OVS - ArticlesOVS - Latest News

തരംതാഴ്ത്തപ്പെട്ട പുണ്യാളച്ചനും നസ്രാണിയും

ഈ വര്‍ഷം ഒരു റോമന്‍ കത്തോലിക്കാ പരിശുദ്ധന്‍ എന്ന നിലയില്‍ സാന്താക്ലോസിന്‍റെ അവസാന ക്രിസ്തുമസ് ആണ്. 1969 ഡിസംബര്‍ 24-നു അന്തര്‍ദേശീയ ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സ് റോമില്‍നിന്നും അയച്ച റിപ്പോര്‍ട്ടിലെ ഒരു വാചകമാണിത്. കാരണം? 1969 ഫെബ്രുവരി 14-ന് പോള്‍ ആറാമന്‍ മാര്‍പാപ്പാ, സാന്താക്ലോസ് എന്ന് പരക്കെയും മെയ്‌റായുടെ എപ്പിസ്‌കോപ്പാ ആയ മാര്‍ സോഖേ എന്നു സുറിയാനി പാരമ്പര്യത്തിലും അറിയപ്പെടുന്ന സെന്‍റ് നിക്കോളാവോസിനെ 1970 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്ന റോമന്‍ കത്തോലിക്കാ പരിശുദ്ധന്മാരുടെ പട്ടികയില്‍ നിന്നും പുറത്താക്കി! സാന്താക്ലോസ് മാത്രമല്ല, നസ്രാണിയുടെ പുണ്യാളച്ചനായ മാര്‍ ഗീവര്‍ഗീസ് സഹദാ അടക്കം മറ്റു 92 വിശുദ്ധന്മാരും (വിശുദ്ധകളും) അന്ന് പടിക്കു പുറത്തായി!

റോമന്‍ കത്തോലിക്കാ സഭയില്‍ മാത്രമല്ല, ബൈസന്റൈന്‍-ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളിലും അത്യുന്നത സ്ഥാനത്ത് ബഹുമാനിക്കപ്പെടുന്ന സെന്‍റ് ജോര്‍ജ് എന്ന മാര്‍ ഗീവര്‍ഗീസ് സഹദായെ, അദ്ദേഹം ജീവിച്ചിരുന്നു എന്നതിനു മതിയായ തെളിവുകളുടെ അഭാവത്താലാണത്രെ വിശുദ്ധന്മാരുടെ പട്ടികയില്‍നിന്നും മാര്‍പാപ്പാ പുറത്താക്കിയത്! അങ്ങിനെ ഭടന്മാര്‍, കര്‍ഷകര്‍, ബോയ്‌ സ്‌കൗട്ടുകള്‍ തുടങ്ങിയവരുടേയും ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടേയും രക്ഷാ പരിശുദ്ധനായ സെന്‍റ് ജോര്‍ജ് പുറത്തെ അന്ധകാരത്തിലേയ്ക്കു തള്ളപ്പെട്ടു. ഇംഗ്ലണ്ടിന്‍റെ മാത്രമല്ല, പോര്‍ട്ടുഗല്‍, മാള്‍ട്ട, എത്യോപ്യാ, ജോര്‍ജിയാ, സെര്‍ബിയ എന്നീ രാജ്യങ്ങളുടേയും കാവല്‍പിതാവാണ് മാര്‍ ഗീവര്‍ഗീസ് സഹദാ. അദ്ദേഹത്തെക്കുറിച്ചുള്ള ഇതിഹാസങ്ങളും പാരമ്പര്യങ്ങളും ലോകമെങ്ങും പരന്നുകിടക്കുന്നു. (കൂടുതല്‍ വിവരങ്ങള്‍ വേണ്ടവര്‍ കാണുക, ഇസഡ്. എം. പാറേട്ട്, മാര്‍ ഗീവര്‍ഗീസ് സഹദാ, എം.ഒ.സി. പബ്ലിക്കേഷന്‍സ്, കോട്ടയം, 2017)

സര്‍പ്പഭയം നേരിടുന്നവരുടെ ആശ്രയമായ പുണ്യാളച്ചനുണ്ടായ ഈ അധോഗതി കേരളത്തിലെ നസ്രാണികളെ തരിമ്പും ബാധിച്ചില്ല. റോമാപാപ്പായുടെ അപ്രമാദിത്വം ബാധകമല്ലാത്ത പുതുപ്പള്ളി, ചന്ദനപ്പള്ളി, കടമറ്റം, കരിങ്ങാച്ചിറ മുതലായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും അനേകം ചെറിയ പള്ളികളിലും കോഴി-തമുക്ക് നേര്‍ച്ചകളോടെ പുണ്യാളച്ചന്‍റെ പെരുന്നാള്‍ ഇതിനുശേഷവും പ്രതിവര്‍ഷം ആഘോഷപൂര്‍വം കൊണ്ടാടി. നസ്രാണികള്‍ക്കിടയില്‍ പുണ്യാളച്ചന്‍റെ നാമത്തില്‍ ഇക്കാലത്ത് പുതിയ പള്ളികള്‍ സ്ഥാപിക്കപ്പെട്ടുകൊണ്ടേയിരുന്നു. വെച്ചൂട്ടിനും മാറ്റം വന്നില്ല. ഇടയ്ക്ക് പുണ്യാളച്ചന്‍റെ അപ്പവും കോഴിയും നേര്‍ച്ചയില്‍ ഒന്നു കൈവെക്കാന്‍ ശ്രമിച്ചവര്‍ കൈപൊള്ളി പിന്‍മാറേണ്ടിവന്നു എന്നു മാത്രം. ഇപ്പോള്‍ പുണ്യാളച്ചനെ ആശ്രയിക്കുന്നവരുടെ എണ്ണം പ്രതിവര്‍ഷം കൂടിവരികയാണ് ചെയ്യുന്നത്.

റോമാ പാപ്പായുടെ തെറ്റാവരത്തിനു (infallibility) കീഴിലുള്ള കേരളത്തിലെ റോമന്‍ കത്തോലിക്കര്‍ക്കും അവിടുന്നു കല്പിച്ച പുണ്യാളച്ചന്‍റെ ഈ തരംതാഴ്ത്തല്‍ ഒരു പ്രശ്‌നമായിരുന്നില്ല. തങ്കക്കാശുവെച്ച കൊഴുക്കട്ടയില്‍ പണിതുയര്‍ത്തിയ ചാണ്ടിമാര്‍ഗ്ഗക്കാര്‍ (കുഴലുണ്ടെങ്കില്‍ കൊക്കു പിടിക്കാം. കൊഴുക്കട്ടയുണ്ടെങ്കില്‍ കല്ലൂര്‍ക്കാടും- പഴമൊഴി) ഇടപ്പള്ളിയിലും എടത്വായിലും അരുവിത്തറയുമൊക്കെ പുണ്യാളച്ചന്‍റെ പെരുന്നാള്‍ പൂര്‍വാധികം ഭംഗിയായി ഓരോവര്‍ഷവും നടത്തിവന്നു. പാല്‍പ്പൊടിയില്‍ പണിതുയര്‍ത്തിയ മാര്‍ത്താണ്ഡം മാര്‍ഗ്ഗക്കാരും പിന്തുടര്‍ന്നത് ഇതേ പാത ആയിരുന്നു. തെക്കന്‍ ഭദ്രാസനങ്ങളിലൊന്നിലെ പുണ്യാളച്ചന്‍റെ നാമത്തിലുള്ള പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രത്തിനു സമീപം മാര്‍ത്താണ്ഡം മാര്‍ഗ്ഗക്കാര്‍ സ്ഥാപിച്ച പാല്‍പ്പൊടി പള്ളി ദൈവമാതാവിന്‍റെ നാമത്തില്‍ ആയിരുന്നു. തീര്‍ത്ഥാടന കേന്ദ്രത്തിലെ പെരുന്നാളിനു മുമ്പില്‍ ചെമ്പുവെച്ചു പാവം വിശ്വാസികളെ കബളിപ്പിച്ചു ഊറ്റുന്ന വഴിപാടു വികസിപ്പിക്കാന്‍ വേണ്ടി കഴിഞ്ഞ ദശാബ്ദത്തിലെന്നോ തമ്പുരാനെപ്പെറ്റമ്മയെ തഴഞ്ഞ് പള്ളി പുണ്യാളച്ചന്‍റെ പേരിലാക്കി! പത്തു ചക്രം കൂടുതല്‍ കിട്ടുമെങ്കില്‍ എന്തോന്ന് പോപ്പ്! എന്തോന്ന് മാതാവ്!

കേരളത്തിലെ യഥാര്‍ത്ഥ റോമന്‍ കത്തോലിക്കരായ ലത്തീന്‍ രൂപതകളില്‍ പെട്ടവര്‍ക്ക് റോമാപാപ്പയുടെ ഈ കല്പന ഒരുപക്ഷേ വിഷാദം ഉണ്ടാക്കിയിരിക്കാം. പക്ഷേ അതൊന്നും ചാണ്ടിമാര്‍ഗ്ഗക്കാരെ ബാധിച്ചില്ല. പോപ്പിന്‍റെ കഠോരക്രിയയോടുള്ള റോമാ സുറിയാനിക്കരുടെ (ഇപ്പോള്‍ സീറോ-മലബാര്‍) അന്നത്തെ കാഴ്ചപ്പാടും അതിനെപ്പറ്റി പുണ്യാളച്ചനുള്ള മനോഭാവവും അറിയണമെങ്കില്‍ 1970-കളില്‍ പ്രശസ്ത മലയാള സാഹിത്യകാരനായ സക്കറിയ എഴുതിയ ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും എന്ന രചന വായിച്ചാല്‍ മതി. അവിടെ പറയുന്നത്:

… അരീത്ര വല്യച്ചന്‍ എന്ന് മീനച്ചില്‍ക്കാര്‍ വിളിക്കുന്നത് അരുവിത്തുറപ്പള്ളിയിലിരിക്കുന്ന വിശുദ്ധ ഗീവര്‍ഗീസ് സഹദാ എന്ന മഹാശക്തിമാനായ പുണ്യവാളനെയാണ്. അദ്ദേഹം പാമ്പുകളേയും ക്രിസ്ത്യാനികളെ ശല്യപ്പെടുത്തുന്ന പിശാശുക്കളേയും കളവ്, വിശ്വാസവഞ്ചന തുടങ്ങിയവ ചെയ്യുന്ന മനുഷ്യരുടേയും ബദ്ധശത്രുവാണ്. അദ്ദേഹം രോഗങ്ങള്‍ ഭേദമാക്കുകയും പരീക്ഷകളില്‍ ജയിപ്പിക്കുകയും പൊതുവില്‍ മനുഷ്യരെ ദൈനംദിന പ്രശ്‌നങ്ങളില്‍ സഹായിക്കുകയും ചെയ്യുന്നു. പകരം മനുഷ്യര്‍ അദ്ദേഹത്തിനു പാക്കിന്‍കുല, പിടക്കോഴി, പൊന്നിന്‍കുരിശ് തുടങ്ങിയവ കാഴ്ചവെക്കുന്നു. പുണ്യവാന്മാരുടെ പുതുക്കിയ പഞ്ചാംഗമനുസരിച്ച് അദ്ദേഹം ഇല്ല. വ്യാളികളുടേയും കന്യകകളായ യുവതികളുടേയും ഇംഗ്ലീഷ് പ്രഭുക്കളുടേയുമൊപ്പം അദ്ദേഹവും കാലഹരണപ്പെട്ടുപോയി. പക്ഷേ പഞ്ചാംഗത്തില്‍ തന്‍റെ പേരു മാഞ്ഞു പോയതു കൂസാതെ ഈ നല്ലവനായ ഇംഗ്ലീഷ് പ്രഭു ചേനയും മത്തങ്ങയും വരിക്കച്ചക്കയും സന്തോഷത്തോടെ സ്വീകരിച്ച് കതിനാവെടിയും ചെണ്ടകൊട്ടും കേട്ട് അരീത്രയില്‍ തന്‍റെ സുകൃതികള്‍ തുടരുന്നുവെന്നത് എത്ര ആശ്വാസകരമാണ്!… (സഖറിയ, ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും, കോട്ടയം, 1985)

കേരളത്തില്‍ ഇപ്രകാരം ആഗോള കത്തോലിക്കസഭ റോമാപാപ്പായുടെ ഏക്‌സ് കത്തീഡ്രാ കല്പനയ്ക്ക് പുല്ലുവില കല്പിച്ചു മുന്നേറുമ്പോള്‍ ലോകമെമ്പാടും അതിനെതിരെ പ്രതിഷേധം ഇരമ്പുകയായിരുന്നു. റോമാ ചക്രവര്‍ത്തി ഡയോക്ലീഷന്‍ ക്രിസ്ത്യാനികളെ കൊന്നുതള്ളുന്നതിനെതിരെ ശബ്ദമുയര്‍ത്തിയതിന് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നു എന്നു പ്രബല പാരമ്പര്യമുള്ള മാര്‍ ഗീവര്‍ഗീസ് സഹദായെ തരംതാഴത്തിയതില്‍ പ്രധിഷേധിച്ചത് അദ്ദേഹത്തെ രക്ഷാ പുരുഷനായി കാണുന്ന, പൗരസ്ത്യ സഭകളില്‍നിന്നും റോമന്‍ കത്തോലിക്കാ സഭയിലേയ്ക്ക് വളച്ചെടുത്ത വരത്തര്‍ (Uniates) മാത്രമായിരുന്നില്ല: യഥാര്‍ത്ഥ റോമന്‍ (ലത്തീന്‍) കത്തോലിക്കരും അതില്‍ ഉള്‍പ്പെട്ടിരുന്നു.

പ്രതിഷേധം ഇരമ്പിയപ്പോള്‍ ദുര്‍ബലമായ ഒരു വിശദീകരണം വത്തിക്കാന്‍ ഇതിനെപ്പറ്റി നല്‍കിയിരുന്നു. അതനുസരിച്ച് സാന്താക്ലോസ് മുതല്‍പ്പേര്‍ പരിശുദ്ധന്മാരുടെ പട്ടികയില്‍നിന്നും നീക്കം ചെയ്യപ്പെട്ടിട്ടില്ല; പകരം സാര്‍വലൗകീകമായി ബഹുമാനിക്കപ്പെടേണ്ടവരുടെ പട്ടികയില്‍നിന്നും അവരെ പ്രാദേശിക പരിശുദ്ധന്മാരായി തരംതാഴ്ത്തപ്പെടുക മാത്രമേ ചെയ്തിട്ടുള്ളു. അതായത്, ആഗോള കത്തോലിക്കാ സഭയുടെ പൊതു സ്ഥാപനങ്ങളില്‍ ഇനി ഇവര്‍ നിര്‍ബന്ധമായും പെരുന്നള്‍ ദിവസങ്ങളില്‍ ഓര്‍ക്കപ്പെടേണ്ട എന്നു മാത്രം! പ്രാദേശികമായി നടക്കുന്ന പെരുന്നാള്‍ നടത്താം! എന്നുവെച്ചാല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയില്ല; പോളിറ്റ് ബ്യൂറോയില്‍നിന്നും ബ്രാഞ്ചുകമ്മറ്റിയിലേയ്ക്കു തരംതാഴ്ത്തി എന്നുമാത്രം. അതിനുമാത്രം എന്തു പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണോവോ പുണ്യളച്ചന്‍ ചെയ്തത്? ഏതായാലും ചക്രം വീഴുന്നിടത്ത് മാര്‍ ഗീവര്‍ഗീസ് സഹദാ ഇനിയും പണ്യവാളനായി തുടരും! അതിനു തടസമില്ല.

ക്രിസ്തുവര്‍ഷം 1586 മുതല്‍ 2001 വരെ 130 പ്രാവശ്യം റോമാപാപ്പാമാര്‍ പുതുക്കിയ വിശുദ്ധന്മാരുടെ പട്ടികയില്‍ 2001-ല്‍ മാര്‍ ഗീവര്‍ഗീസ് സഹദാ വീണ്ടും ആഗോള വിശുദ്ധനായി സ്ഥാനം പിടിച്ചു. ഈ പുനഃപ്രവേശനത്തിനു പ്രത്യേകിച്ചു കാരണമൊന്നും റോം നല്‍കിയിട്ടില്ല. എന്തെങ്കിലും കാണാതെ റോം ആരെയും പരിശുദ്ധന്മാരുടെ പട്ടികയില്‍ ആക്കുകയോ നീക്കുകയോ ഇല്ല. ഉദാഹരണത്തിന് പരിശുദ്ധാത്മാവിന്‍റെ കിന്നരം എന്നു സുറിയാനി സഭകള്‍ വിശേഷിപ്പിക്കുന്ന മാര്‍ അപ്രേമിനെ 1920 ഒക്‌ടോബര്‍ 5-നു ബനഡിക്ട് പതിനഞ്ചാമന്‍ മാര്‍പ്പാപ്പാ റോമന്‍ കത്തോലിക്കാ സഭയിലെ ഒരു ഒന്നാം ഗ്രേഡ് പരിശുദ്ധനനായി (Doctor of the Church) പ്രഖ്യാപിച്ചു. അദ്ദേഹത്തിന്‍റെ പതിനായിരക്കണക്കണക്കിനു വരികള്‍ വരുന്ന കവിതകളില്‍ എവിടെയോ ദൈവമാതാവിനെ നിര്‍മ്മല കന്യക എന്നു വിശേഷിപ്പിച്ചിട്ടുണ്ടത്രെ! അത് മുമ്പൊരു പോപ്പ് തന്‍റെ തെറ്റാവരത്തിലൂടെ കന്യക മറിയാമിനെ അമലോത്ഭവ എന്നു വിശേഷിപ്പിച്ചതിനെ ന്യായീകരിക്കുന്നുണ്ടത്രെ! അങ്ങിനെ മാര്‍ അപ്രേം രക്ഷിക്കപ്പെട്ടു! 2001-ല്‍ റോമന്‍ കത്തോലിക്കാ സഭയുടെ വിശുദ്ധ പട്ടികയില്‍ 6,538 പേര്‍ ഉണ്ടായിരുന്നു. പോള്‍ ആറാമന്‍ പറത്താക്കിയ 93 പേര്‍ക്ക് ശേഷമാണ് ഇത്. ഈ ബാഹുല്യമാണ് 1969-ലെ പുനര്‍ചിന്തനത്തിനു വഴിതെളിച്ചത് എന്ന വത്തിക്കാനിലെ കര്‍ദ്ദിനാള്‍ ജോര്‍ജ് ഇസ്റ്റേവസിന്‍റെ അന്നത്തെ വിശദീകരണമൊന്നും വിലപ്പോയില്ല.

പഴയ യൂറോപ്യന്‍ കോളനികളായ മൂന്നാംലോകത്തു വ്യാപകമായി സഞ്ചാരം നടത്തി മദ്ധ്യകാലഘട്ടത്തില്‍ റോമന്‍ കത്തോലിക്കര്‍ പ്രാദേശിക വംശീയതകളോട് നടത്തിയ ക്രൂരതകള്‍ക്ക് തുടരെ മാപ്പ് ചോദിച്ച പോപ്പ് ജോണ്‍ പോള്‍ ദ്വിതീയനാണ് (1978-2005) മാര്‍ ഗീവര്‍ഗീസ് സഹദായ്ക്ക് പരിശുദ്ധന്മാരുടെ പട്ടികയില്‍ പുനഃപ്രവേശനം നല്‍കിയത്. പക്ഷേ സഹക്രൈസ്തവരായ നസ്രാണികളോട് അതേ കാലത്തും തുടര്‍ന്നും റോമന്‍ കത്തോലിക്കര്‍ നടത്തിയ പീഡനത്തിനു ക്ഷമചോദിക്കാനോ അജമോഷണം അവസാനിപ്പിക്കാനോ തയാറാവാതിരുന്ന പോപ്പ് ജോണ്‍ പോള്‍ ദ്വിതീയനും റോമന്‍ കത്തോലിക്കാ സഭയുടെ വിശുദ്ധ പട്ടികയില്‍ ഇടംപിടിച്ചു. അതും ആ സഭയുടെ കാനോന്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി അന്തരിച്ച് പത്തുവര്‍ഷം തികയുന്നതിനുമുമ്പ് 2014 ഏപ്രില്‍ 27-ന്! ഇദ്ദേഹംമൂലം സ്വന്തസ്ഥാനം തിരിച്ചുകിട്ടിയ പുണ്യാളച്ചന് ഇതില്‍ വല്ല പങ്കുമുണ്ടോ?

കേരളത്തിലെ ആഗോള കത്തോലിക്കര്‍ റീത്തു തിരിഞ്ഞു വിശുദ്ധ പദവിക്കായി മത്സരിക്കുന്നതു കാണുമ്പോള്‍ ഒരു സംശയം ബാക്കി. അവരില്‍നിന്നും നിലവില്‍ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടവര്‍ ഏതു നിലവാരത്തിലാണ്? വെറും ബ്രാഞ്ചു കമ്മറ്റിയോ അതോ പോളിറ്റ് ബ്യൂറോയോ? ഇനി വരാന്‍ പോകുന്നവരോ? പോപ്പ് ജോണ്‍ പോള്‍ രണ്ടാമനു പോലും സംസ്ഥാന കമ്മറ്റി സ്റ്റാറ്റസ് മാത്രം (optional memorial feast day to the worldwide General Roman Calendar of saints) കൊടുത്തതുകൊണ്ടുണ്ടായ സംശയമാണ്. ഒറ്റയ്ക്കും കൂട്ടായും അനേകരെ വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തി റിക്കാര്‍ഡിട്ട വ്യക്തിയാണ് പോപ്പ് ജോണ്‍ പോള്‍ ദ്വിതീയന്‍ എന്നുകൂടി ഓര്‍ക്കുക.

രസമെന്താണന്നു വെച്ചാല്‍, ഗീവര്‍ഗീസ് പുണ്യാളച്ചനെ റോമന്‍ കത്തോലിക്കാ സഭയുടെ വിശുദ്ധന്മാരുടെ പട്ടികയില്‍നിന്നും നീക്കം ചെയ്ത പോള്‍ ആറാമന്‍ മാര്‍പ്പാപ്പ 2018-ല്‍ അതേ പട്ടികയില്‍ ഉള്‍പ്പെടുമത്രെ! മനുഷ്യജീവിതത്തെപ്പറ്റി (Humane Vitae) എന്ന കുപ്രസിദ്ധമായ 1968-ലെ ചാക്രിക ലേഖനത്തിലൂടെയാണ് ഇദ്ദേഹം ചരിത്രത്തില്‍ ശാശ്വതമായി സ്ഥാനം പിടിച്ചിരിക്കുന്നത്! നടപ്പു പോപ്പ്, ഫ്രാന്‍സിസ് ഒന്നാമന്‍ പ്രഖ്യാപിച്ചതാണ് ഇത്.

പാവം സന്താക്ലോസ്!, പാവം പുണ്യാളച്ചന്‍!

ഡോ. എം. കുര്യന്‍ തോമസ് (ovsonline, 1 മെയ് 2018)

പുതുപ്പള്ളിപ്പള്ളി നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ദേവാലയം