OVS - ArticlesOVS - Latest News

മലങ്കരയിലെ വി. മൂറോൻ കൂദാശകളുടെ ചരിത്രം

റിസർച്ച് ഡെസ്ക്, ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ

മലങ്കര വീണ്ടുമൊരു മൂറോൻ കൂദാശയ്ക്കു സാക്ഷിയാകുവാൻ ഒരുങ്ങുകയാണ്. മൂറോൻ വച്ച് വിലപേശിയ അന്ത്യോഖ്യൻ പാത്രിയർക്കീസിന്‍റെ മേൽക്കോയ്മയെ തൃണവൽഗണിച്ചു കൊണ്ട് അതിലും പരിപാവനതയോടെ വി. മൂറോൻ കൂദാശ നിർവഹിച്ച പരിശുദ്ധ പിതാക്കൻമാരുടെ പവിത്ര സ്മരണകൾക്കു പ്രണാമം അർപ്പിച്ചുകൊണ്ട് മലങ്കരയിലെ മൂറോൻ കൂദാശയുടെ ചരിത്രം വിശലകനം ചെയ്യുകയാണ് ഈ ലഘു ലേഖനത്തിൽ.

മലങ്കര ഇദംപ്രഥമായി സന്ദർശിച്ച അന്ത്യോഖ്യൻ പാത്രിയർക്കീസ് പ. ഇഗ്നാത്തിയോസ് പത്രോസ് തൃതിയൻ ബാവായാണ് മലങ്കരയിൽ ആദ്യമായി മൂറോൻ കൂദാശ നടത്തിയത്. 1876 ഫെബ്രുവരി 27-ാം തീയതി മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ വച്ചാണ് പാത്രിയർക്കീസ് ബാവാ മൂറോൻ കൂദാശ നിർവഹിച്ചത്. (അന്ന് മൂറോൻ പള്ളികളിൽ വിതരണം ചെയ്യുവാൻ ഏൽപ്പിച്ച അബ്ദുള്ള മാർ ഗ്രീഗോറിയോസ്, പിന്നീട് ഇഗ്നാത്തിയോസ് അബ്ദുള്ള ദ്വിതിയൻ – പണം വാങ്ങി മൂറോൻ വിൽപന ചെയ്തതിനു പാത്രിയർക്കീസ് ബാവാ അദ്ദേഹത്തെ ശകാരിച്ചത് വേറൊരു ചരിത്രം).
1911-ലാണ് മലങ്കരയിൽ  രണ്ടാം തവണ മൂറോൻ കൂദാശ നടക്കുന്നത്. മുളന്തുരുത്തി പള്ളിയിൽ വച്ച് തന്നെയാണ് രണ്ടാം തവണയും മൂറോൻ കൂദാശ നടന്നത്. ഇഗ്നാത്തിയോസ് അബ്ദുള്ള ദ്വിതിയൻ ബാവായാണ് മൂറോൻ കൂദാശ നിർവഹിച്ചത്.
മൂന്നാം തവണ മൂറോൻ കൂദാശ നിർവഹിച്ചത് പരിശുദ്ധ ബസേലിയോസ് ഗീവറുഗീസ് ദ്വിതിയനാണ്. പൗരസ്ത്യ കാതോലിക്കാ ആദ്യമായി നിർവഹിച്ച മൂറോൻ കൂദാശയും അത് തന്നെയാണ്. 1932 ഏപ്രിൽ 22-നു പഴയ സെമിനാരിയിൽ വച്ചാണ് അദ്ദേഹം മൂറോൻ കൂദാശ നിർവഹിച്ചത്.
1951 ഏപ്രിൽ 22-നു പഴയ സെമിനാരിയിൽ വച്ചു ഗീവറുഗീസ് ദ്വിതിയൻ ബാവാ തന്നെയാണ് നാലാമത്തെ മൂറോൻ കൂദാശ നിർവഹിച്ചത്.
മലങ്കരയിലെ അഞ്ചാമത്തെ മൂറോൻ കൂദാശ തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനത്തിൽ പ. ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവാ നിർവഹിച്ചു. 21-12-1967, പഴയ സെമിനാരി തന്നെ വേദിയായി.
1-4-1977-ൽ പഴയസെമിനാരിയിൽ വച്ച് പ. ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവാ വി. മൂറോൻ കൂദാശ നിർവഹിച്ചു. പഴയ സെമിനാരി വേദിയായ അവസാന മൂറോൻ കൂദാശ ഇതായിരുന്നു.
മലങ്കരയിലെ ഏഴാമത്തെ മൂറോൻ കൂദാശ പ. മാത്യൂസ് പ്രഥമൻ ബാവാ തന്നെയാണ് നിർവഹിച്ചത്. ദേവലോകം അരമന ചാപ്പലിൽ വച്ച് 1988 മാർച്ച് മൂന്നാം തീയതി പ. പിതാവ് മൂറോൻ കൂദാശ നിർവഹിച്ചു.
മലങ്കരയുടെ ആറാം കാതോലിക്ക പ. ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതിയൻ ബാവാ 1999 മാർച്ച് 23-നു ദേവലോകം അരമന ചാപ്പലിൽ മൂറോൻ കൂദാശ നിർവഹിച്ചു.
2009 ഏപ്രിൽ മൂന്നാം തീയതി പ. ബസേലിയാസ് മാർത്തോമാ ദിദിമോസ് പ്രഥമൻ ബാവാ ദേവലോകം അരമന ചാപ്പലിൽ വച്ച് മലങ്കരയിലെ എട്ടാമത്തെ മൂറോൻ കൂദാശ നിർവഹിച്ചു.
2018 മാർച്ച് 23-ാം തീയതി പരിശുദ്ധ സഭ വീണ്ടുമൊരു മൂറോൻ കൂദാശയ്ക്കായി ഒരുങ്ങുകയാണ്. പരിശുദ്ധാത്മാവിന്‍റെ കൃപയ്ക്കും നടത്തിപ്പിനുമായി നമുക്കു പ്രാർഥനയോടെ കാത്തിരിക്കാം.
(1980 – ൽ മണർകാട് പള്ളിയിൽ വച്ചും 2004-ൽ കോതമംഗലം ചെറിയ പള്ളിയിൽ വച്ചും യാക്കോബായ വിഭാഗത്തിൽ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ ബാവാ മൂറോൻ കൂദാശ നിർവഹിച്ചിട്ടുണ്ട്. ആദ്യത്തെ 4 മൂറോൻ കൂദാശകളിൽ തീയതി സുറിയാനിക്കണക്കിൽ പറഞ്ഞിരിക്കുന്നതിനാൽ ചെറിയ വ്യത്യാസം സംഭവിക്കാവുന്നതാണ്. )