OVS - Latest NewsOVS-Pravasi News

ഓർത്തഡോക്‌സി ബഹറിൻറെ ആദ്യ ഭവനപദ്ധതിയുടെ താക്കോൽദാനം നിർവഹിച്ചു

മനാമ: പ്രമുഖ മലയാള ദിനപത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഓർത്തഡോക്‌സി ബഹറിൻറെ സഹകരണത്തിൽ പത്തനംതിട്ട ജില്ലയിൽ തുമ്പമൺ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പമ്പുമഠത്തിൽ അബ്രഹാമിൻറെ സ്വന്ത ഭവനം എന്ന സ്വപ്നം സാക്ഷാത്കരിച്ചു. കേൾവി ശക്തിയില്ലാത്തതും രോഗബാധിതനുമായ അബ്രഹാമും ഭാര്യ അന്നമ്മയും നാല് പെൺകുട്ടികളും അടങ്ങുന്ന കുടുംബം കെട്ടുറപ്പില്ലാത്ത ഷീറ്റിട്ട വീട്ടിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. അന്നമ്മ ഹോട്ടലിൽ ജോലി ചെയ്തുകിട്ടുന്ന തുശ്ചമായ സമ്പാദ്യം കൊണ്ടായിരുന്നു നഴ്സിംഗ് വിദ്യാർത്ഥിനിയായ മൂത്തമകളെയും, മറ്റ് മൂന്ന് പെൺകുട്ടികളെയും പഠിപ്പിച്ചിരുന്നത്. അപ്പോഴും അടച്ചുറപ്പുള്ള ഒരു ഭവനം എന്ന സ്വപ്നം പൂർത്തിയാക്കുവാൻ അവർക്ക് സാധിക്കുമായിരുന്നില്ല.
2017 ഓഗസ്റ്റ് ആറാം ആറാം തിയതിയിലെ  പത്രവാർത്തയുടെ നിജസ്ഥിതി അന്വേഷിച്ചറിഞ്ഞ ഓർത്തോഡോക്‌സി ബഹറിൻ ഈ പദ്ധതി ഏറ്റെടുക്കുകയായിരുന്നു. തുമ്പമൺ കുടുംബശ്രീയുടെ മേൽനോട്ടത്തിൽ പൂർത്തീകരിച്ച ഭവനത്തിൻറെ താക്കോൽദാനവും ഗൃഹപ്രവേശന ചടങ്ങും 2018 മെയ്  നാലാം തിയതി നടന്ന ലളിതമായ ചടങ്ങിൽ വച്ച് നടത്തുകയുണ്ടായി. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ഷൈനി രാജ്മോഹൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീമതി ധന്യ കെ സ്വാഗതവും, തുമ്പമൺ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഖറിയാ വർഗീസ് ഉദ്‌ഘാടനവും നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു. ഓർത്തഡോക്‌സി ബഹ്‌റൈനെ പ്രതിനിധീകരിച്ച് മുതിർന്ന അംഗങ്ങളായ ശ്രീ ലെനി പി മാത്യു, ശ്രീ ബിനു എം ഈപ്പൻ എന്നിവർ ആശംസകളറിയിച്ചുകൊണ്ട് സംസാരിച്ചു. ശ്രി. ലൈജു പി
 മാത്യു, ശ്രി. ക്രിസ്റ്റി പി വർഗീസ്, ശ്രി. സിറിൾ എം ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഓർത്തോഡോക്‌സി ബഹറിൻറെ നേതൃത്വത്തിൽ SSLC, PLUS TWO പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങിൽ ശ്രി. A.O ജോണി നൽകിയ ഒരു ലക്ഷം രൂപയിൽ നിന്നുമാണ് ഇങ്ങനെയൊരു സ്വപ്ന പദ്ധതിക്ക് നാന്ദികുറിക്കുവാൻ ഓർത്തോഡോക്‌സി ബഹറിന് സാധിച്ചത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓർത്തഡോക്‌സി ബഹറിൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു. അടുത്തിടെ ആര്യമോളുടെ ചികിത്സ സഹായമായി ഒരു ദിവസം കൊണ്ടു ഒന്നര ലക്ഷം രൂപ സമാഹരിച്ചു നൽകുവാൻ സാധിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. തുടർന്നും ഇത്തരത്തിലുള്ള ജീവകാരുണ്യപ്രവർത്തനങ്ങളുമായി മുൻപോട്ട് പോകുമെന്നും, പദ്ധതിയുമായി സഹകരിച്ച എല്ലാവരോടുമുള്ള അകമഴിഞ്ഞ നന്ദി ഭാരവാഹികൾ അറിയിക്കുകയും ചെയ്തു.