OVS - Latest NewsOVS-Kerala News

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു: കാതോലിക്കാ ബാവാ

കോട്ടയം∙ ആലുവാ തൃക്കുന്നത്ത് സെമിനാരി സംബന്ധിച്ചുള്ള ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും നീതിന്യായ വ്യവസ്ഥയ്‌ക്കും സഭാ ഭരണഘടനയ്‌ക്കും വിധേയമായി സഭാ ഭരണനിർവഹണത്തിൽ ഏവരും സഹകരിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഇതൊരു ദൈവ നടത്തിപ്പായി കാണുന്നുവെന്ന് ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ പോളിക്കാർപ്പോസും ആവർത്തിച്ചുളള കോടതി വിധികളിൽനിന്ന് പാഠം ഉൾക്കൊണ്ട് ക്രമസമാധാന നില തകരാറിലാക്കാതെ പളളികളിൽ ആരാധന സൗകര്യം സൃഷ്‌ടിക്കാൻ ഏവരും സഹകരിക്കണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മനും അഭിപ്രായപ്പെട്ടു.

പരിശുദ്ധ ബാവ തൃക്കുന്നത്ത് സെമിനാരി പള്ളിയിൽ വി. കുർബ്ബാന അര്‍പ്പിക്കും >>

തൃക്കുന്നത്ത് സെമിനാരി: കർമങ്ങൾക്ക് അനുവാദം ഓർത്തഡോക്സ് സഭയ്ക്കു മാത്രം

കൊച്ചി ∙ ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളിയിൽ പരിശുദ്ധ പിതാക്കന്മാരുടെ ഓർമപ്പെരുന്നാളുമായി ബന്ധപ്പെട്ടു കർമാനുഷ്ഠാനങ്ങൾ നടത്താനുള്ള അനുമതി ഓർത്തഡോക്സ് സഭയിലെ വൈദികർക്കും മേലധ്യക്ഷന്മാർക്കും മാത്രമാണെന്നു ഹൈക്കോടതി. യാക്കോബായ സഭയിലെ ഏതൊരംഗത്തിനും പള്ളിയിലും പരിസരങ്ങളിലും വിശ്വാസിയെന്ന നിലയ്ക്കു പ്രവേശിക്കാം, എന്നാൽ, സഭാപ്രതിനിധിയെന്ന നിലയ്ക്കു സാധ്യമല്ല. യാക്കോബായ സഭയിലെ താഴേത്തട്ടു മുതൽ മുകളിൽ വരെ എല്ലാവർക്കും ഇതു ബാധകമാണെന്നും കോടതി വ്യക്തമാക്കി.

പ്രധാന പെരുന്നാൾ 25, 26 തീയതികളിലാണ്. സെന്റ് മേരീസ് പള്ളിയിലും കബറിടമുറിയിലും പരിസരങ്ങളിലും യാക്കോബായ സഭ മതകർമങ്ങൾ നടത്തരുതെന്നു കോടതി നിർദേശിച്ചു. യാക്കോബായ സഭയിലെ വൈദികരോ മതമേലധ്യക്ഷന്മാരോ ആ നിലയ്ക്കു പ്രവേശിക്കുകയോ കർമങ്ങൾ അനുഷ്ഠിക്കുകയോ അരുത്.

ഓർത്തഡോക്സ് സഭയിലെ പുരോഹിതർ പള്ളിയിലും പരിസരങ്ങളിലും പ്രവേശിച്ചു കർമാനുഷ്ഠാനങ്ങൾ നടത്തുന്നതിന് എതിർവിഭാഗം തടസ്സമുണ്ടാക്കരുതെന്നും കോടതി വ്യക്തമാക്കി. മലങ്കര സഭയുടെ പള്ളികളും സ്വത്തുക്കളും 1934ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ടതാണെന്നു സുപ്രീംകോടതി വിധിച്ച സാഹചര്യത്തിൽ ഈ ഭരണഘടനയോടു കൂറുപുലർത്താത്ത സഭാവിഭാഗത്തെ പരോക്ഷമായിപോലും അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

പള്ളിയിലും പരിസരങ്ങളിലും കർമാനുഷ്ഠാനങ്ങൾ നടത്തുന്നതിൽനിന്ന് എതിർകക്ഷികളെ വിലക്കണമെന്നും ആരും തടസ്സമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭാംഗമായ ഫാ. യാക്കോബ് തോമസ് സമർപ്പിച്ച ഉപഹർജിയിലാണു കോടതി നിർദേശം. തൃക്കുന്നത്തു പള്ളിയും വസ്തുക്കളുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽ നിലവിലുള്ള അപ്പീലിന്റെ ഭാഗമായാണ് ഉപഹർജി നൽകിയത്.

ആലുവ സെമിനാരിയുടെ പോരാട്ട ചരിത്രങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം