Departed Spiritual FathersOVS - ArticlesOVS - Latest News

ജീവിത വഴിത്താരയിൽ കൈപിടിച്ച് നടത്തിയ ദൈവദൂതൻ

കോട്ടയം∙ അന്ന്, ആ സൈക്കിളിനു തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത കൈ കാണിച്ചത് അമിത് അഗർവാളിനെ ഡോക്ടറാക്കാനായിരുന്നു. വർഷങ്ങൾക്കു മുമ്പാണ് സംഭവം. ഗുജറാത്തിലെ വഡോദരയിലൂടെ നടക്കാനിറങ്ങിയതാണ് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത. എതിരെ സൈക്കിൾ ചവിട്ടി വന്ന കുട്ടി മെത്രാപ്പൊലീത്തയെ അഭിവാദ്യം ചെയ്തു.പ്രത്യഭിവാദ്യം ചെയ്യാൻ പൊക്കിയ കൈ കൊണ്ട് മെത്രാപ്പൊലീത്ത അമിത്തിന്റെ സൈക്കിൾ തടഞ്ഞു നിർത്തി. എന്റെ കൂടെ പോരുന്നോ എന്നു ചോദിച്ചു.

ഒറ്റ നോട്ടത്തിൽ മിടുക്കനായ വിദ്യാർഥിയെ മെത്രാപ്പൊലീത്ത അമിത്തിൽ കണ്ടെത്തിയിരുന്നു. അടുത്ത ദിവസം സഭയുടെ സ്കൂളിൽ അമിത്തിനെ ചേർത്തു. എല്ലാം ക്ലാസിലും ഒന്നാം റാങ്കോടെ പാസായ അമിത് അഗർവാൾ വഡോദരയിലെ പ്രമുഖ ഡോക്ടറാണ്.അമിത്തിനെ പോലെ ജീവിതത്തിന്റെ നാൽക്കവലകളിൽ മാർ അത്തനാസിയോസിനെ കണ്ടുമുട്ടിയവർ ഏറെയുണ്ട്.

കൈപിടിച്ചും വഴിതിരിച്ചും അവരെ മെത്രാപ്പൊലീത്ത നല്ല വഴിയിലേക്കു നയിച്ചു. അതും കൈ അയച്ചു സഹായിച്ച്. മികവു കണ്ടെത്താനും അവരെ ആവശ്യമറിഞ്ഞു സഹായിക്കാനും കാലം ചെയ്ത ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിനു ദൈവികമായ കഴിവുണ്ടായിരുന്നുവെന്ന് വഡോദര എംഎസ് സർവകലാശാല ഫാക്കൽറ്റി ഓഫ് ആർട്സ് ഡീൻ ഡോ. കൃഷ്ണൻ നമ്പൂതിരി ഓർമിക്കുന്നു.

വലിയ ഇടയൻ്റെ വിയോഗ വാർത്ത ഉൾക്കൊള്ളാനാകാതെ ഓതറ ദയറ >>

‘‘വഡോദരയിലെ മലയാളികൾക്ക് അത്താണിയായിരുന്നു മെത്രാപ്പൊലീത്ത. 1980 കളിലാണ് ഞാൻ ഉപരിപഠനത്തിനു വഡോദരയിൽ എത്തുന്നത്. പണത്തിനു നല്ല ഞെരുക്കമുണ്ട്. എന്റെ സഹപാഠി സി.ടി.തോമസ് മെത്രാപ്പൊലീത്തയുടെ ബന്ധുവാണ്. പണത്തിനു ഞാൻ ബുദ്ധിമുട്ടു നേരിടുന്ന കാര്യം സി.ടി.തോമസ് വഴി മെത്രാപ്പൊലീത്ത അറിഞ്ഞു. സഭയുടെ സ്കൂളിൽ അവധിക്കാലത്ത് ക്ലാസുകൾ എടുക്കാൻ അദ്ദേഹം അവസരം നൽകി. ഇതോടെ പണത്തിന്റെ ബുദ്ധിമുട്ടു മാറിയെന്നു മാത്രമല്ല സ്ഥിര വരുമാനത്തിനു വഴിയുമായി’’

തിരുമേനിയുടെ ഇടപെടലിന്റെ സവിശേഷതയാണിത്. സഹായം തേടി ചെല്ലുന്നവരിൽ അർഹരായവരെ അദ്ദേഹം ഒരിക്കലും നിരാശപ്പെടുത്തില്ല. അതേ സമയം, സ്വയം അധ്വാനിച്ച് പണം കണ്ടെത്താനുള്ള വഴി അദ്ദേഹം കണ്ടെത്തി നൽകും. അർഹരായ ആരെയും അദ്ദേഹം നിരാശരാക്കില്ല. എന്നാൽ അനർഹമായ ഒന്നും നൽകുകയുമില്ല.– ഡോ. കൃഷ്ണൻ നമ്പൂതിരി പറഞ്ഞു.വിദ്യാഭ്യാസ വികസനത്തിനാണ് അദ്ദേഹം എന്നും ഊന്നൽ നൽകിയത്. വഡോദരയിൽ ഒട്ടേറെ സ്കൂളുകൾ അദ്ദേഹം സ്ഥാപിച്ചു. അതോടൊപ്പം ഇല്ലായ്മയിൽ വലയുന്ന പ്രതിഭകളെ തെരുവിൽ നിന്നു പോലും കണ്ടെത്തുമായിരുന്നു.

12–ാം ക്ലാസിൽ നല്ല മാർക്കുണ്ടായിട്ടും കൂലിവേല ചെയ്തു ജീവിക്കുന്ന തമിഴ്നാട് സ്വദേശിയായ കുട്ടിയെ ഒരു യാത്രയിലാണ് അദ്ദേഹം കണ്ടെത്തിയത്. ഒപ്പം കൂട്ടിക്കൊണ്ടു വന്ന അവനെ എംകോം വരെ പഠിപ്പിച്ച ശേഷം നാട്ടിലേക്കയച്ചു. ഗുജറാത്തിലെ കുട്ടികൾ ഇംഗ്ലിഷിനു പിന്നിലാണെന്നു മനസിലാക്കിയ സർക്കാർ പ്രത്യേക പദ്ധതി കൊണ്ടുവന്നിരുന്നു. ആ പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയത് മെത്രാപ്പൊലീത്തയുടെ സ്കൂളുകളിലായിരുന്നു.

വഡോദരയുടെ കുഗ്രാമങ്ങളിലാണ് അദ്ദേഹം സ്കൂളുകൾ ആരംഭിച്ചതെന്ന് എംഎസ് സർവകലാശാല തത്വശാസ്ത്ര വിഭാഗം അധ്യാപകൻ ഡോ. ഗിരീഷ്കുമാർ ഓർമിക്കുന്നു. വഡോദരയിൽ മെത്രാപ്പൊലീത്തയ്ക്ക് വലിയ ശിഷ്യ സമ്പത്തും അതിലേറെ സുഹൃത് സമ്പത്തുമുണ്ടായിരുന്നു. മതത്തിന്റെയോ സമുദായത്തിന്റെയോ ഭാഷയുടെയോ അതിരുകളില്ലാത്ത സ്നേഹത്തിന്റെ ആൾരൂപമായിരുന്നു അദ്ദേഹമെന്ന് ഗിരീഷ്കുമാർ പറഞ്ഞു.

മാർ അത്താനാസിയോസ് അനശ്വരനായ ഗുരുനാഥൻ