Ancient ParishesOVS - Latest News

ചരിത്രത്താളുകളിലൂടെ: കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ

പുരാതന മാർത്തോമൻ തീർത്ഥാടന കേന്ദ്രം 

പൂർവ്വപിതാക്കന്മാരുടെ വാമൊഴി;
“ഏഴരപ്പള്ളി മുൻപോൻ പള്ളി
കടമ്പോൻ പള്ളി
അവിടെ വാഴും പുണ്യവാൻ
ഏഴകൾക്ക് അഭയം”.

ഏഴര പള്ളി മുൻപോൻ പള്ളി
മലങ്കര സഭയിലെ അതിപുരാതന ദേവാലയങ്ങളിൽ ഒന്നായ കടമ്പനാട് പള്ളി, അധിനിവേശങ്ങളുടെയും ചരിത്രത്തിൻ്റെ അപനിർമ്മിതികളെയും എതിർത്തു തോൽപ്പിച്ച കാലത്തിൻ്റെ അടയാളമാണ്. തെക്കു നിന്നുള്ള അലക്സിസ് ഡി മെൻസസിൻ്റെ റോമൻ ലത്തീൻവൽക്കരണത്തെ ഉറച്ച കോട്ടപോലെ പ്രതിരോധിച്ച്, നവീക്കരണത്തെ ചെറുത്തു തോൽപ്പിച്ച്, അന്ത്യോക്യൻ അപനിർമ്മിതികളെ കൈക്കൊള്ളാതെ മലങ്കരയുടെ തിലകക്കുറിയായി നില കൊണ്ട കടമ്പനാട് പള്ളി ഒരു കാലത്ത് മലങ്കര സഭയുടെ ഭരണസിരാകേന്ദ്രമായിരുന്നു. കടമ്പനാട് പള്ളി മാതൃദേവാലയമായ അനേകം ദേവാലയങ്ങൾ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മലങ്കര സഭയുടെ പത്തു ഭദ്രാസനങ്ങളിൽ നിലകൊള്ളുന്നു. ഞങ്ങളുടെ പൂർവിക തലമുറ കടമ്പനാട്ടുകാരാണ് എന്ന് അഭിമാനത്തോടെ ഉദ്ഘോഷിക്കുന്നവരാണ് മലങ്കരയുടെ തെക്കൻ ഭദ്രാസനങ്ങളിലെ നസ്രാണി സഭാമക്കൾ.

വിശ്വാസവും സത്യവും.
അതിപുരാതനമായ കടമ്പനാടും അതിൻ്റെ ഹൃദയത്തുടിപ്പായ ദേവാലയവും, ചരിത്രത്തിൽ സ്വാധീന ശക്തിയായി നിലകൊണ്ട വസ്തുതകളാണ്‌. കടമ്പനാടിനെയും ദൈവാലയ ഉത്ഭവത്തെയൂം പറ്റി വ്യത്യസ്തമായ ഐതീഹ്യങ്ങള്‍ നില നിൽക്കുന്നു. ദേവാലയത്തെപ്പറ്റിയുള്ള ഐതീഹ്യങ്ങളിലൂടെ കടന്നുപോകുകയാണ്‌ ഇവിടെ .

കടമ്പനാട്‌ പള്ളി മാര്‍ത്തോമ്മാ ശ്ലിഹായാല്‍ സ്ഥാപിതം.
സെന്റ്‌ തോമസ്‌ ക്രിസ്തുമതം പ്രചരിപ്പിച്ചു കൊണ്ട് നടത്തിയ യാത്രയില്‍ നിരണത്തിനുശേഷം മലപ്രദേശമായ ചായലില്‍ (നിലയ്ക്കല്‍) എത്തി. അവിടേയും ദേവാലയം സ്ഥാപിച്ച വിശുദ്ധന്‍ അടുത്ത ജനവാസ സ്ഥലത്തേക്ക്‌ യാത്രയായി. അങ്ങനെ എത്തിച്ചേര്‍ന്ന പ്രദേശമാണ്‌ കുരൈക്കൊണ്ടഎല്ലെ. ശ്ലീഹാ അവിടെയുള്ള മതപാഠശാലയിലെ പണ്ഡിതന്മാരുമായി സംവാദത്തില്‍ ഏര്‍പ്പെടുകയും, ബ്രാഹ്മണര്‍ ഉള്‍പ്പെടെ ചെറു വിഭാഗത്തെ ക്രിസ്തു മാര്‍ഗ്ഗത്തിലേക്ക്‌ നയിക്കുകയും ചെയ്തു, അവിടെ ഒരു ആരാധനാലയവും സ്ഥാപിച്ചു. അതാണ്‌ ഇന്നത്തെ കടമ്പനാട് പള്ളി. ഇതു ഏകദേശം എ.ഡി. 60 -കളിലാണ്.

സെന്റ്‌ തോമസ്‌ നിരണത്തിന്‌ ശേഷം ഏകദേശം 90 കിലോമീറ്റര്‍ യാത്ര ചെയ്താണ്‌ ചായലില്‍ എത്തുന്നത്‌. ചായലില്‍ നിന്നും ഏകദേശം 90 കിലോമീറ്ററാണ്‌ കടമ്പനാട്ടേക്ക്‌ ഉള്ളത്‌. ഈ സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരത്തിൻ്റെ സാദൃശ്യം പോലും സെന്റ്‌ തോമസ്‌ കടമ്പനാടെത്തി ദേവാലയം സ്ഥാപിച്ചു എന്നതിനെ സാധൂകരിക്കുന്നു. ഏഴു പള്ളികളില്‍ ഒന്ന്‌ കടമ്പനാടാണെന്ന്‌ തെളിയിക്കാന്‍ ഇനിയും കാരണങ്ങളുണ്ട്‌. തെക്കന്‍, മധ്യകേരളത്തിലെ നൂറുകണക്കിന്‌ ദേവാലയങ്ങളുടെ മാതൃസ്ഥാനം കടമ്പനാട് പള്ളിക്കാണെന്ന്‌ എല്ലാവരും അംഗീകരിക്കുന്നുണ്ട്‌. സെന്റ്‌ തോമസ്‌ സ്ഥാപിച്ചതെന്ന്‌ വിശ്വസിക്കപ്പെടുന്ന നിരണം, പാലയൂര്‍ തുടങ്ങിയ പള്ളികളെ മാതൃദേവാലയമായി അംഗീകരിക്കുന്നവരേക്കാള്‍ വളരെ ഇരട്ടി ആളുകളും പള്ളികളും കടമ്പനാട്‌ പള്ളിയെ മാതൃദേവാലയമായി അംഗീകരിക്കുന്നുണ്ട്.

ചരിത്രത്തിനു പറ്റിയ പാളിച്ച
വി. മാർത്തോമാ ശ്ളീഹാ സ്ഥാപിച്ച ഏഴര പള്ളികൾ ഒന്ന് എന്ന് പറയപ്പെടുന്ന കൊല്ലം പള്ളിയെ പറ്റി ക്രൈസ്തവ ചരിത്രകാരന്മാരുടേതായി വ്യക്തമായി ഒന്നും രേഖപ്പെടുത്തിയിട്ടില്ല. വി. മാർത്തോമ്മാ ശ്ലീഹായുടെ കാലഘട്ടത്തിൽ കൊല്ലം എന്നോ, അതിൻ്റെ ആദ്യനാമം ആയ കുരകോണി എന്നോ പേരുള്ള ഒരു സ്ഥലം എവിടെയും ഇല്ലായിരുന്നു. എ.ഡി 825 -ന് ശേഷമാണ് കൊല്ലം എന്ന സ്ഥലനാമം ഉണ്ടായതെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. എ.ഡി ഒന്നാം ശതകത്തിൽ പെരിപ്ലക്സും, പ്ലിനിയും രണ്ടാം ശതകത്തിൽ ടോളമിയും കേരളത്തെ വിവരിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. കേരളത്തിലെ പ്രധാന തുറമുഖങ്ങളെക്കുറിച്ച്‌ ഇവരെല്ലാം വിവരിക്കുന്നുണ്ടെങ്കിലും അവയിലൊന്നും കൊല്ലം എന്ന പരാമര്‍ശമില്ല. സംഘകാല കൃതികളിലും ഇതുപോലെയാണ്‌. എ.ഡി എട്ടാം ശതകം വരെയുള്ള ഒരു സഞ്ചാരക്കുറിപ്പുകളിലും പ്രത്യക്ഷപ്പെടാത്തതും, അതിനുശേഷമുള്ള എല്ലാ സഞ്ചാരികളുടെയും പ്രത്യേക പരിഗണന ലഭിച്ചിട്ടുള്ളതുമായ കൊല്ലം പട്ടണം അതുകൊണ്ടു തന്നെ എട്ടാം ശതകത്തിനു മുമ്പ്‌ ചരിത്രത്തില്‍ ഇല്ലായിരുന്നുവെന്ന്‌ തെളിയിക്കാവുന്നതാണ്‌.

അതിനാല്‍ സെന്റ്‌ തോമസ്‌ കൊല്ലത്ത്‌ പളളി സ്ഥാപിച്ചു എന്ന വാദത്തിന്‌ പ്രസക്തി നഷ്ടപ്പെടുന്നു. സെന്റ്‌ തോമസ്‌ കൊല്ലത്ത്‌ പള്ളി സ്ഥാപിച്ചിട്ടില്ല കുരക്കോണി എന്ന്‌ ആദ്യമായി രേഖപ്പെടുത്തപ്പെട്ട തരിസാപ്പള്ളി ശാസനത്തില്‍ ശബരീശോ എന്ന ക്രിസ്‌ത്യന്‍ വര്‍ത്തക പ്രമാണിക്ക്‌ ഉയര്‍ന്ന ജാതിക്കാര്‍ക്കുള്ള അവകാശാധികാരങ്ങള്‍ നല്‍കുന്നത്‌ സംബന്ധിച്ചും, പള്ളി സ്ഥാപിക്കുന്നതിനുള്ള അനുവാദത്തെ സംബന്ധിച്ചുമാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇതിന്‍പ്രകാരമാണ്‌ കൊല്ലത്ത്‌ ആദ്യമായി ക്രൈസ്തവ ദേവാലയം സ്ഥാപിക്കപ്പെടുന്നത്‌. ഇത്‌ കൊല്ലവര്‍ഷം 24-ാ-മാണ്ടിലാണ്‌. ഈ പള്ളിയുടെ സ്ഥാപനത്തിനുമുമ്പ് കൊല്ലത്ത്‌ പള്ളി ഉണ്ടായിരുന്നുവെന്ന്‌ വിശ്വസിക്കുവാന്‍ യാതൊരു കാരണവുമില്ല. പ്രസ്തുത പള്ളിയാണ് പില്‍ക്കാലത്ത്‌ കടലെടുത്തുപോയതായി വിശ്വസിക്കപ്പെടുന്നത്. കൊല്ലം പട്ടണവും സ്ഥലനാമവും ചരിത്രത്തിൽ ഇടം പിടിക്കുന്നത് ഒൻപതാം നൂറ്റാണ്ടിലാണെന്ന് കണ്ടുവല്ലോ. ഒന്നാം നൂറ്റാണ്ടിൽ കൊല്ലമില്ലെങ്കിൽ പിന്നെ തോമാശ്ലീഹാ കൊല്ലത്ത് എങ്ങനെ പള്ളി സ്ഥാപിക്കും. കൊല്ലത്തു പള്ളി സ്ഥാപിച്ചു എന്ന് വാദിക്കുന്നവര്‍ അവിടെയുണ്ടായിരുന്ന വിശ്വാസികളുടെ പിന്മുറക്കാര്‍ എവിടെ പോയി എന്നതിനെപ്പറ്റി ഒന്നും പറയുന്നതുമില്ല. ഇങ്ങനെ സെന്റ്‌ തോമസ്‌ കൊല്ലത്ത്‌ പള്ളി സ്ഥാപിച്ചു എന്നതിന്‌ സാധൂകരണമൊന്നും തന്നെയില്ല.

നിലയ്ക്കലില്‍ നിന്നുള്ള കുടിയേറ്റം.
കടമ്പനാടിനെപ്പറ്റിയുള്ള ഐതീഹ്യങ്ങളില്‍ പ്രബലമായതാണിത്‌. നാലാംശതകത്തില്‍ സുറിയാനി വിശ്വാസ പാരമ്പര്യത്തിൻ്റെ ഉടമകളായ ഒരു കൂട്ടം മലങ്കര സുറിയാനിക്കാര്‍ നിലയ്ക്കല്‍ പ്രദേശത്തു നിന്നും കടമ്പനാട്ടേക്ക് കുടിയേറി. അവിടെ അവര്‍ക്ക്‌ ഉറുമാം പുലിയെന്നും പറപാറ്റയെന്നും പേരുള്ള തേളിൻ്റെ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു വിഷജീവിയുടെ ഉപദ്രവം മൂലം ജീവിതം ദുസ്സഹമായപ്പോള്‍, ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉള്‍പ്പെട്ട ഒരു കൂട്ടം തെക്കന്‍ നാടുകളിലേയ്ക്ക്‌ പ്രവാസികളായി വന്നു. നിലയ്‌ക്കൽ നിന്നു വന്ന ക്രിസ്‌ത്യാനികളും ഹൈന്ദവരും, ഉയരം കൂടിയ പ്രദേശത്ത്‌ വിശ്രമിക്കാന്‍ ഒത്തുകൂടി. അന്ന്‌ അവിടെ കൂടിയിരുന്നവരെ ആ നാട്ടിലെ നിവാസികള്‍ നിലയ്ക്കല്‍ മക്കള്‍ എന്നു വിളിക്കുകയും, ആ സ്ഥലം പിന്നീട്‌ നിലയ്ക്കമുകള്‍ എന്നറിയപ്പെടുകയും ചെയ്തു. അവിടെനിന്നും ഹൈന്ദവ സഹോദരങ്ങള്‍ മണ്ണടിയിലേയ്ക്കും, ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ഇന്നു കാണപ്പെടുന്ന കടമ്പനാട് പള്ളിക്ക്‌ സമീപത്തേയ്ക്ക്‌ സ്ഥിരതാമസമാക്കുകയും ചെയ്തു.

മാർത്തോമാ ശ്ലീഹാ നിലയ്ക്കലിൽ സ്ഥാപിച്ച ദേവാലയത്തിലെ കുരിശ് അവർ കൊണ്ടു വരികയും, എ ഡി 325 -ൽ മാർത്തോമാശ്ലീഹായുടെ നാമത്തിൽ കടമ്പനാട് പള്ളി പുന:നാമകരണം ചെയ്ത് സ്ഥാപിച്ചു എന്നും ഈ ഐതിഹ്യപ്രകാരം കരുതുന്നു. കടമ്പനാട് ദേവാലയ ചരിത്രത്തിലെ പ്രമുഖമായൊരു അദ്ധ്യായത്തിൻ്റെ തുടക്കമായിരുന്നു ഈ കുടിയേറ്റം. ഈ കുടിയേറ്റത്തിന് തുടർച്ചയായി പന്ത്രണ്ടാം നൂറ്റാണ്ടിലും പിന്നീട് പകുതിയിലും സിറിയൻ ക്രിസ്ത്യാനികൾ നിലയ്ക്കലിൽ നിന്ന് കുടിയേറി. പിന്നീട് 14-ആം നൂറ്റാണ്ടിൽ വെള്ളപ്പൊക്കം കാരണം പള്ളി പൊളിച്ചുമാറ്റിയതിനെത്തുടർന്ന് നിലയ്ക്കലിൽ നിന്നും വീണ്ടും കുടിയേറ്റം നടന്നു എന്നും കരുതുന്നു.

കടമ്പനാടിനെപ്പറ്റിയുള്ള സത്യം എന്തു തന്നെയായാലും പുരാതനകാലം മുതല്‍ ക്രിസ്ത്യൻ സാന്നിദ്ധ്യമുണ്ടായിരുന്ന സ്ഥലമായിരുന്നു എന്ന് കരുതണം. കടമ്പനാടിനെ എഴുപള്ളികളുടെ കൂട്ടത്തിൽ പറഞ്ഞു കേള്‍ക്കുന്നു,

പിതാക്കന്മാരുടെ വാമൊഴികളിൽ

ഏഴരപ്പള്ളി മുൻപോൻ പള്ളി
കടമ്പോൻ പള്ളി
അവിടെ വാഴും പുണ്യവാൻ
എഴകൾക്ക് അഭയം.

പക്ഷെ ഇങ്ങനെയുള്ള വാമൊഴികൾക്ക് ചരിതപരമായ യാതൊരു സാധൂകരണവും ഇതുവരെ ലഭിച്ചിട്ടില്ല. അതിനുള്ള പ്രധാന കാരണം വലിയ പേമാരിയിൽ ദേവാലയത്തിലെ മദ്ബ്ഹ തകർന്നു വീഴുകയും, മദ്ബഹായിൽ സൂക്ഷിച്ചിരുന്ന ചരിത്രരേഖകൾ നഷ്ടമായി എന്നുള്ളതുമാണ്. രണ്ടാമത്തെ കാരണം ചരിത്രമെഴുതി സൂക്ഷിക്കുന്നതിൽ മലങ്കരസഭയും നമ്മുടെ പുർവ്വികരും എന്നും പുറകിൽ തന്നെയാണ് എന്നുള്ളതാണ്. എന്തുതന്നെയായാലും മലങ്കര സഭയില്‍ ശക്തമായ സാന്നിദ്ധ്യം അറിയിച്ചിരുന്ന ദേവാലയമായി കടമ്പനാട് പള്ളിയെ കരുതാം.

 ഇന്ന് കടമ്പനാട് പള്ളി (കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ)
കടമ്പനാട് പള്ളിയെ നിരവധി തവണ പുനർനിർമിച്ചു. പാരമ്പര്യമനുസരിച്ച് പുനർനിർമ്മാണങ്ങൾ ഏകദേശം എ.ഡി 800, എ.ഡി 1200, എ.ഡി 1800, എ.ഡി 1912, ഒടുവിൽ 1952 -ലും നടന്നു. ഇപ്പോൾ അടൂർ – കടമ്പനാട് ഭദ്രാസനത്തിലെ ആസ്ഥാന ദേവാലയമാണ് കടമ്പനാട് കത്തീഡ്രൽ. കൂടാതെ പുരാതന മാർത്തോമൻ തീർത്ഥാടന കേന്ദ്രവും അനേകം പേർക്ക് അഭയസ്ഥാനവുമാണ്

മൂന്നാം മാർത്തോമയും കടമ്പനാടും.
രണ്ടാം മാർത്തോമാ കാലം ചെയ്തശേഷം അദ്ദേഹത്തിൻ്റെ പിൻഗാമിയായി പകലോമറ്റം തായ്വഴിയിൽ പെട്ട പുരോഹിതനെ മൂന്നാം മാർത്തോമ്മാ എന്ന പേരിൽ 1685-ൽ കണ്ടനാട് മർത്തമറിയം ദേവാലയത്തിൽ വച്ച് മാർ ഇവാനിയോസ് ഹിദായത്തുള്ള വാഴിച്ചു. പ്രാർത്ഥനാ ജീവിതത്താലും, വ്രതനിഷ്ഠയാലും ശ്രേഷ്ഠനായിരുന്നു പരിശുദ്ധ മൂന്നാം മാർത്തോമ്മ. അദ്ദേഹത്തിൻ്റെ ഭരണകാലം പൊതുവേ സമാധാനപരമായിരുന്നു. എങ്കിലും കരിങ്ങാച്ചിറ പള്ളിയിൽ ഒരു വിഭാഗം റോമക്കാരോട് ചേർന്ന് മലങ്കരയിൽ കലഹത്തിനു ശ്രമിച്ചു. പക്ഷേ ഭൂരിപക്ഷവും മൂന്നാം മാർത്തോമ്മായെ പിന്തുണയ്ക്കയും, റോമൻ ബിഷപ്പായ ജോസഫ് സെബസ്ത്യാനോയുടെ അധികാരം നിരസിക്കുകയും ചെയ്തു. ആ കാലത്ത് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര വളരെ പ്രയാസമായിരുന്നു. ഇത് പ്രധാനമായും നദികളിലൂടെ ആയിരുന്നു. അങ്ങനെ മൂന്നാം മാർത്തോമ്മാ കടമ്പനാട് ദേവാലയത്തിൽ എത്തുകയും പിന്നീട് ഇവിടം ആസ്ഥാനമാക്കി മലങ്കര സഭയെ ഭരിക്കുകയും ചെയ്തു. എന്നാൽ അവിചാരിതമായി മലയാള വർഷം 863 മേടമാസം 8, (1688 ഏപ്രിൽ 21-ന് ) തിരുമേനി കാലം ചെയ്തു. പരിശുദ്ധ പിതാവിൻ്റെ ഭൗതികശരീരം വിശുദ്ധ മദ്ബഹായിൽ. (മേടമാസം 9) ഏപ്രിൽ 22 -ആം തീയതി- ഈ ദിവസങ്ങളിലാണു കടമ്പനാട്‌ ഈ പിതാവിൻ്റെ ഓർമ്മ കൊണ്ടാടുന്നത്

അധികനാൾ മലങ്കരയെ നയിക്കാതെ ദൈവസന്നിധിയിലേക്ക് കടന്നു കയറുവാനായിരുന്നു അദ്ദേഹത്തിൻ്റെ നീയോഗം. മൂന്നാം മാർത്തോമ്മാ പിതാവ് മലങ്കര സഭയെ നയിച്ചതിനെക്കുറിച്ചുള്ള ലിഖിതങ്ങളും ലിപികളും കടമ്പനാട്‌ പള്ളിയുടെ ചുമരുകളിലും, അദ്ദേഹം ഭരണം നടത്തിയിട്ടുള്ള കാർത്തിക പള്ളിയുടെ ചുമരുകളിലും കാണാവുന്നതണ്. അദ്ദേഹത്തിൻ്റെ ഇന്ന് കാണുന്ന ഛായചിത്രം അദ്ദേഹം താമസിച്ചിട്ടുള്ള കാർത്തികപള്ളി പള്ളിയിൽ നിന്നുള്ള രൂപത്തിൽ നിന്നുമാണ്. അത്‌ അദ്ദേഹത്തിൻ്റെതാണെന്ന് അവിടെ രേഖപ്പെടുത്തിയിട്ടുള്ളതാണ്. മൂന്നാം മാർത്തോമ്മാ എന്ന് കേൾക്കുമ്പോൾ ആ രൂപവും തേജസ്സും നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നു.

മലങ്കര സഭയിൽ സുറിയാനി ക്രിസ്ത്യാനികൾ ഒന്നായി നിന്നപ്പോൾ അവരെ നയിക്കുകയും, റോമൻ അധിപത്യത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്ത പരിശുദ്ധ മൂന്നാം മാർത്തോമ്മാ പിതാവിനെയും, കടമ്പനാട്‌ സെന്റ്‌ തോമസ്‌ കത്തീഡ്രലനെ കുറിച്ചും ഭാവി തലമുറയ്ക്കായി പരിശുദ്ധ സഭ കൃത്യമായ പഠനം നടത്തുന്നത് ഉചിതമാണ്.

മലങ്കര നസ്രാണികളുടെ ഏകനാഥനായി നയിച്ച പിതാവിൻ്റെ പെരുന്നാൾ ഒരു ദേശത്തിൻ്റെ മാത്രം പെരുന്നാളായി ചുരുങ്ങതെ, മലങ്കര സഭയുടെ ഒരു പൊതു പെരുന്നാളായി എല്ലാ പള്ളികളിലും കൊണ്ടാടുന്ന തരത്തിലാക്കിയാൽ വരും തലമുറയ്ക്കും അദ്ദേഹത്തെപ്പറ്റിയുള്ള അറിവ് ലഭിക്കുവാൻ സഹായകമാകും. പരിശുദ്ധ പിതാവിൻ്റെ മധ്യസ്ഥത അനേകർക്ക് അഭയസ്ഥാനമാണ്. ദൈവസന്നിധിയിൽ അനേകർക്ക് വേണ്ടി അഭയയാചന നടത്തുന്ന പിതാവ് കടമ്പനാട് വലിയ അപ്പൂപ്പൻ എന്ന് അറിയപ്പെടുന്നു. ദൈവത്തിൻ്റെ അചഞ്ചലമായ സ്‌നേഹത്തെ മുറുകെപ്പിടിച്ചു കൊണ്ട്‌ , “എൻ്റെ ദൈവവും എൻ്റെ കര്‍ത്താവും” എന്നു വിശ്വസിച്ചു ഏറ്റു പറഞ്ഞ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പി൯തുടര്‍ച്ചാവകാശത്തെ ആരെതിര്‍ത്താലും കടമ്പനാടിന്‌ അത് സ്വന്തമാണ്‌.

പുരാതന മാർത്തോമൻ തീർത്ഥാടന കേന്ദ്രം
സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, കടമ്പനാട്