OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന് പുതിയ അമരക്കാർ.

പാമ്പാടി: ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന് അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ പാമ്പാടി മാർ കുര്യാക്കോസ് ദയറ ധ്യാന മന്ദിരത്തിൽ വെച്ചു നടന്ന ജനറൽ അസംബ്ലിയിൽ തിരഞ്ഞെടുത്തു. യോഗത്തിൽ യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് അഭി. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി അധ്യക്ഷത വഹിച്ചു.

രാവിലെ 10 മണിക്ക് യൂണിറ്റ് രജിസ്‌ട്രേഷനും, ഉച്ചക്ക് 12 മണിക്ക് ഉച്ചനമസ്കാരവും നടത്തപ്പെട്ടു. 12.30 നു ദയറായിലെ കബറിങ്കൽ ധൂപപ്രാർഥനയ്ക്ക് ശേഷം, അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, അഭി. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപോലീത്തമാരെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചു. ഒന്നരയ്ക്ക് ആരംഭിച്ച പൊതുസമ്മേളനത്തിൽ യുവജനപ്രസ്ഥാനം കൊച്ചി ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. ഡേവിഡ് തങ്കച്ചൻ വേദപുസ്തക വായന നടത്തി. മലങ്കര സഭയിൽ കാലം ചെയ്ത അഭിവന്ദ്യ പിതാക്കന്മാരെയും യുവജന പ്രസ്ഥാനം ഭാരവാഹികളെയും വൈദീകരെയും യോഗം അനുസ്മരിച്ചു. പ്രാർഥനയെ തുടർന്ന് പ. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന സഹായ മെത്രാപോലീത്തയുമായ അഭി.യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി അനുഗ്രഹപ്രഭാഷണ നടത്തി.

യുവജന പ്രസ്ഥാനം ഭരണഘടന കാലികമായി ഭേദഗതി ചെയ്തു പരിഷ്കരിക്കുന്നതിനുള്ള പ്രമേയം കേന്ദ്ര വൈസ് പ്രസിഡന്റ് റവ.ഫാ. ഫിലിപ്പ് തരകൻ അവതരിപ്പിക്കുകയും യോഗം അത് ഐക്യകണ്ഠേന പാസാക്കുകയും ചെയ്തു. തുടർന്ന് അഭി. ക്രിസോസ്റ്റമോസ് തിരുമേനിയാൽ മുഖ്യ വരണാധികാരിയായി നിയമിതനായ പ്രൊ.സാജൻ ഏലിയസിന്റ് മേൽനോട്ടത്തിൽ കേന്ദ്ര വൈസ് പ്രസിഡന്റ്, കേന്ദ്ര ട്രഷറാർ, പത്രാധിപ സമതി സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു.

9 ബൂത്തുകളിലായി ആകെ 692 വോട്ടു പോൾ ചെയ്യപ്പെട്ടു. കേന്ദ്ര വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഫാ. വർഗീസ് റ്റി വർഗീസ് 376 വോട്ടും, ഫാ.ജോമോൻ ചെറിയാൻ 315 വോട്ടും കരസ്ഥമാക്കി. കേന്ദ്ര ട്രഷറർ സ്ഥാനത്തേക്ക് മത്സരിച്ച ശ്രീ. ജോജി പി. തോമസ് 351 വോട്ടും, ശ്രീ സജയ് തങ്കച്ചൻ 339 വോട്ടുകളും നേടി. പത്രാധിപസമിതി അംഗത്വത്തിലേക്ക് മത്സരിച്ച ശ്രീ ജെറിൻ ഡി റോയ് 346 വോട്ടും, ശ്രീ ലെനി ജോൺ 449 വോട്ടും, ശ്രീ റ്റിഞ്ചു സാമുവേൽ 351 വോട്ടും നേടി. അഭിവന്ദ്യ ക്രിസോസ്റ്റമോസ് തിരുമനസ്സുകൊണ്ട്‌ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് യോഗവും അനുബന്ധ പരിപാടികളും വളരെ അച്ചടക്കത്തോടെയും ഭംഗിയോടും കൂടെ നടന്നതിന് നിലവിലെ കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഫിലിപ് തരകൻ, ഫാ. അജി കെ തോമസ് മറ്റ്‌ യുവജന പ്രസ്ഥാനം ഭാരവാഹികൾ എല്ലാം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകന്റെ അനുമോദനങ്ങൾ.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മലങ്കര സഭ: തിരിച്ചറിവുകളും തിരുത്തലുകളും അൽമായ – ആത്മീയ സംഘടന തലത്തിൽ.