OVS-Kerala News

വള്ളിക്കാട്ട് ദയറായിലേക്ക് വിശ്വാസി പ്രവാഹം

വാകത്താനം:- വള്ളിക്കാട്ട് ദയറായിൽ കബറടങ്ങിയ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 89ാം ഓർമപ്പെരുന്നാളിൽ പങ്കെടുക്കാൻ നൂറുകണക്കിനു വിശ്വാസികൾ കബറിങ്കൽ എത്തിച്ചേർന്നു. ബാവായുടെ മാതൃ ദേവാലയമായ വാകത്താനം സെന്റ് ജോൺസ് വലിയ പള്ളിയിൽ നിന്നുള്ള റാസയെയും സമീപ ദേവാലയങ്ങളിൽ നിന്നുള്ള പദയാത്രാ സംഘങ്ങളേയും ദയറാമാനേജർ ബർസ്ലീബി റമ്പാനും ജനറൽ കൺവീനർ ഫാ. ജോൺ ജോസഫ് ചാലാശേരിയും ചേർന്നു സ്വീകരിച്ചു.

സന്ധ്യാനമസ്കാരത്തിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികനായിരുന്നു. ഡോ മാത്യൂസ് മാർ സേവേറിയോസ്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ് എന്നിവർ സഹകാർമികരായിരുന്നു. ഫാ. തോമസ് വർഗീസ് അമയിൽ അനുസ്മരണ പ്രസംഗം നടത്തി.

ഇന്ന് എട്ടിന് കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, അനുസ്മരണ പ്രസംഗം, കബറിങ്കൽ ധൂപപ്രാർഥന. തുടർന്നു നടക്കുന്ന വൈദിക സമ്മേളനം ബാവാ ഉദ്ഘാടനം ചെയ്യും. ഡോ മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷത വഹിക്കും. ഡോ വർഗീസ് പുന്നൂസ് ക്ലാസ് എടുക്കും. മൂന്നിന് ജറുസലം സെന്റ് മേരീസ് പള്ളിയുടെ കുരിശടിവരെയുള്ള പ്രദക്ഷിണത്തോടെ ഓർമപ്പെരുന്നാൾ സമാപിക്കും.