OVS - Latest NewsOVS-Kerala News

പുനർനിർമിച്ച വെള്ളുക്കുട്ട സെന്‍റ് തോമസ് പള്ളിയുടെ കൂദാശ ഇന്ന്

വെള്ളുക്കുട്ട ∙ പുനർനിർമിച്ച വെള്ളുക്കുട്ട സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശ ഇന്ന്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. മാത്യൂസ് മാർ തീമോത്തിയോസ്, ഡോ. ഏബ്രഹാം മാർ സെറാഫീം എന്നിവർ സഹകാർമികരാകും. കോട്ടയം ഭദ്രാസനത്തിലെ ഏറ്റവും വലിയ പള്ളികളിലൊന്നായി പുനർനിർമിക്കപ്പെട്ട പള്ളിയുടെ കൂദാശയുടെ ആദ്യഘട്ടം ഇന്നലെ നടന്നു.

ഇന്നു രാവിലെ കൂദാശയുടെ രണ്ടാം ഘട്ടത്തിനുശേഷം പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയും തുടർന്നു സ്നേഹവിരുന്നും നടക്കും. ഇടവകയുടെ വലിയ പെരുന്നാളായ മായൽത്തോ പെരുന്നാൾ നാളെയും അതിനു പിറ്റേന്നും ആചരിക്കും. നാളെ കൊച്ചുമറ്റം മുതൽ കാഞ്ഞിരത്തിൻമൂടുവരെ റാസ, രണ്ടിനു ഡോ. യൂഹാനോൻ മാർ ദിയസ്കോറസിന്‍റെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. വൈകിട്ടു നാലിനു നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അധ്യക്ഷത വഹിക്കും. മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. 1498-നു മുൻപ് കേരളത്തിൽ നിലവിലുണ്ടായിരുന്ന മാർത്തോമൻ ക്രിസ്ത്യൻ പാരമ്പര്യത്തിൽ നിർമിച്ചതാണ് വെള്ളുക്കുട്ട പള്ളി.

സഭയുടെ പൗരസ്ത്യ പാരമ്പര്യത്തെയും ഭാരതത്തിന്‍റെ പ്രാചീന വാസ്തുവിദ്യയെയും സമന്വയിപ്പിച്ചാണ് പുനർനിർമാണം നടത്തിയതെന്ന് വികാരിയും കോട്ടയം ഭദ്രാസന സെക്രട്ടറിയുമായ ഫാ. പി.കെ. കുര്യാക്കോസ് പണ്ടാരക്കുന്നേൽ, ജനറൽ കൺവീനർ പി.വി. ജോസഫ്, നിർമാണ കമ്മിറ്റി സെക്രട്ടറി ദീപു ദോസഫ് എന്നിവർ പറഞ്ഞു. രണ്ടര വർഷം കൊണ്ടു പണി പൂർത്തിയാക്കിയ പള്ളിയുടെ വിസ്തൃതി 10,000 ചതുരശ്ര അടിയാണ്. പഴയ പള്ളിയുടെ മാതൃകയിൽ പുതിയ ദേവാലയം നിർമിക്കപ്പെടുന്നത് അപൂർവമാണെന്നു ട്രസ്റ്റി പി.സി. ജോസഫ്, സെക്രട്ടറി കെ.കെ. ഐപ്പ് എന്നിവർ പറഞ്ഞു.

പള്ളികള്‍ കൂദാശയ്ക്ക് ഒരുങ്ങുന്നു