OVS - Latest NewsOVS-Kerala News

മാജിക് പ്ലാനറ്റിലെ കുട്ടികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു പരി. കാതോലിക്കാ ബാവാ തിരുമേനി

തിരുവനന്തപുരം:- മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ക്രിസ്തുമസ് ആഘോഷത്തിനായി മാജിക് പ്ലാനറ്റിൽ എത്തി. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന മാജിക് പ്ലാനറ്റിലെ അധികൃതരും അന്തേവാസികളുമാണ് ആഘോഷത്തിനു എത്തിയ ബാവയ്ക്ക് ഗംഭീര സ്വീകരണം നൽകിയത്. എൻഡോസൾഫാൻ ബാധിതരായി വിവിധ രീതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടിയാണ് മാജിക് പ്ലാനറ്റ് പ്രവർത്തിക്കുന്നത്. ക്രിസ്തുമസ്, പുതുവത്സരം ബാവയോടൊപ്പം ആഘോഷിക്കണം എന്ന ആഗ്രഹം ബാവയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. അതേ തുടർന്ന് ക്രിസ്തുമസ് ആശംസകളും, കേക്കും, വിവിധ തരം നിറപകിട്ടാർന്ന മിഠായികളുമായി കാതോലിക്കാബാവ അവരുടെ അരികിലേക്ക് എത്തി ആഘോഷത്തിൽ പങ്കുകൊണ്ടു. കാതോലിക്കാ ബാവയും മാജിക് പ്ലാനറ്റ് ചെയർമാനും പ്രശസ്ത മജീഷ്യനുമായ ഗോപിനാഥ് മുതുകാടും ചേർന്ന് കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾക്കായി മാജിക്‌ പ്ലാനറ്റിനു പരിതോഷികവും നൽകി ബാവ തിരുമേനി ആഹ്ലാദം പ്രകടിപ്പിച്ചു. വളരെ വ്യത്യസ്തമായ രീതിയിൽ ചിന്തിപ്പിക്കുകയും അത് പ്രാവർത്തികമാക്കുകയും അതുവഴി സമൂഹത്തിന്റെ മുഖ്യ ധാരായിലേക്ക് എത്തിക്കുന്ന ശ്രേഷ്ഠമായ ഒരു ദൗത്യമാണ് മാജിക്‌ പ്ലാനറ്റ് ചെയ്യുന്നതെന്ന് കാതോലിക്കാ ബാവ പറഞ്ഞു. സമൂഹത്തെ വ്യത്യസ്തമായ രീതിയിൽ ചിന്തിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല, അത് പ്രാവർത്തികമാക്കുക എന്നത് അതിലേറെ പ്രയാസപ്പെട്ട കാര്യവും, ആ ദൗത്യം വളരെ കൃത്യതയോടെ തന്നെ മാജിക് പ്ലാനറ്റിൽ പ്രാവർത്തികമാണെന്നും അദ്ദേഹം ആവർത്തിച്ചു. കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഇതിനോടകം നടത്തി വരുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ‘സഹോദരൻ’ പദ്ധതിയുടെ ഭാഗമായി നിരാലംബരായ അനേകർക്ക് സൗജന്യ ചികിത്സാ സഹായം, ഭവന നിർമ്മാണം, നിർധനരായ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായങ്ങൾ എന്നിവ നൽകുന്നു. ചടങ്ങിൽ സഭയിലെ മുതിർന്ന വൈദികനും, മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടറുമായ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, എം.ജി.എം ഗ്രൂപ്പ് വൈസ് ചെയർമാൻ ജാപ്സൺ വർഗീസ്, നിധിൻ ചിറത്തിലാട്ടു എന്നിവരും പങ്കെടുത്തു.