OVS - ArticlesOVS - Latest News

നസ്രാണി ഐക്കണോഗ്രഫി : ഡോ. എം. കുര്യന്‍ തോമസ്

ഐക്കണ്‍ എന്ന ഗ്രീക്ക് വാക്കിന് ഇമേജ് അഥവാ പ്രതിരൂപം എന്നുമാത്രമാണ് വാച്യാര്‍ത്ഥം. പക്ഷേ പ്രയോഗത്തില്‍ വിശുദ്ധ രൂപങ്ങള്‍ എന്നാണ് ഐക്കണ്‍ ഇന്ന് വിവക്ഷിക്കപ്പെടുന്നത്. ഈയര്‍ത്ഥത്തില്‍ ഐക്കണോഗ്രാഫിയെ പവിത്രകലാസങ്കേതം എന്നു പരാമര്‍ശിക്കുന്നതില്‍ തെറ്റില്ല.

ക്രൈസ്തവസഭയുടെ ആദ്യ നൂറ്റാണ്ടുകളില്‍ത്തന്നെ ഐക്കണോഗ്രാഫിയും ആരംഭിച്ചു. ആദ്യകാലക്രൈസ്തവസഭയുടെ ചിഹ്നമായ മത്സ്യങ്ങളെ ക്രിസ്ത്യന്‍ ഐക്കണുകളുടെ ആദ്യരൂപമായി കണക്കാക്കാം. റോമാ സാമ്രാജ്യത്തിലെ സഭകളില്‍ ഐക്കണോഗ്രഫി ക്രിസ്തു ആദ്യ സഹസ്രാബ്ധത്തില്‍ വളരെയധികം വികസിച്ചു. ഐക്കണുകളുടെ ഉപയോഗം വര്‍ദ്ധിച്ച് അവയ്ക്ക് വിശുദ്ധ പരിവേഷം നല്‍കുന്ന നിലവരെയെത്തി. ഇതിനെതിരെ ഐക്കണോക്ലസ്റ്റ് അഥവാ വിഗ്രഹഭംജ്ഞനം എന്ന ഒരു പ്രസ്ഥാനം തന്നെ എട്ട് , ഒന്‍പത് നൂറ്റാണ്ടുകളില്‍ റോമാ സാമ്രാജ്യത്തില്‍ ഉടലെടുത്തു.

പൌരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളില്‍ ഐക്കണോഗ്രഫി വേദശാസ്ത്ര പശ്ചാത്തലത്തോടെ വളര്‍ന്നു വികസിച്ചു. ഇന്ന് ബൈസന്റ്യന്‍ സഭകളുടെ സഭാശാസ്ത്ര വിജ്ഞാനീയത്തിന്‍റെ അവിഭാജ്യ ഘടകമാണ് ഐക്കണുകള്‍. ഐക്കണുകളുടെ വേദശാസ്ത്രത്തെയും ചരിത്രത്തെയും പറ്റിവളരെ ഗഹനമായപഠനങ്ങള്‍ ബൈസന്റ്യന്‍ സഭകളില്‍ നടക്കുന്നുണ്ട്. എന്തിനധികം! വി. ത്രിത്വത്തിന്‍റെ പ്രശസ്തമായ ഐക്കണ്‍വരച്ച അന്ദ്രേ റുബ്‌ളൈനെ 1989-ല്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ പരിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ന് ഗ്രീക്ക് റഷ്യന്‍ സഭകളിലാണ് ഐക്കണോഗ്രഫി ഏറ്റവുമധികം വികസിച്ചിരിക്കുന്നത്.

റോമന്‍ കത്തോലിക്ക സഭ നിയതമായ വേദശാസ്ത്ര പാശ്ചാത്തലത്തോടുകൂടിയ ഐക്കണോഗ്രഫി അംഗീകരിക്കുന്നുണ്ടെങ്കിലും മദ്ധ്യകാലഘട്ടത്തിലെ യാഥാര്‍ഥ ചിത്രീകരണശൈലിയാണ് ഇന്നവിടെ മുന്നിട്ടുനില്‍ക്കുന്നത്. ലിയര്‍ണോ ഡാവിഞ്ചി, മൈക്കലാഞ്ചലോ, റംബ്രാന്റ് മുതലായവരുടെ ശൈലിയിലുള്ള ചിത്രങ്ങള്‍ക്കാണ് ഇന്ന് റോമന്‍ കത്തോലിക്ക സഭയില്‍ മുന്‍തൂക്കം. പിന്നീടുണ്ടായ പ്രൊട്ടസ്റ്റന്റു സഭകളാകട്ടെ പരമ്പരാഗത ഐക്കണോഗ്രഫിയെ പൂര്‍ണ്ണമായും നിരസിച്ചു. ഇന്ന് ഭാഗികമായെങ്കിലും പ്രൊട്ടസ്റ്റന്റു സഭകള്‍ അംഗീകരിക്കുന്നത് യഥാതഥ ചിത്രീകരണത്തെയാണ്. അതും അവയുടെ സഭാപരവും വേദശാസ്ത്രപരവുമായ പശ്ചാത്തലം ഒഴിവാക്കിയാണ്.

ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയിലും ഐക്കണുകള്‍ ഉണ്ടായിരുന്നു. ബൈസന്റ്യന്‍ സഭകളിലെപ്പോലെ വികസിച്ചില്ലങ്കിലും സ്വന്തമായ ഒരു പവിത്രകലാസങ്കേതം അവയും വികസിപ്പിച്ചെടുത്തു. സിറിയയിലാണ് ക്രൈസ്തവ ഐക്കണോഗ്രഫി ആരംഭമിട്ടതെങ്കിലും ഗ്രീക്ക് ഐക്കണോഗ്രഫിയാണ് വികസനം പ്രാപിച്ചത്. ഗ്രീക്ക് ഐക്കണോഗ്രഫി പില്‍ക്കാലത്ത് ഓറിയന്റല്‍ സഭകളുടെ ഐക്കണോഗ്രഫിയെ സ്വാധീനിച്ചു. ബൈസന്റ്യന്‍ സഭകളുമായി ഏറ്റവും അടുത്ത ബന്ധമുള്ള അര്‍മീനിയന്‍ സഭയാണ് ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ ഐക്കണോഗ്രഫിയില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത്. ഇസ്ലാമിന്‍റെ വളര്‍ച്ചയും സമ്മര്‍ദ്ദവും പരിമിതെടുത്തിയെങ്കിലും അന്തോഖ്യന്‍, കോപ്ടിക് സഭകള്‍ക്കും സ്വന്തമായ ഐക്കണോഗ്രഫിയുണ്ട്. അവയേക്കാള്‍ ബഹുദൂരം മുന്നിലായ എത്യോപ്യന്‍ ഐക്കണോഗ്രഫിയില്‍, പ്രകടമായ ആഫ്രിക്കന്‍ കലാസ്വാധീനമുണ്ട്.

പുരാതന സഭകളില്‍ സ്വന്തമായ പവിത്രകലാസങ്കേതം വികസിക്കാത്ത ഏകസഭ മലങ്കര സഭയാണ്. ചരിത്രപരമായ പലസാഹചര്യങ്ങളും ഇതിനു കാരണമായി നിരത്താനുണ്ട്. ഒന്നാമതായി, മലങ്കരസഭ 16-ാം നൂറ്റാണ്ടുവരെ ബന്ധെപ്പെട്ടുനിന്നിരുന്ന പേര്‍ഷ്യന്‍ സഭ കലാനീരാസം അനുവര്‍ത്തിക്കുന്ന ഒന്നായിരുന്നു. പള്ളിക്കുള്ളിലോ പുറത്തോ മതപരമായ ചിത്രങ്ങളോ ശില്പങ്ങളോ അനുവദിക്കാത്ത ഒരു മതസംസ്‌കാരമായിരുന്നു പേര്‍ഷ്യന്‍ സഭയ്ക്കുണ്ടായിരുന്നത്. സ്വാഭാവികമായും ഈ മതപശ്ചാത്തലത്തില്‍ മുന്നേറിയ നസ്രാണി സമൂഹം പവിത്രകലാരൂപങ്ങളില്‍ നിന്നും അന്യമായതില്‍ അത്ഭുതത്തിനവകാശമില്ല. നസ്രാണിദേവാലയങ്ങളിലെ തിരുസ്വരൂപങ്ങളുടെ അഭാവത്തിനു പേര്‍ഷ്യന്‍ സഭയെ ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനകള്‍ കുറ്റടെുത്തുന്നുണ്ട്

മറുവശത്ത് കേരളത്തിന്‍റെ മുഖ്യധാരാ മതസങ്കല്‍പ്പം വിപരീതദിശയിലാണ് മുന്നേറിയത്. ക്ഷേത്രശില്പങ്ങളും ചിത്രങ്ങളും ബ്രാഹ്മണമതത്തിനു കീഴില്‍ കേരളത്തില്‍ വളര്‍ന്നു വികസിക്കുകയായിരുന്നു. ഒരേ ശില്പികളായിരുന്നു കേരളത്തില്‍ ക്ഷേത്രങ്ങളും നസ്രാണിപള്ളികളും പണിതിരുന്നത്. അത്തരമൊരു സാഹചര്യത്തില്‍ പ്രാദേശിക കലാസങ്കേതത്തിന്‍റെ ക്രൈസ്തവ രൂപഭാവങ്ങള്‍ നസ്രാണി പള്ളികളില്‍ ഉള്‍പ്പെടുവാനുള്ള സാഹചര്യം വളരെയധികമായിരുന്നു. പക്ഷേ അപ്രകാരം സംഭവിച്ചതായി കാണുന്നില്ല.

ഇതിനു പേര്‍ഷ്യന്‍ സഭയുടെ വേദശാസ്ത്രം ഒരു പരിധിവരെ കാരണമാണെങ്കിലും മന:പൂര്‍വമായ ഒരു നസ്രാണി പ്രതിരോധം ഇതിനു പിറകിലില്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ജാതിപരമായി ബ്രാഹ്മണമതവുമായി ഇഴുകിച്ചേര്‍ന്നു കഴിയുന്ന നസ്രാണി സമൂഹത്തില്‍ തീര്‍ച്ചയായും മുഖ്യധാരാമതത്തിന്‍റെ സ്വാധീനം ഉണ്ടാകും. ഇത്തരമൊരു സ്വാധീനം ബ്രാഹ്മണ പൗരോഹിത്യത്തിന്‍റെ നുഴഞ്ഞുകയറ്റത്തിനും അത്യന്തികമായി നസ്രാണി മതത്തിന്‍റെ അന്ത്യത്തിനും വഴിതെളിക്കും. മറ്റു പലമതങ്ങളെയും പോലെ നസ്രാണി മതവും ബ്രാഹ്മണമതത്തിന്‍റെ ഒരു ശാഖയായി അധ:പതിക്കുകയാകും ഫലം. യേശുക്രിസ്തുവും പരിശുദ്ധന്മാരും ഒരുപക്ഷേ ആ മതത്തിലെ ഉപദേവതമാരായി അവരോധിക്കെപ്പെടാനും മതി. ശൈവമത പ്രചാരകനായ മാണിക്കവാചകരുടെ പ്രവര്‍ത്തനങ്ങളുടെ അനന്തര ഫലത്തെപ്പറ്റി സജീവമായ സ്മരണകള്‍ നിലനിന്നിരുന്ന നസ്രാണികള്‍ ഈ അപകടത്തെപ്പറ്റി തികച്ചും ബോധവാന്മാരായിരുന്നിരിക്കണം. അത്തരം ഒരു സാഹചര്യം ഒഴിവാക്കാന്‍ പേര്‍ഷ്യന്‍സഭാ പാരമ്പര്യത്തിന്‍റെ പിന്‍ബലത്തോടെ നസ്രാണികള്‍ ബോധപൂര്‍വമായ ഒരു പ്രതിരോധനിര തീര്‍ത്തതാവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

പോര്‍ട്ടുഗീസുകാരോടൊം എത്തിയ റോമന്‍ കത്തോലിക്കാ സഭയുടെ അധിനിവേശകാലത്ത് അവര്‍ ചിത്രങ്ങളും ശില്പങ്ങളും നസ്രാണികളുടെ ഇടയില്‍ പ്രചരിപ്പിക്കുകയും അടിച്ചേല്‍പ്പിക്കുകയും ചെയ്തു. ഈ പ്രചരണകോലാഹലങ്ങളും അവയോടൊം പ്രചരിപ്പിച്ച ചില തിരുസ്വരൂപങ്ങളെറ്റിയുള്ള അത്ഭുതകഥകളും നസ്രാണി മനസില്‍ ഇവയ്ക്ക് അംഗീകാരം നേടിക്കൊടുത്തു. ചിത്രശില്പബഹുലമായ നമ്പൂതിരി മതത്തിന്‍റെ സാമീപ്യവും ഇതിനു കാരണമായി. ചുരുങ്ങിയ കാലംകൊണ്ട് നസ്രാണി ദേവാലയങ്ങള്‍ ചിത്രങ്ങള്‍കൊണ്ടും തിരുസ്വരൂപങ്ങള്‍കൊണ്ടും നിറഞ്ഞു. പോര്‍ട്ടുഗലില്‍ നിന്നും ഇറക്കുമതി ചെയ്തവയായിരുന്നു മലങ്കരയിലെ ആദ്യകാല ചിത്രങ്ങളും തിരുസ്വരൂപങ്ങളും. പിന്നീട് കൊച്ചി കേന്ദ്രമാക്കി യൂറോപ്യന്‍ കലാസങ്കേതത്തിലുള്ള ചിത്രശില്പ നിര്‍മാണം ആരംഭിച്ചു. പോര്‍ട്ടുഗീസുകാരില്‍ നിന്നും തൊഴില്‍ത്തഴക്കം ലഭ്യമായ ഇവരാണ് പിന്നീട് 20-ാം നൂറ്റാണ്ടിന്‍റെ ആദ്യപാദംവരെയും കേരളത്തിലെ പള്ളി ചിത്രങ്ങളുടെ മുഴുവന്‍ രചയിതാക്കള്‍. മഞ്ഞുമ്മേല്‍ പെയ്ന്റര്‍മാരെന്നാണ് ഇവര്‍ പൊതുവെ അറിയപ്പെട്ടുവന്നത്.

1653-ലെ കൂനന്‍ കുരിശു സത്യത്തോടെ കേപ്പായുടെ മാര്‍ഗ്ഗം നസ്രാണികള്‍ നിരസിച്ചെങ്കിലും റോമന്‍ കത്തോലിക്കര്‍ പ്രചരിപ്പിച്ച തിരുസ്വരൂപങ്ങളോടുള്ള അഭിനിവേശം നസ്രാണികളില്‍ കെട്ടടങ്ങിയില്ല. റോമന്‍ കത്തോലിക്കാ ഭരണകാലത്തെ നിര്‍മിതികള്‍ കൂടാതെ കൂനന്‍ കുരിശിനുശേഷവും നസ്രാണികള്‍ പുതിയ തിരുസ്വരൂപങ്ങള്‍ നിര്‍മ്മിച്ചതിനു രേഖകളുണ്ട്. 18-ാം നൂറ്റാണ്ടിലെ അന്തോഖ്യന്‍ മെത്രാന്മാരുടെ നിശിതമായ വിഗ്രഹഭംജ്ഞനവും 19-ാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റു കോലാഹലവും കഴിഞ്ഞ് 1876-ല്‍ പ. പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസിന്‍റെ ആഗമനകാലത്തുപോലും ഈ തിരുസ്വരൂപങ്ങള്‍ നിലനിന്നിരുന്നു എന്നത് ചുരുങ്ങിയ കാലംകൊണ്ട് ഇവ നസ്രാണി മനസിനെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്നതിന്‍റെ തെളിവാണ്. ഇന്നും ചോട്, പുത്തന്‍കാവ് മുതലായ പള്ളികളില്‍ ഈ തിരുസ്വരൂപങ്ങള്‍ നശിപ്പിച്ചുകളയാതെ സൂക്ഷിച്ചിട്ടുണ്ട്.

കൂനന്‍കുരിശു സത്യത്തെതുടര്‍ന്ന് നസ്രാണികള്‍ക്ക് സഭാശാസ്ത്രപരമായ ദിശാബോധം നല്‍കിയ മാര്‍ ഈവാനിയോസ് ഹദിയള്ള സ്വരൂപങ്ങളെ നിരാകരിച്ചു എങ്കിലും ചിത്രങ്ങളുടെ ഉപയോഗം അനുവദിച്ചു. പിന്നീടു 1748-ല്‍ ബസ്രയില്‍ നിന്നും വന്ന മാര്‍ ഈവാനിയോസ് ആകട്ടെ തന്‍റെ പ്രവര്‍ത്തനംകൊണ്ട് വിഗ്രഹഭംജ്ഞകന്‍ എന്ന വിശേഷണത്തിനുതന്നെ അര്‍ഹനായി. ഇവയ്‌ക്കൊന്നിനും റോമന്‍ കത്തോലിക്കര്‍ പ്രചരിപ്പിച്ച പവിത്ര കലാസങ്കേതത്തെ മാറ്റി മറിക്കാനായില്ല. ചിത്രങ്ങള്‍ അനുവദിച്ചെങ്കിലും മാര്‍ ഈവാനിയോസ് ഹദിയള്ളയ്‌ക്കോ പിന്‍ഗാമികള്‍ക്കോ പോര്‍ട്ടുഗീസ് കലാസങ്കേതത്തിന്‍റെ സ്ഥാനത്ത് ഒരു സുറിയാനി കലാസങ്കേതത്തെ പ്രതിഷ്ടിക്കാനായില്ല എന്നതാണ് ഇതിനു കാരണം.

20-ാം നൂറ്റാണ്ടിന്‍റെ അവസാനപാദത്തില്‍ യാതൊരു മാനദണ്ഡവുമില്ലാത്ത ചിത്രരചനകളാണ് നസ്രാണിപ്പള്ളികളില്‍ അരങ്ങേറിയത്. ചുരുങ്ങിയത് ജസ്യൂട്ടുകള്‍ പ്രചരിപ്പിച്ച റോമന്‍ കത്തോലിക്കാ സങ്കേതമെങ്കിലും അനുവര്‍ത്തിച്ചു വന്നവരായിരുന്നു മഞ്ഞുമ്മേല്‍ പെയിന്റര്‍മാര്‍. അവരെയെല്ലാം പിന്‍തള്ളി ചിത്രരചന അറിയാവുന്നവരെല്ലാം നസ്രാണി പള്ളി ചിത്രീകരണത്തില്‍ ചേക്കേറി. യാതൊരു മാനദണ്ഡവുമില്ലാത്ത ഈ ചിത്രീകരണ കോലാഹലത്തിന്‍റെ അനന്തരഫലമാണ് മസിലുപിടിച്ചു നില്‍ക്കുന്ന യോഹന്നാന്‍ സ്‌നാപകനെയൊക്കെ പല മദ്ബഹകളിലും ഇന്നു കാണേണ്ടി വരുന്നത്. പവിത്രകലാസൃഷ്ടിക്ക് ഒരു രീതിശാസ്ത്രം നല്‍കുന്നതില്‍ സഭ ശ്രദ്ധിച്ചിട്ടില്ല എന്നതാണ് ഇതിനു കാരണം. സമീപകാലത്ത് ബൈസന്റ്യന്‍ ഐക്കണോഗ്രാഫി പ്രചരിപ്പിക്കാന്‍ ഡോ. പൗലൂസ് മാര്‍ ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് എന്നിവര്‍ നടത്തിയ ശ്രമം അവരുടെ ശിഷ്യാര്‍ത്തന്നെ നിര്‍ദ്ദയം പരാജയെടുത്തുകയും ചെയ്തു.

ഈ കലാസങ്കേത ചരിത്രത്തിലൊരിടത്തും നസ്രാണികള്‍ക്ക് തനതായ ഒരു പവിത്രകലാ സങ്കേതമുണ്ടായിരുന്നോ എന്ന് വിശകലനം ചെയ്യാന്‍ ആരും മിനക്കെട്ടില്ല. പോര്‍ട്ടുഗീസ് പൂര്‍വകാലഘട്ടത്തില്‍ നസ്രാണികളുടേതായി ഒന്നുമില്ലായിരുന്നു എന്ന മുന്‍വിധിയോടെയാണ് ചരിത്രത്തെ സമീപിക്കുന്നത്. ഉദാഹരണത്തിനു പ്രസിദ്ധമായ പേര്‍ഷ്യന്‍ കുരിശുകള്‍ എടുക്കാം. നിശ്ചയമായും പോര്‍ട്ടുഗീസ് കാലഘട്ടത്തിനു മുമ്പുള്ള നിര്‍മിതികളാണവ. അവയിലെ സുറിയാനി/പാഹ്‌ലവി ലിഘിതങ്ങള്‍ മൂലം ആദ്യകാല ചരിത്രകാരന്മാര്‍ അവയെ പേര്‍ഷ്യന്‍ കുരിശുകള്‍ എന്നു വിളിച്ചു. പക്ഷേ അവയ്ക്കു സമാനമായ കുരിശുകള്‍ പേര്‍ഷ്യയില്‍ ഉണ്ടായിരുന്നോ എന്നന്വേഷിക്കാന്‍ ആരും മിനക്കെട്ടില്ല. താമരയും പ്രാവും ചേര്‍ന്ന ഈ നിര്‍മിതികള്‍ കുരിശിന്‍റെ ഒരു നസ്രാണി വികസനമാണോയെന്നു പരിശോധിക്കാനും ആരും ഇതഃപര്യന്തം ശ്രമിച്ചില്ല. കുരിശും കുരിശിന്‍റെ അലങ്കാരങ്ങളും പേര്‍ഷ്യന്‍ സഭയ്ക്കു നിഷിദ്ധമല്ലായിരുന്നു. ആ വേദശാസ്ത്ര പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഇന്ത്യന്‍ സഭയ്ക്ക് സ്വന്തമായ ഒരു കുരിശിന്‍റെ മാതൃക രൂപപ്പെടുത്തുവാനുള്ള സാമഗ്രികള്‍ കൈവശമുണ്ടായിരുന്നു. പ്രത്യേകിച്ചും ഭീമാകാരങ്ങളായ കരിങ്കല്‍ കുരിശുകള്‍ ബുദ്ധമതത്തില്‍ നിന്നും സ്വാംശീകരിച്ച കമഴ്ത്തിവെച്ച താമരയ്ക്കുള്ളില്‍ സ്ഥാപിച്ച നസ്രാണി പാരമ്പര്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതിനുള്ള സാദ്ധ്യത വളരെയധികമാണ്. ഇതേപോലെതന്നെ നിരണം പള്ളിയുടെ മാമോദീസ തൊട്ടിയില്‍ കൊത്തിയിരിക്കുന്ന അനന്യദൃശ്യമായ കുരിശും പഠന വിധേയമാക്കിയിട്ടില്ല.

പേര്‍ഷ്യന്‍ കുരിശിനു മറ്റൊരു ദൗര്‍ഭാഗ്യവും വന്നുചേര്‍ന്നു 1980-കളില്‍ കേരളത്തിലെ സിറിയന്‍ റോമന്‍ കത്തോലിക്കര്‍ക്കിടയില്‍ കൊടുങ്കാറ്റുയര്‍ത്തിയ ആരാധനാക്രമ വിവാദത്തില്‍ ഈ കുരിശു ബലിയാടായി. റോമന്‍ കത്തോലിക്കരിലെ ലത്തീന്‍ക്രമ പക്ഷപാതികള്‍ മറുഭാഗം ദേശീയതനിമയായി ഉയര്‍ത്തിക്കാട്ടിയ പേര്‍ഷ്യന്‍ കുരിശിനെ മാനി എന്ന പേര്‍ഷ്യന്‍ വേദവിപരീതിയുമായി ബന്ധെപ്പെടുത്തി അക്രൈസ്തവായി മുദ്രകുത്തി. ലോകത്തിലെ മാണിക്കേയല്‍ മതപണ്ഡിതരാരും മാനിയ്ക്ക് ഒരു കുരിശുണ്ടായിരുന്നതായി സൂചിപ്പിക്കുന്നില്ല എന്ന വസ്തുത സൗകര്യപൂര്‍വ്വം ലത്തീന്‍ വാദികള്‍ വിസ്മരിച്ചു. ഇരു കൂട്ടരും ഈ കുരിശിന് ഒരു ഇന്ത്യന്‍ പശ്ചാത്തലമുണ്ടോയെന്നു പരിശോധിക്കാന്‍ മിനക്കെട്ടുമില്ല.

സ്വന്തമായി ചില ക്രൈസ്തവ പ്രതികങ്ങളെ സാംശ്വീകരിക്കുവാനുള്ള ചില ശ്രമങ്ങളും ഇതിനിടയില്‍ നടന്നിട്ടുണ്ട്. ഉദാഹരണത്തിന് പ. ത്രിത്വത്തെ പ്രതീകവല്‍ക്കരിക്കുന്ന സമഭുജ ത്രികോണത്തിനുള്ളില്‍ തുറന്നിരിക്കുന്ന കണ്ണ് പഴയ സെമിനാരി, നിരണം പള്ളി എന്നിവടങ്ങളിലെ മെസി്കിന്‍ സബിനായില്‍ ആലേഖനം ചെയ്തിട്ടുണ്ട്. മുകളില്‍ പറഞ്ഞ രണ്ടിന്‍റെയും നിര്‍മാണവുമായി ബന്ധമുള്ള പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ഒരു പത്രസീനിലും ഈ ചിഹ്നം തയ്ച്ചിരുന്നു. എസേനിയല്‍മാരില്‍ നിന്നും ക്രൈസ്തവ ലോകത്തിനു ലഭിച്ച ഈ ചിഹ്നം എങ്ങനെ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ശ്രദ്ധയില്‍പ്പെട്ടെന്നു നിശ്ചയമില്ല. പക്ഷേ പിന്നീടാരും അത് പിന്‍തുടരുന്നതായി കാണുന്നുമില്ല.

സ്വന്തമായ ഒരു പവിത്രകലാശൈലി രൂപടെുത്താനുള്ള അടിസ്ഥാന ഘടകങ്ങള്‍ നസ്രാണികള്‍ക്കുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഉദാഹരണത്തിന് മാര്‍ത്തോമ്മാ ശ്ലീഹായെ പരിഗണിക്കാം. മാര്‍ത്തോമ്മാ ശ്ലീഹായുടെ അപദാനങ്ങളെ വിവരിക്കുന്ന ആക്ടാ തോമ്മ നസ്രാണികള്‍ക്ക് സുപരിചിതമായിരുന്നു. അതില്‍ നിന്നും രൂപംകൊണ്ട മാര്‍ഗ്ഗംകളി എന്ന അനുഷ്ടാനകലയും അവര്‍ക്കുണ്ടായിരുന്നു. പക്ഷേ ഇവയെ ബന്ധിപ്പിക്കുന്ന ഒരു ചിത്രകലാശൈലി രൂപം കൊണ്ടില്ല. മാര്‍ത്തോമ്മാ ശ്ലീഹായെപ്പറ്റിത്തന്നെ സുന്ദരമായൊരു നസ്രാണി സങ്കല്‍ം നിലവിലുണ്ട്. അതനുതരിച്ച് ആശാരിമട്ടവും വേദപുസ്തകചുരുളും വടിയുമേന്തിയാണ് മാര്‍ത്തോമ്മാശ്ലീഹാ കേരളത്തിലെത്തിയത്. അതോടൊപ്പം ലൂക്കോസ് ഏവന്‍ഗേലീസ്ഥ വരച്ച ദൈവമാതാവിന്‍റെയും ശിശുവിന്‍റെയും ചിത്രവും ഉണ്ടായിരുന്നതായും പാരമ്പര്യം പറയുന്നു.

നസ്രാണി പാരമ്പര്യം ഇന്ത്യന്‍ ദേവതകളോടൊം മാര്‍ത്തോമ്മാശ്ലീഹായ്ക്കും യാത്രയ്ക്കായി ഒരു മൃഗത്തെ സങ്കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. മയിലാണ് മാര്‍ത്തോമ്മാശ്ലീഹായുടെ വാഹനം. ഈ പാരമ്പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് പുരാതന ദേവാലയങ്ങളിലും കല്‍ക്കുരിശുകളുടെ മണ്ഡപങ്ങളിലും മയിലിനെ കൊത്തിവച്ചിരിക്കുന്നത് എന്നാണ് ചരിത്രമതം. പക്ഷേ ഈ പാരമ്പര്യങ്ങളെ മാര്‍ത്തോമ്മാ ശ്ലീഹായുടെ ചിത്രീകരണത്തില്‍ സങ്കലനം ചെയ്യുന്നതില്‍ നസ്രാണികള്‍ പരാജയപ്പെട്ടു. അറിവില്‍പെട്ടിടത്തോളം ദേവലോകം അരമനയില്‍ പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പു സ്ഥാപിച്ചിരിക്കുന്ന പേടകത്തിലുള്ള ഒരൊറ്റ കൊത്തുപണിമാത്രമാണ് ഈ സങ്കല്‍ത്തിനു ദൃശ്യാവിഷ്‌ക്കരണം നല്‍കിയിരിക്കുന്നത്.

മാര്‍ ഗീവര്‍ഗീസ് സഹദായുടെ ചിത്രവും വ്യത്യസ്തമല്ല. സര്‍പ്പ നിഗ്രഹകനായിട്ടാണ് മാര്‍ ഗീവര്‍ഗീസ് സഹദ നസ്രാണി മനസ്സില്‍ കുടിയിരിക്കുന്നത്. ലോകത്തിലെ മറ്റൊരു പാരമ്പര്യത്തിലും മാര്‍ ഗീവര്‍ഗീസ് സഹദയും പാമ്പുമായി ബന്ധെപ്പെടുത്തിയ ഐതീഹ്യങ്ങളൊന്നുമില്ല. കേരളത്തില്‍ മാര്‍ ഗീവര്‍ഗീസ് സഹദായെയും പാമ്പിനെയും ചിത്രീകരിച്ചിരിക്കുന്ന ഒരൊറ്റ രചനപോലുമില്ല. ഉള്ളവയെല്ലാം പാശ്ചാത്യമായ മാര്‍ ഗീവര്‍ഗീസ് സഹദയും വ്യാളിയും ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ മാത്രമാണ്.

മലങ്കര സഭാ പിതാക്കന്‍മാരുടെ ചിത്രരചനയ്ക്കു പ്രത്യേകമായ നിഷ്‌കര്‍ഷകളൊന്നും സഭ നല്‍കിയിട്ടുമില്ല പാലിക്കുന്നുമില്ല. എിസ്‌ക്കോപ്പന്‍മാര്‍, മെത്രാാപ്പോലീത്തമാര്‍, മലങ്കര മെത്രാപ്പോലീത്തമാര്‍, കാതോലിക്കമാര്‍ ഇവരെ ചിത്രങ്ങളില്‍ തിരിച്ചറിയുവാനുള്ള സംജ്ജകളൊന്നും സഭ നിര്‍വചിച്ചിട്ടില്ല. അപ്രകാരം ഒരു നിര്‍വചനത്തിനുള്ള കാലം അതിക്രമിച്ചിരിക്കുകയാണ്.

അതേപോലെതന്നെ സഭാ പിതാക്കന്മാരെ അവരുടെ പ്രവര്‍ത്തന മേഖലകള്‍ക്കനുസ്രതമായി തിരിച്ചറിയുവാനും പ്രതീകങ്ങള്‍ രൂപെടുത്തേണ്ടിയിരിക്കുന്നു. അത്ഭുത പ്രവര്‍ത്തകരായ പ. പരുമല തിരുമേനി, പ. പാമ്പാടി തിരുമേനി, പ. കല്ലാശ്ശേരി ബാവ തുടങ്ങിയവരടങ്ങുന്ന മറ്റൊരു ഗണവും, ഭരണശേഷി തെളിയിച്ച പുലിക്കാട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍, മഹാനായ വട്ടക്കുന്നേല്‍ ബാവ, തോമ്മ മാര്‍ ദീവന്നാസ്യോസ്, തുടങ്ങിയവരടങ്ങുന്ന മറ്റൊരു ഗണവും അക്ഷരങ്ങളിലൂടെ സഭാസേവനം നടത്തിയ കായംകുളം പീലിാപ്പോസ് റമ്പാന്‍, പ. വട്ടശ്ശേരില്‍ ദീവന്നാസ്യോസ് ആറാമന്‍, പ. ഔഗേന്‍ ബാവ, ഡോ. പൗലൂസ് മാര്‍ ഗ്രിഗോറിയോസ്, സഭാകവി സി. പി. ചാണ്ടി. തുടങ്ങിയവരടങ്ങിയ മൂന്നാമതൊരു ഗണവും, പീഢകളനുഭവിച്ച മഹാനായ മാര്‍ത്തോമ്മ ഒന്നാമന്‍, വലിയ മാര്‍ ദീവന്നാസ്യോസ്, ചെപ്പാട്ട് മാര്‍ ദീവന്നാസ്യോസ് തുടങ്ങിയവരടങ്ങിയ നാലാമതൊരു ഗണവും തമ്മില്‍ തിരിച്ചറിയാവുന്ന പ്രത്യക്ഷ പ്രതീകങ്ങള്‍ വികസിപ്പിക്കേണ്ടിയിരിക്കുന്നു. ഇവരില്‍ പലരും ഒന്നിലധികം ഗണങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍ ഈ പ്രതീകങ്ങളെ സങ്കലനം ചെയ്യാനും സാധിക്കണം.

മലങ്കരസഭയ്ക്ക് സ്വന്തമായ ഒരു ഐക്കണോഗ്രഫി രൂപപ്പെടുത്തുക ക്ഷിപ്രസാദ്ധ്യമല്ല. പക്ഷേ ദേവാലയാന്തര ചിത്രീകരണത്തിന് കര്‍ശനമായ ഒരു നിയന്ത്രണം ഉടന്‍ ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നു. പരിമിതമായതോതിലെങ്കിലും ഒരു പൊതുവായ ചട്ടക്കൂടും ഇവയ്ക്കു നിര്‍ദ്ദേശിക്കണം. അതിനു യോഗ്യരും പരിശീലനം ലഭിച്ചവരുമായ മനുഷ്യവിഭവശേഷി ഇന്നു മലങ്കരസഭയ്ക്കുണ്ട്.