OVS - ArticlesOVS - Latest News

ക്രിസ്മസായി, മിന്നിച്ചേക്കണേ കർത്താവേ…!

ക്രിസ്മസ് വിശേഷങ്ങള്‍ പങ്കുവെച്ചു മാലാഖ 

വീണ്ടും ഡിസംബർ.

മനസ്സിൽ മഞ്ഞിന്‍റെ  കുളിരു സമ്മാനിച്ച് വീണ്ടും ഡിസംബർ.

ഊറിനിൽക്കുന്ന കുഞ്ഞു തുഷാരത്തുള്ളിയുടെ നെഞ്ചിൽ മഴവില്ലിനെ വരച്ചു ചേർത്ത് നാണത്തോടെ തലകുനിച്ചു നിരനിരയായി നിൽക്കുന്ന ഉണ്ണിശോപുല്ല് (അങ്ങനെയൊരു പുല്ല് ഉണ്ടല്ലോ!) ഡിസംബറിന്‍റെ  ആദ്യവാരം തന്നെ തലനീട്ടുമായിരുന്നു. കരിം പച്ചനിറത്തിലെ ഈന്തൽ തലപ്പുകൾ അന്വേഷിച്ചു കുട്ടികൂട്ടങ്ങൾ ആർത്തുനടന്നിരുന്നു. സുഗന്ധം പേറി കാറ്റത്താടുന്ന തെരുവ ചെടിയുടെ പൂങ്കുലകൾ… ആ മണം ഇപ്പോഴും വാസനിക്കുന്നപോലെ.

വ്യത്യസ്തമായി നക്ഷത്രവിളക്കുകൾ ഉണ്ടാക്കി ഉമ്മറത്ത് തൂക്കാൻ നേരത്തെ തന്നെ കോപ്പുകൂട്ടി തുടങ്ങും. വർണ്ണക്കടലാസും, ചീകി മിനുസപ്പെടുത്തിയ ഈറ്റകമ്പുകളും മൈദപശയും നക്ഷത്രങ്ങളുടെ ആകാരസൗഷ്ടവത്തിൽ തങ്ങളുടേതായ ഭാഗഭാഗിത്വം കൃത്യമായി വഹിച്ചിരുന്നു. പുമുഖ വാതിലിലോ, മുറ്റത്തെ മാവിന്‍റെ  കൊമ്പിലോ തൂങ്ങിയാടിയിരുന്ന വർണ്ണ നക്ഷത്രങ്ങൾ ഇപ്പോഴും മനസ്സിൽ കത്തി നിൽക്കുന്നു. ഒട്ടും മങ്ങാതെ.

ഡിസംബർ ഏറ്റം ഇഷ്ട്ടപ്പെട്ട മാസമായതങ്ങനെയാവാം എന്ന് തോന്നുന്നു .

കുളിരുള്ള പ്രഭാതങ്ങൾ, ആ തണുപ്പും കൊണ്ട്, വെട്ടം വയ്ക്കുമ്പോഴേ കുർബാന കാണാൻ കുട്ടുകാരുമൊത്തുള്ള നടത്തം, ഉണ്ണിശോയ്ക്കു 25 ദിവസം നൽകാനുള്ള സമ്മാനങ്ങളുടെ ലിസ്റ്റ് സ്കൂളിലെ നോട്ടീസ് ബോർഡിൽ സിസ്റ്റർ, നോമ്പ് പിടിക്കുന്നതിന്‍റെ  തലേ ദിവസം തന്നെ പതിപ്പിച്ചിട്ടുണ്ടാവും. അത് പൂർത്തീകരിക്കാനുള്ള മത്സരം വേറെ. മുറ്റത്തു നിന്നിരുന്ന മൊസാണ്ട ചെടിയായിരുന്നു ഞങ്ങളുടെ ക്രിസ്മസ് ട്രീ. മിനുങ്ങുന്ന വർണ്ണ കടലാസുകളും മിന്നിമിന്നി കത്തുന്ന ബൾബുകളും നിറയെ നിരത്തി ആ ചെടിയെ ഞങ്ങൾ ട്രീ ആക്കിക്കഴിയുമ്പോൾ ഒരു സന്തോഷമുണ്ട്.

ആഹാ …!!!!

പുൽക്കൂട് കെട്ടാൻ ക്രിസ്മസ് പരീക്ഷ കഴിയണം. പിന്നെ പുഴയായി, വയലായി, വെള്ളച്ചാട്ടമായി… പുൽക്കൂടിനുചുറ്റും ഒരു ചെറിയ അമ്യുസ്മെൻറ് പാർക്ക് നിർമ്മിക്കലാണ് പ്രധാന തൊഴിൽ. അവസാനമാണ് പുൽക്കൂട് ഒരുക്കുക. ക്രിസ്മസ് രാത്രിയിൽ ഉണ്ണീശോയെ പുൽക്കൂട്ടിൽ വയ്ക്കുന്നത് അപ്പയാണ്. തിരി കത്തിച്ചു പിടിച്ചു ചുറ്റിനും ഞങ്ങളും.

ഡിസംബർ വീണ്ടും ആ സന്തോഷത്തോടെ തന്നെ വന്നെത്തിയിരിക്കുന്നു. ഇത്തവണയും പുൽക്കൂട് കെട്ടണം എന്നോർമ്മപ്പെടുത്തി കൊണ്ട്.

മുറ്റത്തു മാത്രമല്ല, ഉള്ളിന്‍റെ ഉള്ളിലും ഒരുക്കം തുടങ്ങുകയായി. ഇനി 25 ദിനങ്ങൾ. ഹൃദയത്തിലെ പുൽക്കൂടിനു ഒരു കുറവും ഉണ്ടാവരുത് എന്നാണിപ്പോ ആശ. (പുൽക്കൂടെന്നു പറഞ്ഞാൽ തന്നെ അത് കുറവിന്‍റെ ഇടം എന്നല്ലേ. കുറവുകളൊന്നും അവന് വന്നുപിറക്കാൻ തടസ്സങ്ങളല്ല എന്നുതന്നെ. അതുകൊണ്ട് ഉറപ്പാണ്, അവൻ, എമ്മനുവെൽ, മ്മ്‌ടെ ഉണ്ണീശോ ഹൃദയത്തിൽ വരുകേം ചെയ്യും, അവതാര മെടുക്കുകേം ചെയ്യും. ഇത്ര കുറവുള്ള, പുൽക്കൂട് വേറെ ഇവിടെ കിട്ടാനാ).

ന്നാലും, ഒരുക്കം തുടങ്ങുകയാണ്, മിന്നിച്ചേക്കണേ കർത്താവേ ….!

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)