OVS - Latest NewsOVS-Kerala News

ദൈവാന്വേഷണം ആവണം വിശ്വാസിയുടെ മുൻഗണന: കാതോലിക്കാ ബാവാ

പത്തനംതിട്ട ∙ വിശുദ്ധീകരണമാണ് ദൈവത്തിലേക്കെത്താനുള്ള വഴി എന്ന് വചനങ്ങളിലൂടെ മനസ്സിലായിട്ടുണ്ടെങ്കിലും ആ വഴികളിലൂടെ കടന്നുപോകാൻ പലർക്കും കഴിയുന്നില്ലെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ‌ കാതോലിക്കാ ബാവാ. മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷനോടനുബന്ധിച്ചുള്ള സുവിശേഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവാ. വചനങ്ങളുടെ കുറവു കൊണ്ടല്ല മനുഷ്യൻ വിശുദ്ധീകരിക്കപ്പെടാത്തത്.

നോമ്പും ഉപവാസങ്ങളും ആചരിക്കാനുള്ള ആഹ്വാനങ്ങൾ നടത്തുന്നതിനു പകരം പ്രവൃത്തിയിലൂടെ കാണിക്കണം. അനുഷ്ഠാനങ്ങൾ മറന്ന് സുഖസൗകര്യങ്ങൾക്കു വേണ്ടി പായുമ്പോൾ നമ്മൾ വെറും കുപ്പക്കുന്ന് ആയി തീരുകയാണ്. ദൈവാന്വേഷണം ആവണം വിശ്വാസിയുടെ മുൻഗണന. പണത്തിനും മറ്റു നേട്ടങ്ങൾക്കും വേണ്ടിയുള്ള ത്വര മനസ്സിൽ നിന്നു പിഴുതെറിയാൻ കഴിയുന്നുണ്ടോ എന്നും ചിന്തിക്കണം. ബാവാ പറഞ്ഞു. ദൈവം ഭൂമിയെ സൃഷ്ടിക്കുമ്പോൾ തന്നെ ഭൂമി ശുദ്ധമായിരിക്കാൻ വൃക്ഷലതാദികളെയും സൃഷ്ടിച്ചിരുന്നു. എന്നാൽ, അവയെ വെട്ടിക്കളഞ്ഞ് ഇന്ന് പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി മുറവിളി കൂട്ടുകയാണ്. ഇതുപോലെയാണ് മനുഷ്യമനസ്സിന്‍റെ വിമലീകരണവും.  മനുഷ്യൻ വിമലീകരിക്കപ്പെടാൻ സൃഷ്ടിയിൽ തന്നെ ദൈവം നന്മ ഉൾച്ചേർത്തിരുന്നു. എന്നാൽ, വളർച്ചയിൽ ആ നന്മ മനുഷ്യൻ നഷ്ടപ്പെടുത്തുകയാണെന്നും ബാവാ പറഞ്ഞു.

പ്രകടനാത്മകത കൊണ്ട് ഒരാൾക്ക് വിശുദ്ധിയിലെത്താൻ കഴിയുകയില്ലെന്നും ആത്മാർപ്പണത്തോടെയുള്ള പ്രവൃത്തികളാണ് വേണ്ടതെന്നും വചനശുശ്രൂഷയിൽ യാക്കോബ് മാർ ഏലിയാസ് പറഞ്ഞു. കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിച്ചു.

മാത്യൂസ് മാർ തേവോദോസിയോസ്, ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ. ജോഷ്വ മാർ നിക്കോദീമോസ്, ഡോ. ഏബ്രഹാം മാർ സെറാഫിം, സഖറിയാസ് മാർ അപ്രേം, മാത്യൂസ് മാർ തിമോത്തിയോസ് എന്നിവരും സംബന്ധിച്ചു. ഉച്ചയ്ക്കുശേഷം നടന്ന സുവിശേഷ സമ്മേളനത്തിൽ ജോസഫ് മാർ ദിവന്നാസിയോസും വൈകിട്ട് ഏഴിനു നടന്ന സമ്മേളനത്തിൽ ഏബ്രഹാം മാർ‌ സെറാഫിമും അധ്യക്ഷത വഹിച്ചു.

ഓരോ ക്രിസ്തീയ വിശ്വാസിയും ഇത് കേള്‍ക്കണം..തിരുമേനിയുടെ വെടിക്കെട്ട് പ്രസംഗം,

ഓരോ ക്രിസ്തീയ വിശ്വാസിയും ഇത് കേള്‍ക്കണം..തിരുമേനിയുടെ വെടിക്കെട്ട് പ്രസംഗം, മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്ഷനില്‍ നിന്നുള്ള തല്‍സമയ ദ്രിശ്യങ്ങള്‍ പത്തനംതിട്ടയിലെ തല്‍സമയ വിശേഷങ്ങള്‍ അറിയാന്‍ ലൈക്‌ ചെയ്യൂ….https://www.facebook.com/Pathanamthitta-Metrotv-1785321101732839/

Posted by Pathanamthitta Metrotv on Monday, 22 January 2018