OVS - ArticlesOVS - Latest NewsOVS-Kerala News

ഇത് ചതിയാണ്. മുൻപ് നടന്നിട്ടുണ്ട്. ഇതിൽ വീഴരുത്.

തന്‍റെ സ്ഥാനാരോഹരണം മുതൽ ഇന്നയോളം മലങ്കര സഭയ്ക്കു സ്വീകാര്യമായ നിലപാടുകൾ എടുത്ത വ്യക്തിയായിരുന്നില്ല അന്ത്യോഖ്യൻ പാത്രിയർക്കീസ് അപ്രേം ദ്വിതിയൻ. കഴിഞ്ഞ തവണ വിദേശത്ത് വച്ച് പ. കാതോലിക്കാ ബാവായെ കാണുവാൻ അവസരം ഉണ്ടായപ്പോൾ അതിനെതിരെ മുഖം തിരിച്ച പാത്രിയർക്കീസ് പൊടുന്നനെ ‘പരിശുദ്ധ’ അഭിവാദനത്തോടെ ഒരു കത്തയച്ചപ്പോൾ തന്നെ ചതി മനസിലാക്കണമായിരുന്നു. ഇപ്പോൾ നെടുമ്പാശേരിയിൽ കൂടി നിൽക്കുന്ന രാഷ്ട്രീയ കോമരങ്ങളെ കാണുമ്പോൾ മലങ്കര സഭ ചതിക്കപ്പെടുകയാണോ എന്നു സംശയം പ്രബലമാകുന്നു.

1931 ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ മലങ്കരയിൽ വന്നു. മലങ്കരയിൽ സമാധാനം ഉണ്ടാക്കാനാണ് താൻ വന്നത് എന്നു കിട്ടാവുന്ന എല്ലാ വേദികളിലും പ്രസംഗിച്ചു. ഇപ്പോൾ അപ്രേം ദ്വിതിയൻ സമാധാനം! സമാധാനം എന്നു പറയുന്നതുപോലെ തന്നെ. എന്നാൽ യഥാർഥ ലക്ഷ്യം എന്തായിരുന്നു.

1086 ഇടവത്തിൽ അബ്ദുള്ള ദ്വിതിയൻ വട്ടശേരിൽ മാർ ദീവന്നാസിയോസിനെ മുടക്കി. 1095 ചിങ്ങത്തിൽ വട്ടിപ്പണക്കേസിൽ ജി. ശങ്കരപ്പിള്ള അത് അസാധുവാക്കി. 1098 മീനത്തിൽ വീരരാഘവ അയ്യങ്കാർ ആ വിധിയെ അസ്ഥിരപ്പെടുത്തി. എങ്കിലും 1103 കർക്കടകത്തിൽ വട്ടശേരിൽ മാർ ദീവന്നാസിയോസിന്‍റെ മുടക്ക് സ്വാഭാവിക നീതിക്കു എതിരാണെന്ന ശങ്കരപ്പിള്ളയുടെ വിധി ചാറ്റ് ഫീൽഡ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ശരിവച്ചു.

അബ്ദുള്ള ദ്വിതിയൻ കണ്ണുംപൂട്ടി മുടക്കിയതാണ് ഇങ്ങനെ ഒരു വിധി വന്നതിനു കാരണമെന്നു പാത്രിയർക്കീസ് കണക്കുകൂട്ടി. എങ്ങനെയും അഴിയാത്ത മുടക്ക് ഉണ്ടാക്കാൻ (സുന്നഹദോസ് കൂടി മുടക്കാൻ) പാത്രിയർക്കീസ് കണക്ക് കൂട്ടി. അതിനായി ഏലിയാസ് തൃതിയൻ അണിഞ്ഞ മുഖംമൂടിയാണ് സമാധാനം. ഇന്നും അദ്ദേഹത്തെ സമാധാനദൂതനായി കണക്കാക്കുന്നവർ ഉണ്ടല്ലോ?

അഴിയാത്ത മുടക്കിനു ഏലിയാസ് തൃതീയൻ ശ്രമം ആരംഭിച്ചു. ചില പ്രത്യേക കാര്യങ്ങൾ സംസാരിക്കാനുള്ളതിനാൽ ഒന്ന് നേരിൽ കാണണമെന്നു പറഞ്ഞ് ഒരു കത്ത് 1106 മിഥുനം 15-നു വട്ടശേരിൽ മാർ ദീവന്നാസിയോസിനു കിട്ടി. ആയതിൻ പ്രകാരം 16-നു ദീവന്നാസിയോസ് കുറുപ്പംപടി പള്ളിയിൽ എത്തി. പാത്രിയർക്കീസിന്‍റെ മുറിയിൽ ചെന്നപ്പോൾ അവിടെ മീഖായേൽ ദീവന്നാസിയോസ്, കുറ്റിക്കാട്ടിൽ അത്താനാസിയോസ്, മാർ ക്ലിമ്മീസ്, മാർ യൂലിയോസ് എന്നിവർ ഉണ്ടായിരുന്നു. പാണംപടിയിലെ പ്രശ്നത്തെപ്പറ്റി പാത്രിയർക്കീസ് വട്ടശേരിൽ തിരുമേനിയോട് ചോദിച്ചു. നമ്മൾ പറയുന്ന കാര്യങ്ങൾക്ക് ഈ മെത്രാൻമാരുടെ ആവശ്യമെന്താണ്; ഇവർ സാക്ഷികളാണോ എന്നു തിരുമേനി തിരിച്ചു ചോദിച്ചു.

പാത്രി: ഇവർ സാക്ഷികളാകട്ടെ. അതിനെന്താ കുഴപ്പം?
മെത്രാൻ: ഞാൻ സാക്ഷികളെ കൊണ്ടു വന്നിട്ടില്ല. കത്തിൽ പറയുന്നതിനെപ്പറ്റി സംസാരിക്കാൻ മാത്രമാണ് ഞാൻ വന്നത്. മറ്റു സംഗതികളെപ്പറ്റി സംസാരിക്കാനല്ല. ഇവിടെ നോക്കിയിട്ട് ഒരു നല്ല ലക്ഷണമല്ല കാണുന്നത്. ഇതൊരു സുന്നഹദോസാണോ?

പാത്രി: നിങ്ങളോട് കച്ചവടസംബന്ധമായൊ മറ്റൊ പറയാനൊന്നുമില്ല. മെത്രാപ്പോലീത്താമാരുടെ സാന്നിദ്ധ്യത്തിൽ പറയാനുള്ളതെയുള്ളു. ഇതിനെ ഒരു സുനഹദോസായിതന്നെ കരുതി കൊള്ളുക.
മെത്രാൻ: സുന്നഹദോസ് വിളിച്ചുകൂട്ടുക. അതിലെ ആലോചനാ വിഷയങ്ങൾ എന്നിവ സംബന്ധിച്ചു നിബന്ധനകൾ ഉണ്ടല്ലോ? കത്തിൽ സുന്നഹദോസുണ്ടായിരിക്കുമെന്നു കാണിച്ചിരുന്നില്ല. ഇപ്പോൾ ചോദിക്കുനത് കേട്ട് ഉത്തരം പറയാൻ ഞാൻ തയ്യാറല്ല.

പാത്രി: കമ്മറ്റി കൂടരുതെന്ന് പറഞ്ഞിട്ട് എതിരായി പ്രവർത്തിക്കുന്നത് എന്തുകൊണ്ടാണ്.?
മെത്രാൻ: ഞാൻ മലങ്കര അസോസിയേഷൻ കമ്മറ്റി പ്രസിഡന്റും മെത്രാപ്പോലീത്താ ട്രസ്റ്റിയുമാണ്. എനിക്കു നിയമാനുസരണം ചില ചുമതലകളും കടമകളും ഉണ്ട്. അവയെപ്പറ്റി സംസാരിക്കാനോ വാദിക്കാനോ അല്ല ഞാൻ വന്നത്.

പാത്രി: അങ്ങനെ എങ്കിൽ നിങ്ങളുടെ ഇഷ്ടം പോലെ നടക്കട്ടെ. (ഉച്ചത്തിൽ അറബിയിൽ എന്തൊക്കെയോ പറഞ്ഞു).
മെത്രാൻ: സുഖമില്ലാത്തയാളാണല്ലോ, വർത്തമാനം ദീർഘിപ്പിച്ചാൽ സുഖക്കേട് വർദ്ധിച്ചേക്കും. അതിനാൽ വിശ്രമിക്കുന്നതാണ് നല്ലത്. എനിക്ക് ഉടൻ തന്നെ പോകേണ്ടതുണ്ട്.

വട്ടശേരിൽ തിരുമേനിയെ അവിടെ താമസിപ്പിച്ച് വിസ്തരിച്ചു എന്നു വരുത്തി മുടക്കുകയായിരുന്നു ഏലിയാസ് തൃതിയന്‍റെ പദ്ധതി. അതിലേക്ക് തിരുമേനി കുറപ്പംപടിയിൽ എത്തിയ ഉടനെ, എത്തിച്ചേരണമെന്നാവശ്യപ്പെട്ട് ദീയസ്കോറോസിനു കമ്പി അടിച്ചു. കോലഞ്ചേരിൽ നിന്നു എത്തണമെന്നു ആവശ്യപ്പെട്ടു തീമോത്തിയോസിനു എഴുത്തു കൊടുത്ത് സൈക്കളിൽ ആളയച്ചു. ഉച്ചഭക്ഷത്തത്തിനു ശേഷം തിരുമേനി പാത്രിയർക്കീസിനെ കണ്ട് യാത്ര പറഞ്ഞു.

പാത്രി: പാത്രിയർക്കീസിനെയും സ്ഥാനത്തെയും നിഷേധിച്ചു നിങ്ങൾ മൊഴികൊടുത്തതായി പത്രങ്ങളിൽ കണ്ടു. അത് ശരിയാണോ?
മെത്രാൻ: പത്രങ്ങൾ മലയാളത്തിൽ ഉള്ളതല്ലെ? തർജമ ചെയ്തു കേൾപ്പിച്ചതല്ലേ? ഞാൻ പാത്രിയർക്കീസിനെയും സ്ഥാനത്തെയും നിഷേധിച്ചില്ല.

പാത്രി: അസോസിയേഷൻ കമ്മറ്റിയെ നാം നിരോധിക്കും.
മെത്രാൻ: ഓരോരുത്തർക്കും ഇഷ്ടം പോലെ ചെയ്യാൻ സ്വാതന്ത്യമുണ്ട്. ഇതൊന്നും സമാധാനത്തിനുള്ള മാർഗങ്ങളല്ല.

തിരുമേനി യാത്ര പറഞ്ഞ് തിരിച്ചുപോന്നു.

ഒരു ചരിത്രം ഓർമ്മിപ്പിച്ചു എന്നു മാത്രം. മലങ്കരയ്ക്കാവശ്യം ശാശ്വത സമാധാനമാണ്. ഒന്നായി, ഒരേ ആരാധനാസമൂഹമായി ഏകമായി ദൈവത്തെ ആരാധിക്കണമെന്നാണ് വട്ടശേരിൽ തിരുമേനി മുതൽ ആഗ്രഹിച്ചത്. അത് തന്നെയാണ് നല്ലതും. ദൈവ മുമ്പാകെ യോഗ്യവും. എന്നാൽ പിതാക്കൻമാരുടെ ത്യാഗോജ്വലമായ പോരാട്ടങ്ങളെ മറക്കുവാൻ പാടില്ല. നെടുമ്പാശേരിയിൽ ഉമ്മൻ ചാണ്ടിയെ കണ്ടപ്പോൾ തോന്നിയ സംശയമാണ് ഇതെഴുതാൻ പ്രേരിപ്പിച്ചത്. എന്തിനു അദ്ദേഹം പാത്രിയർക്കീസിനെ ആനയിക്കുവാൻ പോയി. കേരളത്തിൽ വരുവാൻ തീരുമാനം എടുത്ത മസ്ക്കറ്റിലെ പള്ളി കൂദാശയുടെ പല ഫോട്ടോകളിലും വിശ്വസ്തനായ ബെന്നി ബഹനാനെ നമ്മൾ കണ്ടതാണ്. മലങ്കര സഭ വഞ്ചിക്കപ്പെടുവാൻ പാടില്ല. ഇടതനും വലതനും കൊട്ടി കളിക്കുവാനുള്ളതല്ല മാർത്തോമാ നട്ട് രക്തം കൊടുത്ത് നനച്ച് വളർത്തിയ ഈ ചെറിയ സഭ.

ചരിത്രം മറന്നുകൊണ്ടാവരുത് ഭാവി നിര്‍ണ്ണയിക്കുന്നത് : ഓ.വി.എസ്