OVS - ArticlesOVS - Latest NewsTrue Faith

ശവസംസ്കാരം – ഓര്‍ത്തഡോക്സ് സഭയുടെ പാരമ്പര്യം :- ഡോ. സഖറിയാസ് മാര്‍ അപ്രേം

1. മൃതശരീരം ദഹിപ്പിക്കുന്നത് സംബന്ധിച്ച് സഭയുടെ നിലപാട് എന്ത്?

പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇത് സംബന്ധിച്ച് ആലോചനകള്‍ നടത്തിയിട്ടുണ്ട്. മൃതശരീരം ദഹിപ്പിക്കുക എന്നത് ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ അതാത് പ്രദേശത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനുവാദം നല്‍കുവാനാണ് നിശ്ചയിച്ചിട്ടുള്ളത്. നിയമപരമായി മൃതശരീരം ദഹിപ്പിക്കുവാന്‍ മാത്രം അനുവാദമുള്ള പ്രദേശങ്ങളില്‍ ഈ സാഹചര്യത്തില്‍ ദഹിപ്പിക്കുവാനുള്ള അനുവാദം നല്‍കുന്നു. ഉദാ. സിംഗപ്പൂര്‍.

2. മൃതശരീരം പൂര്‍ണ്ണമായി ലഭിക്കാത്ത സാഹചര്യങ്ങളില്‍ സംസ്കാരം എങ്ങനെ നടത്തും?
ഭാഗീകമായിട്ടെങ്കിലും ശരീരാവയവങ്ങള്‍ കിട്ടുന്നെങ്കില്‍ സാധാരണ രീതിയിലുള്ള സംസ്കാര ശുശ്രൂഷകള്‍ നിര്‍വഹിക്കേണ്ടതാണ്. ലഭിക്കാത്ത സാഹചര്യങ്ങളില്‍ സംസ്കരിക്കുവാന്‍ ശരീരമില്ല എങ്കിലും ശവസംസ്കാര ശുശ്രൂഷാ ക്രമത്തിലെ അനുയോജ്യമായ ക്രമങ്ങള്‍ നടത്താവുന്നതാണ് (1-3 ക്രമങ്ങള്‍).

3. മൃതശരീരം മോര്‍ച്ചറിയില്‍ വയ്ക്കുന്ന സാഹചര്യത്തില്‍ ഭവനത്തിലെ ക്രമീകരണം ഏവ?
മൃതശരീരം മോര്‍ച്ചറിയില്‍ വയ്ക്കുന്ന സാഹചര്യത്തില്‍ വീട്ടില്‍ പരേതന്‍റെ കട്ടില്‍ വെള്ളവിരിച്ച് കിഴക്ക് പടിഞ്ഞാറായി വയ്ക്കുകയും, തലയ്ക്കല്‍ അതായത് പടിഞ്ഞാറ് വശത്ത് കുരിശും മെഴുകുതിരിയും നിലവിളക്കും വയ്ക്കുകയും ചെയ്യുന്നു. സമയാസമയങ്ങളില്‍ സൗകര്യം പോലെ ക്രമങ്ങള്‍ നടത്താവുന്നതാണ്. തലഭാഗത്ത് വേദപുസ്തകം വയ്ക്കുന്ന രീതിയും ഉണ്ട്.

4. മൃതശരീരത്തിന്‍റെ മുഖം മൂടുവാനുള്ള അവകാശം ആര്‍ക്കാണ്?

സാധാരണയായി ആണ്‍മക്കള്‍ക്കാണ് അവകാശം. ആണ്‍ മക്കളില്ലാത്ത സാഹചര്യത്തില്‍ സഹോദരങ്ങള്‍ക്കോ സഹോദരപുത്രന്മാര്‍ക്കോ ചെയ്യാവുന്നതാണ്. ഇതാണ് സഭയില്‍ നിലവിലുള്ള പാരമ്പര്യം.

5. കുഴിക്കാണം എന്നാല്‍ എന്ത്?

കുഴിക്കാണം എന്ന രീതി വേദപുസ്തകാടിസ്ഥാനമുള്ളതാണ്. അബ്രഹാം ഭാര്യയായ സാറായെ സംസ്കരിക്കുന്നതിനായി ഹിത്യനായ എഫ്രോനോടു ‘മക്പേല’ എന്ന നിലവും അതിലുള്ള ഗുഹയും നാനൂറുശേക്കല്‍ വെള്ളി വിലയായി നല്‍കി വാങ്ങിയതിനുശേഷം അതില്‍ സാറായെ സംസ്കരിച്ചു. (ഉല്പത്തി 23). അപ്രകാരം ഇന്നു സ്വന്തമായി കല്ലറകള്‍ ഉണ്ട് എങ്കില്‍പോലും അടക്കുന്ന സ്ഥലത്തിന്‍റെ വില നല്‍കുന്നതാണ് ഇത്.

6. മൃതശരീരം സംസ്കരിക്കുന്നതിന് മുന്‍പ് ശരീരത്തിലെ കെട്ടുകള്‍ നീക്കം ചെയ്യുന്നത് എന്തിന്?

പുനരുത്ഥാനത്തിന്‍റെ പ്രത്യാശ ഉള്ളതുകൊണ്ടാണ്. ലാസറിനെ ഉയിര്‍പ്പിച്ച സമയത്ത് അവന്‍റെ കെട്ടുകള്‍ അഴിക്കുവാന്‍ യേശുതമ്പുരാന്‍ കല്പിച്ചുവല്ലോ.

7. മൃതശരീരത്തില്‍ മണ്ണും കുന്തിരിക്കവും ഇടുന്നതും തൈലം ഒഴിക്കുന്നതും എന്തിന്?

ഈ രണ്ട് കര്‍മ്മങ്ങളുടെയും പ്രാധാന്യം ആ സമയത്തെ പ്രാര്‍ത്ഥനയില്‍ നിന്ന് വ്യക്തമാണ്.
മണ്ണില്‍ നിന്നുള്ളവനാകയാല്‍ മണ്ണിലേക്ക് മടങ്ങിച്ചേരുന്നു എന്നതിന്‍റെ സൂചനയായി മണ്ണും, വീണ്ടും നവീകരിക്കപ്പെടും (ഉയിര്‍പ്പ്) എന്നതിന്‍റെ സൂചനയായി കുന്തിരിക്കവും ഉപയോഗിക്കുന്നു. ഓയാറില്‍ പതിയിരിക്കുന്ന ദുഷ്ടാത്മാക്കളില്‍ നിന്ന് രക്ഷപ്പെടുവാനായി ആത്മാവിന് നല്‍കുന്ന സംരക്ഷണത്തിന്‍റെ പ്രതീകമായി തൈലം ഒഴിക്കുന്നു.

8. മരണശേഷം 3, 9, 30, 40 ദിവസങ്ങളില്‍ ഓര്‍മ്മ നടത്തുന്നത് എന്തിന്?

യഹൂദ പാരമ്പര്യത്തിലും ആദിമ ക്രൈസ്തവ പാരമ്പര്യത്തിലും ഈ ദിനങ്ങള്‍ പ്രാധാന്യം ഉള്ളതായിരുന്നു. ചൊവ്വാഴ്ച ഒമ്പതാംമണി നമസ്കാരത്തില്‍ ഇപ്രകാരം ചൊല്ലുന്നു “മൂന്നാംനാള്‍ മൃതി ഗതരെ പ്രതി ധൂപം വയ്ക്കും, പതിവുണ്ടായതു നീതിപരന്മാര്‍ക്കങ്ങാദി മുതല്‍….”

9, 30, 40 ദിനങ്ങള്‍ യഹൂദ വിലാപകാലത്തിലെ പ്രത്യേക ദിനങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ക്രൈസ്തവ പാരമ്പര്യത്തില്‍ 3-ാം ദിവസം കര്‍ത്താവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പും 40-ാം ദിവസം സ്വര്‍ഗാരോഹണവും അനുസ്മരിക്കുന്നു.

9. 40-ാം ദിവസമാണോ, 41-ാം ദിവസമാണോ ഓര്‍മ്മ നടത്തേണ്ടത്?

ക്രൈസ്തവപാരമ്പര്യത്തില്‍ 40-ാം ദിവസമാണ് ഓര്‍മ്മനടത്തേണ്ടത് 41 ഹൈന്ദവ പാരമ്പര്യമാണ്.

10. മേല്‍പട്ടക്കാരോ വൈദികരോ മരിച്ചതിനുശേഷം നാല്പതു ദിവസവും വി. കുര്‍ബാന നടത്തുന്നത് എന്തുകൊണ്ട്?

മുന്‍കാലങ്ങളില്‍ മേല്‍പട്ടക്കാര്‍ക്കും പട്ടക്കാര്‍ക്കും അയ്മേനികള്‍ക്കും നാല്പതു ദിവസം വി. കുര്‍ബ്ബാന നടത്തിയിരുന്നു. എന്നാല്‍ ഇന്ന് അത് മേല്‍പട്ടക്കാര്‍ക്കും വൈദികര്‍ക്കുമായി ചുരുങ്ങിപ്പോയി എന്നുമാത്രം.

11. കല്ലറയില്‍ ധൂപപ്രാര്‍ത്ഥന നടത്തുന്നതിന്‍റെ സാഗത്യം എന്ത്?

കല്ലറ ജീര്‍ണ്ണിച്ച ശരീരഭാഗങ്ങളോ, ഉണങ്ങിവരണ്ട അസ്ഥി കൂമ്പാരങ്ങളോ കിടക്കുന്ന സ്ഥലമല്ല മറിച്ച് പുനരുത്ഥാനത്തിന്‍റെ പനിമഞ്ഞ് പതിക്കുമ്പോള്‍ തേജസ്സോടെ ഉത്ഥാനം ചെയ്യേണ്ട ശരീരം സ്ഥിതി ചെയ്യുന്ന ഇടമാണ്. ആ ശരീരം പൂഴിയായി തീര്‍ന്നാലും അതിന്‍റെ പ്രാധാന്യം നഷ്ടപ്പെടുന്നില്ല. മൃതശരീരം അടക്കം ചെയ്യുകയല്ല മറിച്ച് സംസ്കരിക്കുന്നതിനാണ്. ശരീരം മണ്ണിനോട് ചേര്‍ന്ന് പൂഴിയായി തീര്‍ന്നാലും ആ പൂഴിയില്‍ പുനരുത്ഥാനത്തിന്‍റെ പനിമഞ്ഞ് പതിക്കുമ്പോള്‍ മൃതരായവര്‍ തേജസ്സോടെ ഉത്ഥാനം ചെയ്യും. ഇത് ഉള്‍ക്കൊണ്ടുകൊണ്ടും, ദിവന്നാസ്യോസ് ബര്‍സ്ലീബിയുടെ തക്സായില്‍ 6-ാം തുബ്ദേന്‍ കഴിഞ്ഞ് പട്ടക്കാരന്‍ ചൊല്ലുന്ന പ്രാര്‍ത്ഥനയില്‍ പറയുന്നതുപോലെ “എന്തെന്നാല്‍ നിന്‍റെ ഏകപുത്രന്‍റെ ശരീരരക്തങ്ങള്‍ അവരുടെ അവയവങ്ങളില്‍ മറഞ്ഞിരിക്കുന്നുവല്ലോ” എന്നത് ഉള്‍ക്കൊണ്ടുമാണ് കല്ലറയില്‍ ധൂപപ്രാര്‍ത്ഥന നടത്തുന്നത്.

12 ഓര്‍മ്മ ദിവസങ്ങളില്‍ നേര്‍ച്ച നല്‍കുന്നത് എന്തുകൊണ്ട്? (നെയ്യപ്പം, പഴം, പാച്ചോര്‍ etc)

കേരളീയ പാരമ്പര്യങ്ങളില്‍ ശ്രാദ്ധ ദിവസങ്ങളില്‍ പൂര്‍വ്വികര്‍ക്ക് ബലി നിവേദിക്കുന്ന രീതി നിലനിന്നിരുന്നതില്‍ നിന്ന് സ്വീകരിച്ചതാണ് ഈ പാരമ്പര്യം.