OVS - Latest NewsOVS-Kerala News

പിറവം പള്ളി: സർക്കാരിന്റേത് ഇരട്ടത്താപ്പെന്ന് ഓർത്തഡോക്സ്‌ സഭ

കോട്ടയം ∙ ഓർത്തഡോക്സ് സഭ പള്ളിഭരണം പിടിച്ചെടുക്കുകയല്ല, വീണ്ടെടുക്കുകയാണു ചെയ്യുന്നതെന്നു കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ്, കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ്, സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർ പറഞ്ഞു. പിറവം വലിയപള്ളി വിഷയത്തിൽ സുപ്രീം കോടതിവിധി അംഗീകരിക്കാനുള്ള സന്മനസ് യാക്കോബായ സഭ കാണിക്കണമെന്നും ഓർത്തഡോക്സ് സഭ സമാധാനശ്രമങ്ങൾക്ക് എതിരല്ലെന്നും അവർ പറഞ്ഞു.

നിരോധനമുള്ള സ്ഥലത്തു കയറി സിനഡ് നടത്തിയതു ധിക്കാരമാണ്. 2017 ജൂലൈ മൂന്നിലെ കോടതിവിധിയെ അപലപിക്കാനായി യാക്കോബായ സഭ ചേർന്ന യോഗത്തി‍ൽ സിപിഎം പ്രതിനിധികൾ പങ്കെടുത്തത് അവിശുദ്ധ ബന്ധത്തിന്റെ സൂചന നൽകുന്നു. പിറവം വലിയപള്ളിയിൽ കോടതിവിധി നടപ്പാക്കാൻ സർക്കാർ ശക്തമായി പ്രവർത്തിക്കാത്തതു ഈ ബന്ധം കാരണമാണ്. ശബരിമല പ്രശ്നവും പിറവം പ്രശ്നവും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. ശബരിമലയിലേതു ആചാരത്തെ സംബന്ധിക്കുന്ന പ്രശ്നമാണ്. പിറവത്തേതു ഭരണപരവും. എന്നാൽ, ശബരിമലയിൽ വിധി നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ സർക്കാർ ഈ വിഷയത്തിൽ പിന്നോട്ട് വലിയുന്നതു രാഷ്ട്രീയ ലാഭത്തിനാണെന്നും അദേഹം പറഞ്ഞു.

പൊലീസ് യഥാസമയം നടപടികൾ സ്വീകരിക്കാതിരുന്നതാണു പിറവം വലിയപള്ളിയിലെ സംഘർഷത്തിനു വഴിയൊരുക്കിയത്. വിശ്വാസികളുടെ ആത്മഹത്യ ഭീഷണിയുള്ളതിനാൽ കോടതി വിധി നടപ്പാക്കാൻ സാധിക്കില്ലെന്ന പ്രതീതിയുണ്ടാക്കാൻ പൊലീസ് ശ്രമിച്ചിരുന്നെന്നാണു മനസ്സിലാവുന്നത്. മറ്റു സ്ഥലങ്ങളിൽ സംഘർഷമുണ്ടാക്കുന്നവർക്കെതിരെ ക്യാമറ നീരിക്ഷണത്തിലൂടെ വരെ കേസെടുക്കുന്ന പൊലീസ് പിറവത്തു സംഘർഷമുണ്ടാക്കിയ എത്ര പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നു പറയണം.

3 മാസത്തിനുള്ളിൽ വിധി നടപ്പാക്കാൻ സർക്കാരും പൊലീസും തയാറായില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കും. സഭയിലെ പ്രശ്നങ്ങൾ അവസാനിക്കാത്തതു യാക്കോബായ സഭ സഹകരിക്കാത്തതിനാലാണ്. അതിനാൽ, ഭരണഘടനയുടെ അടിസ്ഥാനത്തിലല്ലാതെ ഒരു സമാധാന ശ്രമത്തിനും ഓർത്തഡോക്സ് സഭ ആഗ്രഹിക്കുന്നില്ല.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

പിറവം പള്ളി: സഭാതര്‍ക്കവും തത്ക്കാലാവസ്ഥയും