OVS - Latest NewsOVS-Kerala News

‘മാതൃക’ നടപടിയുടെ നിജസ്ഥിതി

ഷെവ: പി.കെ. പൗലോസ്കൂരന്‍ കേരളശബ്ധം വാരികയില്‍ എഴുതിയ കത്തിന്‍റെ (മെയ്‌ 13) സത്യാവസ്ഥ അറിയിക്കുവാനാണ് ഈ പ്രതികരണക്കുറിപ്പ്‌. എന്‍റെ മാതാവിന്‍റെ സംസ്കാരവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് “കോതമംഗലം മാര്‍ത്തോമന്‍ ചെറിയപള്ളിയുടെ മാതൃകാപരമായ നടപടി” എന്നാ പേരില്‍ അതില്‍ കൊടുത്തിരിക്കുന്നത്‌. തികച്ചും സത്യവിരുദ്ധമായ കാര്യങ്ങളാണ്‌ അതില്‍ പ്രതിപാദിച്ചിരിക്കുന്നത്.

എന്‍റെ ഇടവക പള്ളിയും പിതാവ് 14 വര്‍ഷത്തോളം ട്രസ്റ്റിയുമായിരുന്ന പള്ളിയാണ് കോതമംഗലം മാര്‍ത്തോമന്‍ ചെറിയപള്ളി, ഈ പള്ളിയുടെ ഭരണക്രമം സംബന്ധിച്ചു മുന്‍സിഫ്‌ കോടതിയില്‍ ഇപ്പോള്‍ കേസ് നിലനില്‍ക്കുന്നുണ്ട്. എന്‍റെ മാതാവിന്‍റെ മരണത്തോട് അനുബന്ധിച്ച് ചെറിയ പള്ളിയിലെ വൈദികര്‍ വീട്ടില്‍ വന്നിരുന്നു. എന്നാല്‍ അവര്‍ പറഞ്ഞത് ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ സംബന്ധിക്കുവാന്‍ വേണമെങ്കില്‍ അനുവാദം തരും. വൈദികന്‍ എന്ന നിലയില്‍ യാതൊരു ശുശ്രൂഷയും നടത്തുവാന്‍ അനുവാദം തരില്ല എന്നാണ്, തുടര്‍ന്നു സഹവികാരി മോന്‍സി അച്ഛനുമായി നേരിട്ട് ആശയവിനിമയം നടത്തി. അച്ഛന്‍ പറഞ്ഞത് ശുശ്രൂഷകളെല്ലാം അവര്‍ നടത്തും, അതിനു ഞാന്‍ ശ്രമിക്കരുത് എന്നുമാണ്. ഈ കാര്യത്തില്‍ ഈ ഇടവകാംഗമായ ഒരു മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും സാക്ഷിയാണ്.

ഈ സാഹചര്യത്തില്‍ ആണ് ഹൈക്കോടതിയില്‍ ഓ.പി കേസ് ഫയല്‍ ചെയ്തത്. ഈ സംസ്കാരം ആചാരപ്രകാരം നടത്തുന്നതിന് എന്നെ അനുവദിച്ചുകൊണ്ട് ബഹു. ഹൈക്കോടതി ഉത്തരവായി. ഓര്‍ഡര്‍ കിട്ടിയ അന്ന് വൈകിട്ട് പോലീസ് ഇന്‍സ്പെക്ടര്‍ വീട്ടില്‍ വന്ന് പള്ളിക്കാര്‍ക്ക് അനുകൂലമായാണ് വിധി വന്നിരിക്കുന്നത് എന്ന് അവര്‍ പറഞ്ഞു എന്നും പ്രശ്നങ്ങള്‍ ഉണ്ടാക്കരുത് എന്നുമുള്ള താക്കീതാണ് നല്‍കിയത്. കൂടാതെ ഡി.വൈ.എസ്.പിയെ കാണണം എന്നും നിര്‍ദേശിച്ചു. അതനുസരിച്ച് മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ ഓഫീസില്‍ വെച്ച് ഇന്‍സ്പെക്ടറുടെ സാന്നിധ്യത്തില്‍ കാണുകയുണ്ടായി. അദ്ദേഹം പറഞ്ഞത് ഓര്‍ഡര്‍ ഒക്കെ ശരിയാണ്, പക്ഷെ പോലീസിന്‍റെ തീരുമാനം ഇങ്ങനെയല്ല അതുകൊണ്ട് മുകളില്‍ നിന്ന് മുഖ്യമന്ത്രിയോ എസ്.പിയോ മറ്റോ ഇടപെടുന്നു, അല്ലാതെ ഓര്‍ഡര്‍ നടപ്പാകില്ല എന്നാണ്. അങ്ങനെ മാതാവിന്‍റെ ബോഡി മോര്‍ച്ചറിയില്‍ വച്ച് പിറ്റേന്ന് വീണ്ടും ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി പറഞ്ഞത് – ലളിത ഭാഷയില്‍ ഇടുന്ന ഉത്തരവുകള്‍ ഇന്‍സ്പെക്ടര്‍ അയാളുടെ ഇഷ്ടത്തിന് അനുസരിച്ച് വ്യഖ്യാനിക്കരുതെന്നും വിധി നടപ്പാക്കേണ്ടവര്‍ അത് കൃത്യമായി നടപ്പാക്കണമെന്ന നിര്‍ദ്ദേശം നല്‍കുന്നു എന്നുമാണ് . കൂടാതെ ഇത് നിരീക്ഷിക്കുവാന്‍ അഡ്വ. കമ്മിഷനെയും ചുമതലപ്പെടുത്തി.

എന്നിട്ടും ശവസംസ്കാര സമയത്ത് പി.കെ. പൗലോസ്കൂരന്‍ ഉള്‍പെടുന്ന യകോബായ സമൂഹം കൂക്കുവിളിച്ചു. ശുശ്രൂഷ തടസ്സപ്പെടുത്തുകയും, മൃതുദേഹത്തെ അവഹേളിക്കുകയും ചെയ്തു. ഈ കാര്യത്തില്‍ പോലീസ് കേസ് നിലനില്‍ക്കുന്നുണ്ട്. യുട്യൂബില്‍ ഇപ്പോഴും ശവസംസ്കാരത്തിന്‍റെ വീഡിയോ ലഭ്യമാണ്. എന്നിട്ടാണ് പൗലോസ്കൂരന്‍ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റ് മറയ്ക്കുവാനും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാനും ഇങ്ങനെ ഒരു കുറിപ്പ് എഴുതിയത്. ഇത് മാതൃകയല്ല ദുര്‍മാതൃകയാണ്. ഇതിനു ഇദ്ദേഹം കേരളശബ്ധം പോലുള്ള ഒരു മാധ്യമം തെരെഞ്ഞെടുക്കരുതായിരുന്നു. താന്‍ വഹിക്കുന്ന സ്ഥാനത്തിന്‍റെ മഹിമ കളയുന്ന ഷെവലിയര്‍മാരെ നിയന്ത്രിക്കുവാന്‍ ഈ സ്ഥാനം കൊടുക്കുന്നവരും വിശ്വാസികളും മുന്നോട്ടു വരണം

മാറാച്ചെരില്‍ തോമസ്‌ പോള്‍ രമ്പാച്ചന്‍
കോതമംഗലം

#McvNews (Muvattupuzha Cable Vision)

കോടതി ഉത്തരവില്‍ തോമസ് പോള്‍ റമ്പാച്ചന്‍റെ മാതാവിന്റെ സംസ്‌കാരം #McvNews

Posted by Thomas Paul Rambachan on Thursday, 29 March 2018