OVS - Latest NewsOVS-Kerala News

മലയാളത്തിന്റെ ക്യാപ്റ്റനു ജന്മനാട് വിട നൽകി

പത്തനംതിട്ട ∙ മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന് ജന്മനാട് കണ്ണീരോടെ വിട ചൊല്ലി. ഓമല്ലൂർ പുത്തൻപീടിക സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിച്ചു. കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദീമോസ്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് എന്നിവർ സഹകാർമികരായിരുന്നു. കുടുംബ വീടായ പുത്തൻപീടികയിലെ കുര്യന്റയ്യത്ത് നടന്ന ശുശ്രൂഷകൾക്ക് യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ. സാമുവൽ മാർ ഐറേനിയോസ് എന്നിവരും കാർമികത്വം വഹിച്ചു.

രാവിലെ കൊച്ചി പാലാരിവട്ടത്തെ വസതിയിലും എറണാകുളം ടൗൺ ഹാളിലും പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ക്യാപ്റ്റന്റെ രണ്ടാം വീടായിരുന്ന കൊച്ചിയിൽ അദ്ദേഹത്തെ അവസാന നോക്കു കാണാനായി സിനിമ–സാംസ്കാരിക–രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർ എത്തി. ഒൻപതേമുക്കാലോടെയാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര എറണാകുളത്തുനിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്കു പുറപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്ര പത്തനംതിട്ടയിലെത്തി. ക്യാപ്റ്റൻ രാജുവിന്റെ ഭാര്യ പ്രമീളയും മകൻ രവിരാജും അടുത്ത ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു.

ജനാർദ്ദനൻ, സുരേഷ് ഗോപി എംപി, ലാലു അലക്സ്, കുഞ്ചൻ, സംവിധായകൻ ഹരിഹരൻ എന്നിവർ പാലാരിവട്ടത്തെ വസതിയിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, പി.സി. ചാക്കോ, എസ്.എൻ. സ്വാമി, സംവിധായകരായ സിബി മലയിൽ, കമൽ, ബ്ലെസി, വിനയൻ, ജോണി ആന്റണി, മാർത്താണ്ഡൻ, ബൈജു കൊട്ടാരക്കര, നടൻമാരായ കരമന സുധീർ, മനോജ് കെ. ജയൻ, പ്രേംകുമാർ, കാർട്ടൂണിസ്റ്റ് യേശുദാസൻ, ഇടവേള ബാബു, മോഹൻരാജ്, ടോണി, കലാഭവൻ ഹനീഫ്, ടിനി ടോം, ബാബുരാജ്, ഇന്നസെന്റ് എംപി, ജോസ് തെറ്റയിൽ, ജസ്റ്റിസ് ബെഞ്ചമിൻ കോശി, കെ. ബാബു, ടോണി ചമ്മണി, ഡൊമനിക് പ്രസന്റേഷൻ തുടങ്ങിയവർ എറണാകുളം ടൗൺ ഹാളിലും എത്തി അന്ത്യോപചാരം അർപ്പിച്ചു. ആലുവ ജനസേവയിലെ കുട്ടികളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മന്ത്രിമാരായ മാത്യു ടി. തോമസ്, എ.കെ. ബാലൻ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, ആന്റോ ആന്റണി എംപി, ന‌ടൻമാരായ മധു, മുകേഷ്, കോട്ടയം നസീർ, സംവിധായകൻ രഞ്ജിത്ത്, കേരള കോൺഗ്രസ് (ഡി) ചെയർമാൻ ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാൻ ഓമല്ലൂരിലെ ഭവനത്തിലും പുത്തൻപീടിക പള്ളിയിലുമെത്തി.

ക്യാപ്റ്റന്‍ രാജുവിന്‍റെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ അനുശോചിച്ചു.