സൈബർ കുറ്റകൃത്യങ്ങൾ തടയണം : പരി.കാതോലിക്കാ ബാവ
കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാണെന്ന് അഭിമാനിക്കുമ്പോൾ തന്നെ സൈബർ ലോകത്തെ നീചവിളയാട്ടങ്ങൾ മൂലം ലജ്ജിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുതെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. സൈബർ പടയാളികൾ എന്ന് സ്വയം വിളിക്കുന്നവരും അജ്ഞാതരായി തുടരാൻ ആഗ്രഹിക്കുന്നവരും വ്യാജ നാമധാരികളുമായ ചിലർ സൈബർ ലോകത്ത് നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് തടയിടാനും കുറ്റവാളികളെ നീതിപീഠത്തിനുമുന്നിൽ കൊണ്ടുവരാനും അധികാരികൾ സത്വര നടപടികൾ കൈക്കൊളളണം. വ്യാജ ആപ്പുകളിലൂടെ പണവും സ്വകാര്യവിവരങ്ങളും തട്ടിയെടുക്കുക, വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുക, വ്യക്തികളെയും, സംഘടനകളെയും അപഹസിക്കുക തുടങ്ങിയ കുത്സിത പ്രവൃത്തികൾ ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ആത്മഹത്യാപ്രേരണ ചെലുത്തുന്ന ബ്ലൂ വെയിൽ ഗെയിം പോലെയുളള അപകടകരമായ കളികളെക്കുറിച്ചും ദോഷകരമായ സൈബര് ഉപയോഗത്തെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കാന്‍ ശ്രദ്ധിക്കണം. ജീവകാരുണ്യപ്രവർത്തങ്ങൾക്ക് ഉൾപ്പെടെ സാമൂഹ്യസേവന രംഗത്ത് സജീവമായ സേവനമനുഷ്ഠിക്കുന്ന ഇന്റർനെറ്റ് കൂട്ടായ്മകളെ മാതൃകയാക്കാവുന്നതാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു.