OVS - Latest NewsOVS-Kerala News

പഴഞ്ഞി  കത്തീഡ്രലിന്‍റെ കുമ്മായ ചുമരിനുള്ളിലൊളിച്ചിരുന്ന വിസ്മയം!

തൃശൂര്‍ : അതിപുരാതന ദേവാലയമായ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചുമർചിത്രങ്ങൾ കണ്ടെത്തി. പുനർനിർമാണത്തിനായി പള്ളിക്കുള്ളിലെ കുമ്മായം മൂടിയ ചുമരിന്റെ മുകൾഭാഗം മാറ്റിയപ്പോഴാണ് അതിമനോഹരമായ ചുമർചിത്രം കണ്ടത്. ചെറിയ കുട്ടി കിടക്കുന്നതും സമീപത്തായി കുട്ടിയുടെ തലയിൽ തൊട്ട് ഒരാൾ നിൽക്കുന്നതുമായ ചിത്രമാണു കണ്ടെത്തിയത്. ഇസഹാക്കിനെ ബലി കൊടുക്കുന്ന ഏബ്രഹാമിന്റെ ചിത്രമാണെന്നാണു സൂചന. വിദഗ്ധരെത്തി പരിശോധിച്ചതിനു ശേഷമേ വ്യക്തമായ വിവരം ലഭിക്കുകയുള്ളു. ഈ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.

പള്ളിക്കുള്ളിലെ തെക്കുവശത്തെ ചുമരിലാണ് ചിത്രങ്ങൾ കണ്ടെത്തിയത്. പള്ളിക്കകത്ത് വടക്കുവശത്തായി ഹവ്വ ആദാമിന് ആപ്പിൾ കൊടുക്കുന്ന ചിത്രവും തെക്കുവശത്തായി ക്രിസ്തുവിന്റെ ഉയിർപ്പിന്റെ ചിത്രവും ഉണ്ട്. സൃഷ്ടിയുടെയും ഉയിർപ്പിന്റെയും ചിത്രങ്ങളാണ് ഇവയെന്നാണ് വിശ്വാസം. കാലപ്പഴക്കംകൊണ്ട് ഇവയെല്ലാം നാശത്തിന്റെ വക്കിലാണ്. ചരിത്രപ്രസിദ്ധമായ പള്ളിയുടെ പൗരാണികത നിലനിർത്തിക്കൊണ്ടാണ് ഇപ്പോൾ പുനർനിർമാണം നടത്തുന്നത്. പള്ളിയിലെ മദ്ബഹയിൽ കാണുന്ന ഐക്കണുകളും രൂപങ്ങളും മറ്റും പാശ്ചാത്യ രാജ്യങ്ങളിലെ ചിത്രകലകളോടു സാമ്യമുള്ളതായി ചരിത്രകാരൻമാർ വിലയിരുത്തിയിട്ടുണ്ട്.

പൗരാണിക രൂപങ്ങളും ഇലച്ചായ ചിത്രങ്ങളും പഴമ നഷ്ടപ്പെടാതെ പുനഃസൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ് പള്ളി ഭരണസമിതി. പള്ളിക്കുള്ളിൽ ഇനിയും ചുമർചിത്രങ്ങൾ ഉണ്ടാകുമെന്നാണു കരുതുന്നത്. പള്ളിയിൽ ചിത്രങ്ങൾ കണ്ടെത്തിയതറിഞ്ഞ് ഒട്ടേറെ പേർ കാണാനെത്തി. നൂറ്റാണ്ടുകളായി ചുമരിനുള്ളിലായിട്ടും ചിത്രങ്ങൾക്കു കാര്യമായ കേടുപാടുകൾ ഇല്ലാത്തതു കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. പ്രകൃതിയിലെ ഇലകൾ ചേർത്തുണ്ടാക്കിയ നിറങ്ങൾ ഉപയോഗിച്ചു വരച്ചതിനാലാവും നൂറ്റാണ്ടുകൾ കഴിഞ്ഞും ചിത്രങ്ങൾ മനോഹരമായി നിലനിൽക്കുന്നതെന്നു കരുതുന്നു.