുള്ള മെത്രാന്മാരും ആണ് അദ്ദേഹത്തില്‍ അഭിഷിക്തരായതായി ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നത്. അദ്ദേഹം പേര്‍ഷ്യയില്‍ പോയി കാതോലിക്കായെ വാഴിച്ചു എന്ന കഥ പിന്നീടുണ്ടായതാണ്. പ്രാചീന ചരിത്രരേഖകളില്‍ കാണുന്നില്ല. യാക്കോബ് ബുര്‍ദ്ദാന ആരംഭിച്ച കൈവയ്പിന്റെ പിന്തുടര്‍ച്ചയില്‍ ഉണ്ടായിട്ടുള്ള എല്ലാ മെത്രാന്മാരുടേയും ലിസ്റ്റ് മിഖായേല്‍ റാബോ നല്‍കുന്നുണ്ട്. അന്ത്യോഖ്യന്‍ സുറിയാനി സഭയുമായി അന്നു മലങ്കരയ്ക്ക് ഏതെങ്കിലും ബന്ധം ഉണ്ടായിരുന്നുവെങ്കില്‍, മലങ്കരയ്ക്ക് അവിടെനിന്ന് പൗരോഹിത്യ കൈവെയ്പ് ലഭിച്ചുകൊണ്ടിരുന്നുവെങ്കില്‍ ഈ ലിസ്റ്റുകളില്‍ ഒരിടത്തെങ്കിലും മലങ്കരയുടെ കാര്യമോ, പേര്‍ഷ്യയുടെ കാര്യമോ, കാണുമായിരുന്നു. പക്ഷേ, അതും കാണുന്നില്ല.

5. ഭദ്രാസനങ്ങളുടെ ലിസ്റ്റില്‍ എങ്കിലും ഉണ്ടോ?
ആറാം ശതാബ്ദം മുതല്‍ 12-ാം ശതാബ്ദം വരെ ഓരോ കാലത്തും ഉള്ള സുറിയാനിസഭയുടെ ഭദ്രാസനങ്ങളുടെ പേരും വിവരങ്ങളും നമുക്കു കിട്ടിയിട്ടുണ്ട്. ആ ലിസ്റ്റില്‍ ഒരിടത്തുപോലും ഇന്‍ഡ്യയിലെ ഏതെങ്കിലും ഭദ്രാസനത്തിന്റെ പേരു കാണുന്നില്ല. മിഖായേല്‍ റാബോയുടെ ലിസ്റ്റില്‍ 130 മെത്രാസനങ്ങളുടെ പേര്‍ കാണുന്നതില്‍, ഓരോന്നും എവിടെയാണെന്ന് നമുക്ക് വ്യക്തമായി അറിയാം. അതിലൊന്നും ഇന്ത്യ എന്ന പേരോ, ഇന്ത്യയിലെ ഏതെങ്കിലും സ്ഥലങ്ങളുടെ പേരോ കാണുന്നില്ല.

എന്നാല്‍ ബാര്‍ എബ്രായയുടെ എക്‌ളേസിയാസ്റ്റിക്കയില്‍ ‘ഇന്‍ഡ്യ’ യെറ്റി ഒരു പരാമര്‍ശനം കാണാം. 1189-ല്‍ ഊര്‍മിയയിലെ (Ourmiah) എപ്പിസ്‌കോന്മാരായ ഗബ്രിയേല്‍ എന്നു മറുനാമമുള്ള ഇഗ്നാത്തിയോസ് ഇന്‍ഡ്യാക്കാരനായ യോഹന്നാന്റെ മകനാണെന്നും അദ്ദേഹം (de bet Hinduvaye) എഴുതിയിട്ടുണ്ട്. എന്നാല്‍ ഈ ഊര്‍മിയ ഇന്നത്തെ ഇന്ത്യയില്‍ അല്ല. ഇന്ന് റഷ്യയുടെ തെക്കുഭാഗത്തുള്ള അസര്‍ബൈജാനിലെ ഊര്‍മിയ തടാകതീരത്തുള്ള റിസിയയെ (Rizaieh) നഗരമാണ്. ബാര്‍ എബ്രായയുടെ ലിസ്റ്റ് പതിമൂന്നാം ശതാബ്ദത്തിനപ്പുറം പോകുന്നില്ല. അതുവരെ ഏതായാലും ഇന്‍ഡ്യയില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായി ബന്ധപ്പെട്ട മെത്രാപ്പോലീത്തന്മാരില്ല എന്ന് ഇതില്‍നിന്നും വ്യക്തമാണ്.

മേല്പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തില്‍ ഒന്നു പരിചിന്തിക്കുമ്പോൾ പ. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഇന്ന് ഉന്നയിക്കുന്ന വാദങ്ങളും ആരോപണങ്ങളും സുറിയാനി സഭാചരിത്രത്തിനു നിരക്കാത്തതാണെന്ന് വ്യക്തമാകുന്നു. അന്ത്യോഖ്യന്‍ പാത്രിയര്‍ക്കാ സ്ഥാപനത്തിന്റെ ചരിത്രം, കാതോലിക്കാ സ്ഥാപനത്തിന്റെ ചരിത്രം പോലെ തന്നെ പരാശ്രയത്തിൻ്റെയും, വൈധവ്യത്തിൻ്റെയും കരിനിഴല്‍ പരന്നതാണ്. നിഷ്പക്ഷ ബുദ്ധ്യായുള്ള ചരിത്രപഠനം നമ്മെ കൂടുതല്‍ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കു വഴി നടത്തും എന്നു മാത്രം പറഞ്ഞുകൊണ്ട് ഈ ഉപന്യാസം ഉപസംഹരിക്കുന്നു.
(ചര്‍ച്ച് വീക്ക്‌ലി, 1974 ജൂണ്‍ 2)

മലങ്കര സഭാചരിത്രം:- ചില സംശയങ്ങൾക്കുള്ള മറുപടി