OVS - Latest NewsOVS-Kerala News

സ്നേഹമില്ലായ്മ മനുഷ്യകുലത്തെ ബാധിച്ച ഹൃദ്രോഗം: ഫാ. ടി.ജെ. ജോഷ്വാ

ശാസ്താംകോട്ട :- ക്രിസ്തു നമ്മുടെ ഉള്ളിൽ വസിക്കുന്നുണ്ടെങ്കിൽ സ്നേഹത്തിന്റെ ജ്വാലയും ചൈതന്യവും പുറത്തേക്കു വരുമെന്നും സ്നേഹമില്ലായ്മയാണ് മനുഷ്യകുലത്തെ ബാധിച്ച ഹൃദ്രോഗമെന്നും ഫാ. ടി.ജെ. ജോഷ്വാ. ബസേലിയോസ് മാത്യൂസ് ദ്വിതീയൻ ബാവായുടെ പത്താം ഓർമപ്പെരുനാളിനോട് അനുബന്ധിച്ചു മൗണ്ട് ഹൊറേബ് മാർ ഏലിയ ചാപ്പലിൽ നടത്തിയ ധ്യാനം നയിക്കുകയായിരുന്നു അദ്ദേഹം.

ഫാ. ജയിംസ് നല്ലില അധ്യക്ഷത വഹിച്ചു. ജോൺ പണിക്കർ കോറെപ്പിസ്കോപ്പ, ഫാ. കെ.ടി. വർഗീസ്, ഫാ. ഫിലിപ്പോസ് ഡാനിയൽ, ഫാ. ജോൺ പുത്തൻവീട്ടിൽ ഫാ. ഫിലിപ്പ് തരകൻ, സിസ്റ്റർ ഏലിശുബ, റീന കോശി എന്നിവർ പ്രസംഗിച്ചു. കൊല്ലം, തിരുവനന്തപുരം, മാവേലിക്കര, കടമ്പനാട് – അടൂർ, കൊട്ടാരക്കര – പുനലൂർ ഭദ്രാസനങ്ങളിലെ മർത്തമറിയം സമാജം സംഘടിപ്പിച്ച ധ്യാനത്തിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു.

ഇന്നു രാവിലെ എട്ടിനു കുർബാന. മാവേലിക്കര – നിലക്കൽ ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസ് കാർമികത്വം വഹിക്കും. ശാന്തിഗിരി സിദ്ധ ആയുർവേദ ആശുപത്രി, എംടിഎംഎം മെഡിക്കൽ മിഷൻ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ 10നു നടക്കുന്ന മെഡിക്കൽ ക്യാംപ് കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ബൈജു മേലിലയാണ് മുഖ്യാതിഥി. ഗായക സംഗമത്തിൽ ഫാ. എം.പി. ജോർജ് സംഗീതാർച്ചന നടത്തും. ഫാ. ജോസ്, എം. ഡാനിയൽ, ഫാ. ഫിലിപ് മാത്യു, ജോൺസൺ കല്ലട എന്നിവർ സംഗമത്തിനു നേതൃത്വം നൽകും. 10നു ബസേലിയോസ് എൻജിനീയറിങ് കോളജിൽ വിദ്യാർഥികൾക്കായി നടക്കുന്ന റിട്രീറ്റ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്യും.

എൻജിനീയറിങ് കോളജ് എംജിഒസിഎസ്എം യൂണിറ്റിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടത്തുന്ന ഓറിയന്റേഷൻ പ്രോഗ്രാമിനു ഡോ. റെജി മാത്യൂസ്, അലക്സിൻ ജോർജ് എന്നിവർ നേതൃത്വം നൽകും.