OVS - ArticlesOVS - Latest News

പഞ്ചക്ഷതങ്ങളും പഴയ സെമിനാരിയും

ക്രൂശാരോഹണ സമയത്ത് കര്‍ത്താവേശുമശിഹായുടെ ദേഹത്ത് ഉണ്ടാക്കിയ അഞ്ചു ക്ഷതങ്ങള്‍ റോമന്‍ കത്തോലിക്കാ സഭയ്ക്ക് തീവൃമായ ധ്യാനവിഷയങ്ങളാണ്. കൈകളിലേയും കാലുകളിലേയും നാല് ആണിപ്പാടുകളും വിലാവില്‍ കുന്തത്താല്‍ കുത്തിത്തുളച്ച ഒന്നുമടക്കമുള്ള ഈ പഞ്ചക്ഷതങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് അന്യമല്ല. പക്ഷേ … അവര്‍ എൻ്റെ കൈകളും കാലുകളും കുത്തിത്തുളച്ചു… എന്നിത്യാദിയായ സങ്കീര്‍ത്തനഭാഗം (സങ്കീ. 22: 16) ദുഃഖവെള്ളിയാഴ്ച്ച നമസ്‌ക്കാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും റോമന്‍ കത്തോലിക്കരെപ്പോലെ തീവൃമായ വികാരമൊന്നുമല്ല പഞ്ചക്ഷതങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക്.

എന്നാല്‍ ഇന്ന് പഞ്ചക്ഷതങ്ങള്‍ മലങ്കരസഭയ്ക്ക് കുത്തിനോവിക്കുന്ന ഒരു വിഷയമാണ്. അത് ക്രൂശാരോഹണ സമയത്ത് കര്‍ത്താവിനുണ്ടാക്കിയ മുറിപ്പാടുകള്‍ അല്ല. ഒരു ധ്യാനവിഷയവുമല്ല. പഴയ സെമിനാരിയുടെ ഹോസ്റ്റല്‍ മുറികളുടെ കതകുകളില്‍ ഏതാനും മാസം മുമ്പുണ്ടാക്കിയ അഞ്ചു ദ്വാരങ്ങളാണ് ചര്‍ച്ചാവിഷയം. അതാകട്ടെ തികച്ചും ലജ്ജാവഹമായ ഒരു നടപടിയും.

രണ്ടു ശതാബ്ദം – കൃത്യമായി പറഞ്ഞാല്‍ 1815 മുതല്‍ – പഴയ സെമിനാരിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിയ്ക്കുകയാണ് (Residential course). പഴയ സെമിനാരിയില്‍ മാത്രമല്ല; അതിനുമുമ്പും പിമ്പും എല്ലാ മല്‍പ്പാന്‍ ഭവനങ്ങളിലും സെമിനാരികളിലും ഇതു തന്നെയായിരുന്നു പതിവ്. കാരണം, വൈദീക വിദ്യാഭ്യാസം നസ്രാണികള്‍ക്ക് എന്നും ഒരു ഗുരുകുല സമ്പ്രദായമായിരുന്നു. അന്നൊക്കെ ഒന്നിലധികം വിദ്യാര്‍ത്ഥികള്‍ ഒരേ മുറിയിലാണ് കഴിച്ചുകൂട്ടിയിരുന്നത്. അന്നൊന്നും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന മുറികളുടെ കതകില്‍ തുള ഇടുന്ന പരിപാടി ഇല്ലായിരുന്നു. ഇരുനൂറുവര്‍ഷം പഴക്കമുള്ള പഴയ സെമിനാരി നാലുകെട്ടിലും ദ്വാരങ്ങള്‍ ഒന്നും കാണാനില്ല. പഴയ സെമിനാരി പൂട്ടിക്കിടന്ന കാലത്ത് എം. ഡി. സെമിനാരിയില്‍ ചിതല്‍കൊട്ടാരത്തില്‍ താമസവും തകരപ്പാട്ടയില്‍ പ്രാഥമിക ആവശ്യങ്ങളുടെ നിര്‍വഹണവും നടത്തിയിരുന്ന കാലത്തും ഇതു തന്നെയായിരുന്നു സ്ഥിതി. ഉത്തരാധുനികതയുടെ വര്‍ത്തമാനകാലത്ത്, കഴിഞ്ഞ വര്‍ഷമാണ് ഓരോ കതകിലും അഞ്ചു ദ്വാരങ്ങള്‍വീതം പ്രത്യക്ഷപ്പെട്ടത്! എന്തിനുവേണ്ടി?

വൈദീക വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയിലേയ്ക്ക് ഏതു സമയവും അധികാരികള്‍ക്ക് എത്തിനോക്കുവാനുള്ള സൗകര്യത്തിനുവേണ്ടിയാണ് ഈ തൊരപ്പന്‍ പ്രസ്ഥാനം അവലംബിച്ചത് എന്നു വ്യക്തം. തികഞ്ഞ മനുഷ്യാവകാശ ലംഘനവും അതിനാല്‍ത്തന്നെ അക്രൈസ്തവവും സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റവും ആയ ഈ നടപടി എന്തിനെന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍; അരിയാഹാരം കഴിയ്ക്കുന്ന ആര്‍ക്കും മനസിലാകും. ആധുനിക വിവരസാങ്കേതികവിദ്യാസങ്കേതങ്ങളില്‍നിന്നും ഭാവിയിലെ ഇടയന്മാരെ അന്യരാക്കുന്നത് വിവരക്കേട്. അതേസമയം നിരോധിതമായവ നാളത്തെ സമൂഹത്തിനെ നേരിലേയ്ക്കും നിയമവാഴ്ചയിലേയ്ക്കും നയിക്കേണ്ടവര്‍ നിര്‍ബാധം ഉപയോഗിക്കുന്നത് അക്ഷന്തവ്യമായ തെറ്റ്. അതില്‍ സംശയമില്ല.

സമാനമായ പ്രശ്‌നങ്ങള്‍ കാലികമായ സ്വഭാവത്തില്‍ മുമ്പും പരിമിതമായെങ്കിലും ഇല്ലായിരുന്നോ? തുളയിട്ടാണോ അന്നത്തെ സെമിനാരി അധികാരികള്‍ അതു നിയന്ത്രിച്ചിരുന്നത്.? രണ്ടു ചോദ്യത്തിനും ഉത്തരം അല്ല എന്നു തന്നെയാണ്. ഇത്തരം വിഷയങ്ങള്‍ മുമ്പും ഉണ്ടായിരുന്നു. അവ കണ്ടു പിടിയ്ക്കപ്പെട്ടിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കാരണം വൈദീക വിദ്യാര്‍ത്ഥികളോടൊപ്പം താമസിയ്ക്കുന്ന സെമിനാരി അദ്ധ്യാപര്‍ക്ക് അക്കാര്യത്തില്‍ ശ്രദ്ധയുണ്ടായിരുന്നു. ഇന്ന് ചട്ടലംഘനം വ്യാപിച്ചെങ്കില്‍ അതു പരിശോധിക്കാന്‍ ദ്വാരമിടേണ്ട അവശ്യമില്ല. പകരം പല ഹോസ്റ്റലുകളിലും ചെയ്യുന്നതുപോലെ മുറികള്‍ക്കുള്ളില്‍ കതകിനു കുറ്റി വയ്ക്കാതിരുന്നാല്‍ മതിയല്ലോ?

പഠനസമയത്ത് നിദ്രേദേവിയെ പുല്‍കുന്നതും സെമിനാരിയില്‍ നിരോധിതമായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും സൂത്താറായ്ക്കുശേഷം വര്‍ദ്ധിച്ചിരിക്കാം. പക്ഷേ അവയൊക്കെ പരിശോധിക്കുന്നതിനു പണ്ടുമുതലേ വ്യവസ്ഥാപിതമായ സംവിധാനം ഉണ്ടായിരുന്നു. സെമിനാരി റീശ് എന്ന സീനിയര്‍ ശെമ്മാശന് എപ്പോള്‍ വേണമെങ്കിലും പരിശോധന നടത്താനുള്ള അധികാരം ഇപ്പോഴുമുണ്ട്. വാര്‍ഡൻ്റെ സാന്നിദ്ധ്യം വേറെ. അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; ശിക്ഷിക്കപ്പെട്ടിട്ടുണ്ട്: പക്ഷേ അത് ആര്‍ജ്ജവമുള്ള മേലധികാരികള്‍ ഉള്ള കാലത്ത്.

വര്‍ത്തമാനകാലത്തെ സെമിനാരി വിദ്യാര്‍ത്ഥികളുടെ നിയമപരിപാലന സംസ്‌ക്കാരത്തില്‍ അധോഗതി വന്നിട്ടുണ്ടെങ്കിലും അതിനു നിരന്തരമായ ദ്വാരപരിശോധന ആവശ്യമായെങ്കിലും അതിന് അവരെമാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അതിൻ്റെ ഉത്തരവാദിത്വം അവരെ സെമിനാരിയില്‍ എത്തിയ്ക്കുന്ന ഇന്നത്തെ സംവിധാനത്തിനാണ്. ഇതു മനസിലാക്കണമെങ്കില്‍ ചരിത്രപരമായി നസ്രാണികള്‍ക്ക് കത്തനാരുമാര്‍ ഉണ്ടാകുന്ന പ്രക്രിയ എന്തെന്നും അതിൻ്റെ മാനദണ്ഡങ്ങള്‍ എന്തായിരുന്നെന്നും ഉപരിപ്ലവമായെങ്കിലും മനസിലാക്കണം.

1934-ലെ ഭരണഘടനാപൂര്‍വകാലത്ത് ഇടവകപള്ളികളിലെ പൊതുയോഗം തിരഞ്ഞെടുത്ത് ദേശകുറി സഹിതം മലങ്കര മെത്രാപ്പോലീത്തായുടെ അടുക്കല്‍ അയക്കുന്നവര്‍ക്കായിരുന്നു വൈദീക വിദ്യാഭ്യാസം നല്‍കി കത്തനാരു പട്ടം കൊടുത്തിരുന്നത്. കേന്ദ്രീകൃതമായ ശമ്പളപദ്ധതി ഒന്നും ഇല്ലാതിരുന്ന കാലത്ത് പട്ടക്കാരുടെ ജീവനോപാധി ഉറപ്പാക്കാന്‍ ഇത്തരം ഒരു സംവിധാനം അനിവാര്യമായിരുന്നു. അതോടൊപ്പം പ. പൗലൂസ് ശ്ലീഹാ തീമോത്തിയോസിനോടു പറയുന്ന (1 തീമോ. 3: 7) കശ്ശീശ്ശായ്ക്കുവേണ്ട സാക്ഷ്യവും ദേശകുറിതന്നെ ആയിരുന്നു. ഓരോ ഇടവകയ്ക്കും വേണ്ടി ഇടവകപ്പട്ടക്കാരായി മാത്രം കത്തനാരന്മാര്‍ പട്ടം കെട്ടപ്പെടുന്ന ഈ സംവിധാനം പക്ഷേ പൊതുമുതലുകളുടേയും മിഷന്‍ മേഖലകളുടേയും പ്രവര്‍ത്തനത്തിനും സഭയുടെ വികസനത്തിനും നേതൃത്വം നല്‍കാന്‍ ആളെ ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കി എന്നതു വേറേ കാര്യം. എന്നാല്‍ 1934-ലെ ഭരണഘടന വൈദീക തിരഞ്ഞെടുപ്പിന് കൃത്യമായ മാനദണ്ഡം ഉണ്ടാക്കി. വ്യക്തമായ നാല് വകുപ്പുകളിലാണ് അത് പ്രതിപാദിച്ചിരിക്കുന്നത്.

103. ശെമ്മാശുപട്ടത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നതിന് ഓരോ മെത്രാസന ഇടവകയിലും മെത്രാസന ഇടവകയോഗത്താല്‍ തിരഞ്ഞെടുക്കപ്പെട്ട രണ്ടു പട്ടക്കാരും മൂന്ന് അയ്‌മേനികളും ഉള്‍പ്പെട്ട ഒരു സെലക്ഷന്‍ ബോര്‍ഡ് ഉണ്ടായിരിക്കേണ്ടതാകുന്നു.

104. അപേക്ഷകന്മാര്‍ – അവര്‍ ഏത് ഇടവകയില്‍ ഉള്‍പ്പെട്ടിരിക്കുന്നുവോ ആ ഇടവക പൊതുയോഗത്തിൻ്റെ രേഖമൂലമായ അനുവാദത്തോടുകൂടി ഇടവക മെത്രാപ്പോലീത്തായുടെ അടുക്കല്‍ അപേക്ഷിക്കേണ്ടതും, വിരോധമില്ലന്നു തോന്നുന്നപക്ഷം ടി അപേക്ഷയെ ഇടവക മെത്രാപ്പോലീത്താ സെലക്ഷന്‍ ബോര്‍ഡിലേയ്ക്ക് അയയ്‌ക്കേണ്ടതും, സെലക്ഷന്‍ ബോര്‍ഡ് അതേസംബന്ധിച്ച് വേണ്ട അന്വേഷണം നടത്തേണ്ടതും, സെലക്ഷന്‍ ബോര്‍ഡിൻ്റെ സര്‍ട്ടിഫിക്കേറ്റ് കിട്ടിയിട്ടുള്ളവര്‍മാത്രം പട്ടത്വത്തിനു യോഗ്യരെന്നു ഗണിക്കപ്പെടേണ്ടതും ആകുന്നു.

105. സ്‌കൂള്‍ഫൈനല്‍കോഴ്‌സ് കഴിയാത്ത യാതൊരുത്തനും പട്ടം കൊടുത്തുകൂടാത്തതാകുന്നു.

106. സെലക്ഷന്‍ ബോര്‍ഡിൻ്റെ സര്‍ട്ടിഫിക്കറ്റു ലഭിച്ചിട്ടുള്ള ആളുകള്‍ പട്ടത്വത്തിനു അര്‍ഹരാണന്നു ഇടവക മെത്രാപ്പോലീത്തായ്ക്കു ബോധ്യം വരുന്നതായാല്‍ അവരെ വൈദീകപഠനത്തിനായി സമുദായം വക ഏതെങ്കിലും ഒരു സെമിനാരിയിലേയ്ക്കു അയക്കേണ്ടതും, ആവശ്യമുള്ള വൈദീക പഠനത്തിനു ശേഷം പട്ടത്വത്തിനു യോഗ്യന്മാരാണന്നു സെമിനാരി പ്രിന്‍സിപ്പാള്‍ സര്‍ട്ടിഫിക്കേറ്റ് കൊടുക്കുന്നതായാല്‍ ഇടവക മെത്രാപ്പോലീത്തായുടെ യുക്തംപോലെ അവര്‍ക്കു പട്ടം കൊടുക്കുന്നതും ആകുന്നു.

തികച്ചും ആധുനിക മാനദണ്ഡങ്ങള്‍ പാലിച്ചുണ്ടാക്കിയവയാണ് ഈ നിയമങ്ങള്‍ എന്നു ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമാണ്. വ്യക്തിവിരോധങ്ങളോ സ്വാര്‍ത്ഥതാല്പര്യങ്ങളോ മൂലം അര്‍ഹരായ സ്ഥാനാര്‍ത്ഥികള്‍ തഴയപ്പെടാനുള്ള സാദ്ധ്യത ഈ സംവിധാനത്തില്‍ തുലോം വിരളമാണ്. സെലക്ഷന്‍ ബോര്‍ഡിൻ്റെ സര്‍ട്ടിഫിക്കേറ്റിൻ്റെ സ്ഥാനത്ത് ഇടവകപ്പള്ളി പൊതുയോഗങ്ങളുടെ ദേശകുറി നിലവിലിരുന്ന കാലത്തുതന്നെ അത്തരം വെട്ടിനിരത്തലുകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം നസ്രാണികള്‍ കണ്ടെത്തിയിരുന്നു. 1853-ലെ ചട്ടവര്യോലയില്‍ ഇതു പ്രതിപാദിച്ചിട്ടുണ്ട്.

15-മത. ആദ്യം പട്ടം ഏള്‍ക്കാന്‍ ഹാജരാകുന്ന ആളുകള്‍, കുടുബത്താലും അവസ്തയാലും പട്ടത്തിന്ന യൊഗ്യനാകുന്നു എന്നും, യൊഗ്യനല്ല എന്നുള്ള മനൊസാക്ഷിയൊടുകൂടെ യൊഗ്യനാകുന്നു എന്ന വ്യത്യാസമായിട്ട ഞങ്ങള്‍ എഴുതി ബൊധിപ്പിയ്ക്കുന്നതല്ലാ എന്ന ദൈവം സാക്ഷിയായിരിയ്ക്കുന്നുഎന്നും, കണ്ടഴുതിവരുന്ന ദെശകുറിപ്രകാരം പട്ടം കൊടുക്കണം.

16-മത. പഠിപ്പിയ്ക്കുന്ന പൈതങ്ങളില്‍, പട്ടത്തിന്ന ഏറ്റവും യൊഗ്യന്മാരായും കൊള്ളാവുന്നവരായും തീരുകയും, ഇടവകയില്‍ പട്ടക്കാര്‍ക്കു ദിഷ്ഠതി ഇല്ലാതെതീരുകയും ചൈതാല്‍, കുടുംബത്താലും അവസ്ഥയാലും പട്ടത്തിന്ന യൊഗ്യന്മാരാകുന്നെ എന്ന ഇടവക എഴുതിഅയച്ച വിചാരണ കഴിച്ചാല്‍, പട്ടത്തിന്ന യൊഗ്യത ഇല്ലന്ന മറുപടി വന്നാല്‍, മല്പാൻ്റെ സാക്ഷിക്കുറിയൊടു കൂടി തെബെലിന്റെതായി പട്ടം കൊടുത്ത സിമ്മനാരില്‍ പാര്‍പ്പിച്ച, ആവിശ്യംപൊലെ തല്‍കാല വിഗാരിമാരായി അയ്ക്കുകയും, ഇടവകയില്‍ ഒഴിവുവരുമ്പൊള്‍, അവിടെ കൊള്ളിയ്ക്കുകയും ചൈതുകൊള്ളണം.

17-മത. പട്ടത്തിന്ന ആവിശ്യവും യൊഗ്യതയും ഉള്ളപ്പോള്‍ ശത്രുതകൊണ്ട ദെശകുറി കൊടുക്കുന്നില്ലന്നു ആവലാധി വരികയും, രണ്ടു വികാരിമാരു മുഖാന്തിരം വിചാരണ കഴിച്ചാല്‍, ആവിശ്യവും യോഗ്യതയും ഉണ്ടെന്ന തെളികയും ചൈതാല്‍, ഇടവകയ്ക്കായിതന്നെ പട്ടം കൊടുക്കണം.

18-മത. ആരുടെ പെരില്‍എങ്കിലും ആവലാധി വന്നാല്‍, കാര്‍യ്യത്തിൻ്റെ വലിപ്പത്തിന്ന തക്കവണ്ണം, ഒന്നൊരണ്ടൊ വിഗാരി മുഖാന്തിരമായി വിചാരണ ചൈച്ച, കുറ്റത്തിന്ന തക്കവണ്ണം വിധി കല്പിയ്ക്കണം. സങ്കടക്കാരന്‍ വിചാരണക്കാറരുടെ പെരില്‍ അക്ഷെപം ബൊധിപ്പിച്ചാല്‍, മറ്റു വിഗാരിമാരെകൊണ്ട വിചാരണ കഴിപ്പിയ്ക്കണം. ംരം രണ്ടു വിചാരണയും ശരിയായിരുന്നാല്‍ പിന്നീട വിചാരണയ്ക്ക കല്പ്പിപ്പാന്‍ ആവശ്യംമില്ല. ംരം രണ്ടു വിചാരണയും രണ്ടായിരിക്കയും, സങ്കടക്കാരന അടക്കംവരാതെ തീരുകയും ചൈതാല്‍, 3-ാം വിചാരണയ്ക്ക കല്പന കൊടുക്കണം. ഇതിന്മണ്ണം വിചാരണ ചൈയുമ്പൊള്‍, രണ്ടു വിചാരണ ശരിയായിട്ട വരുന്നതാകകൊണ്ട, അതിനെ അനുസരിച്ച വിധി കല്പിയ്ക്കണം. ംരം വിചാരണക്കാര്‍ക്ക വെണ്ടുന്ന ചിലവ ആവലാധിക്കാരന്‍ കൊടുക്കണം.

വിശദവും കുറ്റമറ്റതുമായ ഈ സംവിധാനമാണ് 1934-ല്‍ പരിഷ്‌ക്കരിച്ച് ഭദ്രാസന തലത്തിലുള്ള സംവിധാനമാക്കിയത്. അത് ഉടന്‍ തന്നെ നടപ്പിലാവുകയും ചെയ്തു. 1934 ഡിസംബര്‍ 26-ന് ആണ് മലങ്കരസഭാ ഭരണഘടന പാസായത്. അന്നുമുതല്‍ 1936 ജൂലൈ 15 വരെയുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ 110 ധനു 11-നു മുതല്‍ 111 മിഥുനം 31-നു വരെയുള്ള കാലഘട്ടത്തിലെ റിപ്പോര്‍ട്ട് എന്ന 1936-ല്‍ അസോസിയേഷന്‍ സെക്രട്ടറി കെ. എം. മാത്തന്‍ മാപ്പിള അച്ചടിച്ചു പ്രസിദ്ധീകരിച്ച പ്രഥമ മലങ്കരസഭാ റിപ്പോര്‍ട്ടില്‍ ഇതിനേപ്പറ്റി പരാമര്‍ശനമുണ്ട്.

ഉദാഹരണത്തിന് കോട്ടയം ഭദ്രാസനത്തിലെ വൈദീക സെലക്ഷന്‍ ബോര്‍ഡ്, ഇടവക മെത്രാപ്പോലീത്താ ആയ പ. പാമ്പാടി തിരുമേനിയുടെ അദ്ധ്യക്ഷതയില്‍, വല്യമണ്ണില്‍ യോഹന്നാന്‍ കത്തനാര്‍, കൊച്ചീമൂലയില്‍ ഏലിയാസ് കത്തനാര്‍ ബി. എ, എല്‍. റ്റി, നെയ്‌ശേരില്‍ കുരുവിള, ഇ. റ്റി. തോമസ് എം. എ, എല്‍. റ്റി, സി. എ. തേമസ് ബി. എ, ബി. എല്‍. എന്നിവരടങ്ങുന്നതായിരുന്നു.

തെങ്ങുംതറയില്‍ ഗീവര്‍ഗീസ് കോറെപ്പിസ്‌ക്കോപ്പാ, കൊലത്താക്കല്‍ തോമസ് കോറെപ്പിസ്‌ക്കോപ്പാ, കെ. സി. മാമ്മന്‍ വാദ്ധ്യാര്‍, പത്രോസ് മത്തായി എം. എ, ബി. എല്‍, സി. എം. ജോണ്‍ എം. എ. എന്നിവരായിരുന്നു തുമ്പമണ്‍ ഭദ്രാസന സെലക്ഷന്‍ ബോര്‍ഡ്.

പിന്നീടെന്നോ (1951-ലാണെന്നു തോന്നുന്നു) ഭരണഘടന ഭേദഗതി ചെയ്തു. അതോടെ വൈദീക സിലക്ഷന്‍ ബോര്‍ഡ് അപ്രത്യക്ഷമായി.

ഇന്നത്തെ ഭരണഘടനാ നില;

110. വൈദിക സ്ഥാനാര്‍ത്ഥി ഡിഗ്രി പരീക്ഷയെങ്കിലും പാസ്സായവനായിരിക്കണം.

111. പട്ടം കിട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇടവക പൊതുയോഗത്തിൻ്റെ ശുപാര്‍ശയോടുകൂടിയോ സ്വന്ത നിലയിലോ ഇടവക മെത്രാപ്പോലീത്തായുടെ അടുക്കല്‍ അപേക്ഷിക്കേണ്ടതും അദ്ദേഹം അന്വേഷണം നടത്തി വിരോധമില്ലെന്നു തോന്നുന്ന പക്ഷം അവരെ മലങ്കര മെത്രാപ്പോലീത്തായുടെ അടുക്കലേക്ക് അയയ്‌ക്കേണ്ടതും അദ്ദേഹം അവരെ സൗകര്യം പോലെ സമുദായം വക വൈദിക സെമിനാരിയിലേക്ക് അയയ്‌ക്കേണ്ടതും ആവശ്യമുള്ള വൈദിക പഠനത്തിനുശേഷം പട്ടത്വത്തിനു യോഗ്യന്മാരാണെന്ന് സെമിനാരി പ്രിന്‍സിപ്പാള്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതായാല്‍ ഇടവക മെത്രാപ്പോലീത്തായോ, മലങ്കര മെത്രാപ്പോലീത്തായോ യുക്തം പോലെ അവര്‍ക്കു പട്ടം കൊടുക്കുന്നതും ആകുന്നു. എന്നാല്‍ മൂന്നു വര്‍ഷത്തെ വൈദിക പഠനത്തിനുശേഷം സെമിനാരി പ്രിന്‍സിപ്പാളിൻ്റെ സര്‍ട്ടിഫിക്കറ്റ് ഉള്ള പക്ഷം കോറൂയോ പട്ടം കൊടുക്കാവുന്നതാകുന്നു.

ചുരുക്കത്തില്‍ അതോടെ സെമിനാരി വിദ്യാഭ്യാസത്തിനുള്ള ഏക അര്‍ഹത ഇടവക മെത്രാൻ്റെ താല്‍പ്പര്യം മാത്രമായി! അധോഗതിയും ആരംഭിച്ചു. അതിനാല്‍ അവയില്‍ പലതും വട്ടേന്നു വീണതും വാവലു ചപ്പിയതും ആയതില്‍ അത്ഭുതത്തിന് അവകാശമില്ല.

ഇവിടെയാണ് അഡ്വ. എം. എന്‍. ഗോവിന്ദന്‍ നായര്‍ എന്ന സാഹിത്യകാരന്‍ കടന്നുവരുന്നത്. കടുവാ നീലാണ്ടപ്പിള്ള എന്ന പഴയൊരു ഹെഡ്‌കോണ്‍സ്റ്റബിളിൻ്റെ വീരസാഹസിക കഥകള്‍ അദ്ദേഹം കടുവയുടെ ആത്മകഥ എന്ന ഹാസ്യകൃതിയില്‍ അവതരിപ്പിക്കുന്നുണ്ട്. അതില്‍ പഴയ തിരുവിതാംകൂറിലെ പോലീസ് കോണ്‍സ്റ്റബിള്‍മാരെപ്പറ്റി പൊതുവായ ഒരു വര്‍ണ്ണനയുണ്ട്. …പോലീസുദ്യോഗത്തിനു വിദ്യാഭ്യാസം നിര്‍ബന്ധമല്ലാത്ത കാലത്ത് മനുസ്മൃതിയില്‍ സാധാരണ മനുഷ്യര്‍ക്ക് ബ്രഹ്മചര്യം, ഗാര്‍ഹസ്ത്യം, വാനപ്രസ്ഥം, സന്യാസം എന്നിങ്ങനെ നാല് ആശ്രമങ്ങള്‍ വിധിച്ചിട്ടുള്ളതുപോലെ, കോണ്‍സ്റ്റബിള്‍മാര്‍ക്ക് തുണിനനയ്ക്കല്‍, ചിറിനനയ്ക്കല്‍, ഭൂമികുലുക്കല്‍, അയവിറക്കല്‍ എന്നിങ്ങനെ നാലു ജീവിത ഘട്ടങ്ങള്‍ വിധിക്കപ്പെട്ടിരുന്നു. ‘പോക്കറ്റാല്‍ പോലീസ്’ എന്നായിരുന്നല്ലോ അന്നത്തെ ആപ്തവാക്യം. ആദ്യം യജമാനന്മാരുടെ വീട്ടിലെ തുണിനനയ്ക്കല്‍, പിന്നെ അവരുടെ അടുക്കളയില്‍ കയറി രുചികരമായ ഭോജ്യങ്ങള്‍ ചമയ്ക്കല്‍, അതിനു ശേഷം ഉദ്യോഗത്തില്‍ കയറി രാജ്യവാസികളെ വിറപ്പിക്കല്‍, ഒടുവില്‍ പെന്‍ഷന്‍പറ്റി ഷെഡില്‍ കയറിയിരുന്ന് പഴയ വീരകൃത്യങ്ങള്‍ പറഞ്ഞ് സംതൃപ്തി നേടല്‍… എന്നിങ്ങനെയാണ് അദ്ദേഹത്തിൻ്റെ വിവരണം. ഇന്ന് മലങ്കരയിലെ മിക്കവാറും വൈദീക സ്ഥാനാര്‍ത്ഥികളുടെ സ്ഥിതിയും വിഭിന്നമല്ല എന്നു ചിന്തിച്ചാല്‍ ആര്‍ക്കും മനസിലാകും.

ഇന്ന് എഴുത്തുപരീക്ഷ, അഭിമുഖം എന്നീ ശോധനകള്‍ സ്ഥാനാര്‍ത്ഥികള്‍ കടക്കേണ്ടതുണ്ടല്ലോ എന്ന മറുചോദ്യം ഉന്നയിച്ചേക്കാം. ബഹു വിശേഷമാണ് അവയുടെ സ്ഥിതി. എഴുത്തുപരീക്ഷയ്ക്ക് ചില വിഷയങ്ങളില്‍ പത്തുശതമാനം മാര്‍ക്ക് പോലും ലഭിക്കാത്തവരേയും കടത്തിവിടാന്‍ പരീക്ഷകര്‍ നിര്‍ബന്ധിതരാകും! കാരണം നിര്‍ദ്ദേശകരുടെ സമ്മര്‍ദ്ദം.

അഭിമുഖമാണേല്‍ അതിലും കഠിനം. സെമിനാരി ഫാക്കല്‍റ്റിയാണത്രെ അത് നടത്തുന്നത്. പക്ഷേ പലപ്പോഴും മുറിനിറഞ്ഞിരിക്കുന്ന അവരോടൊപ്പം കുശിനിക്കാര്‍ വരെ ഉണ്ടാവുമെന്നു പറയുന്നു. പലരുടേയും ഇന്റര്‍വ്യൂ ഒറ്റമിനിട്ടില്‍ കഴിയും! കാരണം കസേര ഉറപ്പിച്ചിട്ടാണ് അവര്‍ വരുന്നതുതന്നെ! ഇങ്ങനെയൊക്കെ പ്രവേശനോത്സവം നടത്തുന്നതിന് എന്തര്‍ത്ഥം?

ഈ സ്ഥിതി സഭയ്ക്ക് ഭൂഷണമല്ലന്നു തന്നെയല്ല ഭീഷണി കൂടിയാണ്. ഇതവസാനിപ്പിച്ചേ പറ്റു. ഭദ്രാസന തലത്തില്‍ സെലക്ഷന്‍ കമ്മീഷന്‍ പുനഃസ്ഥാപിക്കണമെന്നോ ഭരണഘടന ഭേദഗതി ചെയ്യണമെന്നോ അല്ല ഇതിനര്‍ത്ഥം. സെമിനാരി പഠനത്തിനു താല്‍പ്പര്യമുള്ള എല്ലാവരുടേയും അപേക്ഷ ഒരു വര്‍ഷം മുമ്പ് സ്വീകരിക്കുക. അവരെ സത്യസന്ധനായ ഒരു ഉത്തമ സന്യാസിയുടെ മേല്‍നോട്ടത്തില്‍ കര്‍ശനമായ സെമിനാരി ചട്ടക്കൂട്ടില്‍ ഒരുവര്‍ഷം ഒരുമിച്ചു താമസിപ്പിക്കുക. അതിന് അനുയോജ്യമായ ഒന്നിലധികം സ്ഥാപനങ്ങള്‍ ഇന്നു നരിച്ചീര്‍ വാസഗേഹങ്ങളായി മാത്രം അവശേഷിക്കുന്നുണ്ട്. അവയിലൊന്ന് ഉപയോഗിക്കാം. യാമപ്രാര്‍ത്ഥനകളും നോമ്പുപവാസങ്ങളും അവര്‍ അവിടെ പരിശീലിക്കട്ടെ. പഠനതുടര്‍ച്ച നഷ്ടപ്പെടാതിരിക്കാനും തുടര്‍പഠനത്തിനു പശ്ചാത്തലമൊരുക്കുവാനും തീവൃമായ പഠനപദ്ധതിയും (Intensive training) പരീക്ഷകളും തുടര്‍ച്ചയായി നടത്തുക. സഭയുടെതന്നെ ദിവ്യബോധനം പാഠ്യപദ്ധതിയും പരീക്ഷയും ഇതിനുപയോഗിക്കാം. കൂട്ടത്തില്‍ നിര്‍ബന്ധമായും ഇംഗ്ലീഷും പഠിപ്പിക്കണം. കര്‍ശനമായും ഈ ഒരു വര്‍ഷത്തെ പ്രവര്‍ത്തന – പഠന – സ്വഭാവ റിപ്പോര്‍ട്ടാവണം ഇടവക മെത്രാപ്പോലീത്തായുടെ ശുപര്‍ശയുടെ അടിസ്ഥാന മാനദണ്ഡം.

ഇതിൻ്റെ ഗുണം എന്തെന്നുവെച്ചാല്‍, സെമിനാരി വിദ്യാഭ്യാസത്തിൻ്റെ കാഠിന്യം എന്തെന്നു അച്ചന്‍പണിക്കു വരുന്നവര്‍ക്ക് മുമ്പുകൂട്ടി ബോദ്ധ്യമാകും. സ്വാഭാവികമായും വിളിക്കപ്പെട്ട വിളിക്കു യോഗ്യരല്ലാത്തവര്‍ അതോടെ സ്റ്റാന്റുവിടും. സഹജീവനത്തിൻ്റെയും കഠിനാദ്ധ്വാനത്തിൻ്റെയും പ്രാഥമിക പാഠങ്ങള്‍ അവിടെ പരിശീലിക്കും. കൂട്ടത്തില്‍ സ്വഭാവക്കേടുള്ളവരേയും, വൈദീകവൃത്തി, ആദായകരമായ ഒരു പ്രൊഫഷന്‍ ആക്കാന്‍ ഉദ്ദേശിക്കുന്നവരേയും മുമ്പുകൂട്ടി കണ്ടുപിടിക്കാനാവും. പഠനതുടര്‍ച്ച (Educational continuity) ഇല്ലാത്തവരില്‍ തൊഴില്‍ പോലെയുള്ള മതിയായ കാരണം തെളിയിക്കാനാവാത്ത ഒരാളെയും സെമിനാരിയില്‍ പ്രവേശിപ്പിക്കരുത്.

സെമിനാരി അദ്ധ്യാപകന്‍ അല്ലാത്ത, എന്നാല്‍ അതിനു യോഗ്യതയുള്ള ഒരു സീനിയര്‍ മെത്രാപ്പോലീത്തായും, അതേ യോഗ്യതകളുള്ള രണ്ടു കത്തനാരുമാരും, കോളേജ് അദ്ധ്യാപന യോഗ്യതയുള്ള രണ്ട് മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെട്ട ഒരു സെലക്ഷന്‍ കമ്മറ്റിയെ സുന്നഹദോസ് പ്രതിവര്‍ഷം നിയമിക്കുക. പ്രവേശന പരീക്ഷയും വാചാപരീക്ഷയും അവര്‍ നടത്തട്ടെ. അവര്‍ നല്‍കുന്ന പട്ടികയനുസരിച്ച് മലങ്കര മെത്രാപ്പോലീത്താ എല്ലാ സെമിനാരികളിലും പ്രവേശനം നടത്തട്ടെ. ഇത്തരം കര്‍ശനവും സുതാര്യവുമായ ഒരു നടപടിക്രമം സ്വീകരിച്ചാല്‍ പിന്നീട് കതകില്‍ ദ്വാരമിടേണ്ടി വരികയില്ല. ആരും ഒളിക്യാമറയില്‍ കുടുങ്ങുകയുമില്ല.

കതിരില്‍ വളം വെച്ചിട്ടു കാര്യമില്ല. ഫ്യുരിഡാന്‍ അടിക്കുന്നതും നിഷ്പ്രയോജനമാണ്. വേണ്ടത് യോഗ്യമായ വിത്തിൻ്റെ തിരഞ്ഞെടുപ്പാണ്. അതാണ് അട്ടിമറിക്കപ്പെട്ടത്. അതിൻ്റെ ഫലമാണ് ഇന്നുഭവിക്കുന്നത്.

ഒളിഞ്ഞുനോക്കാന്‍ ഒരു ദ്വാരം മതിയെന്നിരിക്കെ അഞ്ചു ദ്വാരങ്ങള്‍ ഇട്ടത് ക്രിസ്തുവിൻ്റെ തിരുമുറിവുകളേയും അതുവഴി അവിടുത്തെ പീഡാനുഭവത്തേയും സെമിനാരി വിദ്യാര്‍ത്ഥികളെ നിരന്തരം ഓര്‍മ്മിപ്പിക്കാനാണെന്ന നവീന വേദശാസ്ത്ര മാനമൊന്നും നല്‍കിയിട്ടു കാര്യമില്ല. മറിച്ച് മലങ്കരയിലെ വൈദീക രൂപീകരണ പ്രക്രിയയില്‍ ഏറ്റ പുഴുക്കുത്തുകളുടെ പ്രതീകങ്ങളാണ് ആ പഞ്ചക്ഷതങ്ങള്‍ എന്ന വ്യാഖ്യാനമാണ് കൂടുതല്‍ ശരി. ആ മുറിവ് ഉണക്കാനുള്ള മാര്‍ഗ്ഗമാവണം അടിയന്തിരവും ഗൗരവതരവുമായ ചിന്താവിഷയം.

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 18 January 2019)

പരിസ്ഥിതി ദൈവശാസ്ത്രം- പഴയ സെമിനാരി മോഡല്‍!