OVS - Latest NewsOVS-Kerala News

സ്​റ്റേ കാലാവധി ആറു മാസം;സുപ്രീം കോടതിയുടെ ചരിത്രവിധിയിൽ പള്ളിക്കേസുകൾക്ക് പുതുജീവൻ

ന്യൂഡൽഹി: നിയമ നടപടികളെ തടസപ്പെടുത്തുന്ന കോടതികളുടെ സ്​റ്റേ ഒാർഡറുകൾക്ക്​ സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി. സ്റ്റേ ഓർഡറുകൽക്ക് ആറുമാസം വരെ മാത്രമേ കാലാവധി ഉണ്ടായിരിക്കുകയുള്ളൂവെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. സിവിൽ, ക്രിമിനൽ കേസുകൾക്കെല്ലാം ഇത് ബാധകമാണ്. ആറുമാസത്തിന് ശേഷം സ്റ്റേ ഓർഡർ സ്വാഭാവികമായും ഇല്ലാതാകുമെന്നും സുപ്രധാന വിധിയിൽ മൂന്നം​ഗ ബെഞ്ച് വ്യക്തമാക്കി.

ജസ്റ്റിസുമാരായ എ കെ ​ഗോയൽ, നവീൻ സിൻഹ, ആർ എഫ് നരിമാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ചരിത്രപ്രാധാന്യമായ വിധി പുറപ്പെടുവിച്ചത്. ഡൽഹിയിലെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട്, രണ്ട് പതിറ്റാണ്ട് മുമ്പ് സിബിഐ രജിസ്റ്റർ ചെയ്ത കേസ് പരി​ഗണിച്ചപ്പോഴാണ് കോടതി സ്റ്റേ ഉത്തരവുകൾക്ക് കാലപരിധി നിശ്ചയിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റേ ഓർഡറുകൾക്ക് കാലപരിധി നിശ്ചയിച്ച ഉത്തരവിന്റെ കോപ്പി എല്ലാ ഹൈക്കോടതികൾക്കും, കീഴ് കോടതികൾക്കും നൽകാൻ പരമോന്നത നീതിപീഠം ഉത്തരവിട്ടു.

നിലവിൽ കോടതി സ്​റ്റേ മൂലം നിയമ നടപടികൾ നിർത്തിവെച്ച എല്ലാ കേസുകളും ആറുമാസത്തിനു ശേഷം പുനരാരംഭിക്കാമെന്ന്​ കോടതി വിധിച്ചു. ആറുമാസത്തിലേക്കാൾ കൂടുതൽ ദിവസം സ്​റ്റേ വേണമെന്ന്​ ജഡ്​ജി കരുതുന്ന കേസുകളിലെ വിധിയിൽ സ്​റ്റേ നീട്ടുന്നതി​ന്റെ കാരണം വ്യക്​തമാക്കണം. കോടതികൾ ഇനി മുതൽ നൽകുന്ന സ്​റ്റേ ഉത്തരവുകൾക്കും വിധി ബാധകമാകും.ആറുമാസത്തിലധികം സ്​റ്റേ നീട്ടണമെങ്കിൽ എല്ലാ കാരണങ്ങളും ഉൾക്കൊള്ളിച്ചുള്ള സ്​പീക്കിങ്ങ്​ ഒാർഡർ പുറപ്പെടുവിക്കണമെന്നും വിധിയിൽ ഉണ്ട്​. സ്​​പീക്കിങ്ങ്​ ഒാർഡറിൽ കേസ്​ തീർപ്പ്​ കൽപ്പിക്കുന്നതിനേക്കാൾ സ്​റ്റേ നീട്ടുകയാണ്​ പ്രധാനമെന്ന്​ വ്യക്​തമാക്കാൻ സാധിക്കണം. കേസി​ന്റെ പ്രത്യേക സ്വഭാവവും വിധിയിൽ വ്യക്​തമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

വിവിധ കോടതികളിലെ സ്റ്റേ ഓർഡറുകൾ മൂലം നിയമനടപടികൾ പൂർത്തിയാകുന്നത് ആറര വർഷം വരെ വൈകുന്നതായി നിയമമന്ത്രാലയം അടുത്തിടെ നടത്തിയ പഠന റിപ്പോർട്ട് വ്യക്തമാക്കിയിയിരുന്നു. കേസുകൾ കോടതികളിൽ കെട്ടിക്കിടക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് അനന്തമായ സ്റ്റേ ഓർഡറുകളാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതു കൂടി പരി​ഗണിച്ചാണ് സ്റ്റേ ഓർഡറുകൾക്ക് കാലാവധി നിശ്ചയിച്ച് കോടതി ഉത്തരവിട്ടത്.

ഡൽഹി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് രണ്ട് പതിറ്റാണ്ട് മുമ്പ് രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികൾ കുറ്റക്കാരാണെന്ന്​ വിചാരണ കോടതി കണ്ടെത്തിയിരുന്നു. എന്നാൽ പ്രതികൾ ഹൈക്കോടതിയിൽ നിന്ന് വിധിക്ക് സ്റ്റേ വാങ്ങി. ഈ കേസ് പിന്നീട് 2013 ലാണ് സുപ്രീംകോടതിയുടെ പരി​ഗണനയ്ക്കെത്തുന്നത്. സ്റ്റേ ഓർ‌ഡറുകൾക്ക് കാലാവധി നിശ്ചയിച്ചത് , കോടതി സ്​റ്റേ മൂലം വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകൾക്ക്​ പരിഹാരമുണ്ടാകാൻകാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.