OVS - Latest NewsOVS-Kerala News

ഭാഗ്യസ്മരണാർഹനായ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 51-മത് ശ്രാദ്ധപെരുന്നാൾ ആചരിച്ചു

ക്രിസ്തുശിഷ്യൻ പരി. മാർത്തോമ്മാ ശ്ലീഹ നട്ടുവളർത്തിയ പരി. ഓർത്തോഡോക്‌സ് സുറിയാനി സഭയിൽ ലളിതജീവിതവും പാണ്ഡിത്യവും കൈമുതലാക്കി വേദനപ്പെടുന്നവരെ ചേർത്തുനിർത്തിയ ത്യാഗിയും മനുഷ്യസ്നേഹിയുമായിരുന്ന സ്ലീബാദാസസമൂഹ സ്ഥാപകൻ ഭാഗ്യസ്മരണാർഹനായ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 51 -മത് ശ്രാദ്ധപെരുന്നാൾ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളോടെ കണ്ടനാട് കർമ്മേൽ ദയറായിൽ ആചരിച്ചു. കഴിഞ്ഞനാളുകളിൽ കേരളം അനുഭവിച്ച പ്രളയദുരിതങ്ങളിൽ വേദനയിലായവരെ കഴിയും വിധം കൈത്താങ്ങൽ നൽകിയും അവരുടെ ജീവിത ആവശ്യങ്ങൾ അറിഞ്ഞ് അവർക്ക് നൽകാവുന്നത് നൽകിയും മാതൃക കാട്ടിയ സ്ലീബാദാസസമൂഹം സ്ഥാപകപിതാവിൻ്റെ ശ്രാദ്ധവും വളരെ ലളിതമായി ആചരിച്ചു.

പെരുനാളി നോടനുബന്ധിച്ചു ആലപ്പുഴ ജില്ലയിൽ മേൽപാടത്ത് രണ്ട് ഭവനങ്ങൾ 2019 ജനുവരി 1-ന് കൂദാശ ചെയ്തു. ആസ്ട്രേലിയയിലെ മെൽബണിലുള്ള മലയാളി യുവതി ജൂലി ഹിലേൽ എന്ന വിദ്യാർത്ഥിനിയുടെ ശ്രമ ഫലമായാണ് ഈ വീടുകൾ പൂർത്തീകരിച്ചത്. തൃശൂർ ജില്ലയിൽ വട്ടായി ഗ്രാമത്തിൽ ഒരുവീട് നിർമ്മിച്ചുകൊണ്ടിരിക്കുന്നതും സ്ഥാപകപിതാവിനോടുള്ള ആദരവ് കൊണ്ടാണ്. വിദ്യാഭ്യാസ, വിവാഹ, ചികിൽസ സഹായങ്ങളും ആവശ്യാനുസരണം നൽകുന്നതിനും പുറമെ പെരുന്നാൾ ചെലവുകൾ കുറച്ച് ഇത്തരം മനുഷ്യ ഉപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്തുവാൻ പ്രസ്ഥാനം ശ്രദ്ധിക്കുന്നു.

പെരുനാൾ ചടങ്ങുകൾ ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ നടന്നു. അഭിവന്ദ്യരായ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, സ്ലീബാദാസസമൂഹ അദ്ധ്യക്ഷൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത എന്നിവർ മുഖ്യകാര്മികരായി. പരി. സഭയിലെ ബഹു റമ്പാന്മാരും, വൈദീകരും സഹ കാർമികരായി. ബഹു. കന്യാസ്ത്രീകൾ, ശെമ്മാശന്മാർ, വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ തീർത്ഥാടകർ, നാനാ ജാതി മതസ്ഥർ തുടങ്ങിയ വരുടെ സാന്നിധ്യം ഏറെ അനുഗ്രഹം ആയിരുന്നു. വി. കുർബാന, അനുസ്മരണം, സ്‌മൃതിയാത്ര, പ്രദിക്ഷണം, ശ്ളൈഹീക വാഴ്‌വ്, നേർച്ച സദ്യ തുടങ്ങിയ ചടങ്ങുകളോടെ പെരുന്നാൾ ശുശ്രൂഷകൾ ഫെബ്രുവരി 2 -ന് സമാപിച്ചു. ജീവ കാരുണ്യ പ്രവർത്തനങ്ങൾ മാത്രം ലക്‌ഷ്യം വെക്കുന്ന സ്ലീബാദാസസമൂഹത്തിന് വരും ദിവസങ്ങളിൽ പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുവാൻ കഴിയും എന്ന പ്രതീക്ഷയിലാണെന്നു പെരുന്നാൾ ജനറൽ കൺവീനർ ഫാ . സോമു പ്രക്കാനം അറിയിച്ചു .

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ