OVS - ArticlesOVS - Latest News

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല : ഡോ. എം. കുര്യന്‍ തോമസ്

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. പക്ഷേ കാറ്റുള്ളപ്പോള്‍ തൂറ്റണം എന്നു പണ്ടാരാണ്ടു പറഞ്ഞതിന്‍റെ പ്രയോഗാര്‍ത്ഥം അറിഞ്ഞ ചിലരുണ്ട്. അതിലൊരൊളാണ് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ വര്‍ത്തമാനകാല പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ എന്നു കേട്ടിട്ടുണ്ട്. അവസരം കിട്ടുമ്പോള്‍ വിവാദ പ്രസ്താവനകള്‍ ഇറക്കി കൈയ്യടി നേടുക എന്നത് ഒരു സ്ഥിരം സ്വഭാവമായി കൊണ്ടുനടക്കുന്നു എന്നു വിശ്വസിക്കേണ്ട തരത്തിലാണ് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികളും പ്രസ്താവനകളും. എങ്ങിനെ വന്നാലും എന്നും പത്രത്തില്‍ പേരും പടവും വരണം എന്നുള്ള ചേതോവികാരം മാത്രമേ ഇവയ്ക്കു പിന്നിലുള്ളു എന്നു ആരെങ്കിലും ആരോപിച്ചാല്‍ അവരെ കുറ്റംപറയാനാവില്ല.

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. പക്ഷേ ഒത്തിരി പള്ളിക്കൂടത്തില്‍ പോയിട്ടുള്ള തിരുമേനിയെപ്പോലെ വിവരക്കേടു പറയാറില്ല. ‘പൂ ചോദിച്ചപ്പോള്‍ പൂന്തോട്ടം കൊടുത്തു’ എന്നൊക്കെ പ്രസംഗിച്ച് കോടതിയലക്ഷ്യവും കാട്ടാറില്ല. അപ്പനെ ഔസേപ്പുചേട്ടാ എന്നും പൗലോ എന്നും വിളിക്കുന്ന പതിവുമില്ല. പള്ളിയുടെ മൂലയില്‍ വിസര്‍ജ്ജിക്കാറുമില്ല. ഇതൊന്നും നമ്പൂതിരി മാര്‍ഗ്ഗം കൂടിയതുകൊണ്ടുണ്ടായതല്ല. നല്ല ആഭിജാത്യമുള്ള നസ്രാണിയായതിന്‍റെ ഗുണമാണ്.

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. പക്ഷേ 2018 ഏപ്രില്‍ 9-ന്‍റെ പ്രാധാന്യം അറിയാം. കേരളത്തില്‍ ഇദംപ്രഥമമായി പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ രാഷ്ട്രീയാതീതമായി ഹര്‍ത്താല്‍ നടത്തിയത് അന്നാണ്. അതിന്‍റെ ന്യായാന്യായങ്ങളോ വിജയപരാജയങ്ങളോ ഇവിടെ വിചിന്തനം ചെയ്യേണ്ടതില്ല. പക്ഷേ അത്തരമൊരു ദിവസത്തോടനുബന്ധിച്ചു കേരളത്തിലെ ഒരു ക്രിസ്ത്യന്‍ ബിഷപ്പ് ഒരു ബ്രാഹ്മണവിരുദ്ധ-ദളിത് പ്രേമ പ്രസ്താവന ഇറക്കിയാല്‍ ലഭിക്കാമായിരുന്ന മാദ്ധ്യമശ്രദ്ധ എത്ര വലുതായിരിക്കും എന്നതു വ്യക്തമാണ്. പക്ഷേ തിരുമേനിയുടെ പ്രസ്താവന വെറും നനഞ്ഞ പടക്കമായി പോയെന്നു മാത്രം.

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. പക്ഷേ തിരുമേനി ഒന്നോര്‍ക്കണമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുമേനിയുടെ പ്രസ്ഥാനം മംഗലാപുരത്തുവെച്ചു മോതിരംമാറല്‍ നടത്തിയ രാഷ്ട്രീയബാന്ധവത്തിന്‍റെ ഭാവികൂടി പരിഗണിക്കണമായിരുന്നു. ദളിത്-ന്യൂനപക്ഷ ഉന്മൂലനം ആപ്തവാക്യമാക്കിയ ഒരു കുടുംബത്തിലെ വല്യകാരണവരുമായി തിരുമേനിയുടെ പ്രസ്ഥാനം അന്നുണ്ടാക്കിയ രാഷ്ട്രീയ വിവാഹ ഉടമ്പടിയുടെ ഭാവി ഇനിയെന്താവുമെന്നു ചിന്തിക്കണമായിരുന്നു. തിരുമേനിയുടെ ദളിത്‌പ്രേമം അതു വെള്ളത്തിലാക്കില്ലേ എന്നു ചിന്തിക്കുക.

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. പക്ഷേ സ്വല്‍പ്പം ചരിത്രം പറയാം. ഒന്നര നൂറ്റാണ്ടു മുമ്പാണ് – കൃത്യമായി പറഞ്ഞാല്‍ 1850-കള്‍ മുതലാണ് നസ്രാണികള്‍ അവരുടെ മെത്രാനെ തിരുമേനി എന്നു പരസ്യമായി സംബോധന ചെയ്തു തുടങ്ങിയത് എന്നാണ് ഇതിഹാസം. അതിനു മുമ്പ് വൈദീകരെ അച്ചന്‍, കത്തനാച്ചന്‍ എന്നു സംബോധന ചെയ്യുന്നതുപോലെ അച്ചന്‍ എന്നോ മെത്രാച്ചന്‍ എന്നോ (കാട്ടുമങ്ങാട്ട് അച്ചന്മാര്‍, ചേപ്പാട്ടച്ചന്‍ ഒക്കെ ഉദാഹരണം) എന്നായിരുന്നു പരാമര്‍ശിച്ചിരുന്നത്. പിതാവ് എന്ന അതേ അര്‍ത്ഥത്തില്‍ ബാവാ എന്നും ഉപയോഗിച്ചിരുന്നു. (നമുക്കുള്ള ദീവന്നാസ്യോസു ബാവാ തിരുമുമ്പാകെ…– ആര്‍ത്താറ്റ് പടിയോല) പക്ഷേ അന്നും തിരുമുമ്പ് ഒക്കെ ആചാരഭാഷയായി നിലവിലുണ്ടായിരുന്നു.

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. പക്ഷേ തികഞ്ഞ നസ്രാണി ജാത്യാഭിമാനി ആയിരുന്ന പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസ് ആയിരുന്നു തിരുമേനി എന്ന സംബോധന നസ്രാണികള്‍ക്കിടയില്‍ കൊണ്ടുവന്നതെന്നാണ് പാരമ്പര്യം. കണ്ട തെണ്ടിനടക്കുന്ന നമ്പൂരാരെ വരെ തിരുമേനി എന്നു വിളിക്കാമെങ്കില്‍ അതില്‍ എത്രയോ ഉന്നതനായ മെത്രാനെയും വിളിക്കാം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ന്യായം. വെളിക്കിറങ്ങിയിട്ടു കടവിറങ്ങാന്‍ നഗ്നരായി കൗപീനവും കൈയ്യില്‍പിടിച്ച് പള്ളിക്കു മുമ്പിലൂടെ സ്ഥിരയാത്ര നടത്തുന്ന നമ്പൂരാരുടെ പൃഷ്ടത്തില്‍ ചൂരല്‍ കഷായം ചാര്‍ത്തിച്ച തന്റേടി ആയിരുന്നു മാര്‍ മാത്യൂസ് അത്താനാസ്യോസ്. അദ്ദേഹം ഇത്തരമൊരു നടപടി എടുത്തെങ്കില്‍ അതില്‍ അത്ഭുതപ്പെട്ടിട്ടു കാര്യമില്ല.

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. …പക്ഷേ അവിടെയെല്ലാം ഉണ്ടായിരുന്ന ഇല്ലങ്ങളിലെ ബ്രാഹ്മണരെ തോമാശ്ലീഹാ ക്രിസ്ത്യാനികളാക്കിയതാണു ഈ കുടുംബങ്ങളുടെയെല്ലാം പൂര്‍വികര്‍പോലും! എന്നു പുഛസ്വരത്തില്‍ പറയുമ്പോള്‍ തിരുമേനി ഊന്നല്‍ നല്‍കുന്നത് എവിടെയാണ്? തോമാശ്ലീഹാ കേരളത്തില്‍ വന്നിട്ടില്ലാ എന്ന വര്‍ത്തമാനകാല പ്രചരണത്തിനോ? അതിന്‍റെ ചരിത്രത്തിലേയ്‌ക്കൊന്നും കടക്കുന്നില്ല തിരുമേനി! പക്ഷേ 1998 ഫെബ്രുവരി 22-നു തിരുവല്ലയില്‍ നടന്ന പാത്രിയര്‍ക്കാ ദിന സമ്മേളനത്തില്‍ ബന്യാമീന്‍ മാര്‍ ഒസ്താത്തിയോസ് പരിഭാഷപ്പെടുത്തിയ ഈസ്താബൂളിലെ ആര്‍ച്ച് ബിഷപ്പ് മാര്‍ പീലക്‌സീനോസ് യൗസേഫ് സെറ്റിന്‍ എന്ന ശീമബാവായുടെ …തോമാശ്ലീഹായെ ഇന്ത്യയിലേയ്ക്കയച്ചത് പ. അന്ത്യോഖ്യാ സിംഹാസനമാണ്… എന്ന പ്രസ്താവനയെ തള്ളിപ്പറയരുത് തിരുമേനി. ഒന്നുമല്ലങ്കിലും അദ്ദേഹം അന്ത്യോഖ്യാ പ്രതിനിധി ആയിരുന്നു.

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. പക്ഷേ പറയാതിരിക്കാന്‍ വയ്യ. തോമാശ്ലീഹാ നമ്പൂതിരിമാരെ മതംമാറ്റിയെന്നതു കള്ളക്കഥ തന്നെയാണ്. വിവരമുള്ള ചരിത്രകാരന്മാര്‍ എല്ലാം തള്ളിക്കളഞ്ഞ ഒരു കല്പന ഇപ്പോള്‍ തിരുമേനി പൊക്കിക്കൊണ്ടുവന്നതെന്തിന്? ഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ പ്രാബല്യത്തിലുണ്ടായിരുന്ന ബുദ്ധമതത്തിലെ ശ്രമണകര്‍ എന്നതു തെറ്റിദ്ധരിച്ചാവാം ബ്രാഹ്മണര്‍ എന്ന് അവകാശപ്പെട്ടതെന്ന് ഗുണ്ടര്‍ട്ടു സായ്പ് പറഞ്ഞതു മറക്കാം. പക്ഷേ അതേപോലെ …കേരളത്തിലെ എല്ലാ മതത്തിലുംപെട്ട എല്ലാ സമുദായങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ബ്രാഹ്മണബന്ധം ശ്രേഷ്ഠമായി തോന്നിയ ഫ്യൂഡല്‍ കാലത്തെ ഒരു ഭാവനയാണ് ബ്രാഹ്മണ പരിവര്‍ത്തനത്തിന്‍റെ കഥ… എന്നു ആധുനിക ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നത് തള്ളിക്കളയാനാവുമോ?

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. പക്ഷേ ഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ ബ്രാഹ്മണര്‍ ഇല്ലായിരുന്നു എന്ന ചരിത്രയാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ടാവുമല്ലോ തിരുമേനി പൈതൃകവാദത്തെ നിരസിക്കുന്നത്. അതേസമയം ക്രിസ്തുവര്‍ഷം 8-10 നൂറ്റാണ്ടുകളോടെ കേരളത്തില്‍ നമ്പൂതിരി-കേന്ദ്രീകൃത സാമൂഹികവ്യവസ്ഥ നിലവില്‍ വരികയും ചെയ്തു. ഒന്നാം നൂറ്റാണ്ടില്‍ ഇല്ലാതിരുന്ന ഒരു വിഭാഗം പത്താം നൂറ്റാണ്ടില്‍ അധികാരം പിടിച്ചടക്കണണെങ്കില്‍ തീര്‍ച്ചയായും ആ സമൂഹം കുടിയേറ്റത്തിലൂടെ ഇവിടെ വേരുപിടിക്കണം. സംഗതി സത്യമാണെങ്കിലും തിരുമേനി അത് വിളിച്ചു പറയരുത്. കാരണം ആര്യന്‍ അധിനിവേശം എന്നത് മിഥ്യ ആണെന്നും സഹസ്രാബ്ദങ്ങളായി ഈ മണ്ണിന്‍റെ അധികാരികളും അവകാശികളും ആര്യബ്രാഹമണരാണന്നും പ്രചരിപ്പിക്കുന്ന പ്രസ്ഥാനവുമായാണ് തിരുമേനിയുടെ നേതാക്കള്‍ ഇപ്പോള്‍ ബാന്ധവം ഉറപ്പിച്ചിരിക്കുന്നത്. ആര്യന്‍ അധിനിവേശം എന്നു പരോക്ഷമായി പറഞ്ഞാല്‍പ്പോലും അവര്‍ക്കു സുഖിക്കില്ല. അതു തിരുമേനി മറക്കേണ്ട.

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. പക്ഷേ ഒന്നു പറയാം. നസ്രാണിയുടെ മേല്‍ജാതി സ്വത്വം കൃത്രിമമായി സൃഷ്ടിച്ചെടുത്തതല്ല. കേരളത്തിലെ നമ്പൂതിരി – കേന്ദ്രീകൃത സാമൂഹിക വ്യവസ്ഥിതിയായ ജാതി സമ്പ്രദായത്തില്‍ സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്നതാണ്. ആ സമൂഹത്തിലെ വൈശ്യ ജാതിയായിരുന്നു നസ്രാണി. ചരിത്രപരമായി പരിശോധിച്ചാല്‍ അതിനു സാമൂഹിക-സാമ്പത്തിക കാരണങ്ങള്‍ ഉണ്ട്. അതു മാത്രമാണ് ഉള്ളത്. അവിടെ മതം അപ്രസക്തമാണ്. ഇതൊക്കെ മനസിലാകണമെങ്കില്‍ തിരുമേനി സ്വല്‍പ്പം കേരളചരിത്രം പഠിക്കണം.

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. പക്ഷേ ഇത്തരം നമ്പറുകള്‍ മുമ്പും കേട്ടിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ കാലത്ത് ഒരു കത്തനാര്‍, എന്നെ അച്ചാ എന്നോ ഫാദര്‍ എന്നോ വിളിക്കരുത്. സഖാവേ എന്നു വിളിച്ചാല്‍ മതി എന്നു മൈക്കുവെച്ച് അലറിയായിരുന്നു. എന്തോ നക്കാപ്പിച്ച സ്ഥാനവും പിന്നീടുവന്ന സര്‍ക്കാര്‍ കൊടുത്തെന്നു കേട്ടു. അത്തരം വല്ലതും തിരുമേനി പ്രതീക്ഷിക്കുന്നുണ്ടോ?

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. പക്ഷേ കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭാംഗങ്ങള്‍ അവരുടെ മെത്രാന്മാരെ തിരുമേനി എന്നു വിളിക്കാറില്ല. പിതാവെ എന്നാണ് സംബോധന. അതവരുടെ ലത്തീന്‍ സംസ്‌കാരം. പക്ഷേ കേരളത്തില്‍ നസ്രാണി പാരമ്പര്യം കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന അപൂര്‍വം റോമന്‍ കത്തോലിക്ക വരത്തര്‍ ഒന്നു ചെയ്യുന്നുണ്ട്. അവര്‍ തിരുമേനി എന്നു അവരുടെ മെത്രാന്മാരെയും ബാവാ എന്നും കാതോലിക്കാ എന്നും തങ്ങളുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമാരെയും അടുത്തകാലത്ത് സംബോധന ചെയ്തുവരുന്നു. ആ പാരമ്പര്യം മോഹിക്കുന്ന ചില ചാണ്ടിമാര്‍ഗ്ഗക്കാര്‍ അവരുടെ മേജര്‍ ആര്‍ച്ചുബിഷപ്പിനെ ബാവാ എന്നു രഹസ്യത്തില്‍ സംബോധന ചെയ്യുക മാത്രമല്ല, നസ്രാണികളുടെ വേദതലവനുമാത്രം അവകാശപ്പെട്ട തറവോദ് കോല്‍ ഹിന്ദോ – ഇന്ത്യയോക്കയുടേയും വാതില്‍ – എന്ന സ്ഥാനനാമവും ചാര്‍ത്തിക്കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. തിരുമേനി അതു മൈന്‍ഡ് ചെയ്യേണ്ട. ഇതിലൂടെ അവരൊക്കെ കാംക്ഷിക്കുന്നത് തങ്ങള്‍ക്ക് നസ്രാണി സ്വത്വം ഉണ്ടാക്കാനാണ്. അത് മറക്കേണ്ട.

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. പക്ഷേ നസ്രാണി പൊങ്ങച്ചക്കാരനാണന്ന് നസ്രാണിക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും പണ്ടേ അറിയാം. … പിന്നെ നിങ്ങള്‍ പത്രങ്ങളില്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ. പണക്കാരനായ അല്പന്‍റെ ഒരു കിഴട്ടുതള്ള മരിക്കുന്നു. അത് അവനു നല്ല ഒരു അവസരമാണ്. നിതാന്ത ദരിദ്രനായ പത്രലേഖകനു ചെയ്യുന്ന ഉദരസത്കാരത്തിന്‍റെ ഫലമായി ‘സ്ഥലവാര്‍ത്തയില്‍’ -‘ഇവിടുത്തെ പുരാതനവും സുപ്രസിദ്ധവുമായ ഒരു ക്രിസ്തീയകുടുംബത്തിലെ’ – എന്ന് കിഴവിയുടെ മരണം രേഖപ്പെടുത്തും… എന്ന് 1934-ല്‍ ഈ. വി. കൃഷ്ണപിള്ള തന്‍റെ അല്പന്മാര്‍ എന്ന രചനയില്‍ എഴുതിവെച്ചത് നസ്രാണിയെ നന്നായി അറിയാവുന്നതുകൊണ്ടാണ്. അതൊന്നും അറിയാതെയാണോ ഇത്തരം പൊങ്ങച്ചക്കാരുടെ മെത്രാനായി തിരുമേനി ഇടിച്ചുകയറിയത്?

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. പക്ഷേ തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ ഇളമുറ തന്ത്രിയുടെ മകനെ ജ്ഞാനസ്‌നാനപ്പെടുത്തിയ മാര്‍ത്തോമ്മാശ്ലീഹായേയും, ആ പരമ്പരയിലെ 43-മത്തെ പുരോഹിത ശ്രേഷ്ഠനായ അങ്ങയുടെ സഭയുടെ പ്രാദേശിക തലവന്‍ എന്നവകാശപ്പെടുന്ന ചെറുവള്ളില്‍ തോമസ് പ്രഥമനേയും തള്ളിപ്പറയുന്ന രീതിയില്‍ (പി. റ്റി ജോണി. ശ്രേഷ്ഠം ഈ ജീവിതം, കോതമംഗലം, 2016) ബ്രാഹ്മണരാഹിത്യം പറഞ്ഞ് അദ്ദേഹത്തിന്‍റെ പൈതൃകത്തെ ചോദ്യം ചെയ്യരുത്. അല്ലെങ്കില്‍ അദ്ദേഹത്തോടും നമ്പൂതിരി പൈതൃക അവകാശവാദം പിന്‍വലിക്കാന്‍ പറയുക.

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. പക്ഷേ തിരുമേനി പറഞ്ഞ കുടുംബയോഗ കാപട്യതയോടു യോജിക്കുന്നു. അതുകൊണ്ട് തിരുമേനി ഒരിക്കലും ഇനി കുടുംബയോഗത്തിനു പോകരുത്. അതു ഇന്ത്യയിലായാലും വിദേശത്തായാലും. കുടുംബയോഗത്തിനു മാത്രമല്ല; പൊങ്ങച്ചം കാണിക്കാന്‍ മാമോദീസ, കല്യാണം, പുരകൂദാശ, ശവമടക്ക്, ചാത്തം ഇവ മെത്രാന്മാരെ വിളിച്ചു നടത്തുന്ന ബ്രാഹ്മണപൈതൃക കപടപൊങ്ങച്ചക്കാരുടെ ഒരു പരിപാടിയിലും തിരുമേനി പങ്കെടുക്കരുത്. അതൊക്കെ നടത്താന്‍ സാദാ കത്തനാര്‍ മതി. പകരം ദളിത് വിഭാഗങ്ങളുടെ മാത്രം മാമോദീസ, കല്യാണം, പുരകൂദാശ, ശവമടക്ക്, ചാത്തം മുതലായവ കൈമുത്ത് വാങ്ങാതെ നടത്തിക്കൊടുക്കണം. അവരുടെ മാത്രം പള്ളികളില്‍ പെരുന്നാളും കഷ്‌നുഭവ ആഴ്ചയും നടത്തണം. ഒരു മേല്‍ജാതിക്കാരെന്‍റെയും വാഹനമോ കടയോ തിരുമേനി ഇനി കൂദാശ ചെയ്യരുത്. അങ്ങിനെ വാക്കുകൊണ്ടല്ല പ്രവര്‍ത്തികൊണ്ട് സ്വന്തം ദളിത്‌പ്രേമം തെളിയിച്ചുകൊടുക്കണം തിരുമേനി.

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. പക്ഷേ തിരുമേനി പറഞ്ഞ വാക്കുകളോട് പ്രതിബദ്ധത അല്പമെങ്കിലും ഉണ്ടെങ്കില്‍ പഴയ കൊച്ചി രാജ്യത്തെ ജന്മികുടുംബമായ മൂക്കഞ്ചേരില്‍ ജനിച്ച് ഉന്നതവിദ്യാഭ്യാസം നേടിയശേഷം അതെല്ലാം ഉപേക്ഷിച്ച് ദളിത് ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ജീവചരിത്രം ഒന്നു വായിച്ചു നോക്കണം. എന്നിട്ട് അദ്ദേഹത്തെ അനുകരിക്ക്. ചുമ്മാ ഫേസ്ബുക്ക് പോസ്റ്റിട്ട് ലൈക്കും കമന്റും വാങ്ങാന്‍ നില്‍ക്കാതെ.

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. പക്ഷേ പോസ്റ്റില്‍ തിരുമേനി പറയുന്നതുപോലുള്ള സവര്‍ണ്ണ മിത്തുകള്‍ ആരും ഉണ്ടാക്കിയതല്ല. നമ്പൂതിരി കേന്ദ്രീകൃത കേരളീയ സാമൂഹ്യ വ്യവസ്ഥിതിയില്‍ സവര്‍ണ്ണ വൈശ്യരായി നസ്രാണി പ്രതിഷ്ഠിക്കപ്പെട്ടതുകൊണ്ട് ഉണ്ടായി വന്നതാണ്. അതു തെറ്റാണെങ്കില്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടണം. എന്തായാലും അത്തരം സവര്‍ണ്ണ ജാതീബന്ധപ്രതിലോമ സമൂഹത്തിന്‍റെ മെത്രാനായി തിരുമേനി ഇനി ഒരു നിമിഷംപോലും തുടരരുത്.

നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. പക്ഷേ കാനോനികമായി വാഴിക്കപ്പെട്ട മെത്രാന്മാരെ തിരുമേനി എന്നു വിളിച്ചേ ശീലമുള്ളു. മലങ്കര സഭയിലെ മാത്രമല്ല, കല്‍ദായ – റോമന്‍ കത്തോലിക്കാ – അന്ത്യോഖ്യന്‍ സഭയിലെ മെത്രാന്മാരെയും അങ്ങിനെ വിളിച്ചേ ശീലമുള്ളു. ഇനിയും വിളിക്കും. മൊത്തം നസ്രാണിക്കും കുറഞ്ഞത് ഒന്നര നൂറ്റാണ്ടായി അതാണു ശീലം. അവരിനിയും വിളിക്കും. തിരുമേനിയെ അങ്ങിനെ വിളിക്കുന്നത് അരോചകമെങ്കില്‍ ദയവായി ചെവി പോത്തിക്കൊള്ളുക. അവര്‍ അങ്ങയുടെ ‘തിരുബോഡി‘യെ അല്ല സംബോധന ചെയ്യുന്നത്; അങ്ങു വഹിക്കുന്ന മഹാപൗരോഹിത്യത്തെയാണ്. അതിനെ തുഛീകരിക്കരുത്. അതു വഹിക്കാന്‍ യോഗ്യതയില്ലന്നു സ്വയം തോന്നുന്നുവെങ്കില്‍ ലോകത്തില്‍നിന്നു പിന്മാറി വല്ല ദയറായിലും നിശബ്ദനായി ഏകാന്തജീവിതം നയിക്കുക.

വെറുതെ നസ്രാണിയെ നാറ്റിക്കരുത്.

(തലക്കെട്ടിനു കടപ്പാട് – ലേലം സിനിമാ 1997. എം. ജി. സോമന്‍റെ ഡയലോഗ്)

(OVS Online, 15 ഏപ്രില്‍ 2018)