OVS - Latest NewsOVS-Kerala News

വിഘടിത വിഭാഗത്തിന്‍റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത് : യുഹാനോന്‍ മാര്‍ മിലിത്തിയോസ്

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ സുന്നഹദോസ് പ്രസ്താവിച്ച പ്രസ്താവനയെ “വിശ്വാസികളുടെ ഇടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നത് എന്ന് വിശേഷിപ്പിച്ചു, ബഹു. സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ജൂലൈ 3-)0 തീയതി നിയമ വിരുദ്ധം എന്ന് ഉത്തരവായ യാക്കോബായ സമൂഹത്തിന്റെ സുന്നഹദോസിന്റെ സെക്രട്ടറി അഭി.ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത,  പ്രസിദ്ധീകരണാര്‍ത്ഥം 2-3-18ല്‍ നല്‍കിയ അറിയിപ്പ് വാസ്തവത്തില്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുവാനും അതിലൂടെ തങ്ങളുടെ പക്ഷത്തു ഇനിയും വിശ്വാസികളെ അടിമകളായി നിലനിര്‍ത്തുവാനും ഉദ്ദേശിച്ചിട്ടുള്ളതാണ് എന്ന് തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ.യുഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. സങ്കീര്‍ത്തന പുസ്തകത്തില്‍ തന്നെ “ദൈവം ഇല്ല എന്ന്” ( സങ്കീ. 14:1, 53:1 ) സമ്മതിച്ചിട്ടുണ്ട് എന്ന് പറയുന്ന നാസ്തികനെപ്പോലെ ബഹു. സുപ്രീം കോടതിയുടെ 1995 ലെ വിധിയുടെ ഒരു വാചകത്തിന്റെ ഒരു ഭാഗം മാത്രം എടുത്തു, ജനത്തിന്റെ മുന്‍പില്‍ ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് പറഞ്ഞത് മുഴുവന്‍ തെറ്റാണ് എന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുകയാണ്.

ഈ വിധത്തില്‍ മൂന്നു കാര്യങ്ങള്‍ ആണ് മെത്രാപ്പോലീത്ത പ്രധാനമായും പറയുന്നത്.

ഒന്നാമതായി: “പ. പാത്രിയര്‍ക്കീസ് ബാവ സഭയുടെ പരമ മേലദ്ധ്യക്ഷന്‍ ആണ് എന്നതും ആകമാന സുറിയാനി സഭയുടെ ഭാഗമാണ് ഭാരതത്തിലെ ഈ സഭ എന്നതും …..” വിധിയില്‍ ഉണ്ട് എന്നദ്ദേഹം പറയുന്നു.  ഉവ്വ് , ഇങ്ങനെ ബഹു, സുപ്രീം കോടതിയുടെ വിധിയില്‍ പറയുന്നുണ്ട്. പക്ഷെ ആ വിധി ഇതോടനുബന്ധിച്ച് മറ്റു രണ്ടു കാര്യങ്ങള്‍ കൂടെ പറയുന്നു. ഒന്ന്,  “ എന്നാല്‍ മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപിക്കുക വഴി പാത്രിയര്‍ക്കീസിന്റെ സ്ഥാനം ശൂന്യാവസ്ഥയില്‍ (Vanishing Point) എത്തിയിരിക്കുന്നു.“ എന്നും “പാത്രിയര്‍ക്കീസ് ഏതെങ്കിലും കാര്യത്തിന് മലങ്കരയില്‍ ഇടപെടുന്നത് കാതോലിക്കായില്‍ കൂടി ആയിരിക്കണം” എന്നും വിധിച്ചിട്ടുണ്ട്.  ഈ രണ്ടു കാര്യങ്ങളും അദ്ദേഹം മറച്ചു വെക്കുന്നു. ഇതിലൂടെ പ്രായോഗികമായി ഇവിടെ പാത്രിയര്‍ക്കീസിനു ഒരു അധികാരവും ഇല്ല എന്നല്ലേ അര്‍ത്ഥമാക്കുന്നത് ?

രണ്ടാമതായി: “മാര്‍ത്തോമ്മാസ്ലീഹായുടെ സിംഹാസന വാദം ആലങ്കാരികം എന്നത് മാത്രമാണെന്നും” അദ്ദേഹം ഉദ്ധരിക്കുന്നു. കോടതി മലയാളത്തിലല്ല വിധി എഴുതിയത്. ഇംഗ്ലീഷില്‍ ആണ്. അവിടെ ഉപയോഗിച്ചിരിക്കുന്ന പദം honorific എന്നാണു. എന്ന് പറഞ്ഞാല്‍ ബഹുമാനിക്കത്തക്കത്, ഇംഗ്ലണ്ടിലെ രാജ്ഞിയുടെ സ്ഥാനത്തിനു തുല്യമായത്, എന്നല്ലേ മലയാള തര്‍ജ്ജമ ആകേണ്ടത്? അതിനു പകരം ആലങ്കാരികം എന്ന് പറഞ്ഞാല്‍ എങ്ങിനെ ആണ് ശരിയാവുക?

മൂന്നാമതായി അദ്ദേഹം പറയുന്നു: “ഇടവകപള്ളികള്‍ കക്ഷികള്‍ അല്ലാത്ത സാഹചര്യത്തില്‍ അവരെ ബാധിക്കുന്നതായ യാതൊരു ഉത്തരവുകളും നല്‍കുന്നില്ല എന്നും..” ബഹു. കോടതി പറഞ്ഞിട്ടുണ്ട്. (അദ്ദേഹത്തിന്റെ ഈ വാചകത്തിലെ വ്യാകരണപ്പിശക് ഞാന്‍ അവഗണിക്കുന്നു). ഇതിന്റെ തുടര്‍ച്ചയായി ബഹു. കോടതി പറയുന്നത് “എന്നാല്‍ ആകെ ഞങ്ങള്‍ക്ക് പറയാവുന്നത് 1934 ലെ ഭരണഘടന അനുവദിക്കുന്നിടത്തോളം ആ ഭരണഘടന ഇടവകപള്ളികള്‍ക്ക് ബാധകമാണ്” എന്നാണു. ഇത് തന്നെയാണ് കുറെക്കൂടെ ശക്തമായ ഭാഷയില്‍ 2017 ലെ കോടതി വിധി പറയുന്നത്. അതുമാത്രമേ മലങ്കര സഭയുടെ സുന്നഹദോസും പറഞ്ഞിട്ടുള്ളൂ.

ഇനി ഒരു കാര്യം കൂടെ, 1995 ലെ വിധിയെ അരക്കിട്ടുറപ്പിച്ചു കൊണ്ട് 2017 ല്‍ വിധി വന്ന സ്ഥിതിക്ക് ഇനി എന്തിനാ 1995 ലെ വിധിയെക്കുറിച്ച് പറയുന്നത്? 1995ലെ വിധിയെ അനുസരിക്കാതെ അതിനെ ആക്ഷേപിക്കുന്ന രീതിയില്‍ സമാന്തര സമൂഹം ഉണ്ടാക്കാന്‍ ശ്രമിച്ചത്‌ കൊണ്ടല്ലേ 2017 ല്‍ തലയ്ക്കടി കിട്ടിയത്?

പാവം ജനത്തെ ഇനിയും മണ്ടന്മാരാക്കാതെ ഐക്യത്തിനും സമാധാനത്തിനും അവരെ ഒരുക്കിക്കൂടെ അഭി. തിരുമേനി ?