OVS - Latest NewsOVS-Pravasi News

എല്ലാ കോടതിവിധികളും നടപ്പാക്കാനുള്ളത്: കാതോലിക്കാ ബാവാ

കുവൈത്ത് സിറ്റി∙ എല്ലാ കോടതിവിധികളും നടപ്പാക്കാനുള്ളതാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ചിലത് നടപ്പാക്കുകയും മറ്റു ചിലത് നടപ്പാക്കാതിരിക്കുകയുമാണ്. അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് കുവൈത്തിൽ ഓർത്തഡോക്സ് ഇടവകകളുടെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ കാതോലിക്കാ ബാവാ പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട കോടതിവിധിപോലെ തന്നെ നടപ്പാക്കാനുള്ളതാണ് സഭാ തർക്കവുമായി ബന്ധപ്പെട്ട കോടതി വിധികളും. എന്നാൽ, അത് നടപ്പാക്കാനുള്ള ബുദ്ധിമുട്ട് എന്താണെന്ന് മനസ്സിലാകുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിയെയും അമിതമായി വിശ്വസിക്കരുത്. രാഷ്ട്രീയ പാർട്ടികൾ നിലനിൽ‌പിനായി പലതും കാണിക്കുകയാണ്. കോടതി വിധിക്കെതിരെ ആചാരങ്ങളുടെ പേരിലുള്ള എതിർപ്പ് ഇന്ത്യ പോലുള്ള രാജ്യത്ത് ആപത്തുണ്ടാക്കും. അതേസമയം സാവകാ‍ശമെടുത്ത് വിധി നടപ്പാക്കാനുള്ള ശ്രമമാണ് വേണ്ടത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമാധാന പ്രശ്നമുണ്ട്. സമാധാന ലംഘനം ഉണ്ടാക്കുന്നതിന് ചിലർക്ക് രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. നിയമപരമായ വിഷയങ്ങൾ നിയമപരമായി തന്നെ കൈകാര്യം ചെയ്യണം.

ദേവാലയങ്ങളിലെത്തുന്ന വനിതകളുടെ പ്രായപരിധി സംബന്ധിച്ച് ഒരു കാലത്ത് സഭയിലും പ്രശ്നമുണ്ടായിരുന്നു. ദേവാലയങ്ങളിൽ പോകണോ പോകേണ്ടയോ എന്ന തീരുമാനം വിശ്വാസികൾക്ക് വിട്ടുകൊടുക്കുകയായിരുന്നു അന്ന് സഭ. നല്ല ആശയങ്ങൾ പ്രചരിപ്പിക്കാൻ ആളുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ശരിയും തെറ്റും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണിപ്പോൾ മനുഷ്യൻ. മൂല്യങ്ങൾ നഷ്ടമായിക്കൊണ്ടിരിക്കുന്നു- അദ്ദേഹം പറഞ്ഞു. മലങ്കര സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മനും കാതോലിക്കാ ബാവായോടൊപ്പം ഉണ്ടായിരുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

പരി.കാതോലിക്ക ബാവയ്ക്ക് കുവൈറ്റിൻ്റെ മണ്ണിൽ ഉജ്ജ്വല വരവേൽപ്പ്