OVS - Latest NewsOVS-Kerala News

കാരള്‍ സംഘത്തിന് നേരെ സംഘപരിവാര്‍ ആക്രമണം ; പ്രതിഷേധം ശക്തം

മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്തുമസ് കാരളിനിടെ നാല് വൈദീകരെയും 34 വൈദിക വിദ്യാര്‍ത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തതിലും, വൈദീകരുടെ വാഹനം അഗ്നിക്ക് ഇരയാക്കിയതിലും പ്രതിഷേധവും ഉത്കണ്ഠയും രേഖപ്പെടുത്തുന്നുവെന്ന് മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സമാധാനത്തിന്‍റെ സന്ദേശം നല്‍കി നടത്തുന്ന ക്രിസ്തുമസ് കാരളില്‍ പങ്കെടുത്തവര്‍ക്കെതിരെ അകാരണമായി ആക്രമണം നടത്തിയതിനെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊളളുന്നതിന് മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു.

സത്നയിൽ ക്രിസ്തുമസ് പരിപാടി അവതരിപ്പിക്കാൻ പോയ വൈദികരെയും വൈദിക വിദ്യാർത്ഥികളെയും പോലീസിനെ വിളിച്ചു വരുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും സ്റ്റേഷനില്‍ കയറും മുന്‍പ് പോലീസിന്റെ മുന്‍പില്‍ വച്ച് ആക്രമിക്കുകയും നിങ്ങളെ ഇവിടെ നിന്ന് നാട് കടത്തും എന്ന് വെല്ലുവിളിക്കുകയും ചെയ്ത സംഘപരിവാര്‍  സംഘടന ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു.

കസ്റ്റഡിയിൽ എടുത്ത അച്ചന്റെ മേൽ മതപരിവർത്തനം നടത്തിയെന്ന ആരോപണം നടത്തുന്നത് ബുംകാർ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. സ്റ്റേഷനിൽ വന്ന അയാൾ അടുത്തു നിന്ന വൈദികനെ ചൂണ്ടിക്കാട്ടി പറഞ്ഞു: “ഈ അച്ചൻ ആണ് എന്നെ ക്രിസ്ത്യാനിയാക്കിയത്. 5000 രൂപ നൽകി മാമ്മോദീസ മുക്കി, തോമസ് എന്ന പേര് നൽകുകയും ചെയ്തു”. മുമ്പ് കണ്ടു പരിചയമില്ലാതിരുന്നതിനാൽ അച്ചൻ അയാളോട് എങ്കിൽ തന്റെ പേര് പറയുവാൻ ആവശ്യപ്പെട്ടു. അതിനു ‘അറിയില്ല’ എന്ന മറുപടിയാണ് അയാളിൽ നിന്നും ലഭിച്ചത്. തുടർന്ന് മാധ്യമങ്ങൾക്കു മുന്നിൽ അയാൾ തന്നെ സത്യം തുറന്നു പറഞ്ഞു. എന്നോടൊന്നും ചോദിക്കരുതെന്നു പറഞ്ഞ പരാതിക്കാരൻ താൻ ബജ്‌രംഗ്ദൾ പ്രവർത്തകർ ഭീക്ഷണിപ്പെടുത്തിയതിനാലാണ് അച്ചനെതിരെ പരാതി നൽകിയതെന്നും അല്ലെങ്കിൽ കൊല്ലുമെന്ന് അവർ പറഞ്ഞിരുന്നു എന്നും പറഞ്ഞു. മാത്രമല്ല കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ ബജ്‌രംഗ്ദളിന്റെ പ്രവര്‍ത്തകന്‍ ആണെന്നും അയാള്‍ സമ്മതിച്ചു.

വ്യാജപരാതിയിൽ വൈദികർക്ക് നേരെ കേസെടുക്കാനും മറ്റും പോലീസുകാർ കാണിച്ച തിടുക്കം അവർക്കെതിരെ ആക്രമണം നടത്തിയ ആളുകളെ പിടിക്കുന്നതിൽ കണ്ടില്ല. നിർബന്ധിത മതപരിവർത്തനം തടഞ്ഞുകൊണ്ടുള്ള സർക്കാരിന്റെ ‘ആന്റി കൺവേർഷൻ ബിൽ’ നിലനിൽക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്‌. അവിടെ മതപരിവർത്തനം നടത്തിയതായി തെളിഞ്ഞാൽ പരമാവധി ശിക്ഷ നൽകും. അങ്ങനെ വ്യാജ തെളിവുകൾ ഉണ്ടാക്കി വൈദികരെ നിയമത്തിൽന്റെ കീഴിൽ കൊണ്ടുവരുന്നതിനുള്ള ബജ്‌രംഗ്ദൾ പ്രവർത്തകരുടെ ഗൂഢാലോചനയുടെ ഫലമായിരുന്നു ഈ വ്യാജ ആരോപണം.

 

പള്ളിയില്‍ ഹനുമാന്‍ പൂജ നടത്തും എന്ന ഭീഷണി

ബജ്‌രംഗ്ദൾ പ്രവർത്തകരുടെ ഭീഷണികൾ അടുത്തിടെയായി കൂടി വരുന്നുണ്ടെങ്കിലും കാര്യമായി കരുതിയിരുന്നില്ല ഇവിടുത്തെ വൈദികര്‍. വൈദികർ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളെ മതപരിവർത്തനങ്ങളായി കാണുവാനും അങ്ങനെ ചിത്രീകരിക്കുവാനും ഉള്ള ശ്രമങ്ങളായിരുന്നു ബജ്‌രംഗ്ദൾ പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായിരുന്നത്. അതിനായി തെളിവുകൾ ഉണ്ടാക്കുന്നതിനുള്ള ഒരു ശ്രമമായി വേണം കഴിഞ്ഞ ദിവസത്തെ ആക്രമണത്തെ കാണുവാൻ. ഇനിയും മതപരിവർത്തനങ്ങൾ നടത്തിയാൽ പള്ളിയിൽ കയറി ഹനുമാന്‍ പൂജ നടത്തും എന്നതാണ് അവരുടെ പുതിയ ഭീഷണി. ഒരു മതപരിവർത്തനവും ഇവിടെ നടക്കുന്നില്ല എന്നതാണ് സത്യം. എങ്കിലും ഭീഷണിക്ക് കുറവില്ല.

വൈദികരെ അറസ്റ്റ് ചെയ്തു കൊണ്ട് വരുമ്പോൾ അവരെ ആക്രമിക്കുവാൻ മുൻപന്തിയിൽ നിന്നതും ബജ്‌രംഗ്ദൾ പ്രവർത്തകരാണ്. വൈദികരെ ആക്രമിച്ചത് പോലീസുകാരാണെന്ന വാർത്തയാണ് വന്നതെങ്കിലും പിന്നീട് സത്യം അതല്ല എന്ന് തെളിയുകയായിരുന്നു. വൈദികരെ സ്റ്റേഷനിൽ എത്തിക്കുമ്പോൾ അവിടെ കൂടിയിരുന്ന ബജ്‌രംഗ്ദൾ പ്രവർത്തകരാണ് അവർക്കുനേരെ അതിക്രമം അഴിച്ചു വിട്ടത്. ഈ ആക്രമണത്തിൽ അച്ചന്മാർക്കും വിദ്യാർത്ഥികൾക്കും നിസാരമല്ലാത്ത മുറിവുകളാണ് ഉണ്ടായത്.