OVS - ArticlesOVS - Latest News

ഭരതമുനിയൊരു കളംവരച്ചു… – 60 വര്‍ഷം മുമ്പ്

വീണ്ടുമൊരു നിയുക്ത കാതോലിക്കാ തിരഞ്ഞെടുപ്പ് മലങ്കരസഭയുടെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. തനിക്കൊരു പിന്‍ഗാമിയെ തിരഞ്ഞെടുക്കണമെന്ന് പ. പിതാവ് 2021 ഏപ്രില്‍ 22-ന് പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിനോട് ആവശ്യപ്പെടുകയും അവര്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മലങ്കര മെത്രാപ്പോലീത്താ എന്ന നിലയില്‍ പ. പിതാവിനോടുതന്നെ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കീഴ്‌വഴക്കമനുസരിച്ച് ഇനി മലങ്കര മെത്രാപ്പോലീത്താ ആദ്യം വര്‍ക്കിംഗ് കമ്മറ്റി വിളിച്ചുകൂട്ടണം. അവരുടെ ശുപാര്‍ശപ്രകാരം മാനേജിംഗ് കമ്മറ്റി വിളിച്ചുകൂട്ടി അസോസിയേഷന്‍ യോഗത്തിനുള്ള സ്ഥലം, തീയതി എന്നിവ നിശ്ചയിക്കണം. തുടര്‍ന്ന് അസോസിയേഷനുള്ള നോട്ടീസ് പുറപ്പെടുവിക്കണം. നിലവിലുള്ള അസോസിയേഷന് 2017 മുതല്‍ 2022 മാര്‍ച്ച് വരെ ഭരണഘടനപ്രകാരം അഞ്ച് വര്‍ഷം കാലാവധി ഉള്ളതിനാല്‍ (വകുപ്പ് 71) ഈ കാലയളവില്‍ ഇടവക പള്ളികളില്‍നിന്നും പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. 2017-ല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെയായിരിക്കും അസോസിയേഷന്‍ അംഗങ്ങള്‍. സാധുവായ നാമനിര്‍ദ്ദേശപത്രിക ഒന്നു മാത്രമേ ഉള്ളൂവെങ്കില്‍ അദ്ദേഹത്തെ വിജയിയായി യോഗം പ്രഖ്യാപിക്കും. ഒന്നിലധികമുണ്ടെങ്കില്‍ വോട്ടെടുപ്പ് നടത്തി 50% + 1 വോട്ടെങ്കിലും ലഭിക്കുന്ന വ്യക്തിയെ വിജയിയായി പ്രഖ്യാപിക്കും. ഇതാണ് ലളിതമായ ഭാഷയില്‍ തിരഞ്ഞെടുപ്പ് നടപടിക്രമം.

ഈ നടപടിക്രമം അനുസരിച്ച് വര്‍ക്കിംഗ് കമ്മറ്റിയും തുടര്‍ന്ന് മാനേജിംഗ് കമ്മറ്റിയും കൂടി 2021 ഒക്ടോബർ 14-ന് പൗരസ്ത്യ കാതോലിക്കായുടേയും മലങ്കര മെത്രാപ്പോലീത്തായുടേയും പിന്‍ഗാമിയായി ഒരാളെ തിരഞ്ഞെടുക്കാന്‍ പരുമലയിൽ അസോസിയേഷന്‍ വിളിച്ചുകൂട്ടി മലങ്കര മെത്രാപ്പോലീത്താ കല്പന പുറപ്പെടുവിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പു പ്രക്രിയ്ക്കുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടേ ഉള്ളു എങ്കിലും നവ മാദ്ധ്യമങ്ങളുടെ ശക്തമായ സാന്നിദ്ധ്യം മൂലം മുമ്പെങ്ങുമില്ലാത്തവിധം ഈ തിരഞ്ഞെടുപ്പു പ്രക്രിയ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഈ പേരില്‍ തല്ലിക്കലക്കാനുള്ള ശ്രമങ്ങളും ചില കോണുകളില്‍നിന്നും ഉയര്‍ന്നു വരുന്നു. വരും ദിനങ്ങളില്‍ ഇത് ഇനിയും വര്‍ദ്ധിക്കുമെന്ന് ഉറപ്പാണ്.

നിയുക്ത കാതോലിക്കാ എന്ന് മാദ്ധ്യമങ്ങളും ശ്രേഷ്ഠ നിയുക്ത കാതോലിക്കാ എന്ന് മലങ്കര സഭാംഗങ്ങളും സംബോധന ചെയ്യുന്നു എങ്കിലും യഥാര്‍ത്ഥത്തില്‍ പൗരസ്ത്യ കാതോലിക്കായുടേയും മലങ്കര മെത്രാപ്പോലീത്തായുടേയും പിന്‍ഗാമി ആയി ഒരാളെ ആണ് തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പ് പ്രക്രിയ ഉരുത്തിരിഞ്ഞു വന്നതിൻ്റെ ചരിത്രവും അതിൻ്റെ നടപടി ചട്ടങ്ങളും മനസിലാക്കാതെ നടത്തുന്ന ചര്‍ച്ചകള്‍ കാടുകയറും എന്നത് വ്യക്തം. കൂട്ടത്തില്‍ മലങ്കരസഭയിലെ എപ്പിസ്‌ക്കോപ്പസിയും ഡെമോക്രസിയും തമ്മിലുള്ള ഒരു മൂപ്പിളമ മത്സരത്തിന് ഈ തിരഞ്ഞെടുപ്പ് വേദിയാക്കാനുള്ള ബോധപൂര്‍വമായ ശ്രമം ചില കോണുകളില്‍ നിന്നും ഉയരുന്നില്ലേ എന്ന സംശയവും നിലനില്‍ക്കുന്നു. അതിന് ആക്കം കൂട്ടുവാനും ഇത്തരം കഥയറിയാത്ത ആട്ടം കാണല്‍ ചര്‍ച്ചകള്‍ വഴിവെക്കും.

1653-ലാണ് മലങ്കരയില്‍ തദ്ദേശീയമായ ഒരു മേല്പട്ടസ്ഥാനം ഉണ്ടാകുന്നത്. കൂനന്‍കുരിശു സത്യത്തിനുശേഷം ജാതിക്കുതലവനായ തോമ്മാ അര്‍ക്കദ്‌യക്കോനെ മാര്‍ത്തോമ്മാ എപ്പിസ്‌ക്കോപ്പാ ആയി വാഴിക്കാന്‍ തീരുമാനിച്ചത് അതേവര്‍ഷം ജനുവരി, ഫെബ്രുവരി, മെയ് മാസങ്ങളില്‍ യഥാക്രമം മട്ടാഞ്ചേരി, ഇടപ്പള്ളി, ആലങ്ങാട് എന്നീ സ്ഥലങ്ങളില്‍ ചേര്‍ന്ന മലങ്കര പള്ളിയോഗങ്ങളാണ്. മൂന്നുവര്‍ഷത്തിലൊരിക്കല്‍ മാറ്റി നിയമിക്കും എന്ന വ്യവസ്ഥയോടെ അദ്ദേഹത്തിനു കാര്യവിചാരകരായി നാലു കത്തനാരുമാരെ നിയമിച്ചതും മലങ്കര പള്ളിയോഗമാണ്. അന്നു മുതല്‍ വികസിച്ചുവന്ന നിയമസംഹിതയുടേയും നടപടി ക്രമത്തിൻ്റെയും അടിസ്ഥാനത്തിലാണ് ഇന്ന് കാതോലിക്കാ-മലങ്കര മെത്രാപ്പോലീത്ത തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്.

ജാതിക്കുതലവവന്മാര്‍ ഒരേ കുടുംബത്തില്‍ നിന്നും തലമുറകളായി വരുന്ന പാരമ്പര്യം മാര്‍ത്തോമ്മാ മെത്രാന്മാരുടെ കാര്യത്തിലും അതേ കുടുംബത്തില്‍ത്തന്നെ തുടര്‍ന്നതിനാല്‍ 1653-നു ശേഷം മലങ്കര പള്ളിയോഗത്തിന് കാര്യമായ പങ്കൊന്നും മലങ്കര സഭാദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പില്‍ ഇല്ലായിരുന്നു. ഓരോ മാര്‍ത്തോമ്മാ മെത്രാനും തൻ്റെ ജീവിതകാലത്തുതന്നെ പിന്‍ഗാമിയെ കണ്ടെത്തുകയായിരുന്നു പതിവ്. പക്ഷേ 1809-ല്‍ എട്ടാം മാര്‍ത്തോമ്മായുടെ സ്ഥാനാരോഹണത്തെപ്പറ്റി ഉണ്ടായ തര്‍ക്കം പരിഹരിച്ചത് 1809 ചിങ്ങം 1-ന് കണ്ടനാട്ട് ചേര്‍ന്ന മലങ്കര പള്ളിയോഗമായിരുന്നു. അങ്ങിനെ ഒന്നര നൂറ്റാണ്ടുകാലത്തിനു ശേഷവും പരമാധികാരം തങ്ങളുടെ പക്കലാണന്നു മലങ്കര പള്ളിയോഗം തെളിയിച്ചു. എട്ടാം മാര്‍ത്തോമ്മായോടുകൂടി പകലോമറ്റം പാരമ്പര്യ വാഴ്ച അവസാനിച്ചതോടെ മലങ്കര മെത്രാന്‍ തിരഞ്ഞെടുപ്പിനുള്ള അധികാരം വീണ്ടും മലങ്കര പള്ളിയോഗത്തില്‍ എത്തി.

1686-ലെ ചെങ്ങന്നൂര്‍ സുന്നഹദോസോടെ അന്ത്യോഖ്യന്‍ സഭയുടെ സഭാവിജ്ഞാനീയം (Ecclisiology) മലങ്കരയില്‍ എത്തി. പക്ഷേ മലങ്കര മെത്രാൻ്റെ തിരഞ്ഞെടുപ്പും വാഴ്ചയും സംബന്ധിച്ച് ആ പാരമ്പര്യത്തിലെ നിയമ സംഹിതയായ ഹൂദായ കാനോനിലെ ചില പ്രധാന നിബന്ധനകള്‍ ഒരിക്കലും മലങ്കരയില്‍ നടപ്പായില്ല. അവ;

1. മെത്രാന്‍ തിരഞ്ഞെടുപ്പ് ജനങ്ങള്‍ നടത്തരുത് (ഹൂദായ 7 – 2: ലവദോക്യാ 13, ഹൂദായ)
2. സ്വകുടുംബത്തില്‍ പരമ്പരാഗതമായി മെത്രാന്‍ സ്ഥാനം നല്‍കരുത് (ഹൂദായ 7 – 2: ശ്ലീഹന്മാര്‍ 79)
3. ജീവിതാവസാനത്തില്‍പ്പോലും ഒരു എപ്പിസ്‌ക്കോപ്പായ്ക്കു പിന്‍ഗാമിയെ നിയമിക്കാന്‍ അധികാരമില്ല. (ഹൂദായ 7 – 2: ക്ലിമ്മീസിൻ്റെ ഒന്നാം പുസ്തകം 23)

ഇവയ്ക്ക് കടക വിരുദ്ധമായ പാരമ്പര്യമാണ് മലങ്കര നസ്രാണികള്‍ അനുവര്‍ത്തിച്ചു വന്നത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിൻ്റെ മേല്പട്ട സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട സംഭവ പരമ്പരകള്‍ മലങ്കരയുടെ ആത്മീയ അധികാരവും അതുവഴി മേല്പട്ടസ്ഥാനം നല്‍കാനുള്ള അവകാശവും അന്ത്യോഖ്യാ പാത്രിയര്‍ക്കീസില്‍ എത്തിച്ചേരുന്നതിന് ഇടയാക്കി. ഇത് തങ്ങള്‍ക്ക് യഥേഷ്ടം മെത്രാന്മാരെ വാഴിച്ച് മലങ്കര മേഞ്ഞു ഭരിക്കാനുള്ള അനുമതിപത്രമായി ആണ് പാത്രിയര്‍ക്കീസുമാര്‍ കണ്ടത്. ഈ കാഴ്ചപ്പാടോടെയാണ് 1876-77-ല്‍ പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ഏകപക്ഷീയമായി ആറ് മെത്രാന്മാരെ വാഴിച്ചതും മലങ്കരയെ ഏഴു ഇടവകകളായി തിരിച്ച് മലങ്കര മെത്രാന്‍ സ്ഥാനത്തെ നിര്‍വ്വീര്യമാക്കാന്‍ ശ്രമിച്ചതും.

എന്നാല്‍ 1889-ല്‍ സെമിനാരിക്കേസിലെ തിരുവിതാംകൂര്‍ റോയല്‍ കോര്‍ട്ടു വിധി ഇതിനു തടയിട്ടു. മലങ്കരയില്‍ മെത്രാന്മാരെ വാഴിക്കുന്നതിനു ജനത്തിൻ്റെ തിരഞ്ഞെടുപ്പും പാത്രിയര്‍ക്കീസിൻ്റെ കൈവെപ്പും തുല്യ പ്രാധാന്യമുള്ളവയാണന്നു കോടതി വിധിച്ചു. അതോടെ യഥേഷ്ടം മെത്രാന്മാരെ വാഴിക്കാനുള്ള പാത്രിയര്‍ക്കീസന്മാരുടെ വഴിയടഞ്ഞു. യഥാസമയം കൈവെപ്പു നല്‍കാതെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പട്ടത്വം തടഞ്ഞുവെക്കാനുള്ള സാദ്ധ്യത മുമ്പില്‍ കണ്ടാണ് 1890-കളില്‍ കാതോലിക്കാ/ മഫ്രിയാന സ്ഥാനം മലങ്കരയിലെത്തിക്കാന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും സഹപ്രവര്‍ത്തകരും ശ്രമം ആരംഭിച്ചത്. ഇത് സഫലമായത് അദ്ദേഹത്തിൻ്റെ പിന്‍ഗാമി പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമൻ്റെ കാലത്ത് 1912-ലാണ്. അന്ന് മലങ്കരയ്ക്ക് പിന്തുടര്‍ച്ചാവകാശത്തോടുകൂടി തിരഞ്ഞെടുക്കാവുന്ന ഒരു കാതോലിക്കാ സ്ഥാനം ലഭിച്ചു. 1923-ലെ വട്ടിപ്പണക്കേസ് വിധി, ഈ കാതോലിക്കേറ്റിൻ്റെ സാധുത ശരിവച്ചതോടെ മെത്രാന്‍ വാഴ്ചയ്ക്ക് പാത്രിയര്‍ക്കീസിൻ്റെ കൈവെപ്പ് എന്നത് കാതോലിക്കായുടെ കൈവപ്പ് എന്നായി മാറി.

വട്ടിപ്പണക്കേസ് വിധിയെ തുടര്‍ന്ന് 1925-ല്‍ മലങ്കരസഭ തങ്ങളുടെ രണ്ടാമത്തെ പൗരസ്ത്യ കാതോലിക്കായെ തിരഞ്ഞെടുത്തു വാഴിച്ചു. 1912-ലെ സ്ഥാത്തിക്കോന്‍ പ്രകാരം മലങ്കരസഭ സ്വയം നടത്തിയ ആദ്യ കാതോലിക്കാ വാഴ്ച ഇതായിരുന്നു. വീണ്ടും 1929-ല്‍ മലങ്കരസഭ കാതോലിക്കായെ വാഴിച്ചു.

മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും സഹപ്രവര്‍ത്തകരും ഭയപ്പെട്ടത് 1908-ല്‍ സംഭവിച്ചു. അദ്ദേഹത്തിൻ്റെ പിന്‍ഗാമിയായി മലങ്കരസഭ തിരഞ്ഞെടുത്ത മാര്‍ ദീവന്നാസ്യോസ് ആറാമന് മലങ്കര മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയും സഹായിയും ആയി സ്ഥത്തിക്കോന്‍ നല്‍കാന്‍ വാഴ്ച നടത്തിയ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് വിസമ്മതിച്ചു. ലൗകീകാധികാരത്തിനായുള്ള വിലപേശലായിരുന്നു അത്. കുശാഗ്രബുദ്ധിയായ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും വിട്ടില്ല. തൻ്റെ അധികാരങ്ങളും ചുമതലകളും പിന്‍ഗാമിയെ എല്പിക്കുകയും ആ വിവരം സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തശേഷം പഴയ സെമിനാരിയില്‍നിന്നും കോട്ടയം ചെറിയപള്ളിയിലേയ്ക്കു താമസം മാറ്റി പൂര്‍ണ്ണ വിശ്രമജീവിതം ആരംഭിച്ചു. 1909-ല്‍ അദ്ദേഹം കാലംചെയ്തശേഷം ഏറെ പണിപ്പെട്ടാണ് പിന്തുടര്‍ച്ചയ്ക്ക് അന്ന് നിയമപരമായ ആവശ്യമായിരുന്ന പാത്രിയര്‍ക്കീസിൻ്റെ സ്ഥാത്തിക്കോന്‍ ലഭ്യമാക്കിയത്. ഈ ഗുരുതരാവസ്ഥയാണ് കാതോലിക്കേറ്റ് സ്ഥാപനത്തിലൂടെ 1912-ല്‍ ഇല്ലാതായത്.

ഇക്കാലത്തൊന്നും പൗരസ്ത്യ കാതോലിക്കായുടെ അധികാരം വ്യക്തമായി നിര്‍വചിച്ചിരുന്നില്ല. മലങ്കര സഭയുടെ യഥാര്‍ത്ഥ ഭരണം മലങ്കര മെത്രാപ്പോലീത്തായില്‍ നിക്ഷിപ്തമായിരുന്നു. അതിനാല്‍ ഭരണസ്തംഭനത്തിൻ്റെ പ്രശ്‌നവും ഇല്ലായിരുന്നു. ഏന്നാല്‍ 1934 ഫെബ്രുവരിയില്‍ പിന്‍ഗാമിയെ തിരഞ്ഞെടുക്കുകയോ വാഴിക്കുകയോ ചെയ്യാതെ മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാപ്പോലീത്താ കാലം ചെയ്തു. തുടര്‍ന്നുണ്ടായ സന്നിഗ്ദാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ടാണ് മലങ്കര അസോസിയേഷന്‍ 1934 ഡിസംബറില്‍ മലങ്കരസഭാ ഭരണഘടന പാസാക്കിയത്.

ടി. ഭരണഘടന മലങ്കര സഭാ ഭരണത്തില്‍ വരുത്തിയ ക്രമീകരണങ്ങളിള്‍ താഴെ പറയുന്നവയും ഉള്‍പ്പെടും.

1. കാതോലിക്കായുടെ അധികാരങ്ങള്‍ നിര്‍വചിച്ചു. (വകുപ്പ് 100)
2. മലങ്കര സഭയ്ക്ക് ഒരു എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് രൂപികരിച്ചു. കാതോലിക്കായെ സുന്നഹദോസിൻ്റെ അദ്ധ്യക്ഷനും കൈകാര്യകര്‍ത്താവും ആക്കി. (വകുപ്പ് 102, 103, 104)
3. വിശ്വാസം, പട്ടത്വം, ഡിസിപ്ലിന്‍, (Faith, Order, Discipline) എന്നിവ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിൻ്റെ അധികാരപരിധിയില്‍ ആക്കി. (വകുപ്പ് 107)
4. മലങ്കര മെത്രാപ്പോലീത്താ, ഭരണഘടനയ്ക്കു വിധേയമായി, മലങ്കരയുടെ ലൗകികവും വൈദികവും ആത്മീയവുമായ ഭരണത്തിൻ്റെ പ്രധാന ഭാരവാഹിത്വം വഹിക്കും. (വകുപ്പ് 94)
5. മലങ്കര അസോസിയേഷന്‍, മാനേജിംഗ് കമ്മറ്റി എന്നിവയുടെ അദ്ധ്യക്ഷനും കൈകാര്യകര്‍ത്താവും മലങ്കര മെത്രാപ്പോലീത്താ ആയിരിക്കും. (വകുപ്പ് 98)

സഭാ ഭരണഘടന 98-ാം വകുപ്പ്, …കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്താ സ്ഥാനം കൂടി വഹിക്കുന്നതാകുന്നു… എന്ന് അനുശാസിക്കുന്നുണ്ട് എങ്കിലും അതേ വകുപ്പുതന്നെ …കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും, രണ്ട് വ്യക്തികളായി വരുമ്പോള്‍ അവരുടെ അധികാരാവകാശങ്ങള്‍ സംബന്ധിച്ച് ആവശ്യമായ വ്യവസ്ഥകള്‍ ചെയ്യേണ്ടതാകുന്നു… എന്നും നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ അപ്രകാരം ഒരു വിഭജനം ഇനി സാദ്ധ്യമാണോ എന്നു സംശയമാണ്. 2017 ജൂലൈ 3 വിധിയിലെ താഴെ പറയുന്ന പരാമര്‍ശനമാണ് ഇതിനു കാരണം.

5. …ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധികാരി കാതോലിക്കയാണ്. ആധ്യാത്മീക അധികാരത്തോടൊപ്പം തന്നെ മലങ്കര മെത്രാപ്പോലീത്തായുടെ അധികാരവും കാതോലിക്കായ്ക്കുണ്ട്. 1934 ലെ ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് മലങ്കര സഭയുടെ ഭൗതികവും പൗരോഹിത്യപരവും ആധ്യാത്മികവുമായ പരമാധികാരം മലങ്കര മെത്രാപ്പോലീത്തായ്ക്കാണ്…

ഈ സാഹചര്യത്തില്‍ സാദ്ധ്യമായാല്‍ത്തന്നെ അത്തരമൊരു വിഭജനം ഇരട്ട അധികാര കേന്ദ്രങ്ങളുടെ സ്ഥാപനത്തിനും അതുവഴി ഭരണപ്രതിസന്ധിക്കും ഇടവരുത്തും എന്നത് സംശയരഹിതമാണ്.

കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്താ സ്ഥാനങ്ങള്‍ സ്വതന്ത്രമായി നിര്‍വചിച്ചിരിക്കുന്നതിനാല്‍ അവരുടെ തിരഞ്ഞെടുപ്പും വ്യത്യസ്ഥമായി ആണ് ഭരണഘടനയില്‍ പ്രതിപാദിക്കുന്നത്. പ്രസക്ത വകുപ്പുകള്‍:

97. മലങ്കര മെത്രാപ്പോലീത്തായെ ആ സ്ഥാനത്തേക്ക് അസോസിയേഷന്‍ തെരഞ്ഞെടുക്കേണ്ടതാകുന്നു…
114. ഒരാളെ കാതോലിക്കാ ആയി വാഴിക്കണമെങ്കില്‍ ആ ആളെ ആ സ്ഥാനത്തേക്ക് അസോസിയേഷന്‍ തെരഞ്ഞെടുക്കേണ്ടതും ആ തെരഞ്ഞെടുപ്പിനെ എപ്പിസ്‌കോപ്പല്‍ സിനഡ് അംഗീകരിക്കുന്നപക്ഷം സിനഡ് ആ ആളിനെ കാതോലിക്കാ ആയി വാഴിക്കേണ്ടതും ആകുന്നു.

അസോസിയേഷന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കേണ്ടത് ഭരണഘടന 73-ാം വകുപ്പ് പ്രകാരം മലങ്കര മെത്രാപ്പോലീത്താ തന്നെയാണ്. അദ്ദേഹത്തിൻ്റെ അസൗകര്യത്തില്‍ / അഭാവത്തില്‍ എന്തു ചെയ്യണമെന്നും അതേ വകുപ്പ് അനുശാസിക്കുന്നു.

അസോസിയേഷന്‍ യോഗത്തില്‍ മലങ്കര മെത്രാപ്പോലീത്താ ആദ്ധ്യക്ഷം വഹിക്കുന്നതും, അദ്ദേഹത്തിന് സൗകര്യമില്ലാതെ വരുമ്പോള്‍ അദ്ദേഹത്തിൻ്റെ നിയോഗമനുസരിച്ച് വൈസ് പ്രസിഡണ്ടന്മാരില്‍ ഒരാളും, അദ്ദേഹം ഇല്ലാതെ വരുന്ന അവസരത്തില്‍ വൈസ് പ്രസിഡണ്ടന്മാരില്‍ സീനിയര്‍ മെത്രാപ്പോലീത്തായും അദ്ധ്യക്ഷം വഹിക്കുന്നതാകുന്നു. ഈ ഘടനയില്‍ സീനിയര്‍ മെത്രാപ്പോലീത്താ എന്ന പദത്തിന് വൈസ് പ്രസിഡണ്ടന്മാരില്‍ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലീത്താ എന്ന അര്‍ത്ഥമുള്ളതാകുന്നു.

വളരെ വ്യക്തമായ ഈ വകുപ്പിന് വിശദീകരണം ആവശ്യമില്ല. അതിനാല്‍ത്തന്നെ അദ്ധ്യക്ഷസ്ഥാനത്തെപ്പറ്റി ഒരു ചര്‍ച്ചയ്ക്ക് പ്രസക്തിയുമില്ല. ഈ നിയമത്തിൻ്റെ പിന്‍ബലത്തില്‍ പാറേട്ട് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ 1974 ഒക്‌ടോബര്‍ 2-ന് നിരണത്തു കൂടിയ അസോസിയേഷനില്‍ അദ്ധ്യക്ഷം വഹിച്ച കീഴ്‌വഴക്കവും ചരിത്രത്തിലുണ്ട്.

മുകളില്‍ പ്രതിപാദിച്ച ഭരണഘടനാ വകുപ്പുകള്‍ പ്രകാരം കത്തനാര്‍ / അവൈദീക ട്രസ്റ്റിമാരെപ്പോലെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായ മലങ്കര മെത്രാപ്പോലീത്തായെ തിരഞ്ഞെടുക്കുന്നതും മലങ്കര അസോസിയേഷന്‍ മാത്രമാണ്. അതേ സമയം മെത്രാന്മാരെയും കാതോലിക്കായേയും അസോസിയേഷന്‍ തിരഞ്ഞെടുത്താലും …ആ തെരഞ്ഞെടുപ്പിനെ എപ്പിസ്‌കോപ്പല്‍ സിനഡ് അംഗീകരിക്കുന്നപക്ഷം… മാത്രം വാഴിക്കുന്നതാണന്നു ഭരണഘടന വ്യക്തമാക്കുന്നു. അസോസിയേഷന്‍ തിരഞ്ഞെടുത്ത മെത്രാന്‍ സ്ഥാനാര്‍ത്ഥികളെ നിരാകരിച്ച ചരിത്രം സിനഡിനുണ്ട്. അതേപോലെ അസോസിയേഷന്‍ ഏകപക്ഷീയമായി തിരഞ്ഞെടുക്കുന്ന കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ സ്ഥാനാര്‍ത്ഥിയെ സുന്നഹദോസ് നിരാകരിച്ചാലോ? ഭരണസ്തംഭനമാകും ഫലം! മെത്രാന്മാരുടെ തിരഞ്ഞെടുപ്പ് നിരകരിക്കപ്പെട്ടാല്‍ ഭരണസ്തംഭനം ഉണ്ടാകില്ല. എന്നാല്‍ …മലങ്കര സഭയുടെ ഭൗതികവും പൗരോഹിത്യപരവും ആധ്യാത്മികവുമായ പരമാധികാരം… വഹിക്കുന്ന കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ സ്ഥാനാര്‍ത്ഥി നിരാകരിക്കപ്പെടുന്ന അവസ്ഥ അപ്രകാരമല്ല; അത് അചിന്തനീയമാണ്.

1929-ല്‍ കാതോലിക്കാ സ്ഥാനം പ്രാപിച്ച ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതിയനെ 1934-ല്‍ ഭരണഘടന പാസാക്കിയ അതേ അസോസിയേഷനില്‍വെച്ച് മലങ്കര മെത്രാപ്പോലീത്താ കൂടിയായി തിരഞ്ഞെടുത്തു. 1958-ലെ സുപ്രീം കോടതി വിധി ഭരണഘടനയും ഈ തിരഞ്ഞെടുപ്പും സാധുവാണന്നു വിധി പ്രഖ്യാപിച്ചു. മാര്‍ ഗീവര്‍ഗീസ് ദ്വിതീയന്‍ 1964 വരെ കാതോലിക്കാ-മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തു തുടര്‍ന്നു.

1934-ല്‍ കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പിനുള്ള വ്യവസ്ഥകള്‍ ഭരണഘടന ക്രമപ്പെടുത്തിയെങ്കിലും അതനുസരിച്ച് ആദ്യമായി തിരഞ്ഞെടുപ്പു നടത്തേണ്ടിവന്നത് 1962-ല്‍ ആണ്. പിന്‍ഗാമിയായി ഒരാളെ മുന്‍കൂര്‍ സുന്നഹദോസ് തിരഞ്ഞെടുത്ത് നാമനിര്‍ദ്ദേശം ചെയ്യുക. ആ ഒരു സ്ഥാനാര്‍ത്ഥിയെ മാത്രം അസോസിയേഷനില്‍ അവതരിപ്പിക്കുക. സങ്കീര്‍ണ്ണമായ വോട്ടിംഗ് പ്രക്രിയകള്‍ ഒഴിവാക്കി അദ്ദേഹത്തെ അസോസിയേഷന്‍ അംഗീകരിക്കുക. എന്ന രീതിയാണ് അന്ന് രൂപപ്പെടുത്തിയത്. അനാവശ്യമായ അസോസിയേഷന്‍ – എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സംഘര്‍ഷം ഒഴിവാക്കാന്‍ ഇതുമൂലം സാധിച്ചു. തുടര്‍ന്ന് 1970, 1980, 1992, 2006 വര്‍ഷങ്ങളില്‍ കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്തായുടെ പിന്‍ഗാമി തിരഞ്ഞെടുപ്പുകള്‍ നടന്നതും ഇതേ മാതൃകയിലാണ്. അതായത് ഇന്ന് നിലവിലിരിക്കുന്ന – ഷഷ്ഠിപൂര്‍ത്തിയിലെത്തിയ- പിന്‍ഗാമി തിരഞ്ഞെടുപ്പിനുള്ള മലങ്കരയുടെ പാരമ്പര്യം ഇതാണ്. ഇനി പിന്തുടരേണ്ട കീഴ്‌വഴക്കവും ഇതുതന്നെയാണ്.

ഡോ. എം. കുര്യന്‍ തോമസ്

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ഇത് ആശ്രമ മൃഗമാണ്: കൊല്ലെരുത്.