OVS - ArticlesOVS - Latest News

ചർച്ച് ബിൽ, വിഘടിത വിഭാഗം സ്വയം കുഴിക്കുന്ന കുഴി 

അബി എബ്രഹാം കോശി

യാക്കോബായ വിഭാഗത്തിലെ ഒരു ബഹു. റമ്പാൻ ചർച്ച് ആക്ട് എന്ന വിഷയവുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തിനിടയിലും വിശ്വാസികൾക്കിടയിലും ആശയകുഴപ്പം ഉണ്ടാക്കാൻ കുറച്ച് ദിവസങ്ങളായി ശ്രമിക്കുകയാണ്. 2009 ല്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷന്‍ തയാറാക്കിയ റിപ്പോർട്ട് സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്യുകയും ബില്ലാക്കി നിയമസഭയുടെ പരിഗണനക്ക് സമർപ്പിക്കുകയും ചെയ്‌തിരുന്നു. അതിൽ സഭാ സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബിൽ വളച്ചൊടിച്ചാണ് ഈ വെല്ലുവിളികൾ മുഴുവൻ നടത്തുന്നത്. എന്താണ് സത്യം എന്ന് നമ്മുക്ക് പരിശോധിക്കാം.

ഒരു ബിൽ എങ്ങനെയാണ് നിയമമാകുന്നത്?

സംസ്ഥാന സർക്കാരിന് വേണ്ടി ബന്ധപ്പെട്ട മന്ത്രി ബിൽ നിയമസഭയിൽ അവതരിപ്പിക്കുകയും അംഗങ്ങൾ നിർദ്ദേശിക്കുന്ന ഭേദഗതികളോടെ ആ ബിൽ വോട്ടിനിടുകയും അങ്ങനെ പാസാക്കുന്ന നിയമങ്ങൾ ഗവർണ്ണർ അംഗീകരിച്ച് ഒപ്പുവയ്ക്കുന്നതോടെയാണ് ഔദ്യോഗികമായി ഒരു നിയമം പ്രാബല്യത്തിൽ വരുന്നത്. ഇവിടെ ”The Christian Church Properties and Institutions Trust Bill 2009” നിയമസഭാ പൂർണമായി ചർച്ച ചെയ്തിട്ട് പോലുമില്ല പിന്നെ എങ്ങനെയാണ് അത് നിയമമാണ് എന്ന് റമ്പാച്ചൻ പറയുന്നത്.

ബില്ലും വിഘടിത വിഭാഗവും

മറ്റു സഭകൾക്ക് ദോഷമായി മാറും എന്നതിന് അപ്പുറം യാക്കോബായ വിഘടിത വിഭാഗത്തിന്റെ നിലനിൽപ്പ് പൂർണമായി അവസാനിപ്പിക്കാൻ ഉതകുന്നതാണ് ഈ ബിൽ. ബിൽ നിയമമായാൽ സുപ്രീം കോടതി നിരോധിച്ച വിഘടിത വിഭാഗത്തിന്റെ പ്രവർത്തനം സംസ്ഥാനത്ത് പൂർണമായി ഇല്ലാതാവും. ഇതിലൂടെ അവർ സർക്കാർ രൂപീകരിക്കുന്ന ഭരണനിർവ്വഹണ ട്രസ്റ്റിന് പുറത്താവും. 2002ന് ശേഷം യാക്കോബായക്കാർ നിർമ്മിച്ച പള്ളികൾ കൂടി വിഘടിത വിഭഗത്തിൽ നിന്ന് നഷ്ടമാവുകയും ചെയ്യും.

പിന്നെയും എന്തുകൊണ്ട് അനുകൂലിക്കുന്നു?

2017 ജൂലൈ 3ന്റെ സുപ്രീം വിധി പ്രകാരവും തുടർ കോടതി വിധികൾ പ്രകാരവും കൈയ്യേറിയ മുഴുവൻ പള്ളികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യാക്കോബായ വിഭാഗത്തിന് ഇറങ്ങികൊടുക്കേണ്ടതായി വരുന്ന സാഹചര്യത്തിൽ ഈ പള്ളികൾ 1934ലെ ഭരണഘടനക്ക് കിഴിയിൽ വരാതെ സർക്കാരിന് കീഴിലേക്ക് പോവും എന്ന പ്രതീക്ഷ വിഘടിത വിഭാഗത്തിന് ആശ്വാസം പകരുന്നു. അതുകൊണ്ട് അവർ ഈ ബില്ലിനെ അനുകൂലിക്കുന്നു.

പിന്നെ പാത്രിയാർക്കിസിന്റെ അധികാരം?

ഏലംകുളം പോലെയുള്ള പള്ളികൾ പാത്രിയാർക്കിസിന്റെ അധികാരത്തിൽ നിന്ന് പൂർണമായി മാറ്റാനും പാത്രിയാർക്കിസിന്റെ ഭൗതിക അധികാരങ്ങളിൽ നിന്ന് രക്ഷപ്പെടാനും ഈ ബിൽ സഹായകരമായി തീരും എന്നും വിഘടിത നേതൃത്വം വിലയിരുത്തുന്നുണ്ടാവും

*മറ്റ് സഭകൾ പിന്തുണക്കുമോ?*

ഈ വിഷയത്തിൽ യാക്കോബായ സഭ ഒറ്റപ്പെടും എന്ന പൂർണമായ ബോധ്യം വിഘടിത വിഭാഗത്തിനുണ്ട്. എന്നാൽ പള്ളികൾ വിധി പ്രകാരം ഓർത്തഡോൿസ് സഭയിലേക്ക് പോവുന്നത് തടയാനുള്ള അവസാന ശ്രമമായി അവർ ഇതിനെ കാണുന്നു. സഭാ സ്ഥാനം നഷ്ടമാകുന്നതിലൂടെ വിശ്വാസികൾ വഴിയാധാരം ആകും എങ്കിലും പള്ളികൾ ഓർത്തഡോൿസ് സഭയിലേക്ക് പോവ്വാതെ സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിലേക്ക് പോകും എന്നത് അവരെ ഇതിന്
പ്രേരിപ്പിക്കുന്നു.

എങ്ങനെ നിയമമാക്കും?

സംസ്ഥാനത്ത് ആക്രമണങ്ങളും സംഘർഷങ്ങളും അഴിച്ചുവിട്ട് സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കണം എന്ന യാക്കോബായ റമ്പാന്റെ ആഹ്വാനം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിൽ മുഖ്യമന്ത്രിയെയും സർക്കാറിനെയും പോലും രൂക്ഷമായ നിലയിൽ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ നിയമത്തിനും സമൂഹത്തിനും നേരെയുള്ള വെല്ലുവിളി അവർ തുടരുകയാണ്.

രക്ഷപെടാൻ ഭരണഘടനാ ബെഞ്ചും ക്യുറേറ്റിവ് പെറ്റിഷനും കഴിഞ്ഞു, പാർലമെന്റ് വഴിയുള്ള നിയമ നിർമ്മാണവും കഴിഞ്ഞു, എല്ലാം കഴിഞ്ഞപ്പോൾ ഇപ്പോൾ Diplomatic Movement, അതിൽ നിങ്ങൾ പറയുന്ന ന്യായം ജനക്കൂട്ടത്തിന് നേരെ ഒരു വിധി വന്നിട്ടില്ല എന്നാണ് ഗുർമീത് റാം റഹിം സിങിനെയും അദ്ദേഹത്തിന്റെ ആൾബലവും സ്വാധീനവും എതിരെ വന്ന വിധിയുമെല്ലാം ഒന്ന് പഠിച്ചിട്ട് വേണം ഇതൊക്കെ വിളിച്ചു പറയാൻ.

ബഹു. റമ്പാൻ പറഞ്ഞത് പോലെ നിങ്ങൾ ചോരച്ചാലുകൾ നീന്തിയാണ് വന്നത് എന്ന് ഞങ്ങൾക്ക് നന്നായി അറിയാം ഇല്ലെങ്കിൽ ഞങ്ങളുടെ വർക്കി വർഗീസ്, ഉതുപ്പ് കുര്യാക്കോസ്, മലങ്കര വർഗ്ഗിസ് തുടങ്ങിയ ധീര സന്താനങ്ങളെ ഞങ്ങൾക്ക് നഷ്ടമാകുമായിരുന്നില്ല. ഇപ്പോഴും ദേവലോകം അരമനയുടെ വാതിൽ നിങ്ങൾക്കായി തുറന്ന് കിടക്കുന്നു. ശാശ്വത സമാധാനത്തിനായി ആഗ്രഹിച്ച് ഒരു പിതാവും അവിടെ ഉണ്ട്. വെറുതെ സമയം കളഞ്ഞു കൂടുതൽ അപമാനിതരാവാതെ വഞ്ചിതരാവാതെ വിശ്വാസികൾക്ക് വേഗം മടങ്ങി വരാം. മാർത്തോമ്മാ എന്ന നമ്മുടെ പിതാവിന്റെ മക്കളായി ഒന്നായി നിലനിൽക്കാം. ഈ രാജ്യത്തെ നിയമത്തിലും ഞങ്ങളുടെ ഭാഗത്തെ സത്യത്തിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്. സത്യവും നീതിയും ജയിക്കും.