OVS - Latest NewsOVS-Kerala News

സഭയുടെ അസ്തിത്വം നിലനിൽക്കുന്നത്‌ പിതാക്കന്മാരുടെ പ്രാർത്ഥനമൂലം- പരിശുദ്ധ കാതോലിക്കാ ബാവ

സഭയുടെ അസ്തിത്വത്തിനു കോട്ടം തട്ടാത്തതായ വഴികൾ കാലാകാലങ്ങളിൽ സഭയ്ക്കായി ദൈവം തുറന്നു തരുന്നത് മണ്മറഞ്ഞ പിതാക്കന്മാരുടെ പ്രാർത്ഥന ഒന്നുകൊണ്ട് മാത്രമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ. മലങ്കരയുടെ സൂര്യതേജസ്സ് പുണ്യശ്ലോകനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ 12-ാം ഓര്‍മ്മപ്പെരുന്നളിന് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ മുഖ്യ കാർമീകത്വം വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ആത്മീയ ജീവിതത്തിനൊപ്പം സാമൂഹിക വിഷയങ്ങളിലും അങ്ങേയറ്റം പ്രതിബദ്ധതയോടെ ഇടപെട്ടിരുന്നതിനാൽ സമൂഹത്തിന്റെ വിശ്വാസ്യത ആർജിച്ച വ്യക്തിത്വമാണു മാത്യൂസ് ദ്വിതീയൻ ബാവായെന്നു ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.

നിലയ്ക്കൽ സംഭവത്തിൽ ബാവായുടെ വിവേകപൂർണമായ ഇടപെടലാണു സൗഹാർദപരമായ പരിഹാരത്തിന് ഇടയാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേടിയെടുത്തശേഷം ചുമതല മറ്റുള്ളവർക്കു നൽകി മാറിനിൽക്കാതെ അവസാന നിമിഷം വരെയും ആത്മാർഥതയോടെ അതിനൊപ്പം നിന്നയാളാണ് ബാവായെന്നും പറഞ്ഞു. കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് അധ്യക്ഷത വഹിച്ചു. ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് പുരസ്കാര വിതരണം നടത്തി. എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് പ്രഭാഷണം നടത്തി.

കെ.സോമപ്രസാദ് എംപി, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോൺ, അൽമായ ട്രസ്റ്റി ജോർജ് പോൾ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഫാ. കെ.ടി.വർഗീസ് എന്നിവർ പ്രസംഗിച്ചു. ബാവായെ പറ്റിയുള്ള മ്യൂസിക്കൽ ആൽബത്തിന്റെ പ്രകാശനവും നടത്തി. മുൻ എംഎൽഎമാരായ എം.മുരളി, എഴുകോൺ നാരായണൻ എന്നിവർ സംബന്ധിച്ചു.

Posted by GregorianTV on Wednesday, 24 January 2018

സമ്മേളനത്തിനു മുന്നോടിയായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ കുർബാന നടന്നു.

വിവിധ പള്ളികളിൽ നിന്നുള്ള പദയാത്രകൾക്കു സ്വീകരണം നൽകി. കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനാസിയോസ് അനുസ്മരണ സന്ദേശം നൽകി. പ്രദക്ഷിണവും നടന്നു. സമാപന ദിവസമായ ഇന്ന് ഏഴിനു പ്രഭാത നമസ്കാരം. എട്ടിനു കുർബാനയ്ക്കു ഡോ. തോമസ് മാർ അത്തനാസിയോസ് കാർമികത്വം വഹിക്കും, പത്തിനു കബറിങ്കൽ പ്രാർഥന, ശ്ലൈഹിക വാഴ്‍വ്.