അൽവാരീസ് മാർ യൂലിയോസ്: ദാനധർമ്മത്തിൻ്റെ അപ്പോസ്തോലൻ

ക്രൈസ്തവ കാലഘട്ടത്തിലെ ഒരു ആത്മീയ മാതൃകാ വ്യക്തിത്വമായിരുന്നു മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ ബാഹ്യകേരള മെത്രാപ്പോലീത്തായായിരുന്ന ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ അൽവാരീസ് മാർ യൂലിയോസ്. പാവങ്ങളുടെ പടത്തലവൻ, സാമൂഹ്യ പരിഷ്കർത്താവ്, വിശ്വാസ പോരാളി, പണ്ഡിതൻ, തികഞ്ഞ മനുഷ്യ സ്നേഹി എന്നി നിലകളിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാം.copyright@ovsonline.in

ഗോവാ പട്ടണത്തിലെ വെർണ്ണാ എന്ന സ്ഥലത്ത് ഒരു കുലീന കത്തോലിക്ക കുടുംബത്തിൽ ബാപ്റ്റിസ്റ്റാ അൽവാരീസിൻ്റെയും മരിയാനോ ലോറേൻസിൻ്റെയും മകനായി 1836 ഏപ്രിൽ 29-ന് ഭുജാതനായി. ബാല്യത്തിൽ തന്നെ ദൈവഭക്തിയിലും പൂർണ്ണ അനുസരണത്തിലും അൽവാരീസ് വളർന്നു. ചെറുപ്പത്തിൽ തന്നെ വൈദികനാക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹം തൻ്റെ പ്രഥമിക വിദ്യാഭ്യസത്തിന് ശേഷം ഗോവയിലെ റഷോൾ സെമിനാരിയിൽ നിന്നും വൈദിക പഠനം പൂർത്തിയാക്കി. 1862-ൽ ബോംബെയിലെ ബിഷപ്പ് വാൾട്ടർ എസ്റ്റീനിൽ നിന്നും വൈദീക പട്ടം സ്വീകരിച്ചു.

1867 കാലഘട്ടം വരെയും ബോംബൈയിൽ അദ്ദേഹം ദേവാലയങ്ങളിൽ ശുശ്രൂഷകൾ നടത്തി. പിന്നീട് ഗോവയിൽ തിരികെ എത്തിയ അൽവാരീസ് പനാജിയിൽ സ്ഥിരം താമസമാക്കുകയും ജീവകാരുണ്യ പ്രർത്തനങ്ങളിൽ കുടുതൽ ആകൃഷ്ടനാക്കുകയും ചെയ്തു.

അൽവാരീസ് അഗതികൾക്കും പാവപ്പെട്ടവരുടെയും ഒരു വടവൃക്ഷമായിരുന്നു. അവരുടെ ക്ഷേമത്തിനും ഉന്നമനത്തിനും അദ്ദേഹം സമയം കണ്ടെത്തുകയും അവരെ സഹായിക്കുകയും ചെയ്തിരുന്നു. 1871-ൽ പനജിയിൽ ഒരു ചാരിറ്റബിൾ അസോസിയേഷൻ അദ്ദേഹം ആരംഭിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹം ഗോവയിലെ മറ്റ് നഗരങ്ങളിലേക്ക് ഈ ബന്ധം വ്യാപിപ്പിച്ചു. ജീവിതത്തിൻ്റെ അവസാന പത്ത് വർഷത്തിനിടയിൽ അദ്ദേഹം തൻ്റെ പ്രവർത്തനങ്ങൾ പനജിയിൽ കേന്ദ്രീകരിച്ചു. വരുമാനമില്ലാത്ത ഒരു ഭിക്ഷക്കാരനായിരുന്നു അദ്ദേഹം. ഒരു ദിവസം അൽവാരീസ് ഒരു കടയുടമയോട് സംഭാവന ആവശ്യപ്പെട്ടെങ്കിലും കടയുടമ പാത്രത്തിൽ തുപ്പി. ദേഷ്യപ്പെടാതെ അൽവാരീസ് പറഞ്ഞു, “ശരി, ഞാൻ ഇത് എനിക്കായി സൂക്ഷിക്കും. ഇപ്പോൾ ദരിദ്രർക്കായി എന്തെങ്കിലും നൽകുക.” കടയുടമ ഉദാരമായി സംഭാവന നൽകി അൽവാരീസിനെ സഹായിച്ചു.

കത്തോലിക്ക സഭയുടെ പുരോഹിതനായിരുന്ന കാലഘട്ടത്തിൽ തന്നെ അദ്ദേഹം, തെറ്റായ ഭക്തിക്കും മതപരമായ എക്സിബിഷനിസത്തിനും എതിരായിരുന്നു. മാർപ്പാപ്പയുടെ കോൺകോർഡാറ്റിനെയും സഭാ ഭരണത്തിൽ സർക്കാരിൻ്റെ ഇടപെടലിനെയും അദ്ദേഹം എതിർത്തിരുന്നു. കത്തോലിക്ക സഭയിൽ നിന്നും പൗരശക്തികളിൽ നിന്നും തനിക്കുണ്ടായ ഉപദ്രവത്തെ നേരിടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വേദപുസ്തക സത്യങ്ങളെ ഉൾകൊള്ളിച്ചും അവയെ മുൻനിർത്തിയും തെറ്റായ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിരെ അൽവാരീസ് ശക്തമായി എതിർക്കുകയും അതിനെതിരെ തൻ്റെ രചനകൾ പുറപ്പെടുവിക്കുകയും ചെയ്തു. ചോർച്ചുഗീസ് ഭരണാധികാരികളിൽ നിന്നും സഭാ അദ്ധ്യക്ഷന്മാരിൽ നിന്നുമുള്ള അടിച്ചമർത്തലുകളും അനാവശ്യ ഇടപെടലുകളും അദ്ദേഹത്തെ ദുഃഖത്തിലാക്കി. പലപ്പോഴും മാറ്റങ്ങൾ മാറ്റുന്നതിൽ അവരുടെ പ്രക്ഷോഭം പരാജയപ്പെട്ടു. പോർച്ചുഗീസ് സർക്കാരിൻ്റെ അധികാരത്തിൽ അസഹിഷ്ണത തോന്നിയ അദ്ദേഹം കാത്തോലിക്ക സഭയിൽ നിന്ന് പിന്മാറുവാൻ തിരുമാനിച്ചു. പാശ്ചാത്യ സഭകളുടെ വിശ്വാസങ്ങളും ആരാധനാ രീതികളും അനുഷ്ഠാനങ്ങളും മനസ്സിലാക്കിയാ ഫാദർ അൽവാരീസ് 1887 മലങ്കര ഓർത്തഡോക്സ് സഭയിൽ ചേർന്നു സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസം സ്വീകരിച്ചു. സഭയുടെ ഭാഗമായി തീർന്ന ഫാദർ അൽവാരീസിൻ്റെ ജീവിത രീതികളും അത്മീയ തീഷ്ണതയും മനസ്സിലാക്കിയ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് (പരിശുദ്ധ പരുമല തിരുമേനി) ഫാദർ അൽവാരീസിനെ റമ്പാൻ (ദയറൂസോ) സ്ഥാനത്തേക്ക് ഉയർത്തി.

ദയറൂസോ അൽവാരീസിനെ 1889 ജൂലൈ 29-ന് കോട്ടയം പഴയ സെമിനാരിയിൽ വച്ച് മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ്, പരുമല ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ്, കണ്ടനാട് പൗലോസ് മാർ ഈവാനിയോസ്, കടവിൽ പൗലോസ് മാർ അത്താനാസിയോസ് എന്നിവരുടെ സാന്നിധ്യത്തിൽ അദ്ദേഹത്തെ അൽവാരീസ് മാർ യൂലിയോസ് എന്ന നാമത്തിൽ മെത്രാപ്പോലീത്തായായി ബാഹ്യകേരളാ ഭദ്രാസനത്തിനു വേണ്ടി വാഴിച്ചു. മെത്രാപ്പോലീത്തയായി ഗോവയിലേക്ക് മടങ്ങി എത്തിയ അദ്ദേഹത്തെ അത്മീയ കർത്തവ്യങ്ങൾ നിർവ്വഹിക്കുവാനോ സ്വതന്ത്രമായി പ്രവർത്തിക്കാൻ ഭരണാധികാരികൾ അൽവാരീസിനെ അനുവദിച്ചില്ല.

ബ്രഹ്മാവറിലെ പ്രധാന താവളമുള്ള കർണാടകയിലെ കാനറ പ്രദേശത്താണ് അദ്ദേഹം കൂടുതലും താമസിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും വിശ്വസ്തനുമായ റവ. റോക്ക് സെഫ്രിൻ നൊറോൻഹ മംഗലാപുരം മുതൽ ബോംബെ വരെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ആളുകൾക്കിടയിൽ പ്രവർത്തിച്ചു. 5000-ത്തോളം കുടുംബങ്ങൾ ഓർത്തഡോക്സ് വിശ്വാസം സ്വീകരിച്ച് സഭയിലേക്ക് ചേർക്കപ്പെട്ടു. സീലോണിൽ അൽവാരീസ് തിരുമേനി സ്ഥാപിച്ച നൽമരണ മാതാവിൻ്റെ ദേവാലയത്തിൽ വച്ചായിരുന്നു അമേരിക്കയ്ക്കു വേണ്ടി റെനിവിലാത്തി മാർ തിമോത്തിയോസിനെ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസും (പരിശുദ്ധ പരുമല തിരുമേനി) വാഴിച്ചത്. സഹകാർമ്മികനായി അൽവാരീസ് മാർ യൂലിയോസും സന്നിഹിതനായിരുന്നു.

അൽവാരീസ് ഒരു പണ്ഡിതനും ഉയർന്ന തത്ത്വങ്ങൾ ഉള്ള അത്മീയ നേതാവുമായിരുന്നു. ഗോവൻ പുരോഹിതന്മാർ പോർച്ചുഗീസ്, ലാറ്റിൻ, ഫ്രഞ്ച്, തത്ത്വശാസ്ത്രം പഠിപ്പിക്കുന്ന ഒരു കോളേജ് അദ്ദേഹം തുറന്നു. 1912-ൽ അൽവാരീസ് പനജിയിൽ ഒരു ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു. അൽവാരീസ് മാർ യൂലിയോസ് ഒരു മികച്ച സാമൂഹ്യ പ്രവർത്തകനായിരുന്നു. അക്കാലത്ത് മലേറിയ, ടൈഫോയ്ഡ്, ചിക്കൻ പോക്സ്, കോളറ, പ്ലേഗ് തുടങ്ങിയ പകർച്ചവ്യാധികൾ ഗോവയെ ബാധിച്ചിരുന്നു. കോളറ ചികിത്സയെക്കുറിച്ചുള്ള ലഘുലേഖ അൽവാരെസ് പ്രസിദ്ധീകരിച്ചു. ഗോവയിലെ ഭക്ഷണക്ഷാമത്തെക്കുറിച്ച് അദ്ദേഹം ആശങ്കാകുലനായിരുന്നു. ചെറിയ തോതിൽ ഭക്ഷണം ഉത്പാദിപ്പിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു അതിന് വേണ്ടുന്ന സഹായങ്ങൾ അദ്ദേഹം ചെയ്യ്തു നൽകി. കസവ കൃഷിയെക്കുറിച്ച് അദ്ദേഹം ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു.

ഓർത്തഡോക്സ് വിശ്വാസം ചേർന്നതിനുശേഷം അൽവാരീസിനെ കത്തോലിക്കാസഭയും പോർച്ചുഗീസ് സർക്കാരും നിരന്തരമായി ഉപദ്രവിച്ചു. കത്തോലിക്ക സഭയുമായി വീണ്ടും ഒത്തുചേരാൻ അദ്ദേഹത്തിൻ്റെ ചില പഴയ സുഹൃത്തുക്കൾ അദ്ദേഹത്തെ ഉപദേശിച്ചിരുന്നുവെങ്കിലും അദ്ദേഹം വിസമ്മതിക്കുകയും ഓർത്തഡോക്സ് വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തു. അൽവാരീസ് മാർ യൂലിയോസിൻ്റെ ഗോവയിലുള്ള ജീവിതം വളരെ പ്രയാസമേറിയതായിരുന്നു. കള്ളകേസുകളിൽ അദ്ദേഹത്തെ അറസ്റ്റുചെയ്തു പൗരോഹിത്യ വസ്ത്രങ്ങൾ അഴിച്ചുമാറ്റി തെരുവിലൂടെ അടിവസ്ത്രത്തിൽ പോലീസ് ജയിലിലേക്ക് കൊണ്ടുപോയി കിടക്കയോ കസേരയോ ഇല്ലാതെ വൃത്തികെട്ട ജയിൽ സെല്ലിൽ പാർപ്പിക്കുകയും അവിടെ വച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തൻ്റെ എപ്പിസ്കോപ്പൽ അധികാര ചിഹ്നമായ കുരിശും മോതിരവും ബലമായി പിടിച്ചു മേടിച്ച് അവ നശിപ്പിച്ചു. പോലീസ് അൽവാരീസിനെ മർദ്ദിച്ച് കോടതിയിൽ ഹാജരാക്കി എങ്കിലും ആരോപണങ്ങൾ തെളിയിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി.

കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തെ വീണ്ടും കള്ളകുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തു. എന്നാൽ വീണ്ടും ജസ്റ്റിസ് അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തി. എന്നിരുന്നാലും തൻ്റെ എപ്പിസ്കോപ്പൽ വസ്ത്രങ്ങൾ ഉപയോഗിക്കാൻ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. തൻ്റെ അവസാന നാളുകൾ വരെയും പീഡനങ്ങളും പരിഹാസങ്ങളും ധാരളമായി മാർ യൂലിയോസ് സഭയോടും വിശ്വാസത്തോടുമുള്ള അചഞ്ചലമായ സ്നേഹത്താൽ സഹിച്ചു. അദ്ദേഹത്തിൻ്റെ അവസാന നാളുകൾ റിബന്ദർ ആശുപത്രിയിലായിരുന്നു. തൻ്റെ സ്നേഹിതന്മാരായ കത്തോലിക്ക വൈദീകരും അൽമായ പ്രമുഖരും കത്തോലിക്ക സഭയിലേക്ക് മടങ്ങി വരുവാൻ അവസാന ദിനങ്ങളിൽ ആവശ്യപ്പെട്ടു എങ്കിലും അദ്ദേഹം അത് പൂർണ്ണമായി നിരസിച്ചു. തൻ്റെ കബറടക്കം മലങ്കര സഭയിലെ മേല്പട്ടക്കാരോ, വൈദീകരോ സംബന്ധിക്കാത്ത പക്ഷം തൻ്റെ സ്നേഹിതന്മാരായ ഭിക്ഷക്കാർ തന്നെ അടക്കിയാൽ മതി എന്ന് നിർദ്ദേശിച്ചു.

1923 സെപ്റ്റംബർ 23-ന് റിബന്ദർ ആശുപത്രി അൽവാരീസ് മാർ യൂലിയോസ് ദൈവത്താൽ ചേർക്കപ്പെട്ടു. ഓർത്തഡോക്സ് പദവികളാൽ സംസ്‌കരിക്കപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചു, അതിനായി ഒരു കത്തോലിക്കാ പുരോഹിതനും ഉണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. ചീഫ് ജസ്റ്റിസിൻ്റെ നേതൃത്വത്തിലുള്ള പൗരസമിതി മഹത്തായ ശവസംസ്കാരം സംഘടിപ്പിച്ചു. അദ്ദേഹത്തിൻ്റെ മൃതദേഹം 24 മണിക്കൂർ മുനിസിപ്പൽ ഹാളിൽ പൊതു ദർശനത്തിന് വച്ചു. അൽവാരീസിനെക്കുറിച്ചുള്ള ലേഖനങ്ങളും മരണവാർത്തകളും പത്രങ്ങളിൽ നിറഞ്ഞിരുന്നു. അൽവാരീസിനെ സർക്കാർ ശത്രുവായി കണക്കാക്കിയെങ്കിലും ഗവർണർ ജനറൽ തൻ്റെ പ്രതിനിധിയെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ അയച്ചു. ആയിരക്കണക്കിന് ആളുകൾ പ്രത്യേകിച്ച് ദരിദ്രരും ഭിക്ഷക്കാരും അന്ത്യാഞ്ജലി അർപ്പിച്ചു. സെന്റ് ഇനെസ് സെമിത്തേരിയിലെ ആളൊഴിഞ്ഞ കോണിൽ അവസാനിച്ചു. ശവസംസ്കാര ചടങ്ങുകളില്ലാതെ മൃതദേഹം സംസ്കരിച്ചു. 1927-ന് കേന്ദ്രത്തിൽ വൈദീകർ വന്ന് ക്രൈസ്തവ ശവസംസ്കാര രീതിയിൽ ഭൗതീകാവശിഷ്ടങ്ങൾ ഒരു കറുത്ത പെട്ടിയിലാക്കി കഴിച്ചിടുകയും അവിടെ ഒരു കബർ പണിയുകയും ചെയ്തു. 1979 ഒക്ടോബർ 5-ന് പഞ്ചിം സെൻ്റ് മേരീസ് ഓർത്തത്തോക്സ് ദേവലയത്തിലേക്ക് തിരുശേഷിപ്പ് മാറ്റുകയും ചെയ്തു. വിശ്വാസ സത്യങ്ങളുടെ സംരക്ഷകനും, ത്യാഗപൂർണ്ണമായ ജീവിത ശൈലി കൊണ്ടും മലങ്കര സഭയെ ധന്യമാക്കിയ പരിശുദ്ധ പിതാവിൻ്റെ മദ്ധ്യസ്ഥത അനുഗ്രഹമാകട്ടെ..

അവലംബം: അസെവെഡോ, കാർമോ (1988). രാജ്യസ്നേഹിയും വിശുദ്ധനും: പിതാവ് അൽവാരെസിൻ്റെ / ബിഷപ്പ് മാർ ജൂലിയസ് ഒന്നാമൻ്റെ ജീവിത കഥcopyright@ovsonline.in

എഴുതിയത്: വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ

error: Thank you for visiting : www.ovsonline.in