OVS - ArticlesOVS - Latest News

മലങ്കരസഭയിലെ വൈദികമേലദ്ധ്യക്ഷപദവി: പി. തോമസ്, പിറവം

ദൈവജനവും പ്രത്യേക പൗരോഹിത്യവും
പുരോഹിതവര്‍ഗ്ഗമായ ദൈവജനത്തിന്‍റെ പ്രത്യേക പൗരോഹിത്യത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടേ വൈദിക മേലദ്ധ്യക്ഷതയെക്കുറിച്ച് വിവരിക്കാനാവൂ. ‘നിങ്ങളോ അന്ധകാരത്തില്‍നിന്ന് തന്‍റെ അദ്ഭുതപ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്‍റെ സദ്ഗുണങ്ങളെ ഘോഷിപ്പാന്‍ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.’ (1 പത്രോസ് 2:9) പഴയ യിസ്രായേലിന്‍റെ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ യിസ്രായേലാണ് പുരോഹിതവര്‍ഗ്ഗമായ ക്രൈസ്തവസമൂഹം.

ജനതകള്‍ക്കിടയില്‍ പുരോഹിതവര്‍ഗ്ഗമായിരുന്നു പഴയ യിസ്രായേല്‍. സര്‍വ്വജാതികള്‍ക്കും ദൈവത്തിനുമിടയില്‍ മദ്ധ്യവര്‍ത്തിയായി അവരെ നിയമിച്ചു. ആദ്യം പുരോഹിതകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുവന്നത് കുടുംബത്തലവന്മാര്‍ – ഗോത്രത്തലവന്മാര്‍, Patriarchs ആയിരുന്നു. നോഹയും അബ്രഹാമും ഒക്കെ ബലിയനുഷ്ഠാനം നടത്തിയത് നമുക്കറിയാം. എന്നാല്‍ മോശയുടെ കാലമാകുമ്പോള്‍ പ്രധാനപൗരോഹിത്യം മോശയിലും അഹറോനിലും കേന്ദ്രീകൃതമാകുന്നു. പിന്നീട് പൗരോഹിത്യാനുഷ്ഠാനങ്ങള്‍ പൊതുവേ ലേവ്യകുലത്തില്‍ നിക്ഷിപ്തമായി. ദൈവജനമായ യിസ്രായേല്‍, ജാതിയെന്ന നിലയില്‍ ജനതകള്‍ക്കിടയില്‍ പൗരോഹിത്യ ശുശ്രൂഷയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും, ആ ജാതിയില്‍ പ്രത്യേകപൗരോഹിത്യധര്‍മ്മം ലേവ്യകുലത്തിനും അതിലെ പ്രധാനാചാര്യനും വേര്‍തിരിക്കപ്പെട്ടിരുന്നു.

രാജാവ്, പുരോഹിതന്‍, പ്രവാചകന്‍ എന്നീ ത്രിവിധപദവികള്‍ ഏകീഭവിച്ചിരുന്ന യേശുക്രിസ്തുവിന്‍റെ – മ്ശിഹാ അഥവാ അഭിഷിക്തനായ യേശുവിന്‍റെ – പട്ടത്വം ശ്ലീഹന്മാരിലാണ് നിക്ഷിപ്തമായത്. യേശുവില്‍ വിശ്വസിച്ച ദൈവജനത്തിനിടയില്‍ – പുരോഹിതവര്‍ഗ്ഗത്തില്‍ – ശ്ലീഹന്മാരാണ് മ്ശിഹായുടെ പട്ടത്വശുശ്രൂഷ നിര്‍വ്വഹിച്ചത്. പുതിയനിയമ കാലഘട്ടത്തില്‍ ദൈവജനങ്ങള്‍ക്ക് ശെമ്മാശ്ശന്‍ അഥവാ ശുശ്രൂഷകന്‍, പ്രിസ്ിട്രോസ് അഥവാ മൂപ്പന്‍, അതായത് കശ്ശീശാ, എപ്പിസ്‌കോപ്പാ അഥവാ അദ്ധ്യക്ഷന്‍ എന്നീ ത്രിവിധ പട്ടത്വസ്ഥാനികള്‍ ഉണ്ടായതായി കാണാം.

പാത്രിയര്‍ക്കേറ്റുകള്‍
ശ്ലീഹന്മാര്‍ സുവിശേഷം വിതച്ച സ്ഥലങ്ങളിലെല്ലാം തങ്ങളുടെ ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ അദ്ധ്യക്ഷന്മാരെ അഭിഷേകം ചെയ്തു. കാലം പുരോഗമിക്കേ ഈ എപ്പിസ്‌കോപ്പാമാരുടെ ഇടയില്‍ പ്രധാനപട്ടണങ്ങളിലെ അദ്ധ്യക്ഷന്മാര്‍ ഇതരയിടങ്ങളിലുള്ളവരെക്കാള്‍ മുമ്പന്മാരായി ഗണിക്കപ്പെട്ടു. അവരെ മെത്രാപ്പോലീത്താമാര്‍, ആര്‍ച്ച് ബിഷപ്പുമാര്‍ എന്നെല്ലാം പരാമര്‍ശിക്കുന്നു. കാലം പോകവേ, സാമ്രാജ്യതലസ്ഥാനങ്ങളിലുള്ള മേലദ്ധ്യക്ഷന്മാര്‍ മെത്രാപ്പോലീത്താമാരില്‍ മുമ്പന്മാരായി ഗണിക്കപ്പെട്ടു. റോമാസാമ്രാജ്യത്തിലെ റോം, അലക്‌സന്ത്ര്യാ, അന്ത്യോഖ്യ, കുസ്തന്താനോപോലീസ് എന്നീ പ്രവിശ്യാതലസ്ഥാനങ്ങളിലെ മേലദ്ധ്യക്ഷന്മാരെ പാത്രിയര്‍ക്കീസ്, പാപ്പാ എന്നൊക്കെ വിളിക്കുവാന്‍ തുടങ്ങി.

എന്നാല്‍ റോമാസാമ്രാജ്യത്തിനു വെളിയിലുള്ള രാജ്യതലസ്ഥാനങ്ങളിലെ മേലദ്ധ്യക്ഷന്മാരെ കാതോലിക്കാ, മഫ്രിയാന, വലിയ മെത്രാപ്പോലീത്താ എന്നെല്ലാമാണ് വിളിച്ചത്. പേര്‍ഷ്യയിലെ സെലൂക്യാ, തിഗ്രീസ്, അര്‍മ്മീനിയാ, ഇന്ത്യ എന്നിവിടങ്ങളിലെ സഭാമേലദ്ധ്യക്ഷന്മാരെ ഇങ്ങനെ വിളിച്ചിരുന്നതായി സഭാചരിത്രത്തില്‍ കാണാം. ചുരുക്കത്തില്‍ തലസ്ഥാനപട്ടണങ്ങളിലെ മേലദ്ധ്യക്ഷന്മാര്‍ പാപ്പാ, പാത്രിയര്‍ക്കീസ്, കാതോലിക്കാ, മപ്രിയാന, വലിയ മെത്രാപ്പോലീത്താ എന്നിങ്ങനെ പരാമര്‍ശിക്കപ്പെട്ടു. ഇവര്‍ക്ക് അതതു പ്രദേശങ്ങളിലെ മെത്രാന്മാരില്‍ മുമ്പന്‍ അഥവാ പ്രധാനി എന്ന സ്ഥാനമുണ്ടായിരുന്നു. അവര്‍ തങ്ങളുടെ പട്ടണത്തില്‍ സുവിശേഷമറിയിച്ച ശ്ലീഹന്മാരുടെയോ അറിയിപ്പുകാരുടെയോ പിന്‍ഗാമികളായി പരാമര്‍ശിക്കപ്പെട്ടും വന്നു.

രാജ്യത്തെ മെത്രാന്മാരുടെ സമൂഹത്തില്‍ – സുന്നഹദോസില്‍ – അദ്ധ്യക്ഷനാകുവാനും സഭയെ പ്രതിനിധീകരിക്കുവാനും മെത്രാന്മാരെ വാഴിക്കുന്ന സുന്നഹദോസില്‍ നേതൃത്വം വഹിക്കുവാനും ഉള്ള ചുമതലകളാണ് ഇവരിലുണ്ടായിരുന്നത്.

സഭാഭരണക്രമീകരണം
സാമ്രാജ്യഭരണ സമ്പ്രദായങ്ങളോട് സഭാഭരണക്രമീകരണം അനുരൂപമാക്കുന്ന പ്രക്രിയ പിന്നീട് സഭയില്‍ ഉണ്ടായി. അപ്പോസ്‌തോലിക സഭയില്‍ ശ്ലീഹന്മാര്‍ സ്ഥാപിച്ച സഭകള്‍ അതാതിടത്ത് സ്വയം ശീര്‍ഷത്വമുള്ളതും പരസ്പര സ്‌നേഹന്ധമുള്ളതുമായിരുന്നു. അപ്പോസ്‌തോലികകാലത്തിനു ശേഷം ദേശങ്ങളുടെയും രാജ്യങ്ങളുടെയും സാമ്രാജ്യങ്ങളുടെയും തലസ്ഥാന നഗരങ്ങള്‍ക്ക് ഇതര സ്ഥലങ്ങളെക്കാള്‍ ലൗകിക ഭരണവ്യവസ്ഥയില്‍ പ്രാധാന്യമേറി വന്നപ്പോള്‍ അത്തരം നഗരങ്ങളിലെ സഭാമേലദ്ധ്യക്ഷന്മാര്‍ക്കും തദനുസരണം പ്രാമുഖ്യമുണ്ടായി. ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മേലദ്ധ്യക്ഷന്മാരുടെ സ്ഥലങ്ങളെക്കാള്‍, രാഷ്ട്രീയപ്രാധാന്യം കൈവരിച്ച സ്ഥലങ്ങളിലെ മേലദ്ധ്യക്ഷന്മാര്‍, അങ്ങനെ പ്രാമാണ്യം നേടി. യെരൂശലേമിലെ സഭയെ കേസറിയായിലെ മേലദ്ധ്യക്ഷനു കീഴിലാക്കിയതും നിഖ്യാസുന്നഹദോസില്‍ അതിന് ബഹുമാനാര്‍ത്ഥം ഉന്നതപദവി നല്‍കിയതും മേല്‍പ്പറഞ്ഞതിന് ഒരു ഉദാഹരണം മാത്രം.

റോമാ, കുസ്തന്തീനോപോലീസ്, അലക്‌സന്ത്രിയ, അന്ത്യോക്യ, സെലൂക്യസ്റ്റെസിഫോണ്‍ എന്നിവിടങ്ങളിലെ മെത്രാസനങ്ങള്‍ക്ക് അതതു പ്രദേശത്തെ പ്രധാന സഭാമേലദ്ധ്യക്ഷ പദവി ഉണ്ടായത് മേല്‍പ്പറഞ്ഞ കാരണം കൊണ്ടാണ്. സെലൂക്യാസ്റ്റെസിഫോണിലെ മെത്രാനായ ‘പാപ്പ’ തന്‍റെ സഭയെ റോമന്‍സാമ്രാജ്യത്തിലെ സഭാമാതൃകയില്‍ സംഘടിപ്പിച്ച് പേര്‍ഷ്യാസാമ്രാജ്യത്തിലെ സഭാമേലധികാരിയായിരിക്കുവാന്‍ ശ്രമിച്ചു. പേര്‍ഷ്യന്‍ ഭാഗത്തെ മെത്രാന്മാര്‍ അത് എതിര്‍ത്തു. എങ്കിലും എ.ഡി. 410-ല്‍ സെലൂക്യാസ്റ്റെസിഫോണിലെ മെത്രാനെ പേര്‍ഷ്യാസാമ്രാജ്യം മുഴുവന്‍റെയും മേലധികാരിയായി അവര്‍ക്ക് അംഗീകരിക്കേണ്ടി വന്നു. അദ്ദേഹം പില്‍ക്കാലത്ത് കിഴക്കിന്‍റെ വലിയ മെത്രാപ്പോലീത്താ, കാതോലിക്കാ, കാതോലിക്കാ- പാത്രിയര്‍ക്കീസ്, ബാബിലോണ്‍ പാത്രിയര്‍ക്കീസ്, കല്‍ദായ പാത്രിയര്‍ക്കീസ് എന്നെല്ലാം വിളിക്കപ്പെട്ടു.

ഇന്ത്യയിലെ സഭ
ഇന്ത്യയിലെ സഭ മാര്‍ത്തോമ്മാശ്ലീഹായുടെ നേരിട്ടുള്ള സുവിശേഷപ്രവര്‍ത്തനഫലമായി ഉദ്ഭവിച്ചതാണെന്നുള്ളത് ശക്തമായ പാരമ്പര്യമാണ്. എഡേസാ (ഉറഹാ), കല്‍ദായ (മെസപ്പൊട്ടേമിയ അഥവാ ഇറാക്ക് ഉള്‍പ്പെട്ട പേര്‍ഷ്യന്‍സാമ്രാജ്യത്തിലെ സഭ) പേര്‍ഷ്യ, എന്നീ പൗരസ്ത്യദേശങ്ങളിലെ സഭകള്‍ ഇന്ത്യന്‍ സഭയെപ്പോലെ മാര്‍ത്തോമാശ്ലീഹായെ അപ്പോസ്തലനായി കരുതിയിരുന്നു. മാര്‍ത്തോമാശ്ലീഹായുടെ ശിഷ്യനായ ആദായി വഴി എഡേസായിലെ സഭ സ്ഥാപിച്ചതിനാല്‍ ആ സഭയും, പേര്‍ഷ്യന്‍ തലസ്ഥാനമായ സെലൂക്യ സ്റ്റെസിഫോണില്‍ ആദായിയുടെ ശിഷ്യനായ മാറി സഭ സ്ഥാപിച്ചതുകൊണ്ട് കല്‍ദായ സഭയും മാര്‍ത്തോമായുടെ പൈതൃകം അവകാശപ്പെടുന്നു. പേര്‍ഷ്യന്‍ സഭ തങ്ങളുടെ അപ്പോസ്തലന്‍ മാര്‍ത്തോമാശ്ലീഹാ എന്ന് വിശ്വസിച്ചിരുന്നു. മേല്‍പ്പറഞ്ഞ നാലു സഭകളും തമ്മില്‍ തോമാശ്ലീഹാവഴി ആദ്ധ്യാത്മികന്ധം ഉണ്ടായിരുന്നു.

ഇന്ത്യയില്‍ എറ്റവും പ്രാചീനമായ സഭ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടേതാണ്. അത് സിന്ധുനദി മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചിരുന്നതായി ജസ്വിട്ട് രേഖകളുണ്ട്. ഇന്ത്യക്കു പുറത്ത് ഈ സഭയുടെ മെത്രാപ്പോലീത്തായ്ക്ക് സൊക്കോത്രയിലും വലിയ ചൈനയിലും സാമന്തന്മാര്‍ ഉണ്ടായിരുന്നു. പ്രാചീനകാലത്ത് ഇന്ത്യയുടെ പല ഭാഗങ്ങളിലും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുണ്ടായിരുന്നെങ്കിലും കേരളസഭ മാത്രമേ ആധുനികകാലം വരെ നിലനിന്നുള്ളു.

ഇസ്ലാമിന്‍റെ ഉദയം വരെ ഇന്ത്യ ഉള്‍പ്പെട്ട പൗരസ്ത്യദേശം മുഴുവനിലും വാണിജ്യഭാഷ അറമായ (സുറിയാനി അഥവാ കല്‍ദായ ഭാഷ) ആയിരുന്നു. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ ഔദ്യോഗികഭാഷ ഏതാണ്ട് ബി.സി. 550 മുതല്‍ അറമായ ആയിരുന്നു. ആദ്ധ്യാത്മികവും വാണിജ്യപരവും സാംസ്‌കാരികവുമായ കാര്യങ്ങളില്‍ കേരളസഭയ്ക്ക് മുന്‍പറഞ്ഞ പൗരസ്ത്യസഭകളുമായുള്ള ബന്ധവും അറമായ ഭാഷ അറിയാമായിരുന്ന യഹൂദരുടെ കേരളബന്ധവും സാന്നിദ്ധ്യവുംകൊണ്ടും കേരളസഭയും ആദിയില്‍ അറമായ ആരാധനഭാഷ ഉപയോഗിക്കുവാന്‍ ഇടവന്നതായി പണ്ഡിതന്മാര്‍ കരുതുന്നു. അതിന്‍റെ ഉദ്ഭവം യഹൂദ ക്രൈസ്തവരില്‍ നിന്നാണെന്ന് പറയുന്നുണ്ട്.

ഇന്ത്യയിലെ വൈദികാദ്ധ്യക്ഷന്മാര്‍
ഏഴാം നൂറ്റാണ്ടില്‍ ഈശോയാഹാബ് പാത്രിയര്‍ക്കീസിന്‍റെ (650-700) ഒരു എഴുത്തില്‍നിന്ന് പേര്‍ഷ്യന്‍ മെത്രാന്‍റെ എതിര്‍പ്പു മൂലം പേര്‍ഷ്യയിലും ഇന്ത്യയിലും വൈദികാദ്ധ്യക്ഷന്മാരെ നിയമിക്കുന്നതിന് തടസ്സം ഉണ്ടായതായി പറഞ്ഞിരിക്കുന്നു. കല്‍ദായ സഭയുടെ മേല്‍ക്കോയ്മയോടുള്ള എതിര്‍പ്പ് പേര്‍ഷ്യയിലെ സഭ തുടരുകയും ഒടുവില്‍ ഒരു ഒത്തുതീര്‍പ്പിന്‍റെ ഫലമായി പേര്‍ഷ്യന്‍സഭയ്ക്ക് സ്വയംഭരണാധികാരം ലഭിക്കുകയും ചെയ്തു.

മാര്‍ത്തോമാ ശ്ലീഹാ നേരിട്ട് സ്ഥാപിച്ച കേരള സഭ, പില്‍ക്കാലത്ത് പേര്‍ഷ്യയിലെയും പിന്നീട് ഒമ്പതാം നൂറ്റാണ്ടിനു മുമ്പായി കല്‍ദായസഭയിലെ സെലൂക്യാ സ്റ്റെസിഫോണിലെയും ശ്ലൈഹിക മേലദ്ധ്യക്ഷതയ്ക്ക് വിധേയമായി. അതിന്‍റെ കൃത്യമായ കാലഘട്ടവും കാരണവും നമുക്ക് അറിവില്ല. ഒമ്പതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കല്‍ദായ പാത്രിയര്‍ക്കീസ് തീമോത്തി ഒന്നാമന്‍ ഭാരത സഭയെ പേര്‍ഷ്യന്‍ സഭയില്‍നിന്ന് വടര്‍ത്തി നേരിട്ട് തന്‍റെ അധീനതയിലാക്കി. കല്‍ദായ സഭാദ്ധ്യക്ഷനായിരുന്ന തെയോദോസ്യോസ് 6 കൊല്ലത്തിലൊരിക്കല്‍ ഭാരതസഭാദ്ധ്യക്ഷന്‍ വിധേയത്വപ്രഖ്യാപനം അയച്ചാല്‍ മതിയെന്ന ഇളവ് ഭാരതസഭയ്ക്ക് നല്‍കി.

ഒമ്പതാം ശതകം ആദ്യം തീമോത്തി ഒന്നാമന്‍ പാത്രിയര്‍ക്കീസ് മെത്രാന്മാരുടെ തെരഞ്ഞെടുപ്പും അതിന് പാത്രിയര്‍ക്കീസിന്‍റെ അംഗീകാരം നേടുന്നതും വാഴിക്കുന്നതും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി. അതുവരെ ഇന്ത്യയിലെ മെത്രാന്മാര്‍ ചേര്‍ന്ന് പാത്രിയര്‍ക്കീസിന്‍റെ എഴുത്ത് തെരഞ്ഞെടുക്കപ്പെട്ട ആളിന്‍റെ തലയില്‍ വച്ച് അദ്ദേഹത്തെ മെത്രാപ്പോലീത്തായായി വാഴിക്കുകയായിരുന്നു പതിവ്. കൂനന്‍കുരിശു സത്യത്തിനു ശേഷം അര്‍ക്കദിയാക്കോനെ മെത്രാനായി വാഴിച്ചത് ഇത്തരം ഒരു പാരമ്പര്യത്തിന്‍റെ പിന്‍ബലത്തിലാകാം.

ഒരു സഭാദ്ധ്യക്ഷന്‍റെ നിര്യാണത്തെത്തുടര്‍ന്ന് അടുത്ത അദ്ധ്യക്ഷനെ വാഴിക്കുന്നത് ആ സഭയിലെ മെത്രാന്മാര്‍ ചേര്‍ന്നാണല്ലോ. പ്രധാന മേലദ്ധ്യക്ഷനെ കീഴുള്ളവര്‍ ചേര്‍ന്ന് സ്ഥാനാരോഹണം ചെയ്യിക്കുന്നു എന്നര്‍ത്ഥം. ഒരു സഭയില്‍ ഇത്തരം സന്ദര്‍ഭം ഉണ്ടാകുമ്പോള്‍ വിശ്വാസൈക്യമുള്ള ഇതരസഭയിലെ പ്രധാന മേലദ്ധ്യക്ഷനെ ക്ഷണിച്ച് പ്രധാനകാര്‍മ്മികനാക്കുന്ന രീതിയും ഉണ്ടായിരുന്നു.

ഭാരതസഭാദ്ധ്യക്ഷന്‍റെ പദവി
ഭാരതസഭാദ്ധ്യക്ഷന് ‘ഇന്ത്യ മുഴുവന്‍റെയും മെത്രാപ്പോലീത്തായും കവാടവും‘ എന്നായിരുന്നു സ്ഥാനപ്പേര്. മൈലാപ്പൂരില്‍ ഒരു കല്‍ദായ മെത്രാനും സന്യാസാശ്രമവും ഉണ്ടായിരുന്നു. കൊടുങ്ങല്ലൂര് വച്ച് മാര്‍ യാക്കോബിന്‍റെ ശിഷ്യനായ സക്കറിയാ ശെമ്മാശന്‍ 1301 -ല്‍ എഴുതിയ ഒരു രേഖയില്‍ (വത്തിക്കാന്‍ കോഡക്‌സ് 22) ‘മാര്‍ യാക്കോബ് മെത്രാപ്പോലീത്താ മാര്‍ത്തോമ്മാശ്ലീഹായുടെ സഭയുടെ അദ്ധ്യക്ഷനും ഭരണാധികാരിയുമാകുന്നു. അതായത് അദ്ദേഹം ഞങ്ങളുടെയും ഇന്ത്യയിലെ സകല ക്രിസ്ത്യാനികളുടെയും ഭരണാധികാരിയാകുന്നു‘ എന്ന് കാണുന്നു. ‘മാര്‍ത്തോമ്മാശ്ലീഹായുടെ സഭ എന്ന പ്രയോഗം ഇന്ത്യന്‍സഭയ്ക്ക് മാത്രമേ അന്ന് അവകാശപ്പെടാനാകുമായിരുന്നുള്ളു. ‘ഇന്ത്യയിലെ സകല ക്രിസ്ത്യാനികളുടെയും ഭരണാധികാരി‘ എന്ന പ്രയോഗം ‘ഇന്ത്യയുടെ കവാടം‘ എന്നതിന് സമമാണ്.

കല്‍ദായ പാത്രിയര്‍ക്കീസായിരുന്ന അബ്ദീശോ 1567 ല്‍ ‘ഇന്ത്യയിലുള്ള സുറിയാനിക്കാരായ നമ്മുടെ അജഗണങ്ങളെ വിഭജിച്ച്’ അവരെ മാര്‍ അബ്രഹാം, മാര്‍ യൗസേപ്പ് എന്നിവരെ ഭരമേല്‍പ്പിക്കുകയും അബ്രഹാമിനെ ‘മറ്റെല്ലാ മെത്രാന്മാര്‍ക്കും മെത്രാപ്പോലീത്താമാര്‍ക്കും മേല്‍പ്പെട്ടവനായി‘ നിയമിക്കുകയും ചെയ്തു. പോര്‍ട്ടുഗീസ് കാലഘട്ടത്തില്‍ ഏറ്റവും ഒടുവില്‍ ഈ സ്ഥാനം വഹിച്ച മാര്‍ അബ്രഹാം അങ്കമാലി ആസ്ഥാനമായി ഭരിച്ചു.

ഇന്ത്യയുടെ കവാടവും മെത്രാപ്പോലീത്തായും എന്ന സ്ഥാനം വഹിച്ചിരുന്ന സഭാദ്ധ്യക്ഷന് കല്‍ദായ സഭയുടെ ക്രമീകരണമനുസരിച്ച് ഭരണത്തില്‍ സഹായിക്കുവാന്‍ അര്‍ക്കദിയാക്കോന്മാര്‍ ഉണ്ടായിരുന്നു. ഈ അര്‍ക്കദിയാക്കോനെ ‘ഇന്ത്യ മുഴുവന്‍റെയും സമീപസ്ഥലങ്ങളുടെയും അര്‍ക്കദിയാക്കോന്‍‘ എന്ന് വിളിച്ചിരുന്നു. തീമോത്തി ഒന്നാമന്‍ പാത്രിയര്‍ക്കീസ് ഇന്ത്യയിലേക്കയച്ച കല്‍പ്പനയില്‍ അര്‍ക്കദിയാക്കാനെ ഇന്ത്യയിലെ വിശ്വാസികളുടെ തലവന്‍‘ എന്ന് പറഞ്ഞു. മെത്രാപ്പോലീത്തായുടെ അധികാരങ്ങള്‍ അര്‍ക്കദിയാക്കോന്‍ പ്രയോഗിക്കുമായിരുന്നു. വിവിധ നാട്ടുരാജ്യങ്ങളില്‍ ചിതറിപ്പാര്‍ത്തിരുന്ന മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ രാജാവും തലവനുമായിരുന്നു ‘ജാതിക്കു കര്‍ത്തവ്യ‘ -നായിരുന്ന അര്‍ക്കദിയാക്കോന്‍.

മാര്‍ത്തോമാ ശ്ലീഹായുടെ ഭാരതസഭയുടെ മേലദ്ധ്യക്ഷസ്ഥാനം ഇന്ത്യയുടെ വാതില്‍‘ എന്ന് വിളിക്കപ്പെട്ട മെത്രാനില്‍ ആയിരുന്നു. കാലക്രമേണ അദ്ദേഹം പേര്‍ഷ്യായിലെ കാതോലിക്കായാല്‍ നിയമിക്കപ്പെട്ടുവന്നു. മലങ്കരയില്‍ പേര്‍ഷ്യയില്‍ നിന്ന് നിയോഗിക്കപ്പെട്ടുവന്ന മെത്രാന്‍ നിര്‍വ്വഹിച്ചിരുന്ന പ്രധാനപ്പെട്ട ചുമതലകള്‍ കശ്ശീശന്മാരെ അഥാവാ പട്ടക്കാരെ അഭിഷേകം ചെയ്യുന്നതും പള്ളികള്‍ കൂദാശ ചെയ്യുന്നതും ആയിരുന്നു. മറ്റ് ആത്മീയ ലൗകിക മേലദ്ധ്യക്ഷത അര്‍ക്കദിയാക്കോന്‍ എന്ന വൈദികസ്ഥാനിയിലാണ് നിക്ഷിപ്തമായിരുന്നത്. (കാണുക: Dr. Jose Kuriedath CMI, Contribution of the Syro-Malabar Priests to the Socio-Economic and Cultural Devopment of Kerala, Thomas Christian Heritage, Vol. 3, LRC Publications, Mount St. Thomas, Kakkanad, 2009. p.91)

ചുരുക്കത്തില്‍ കേരളസഭാതലവന്‍റെ സ്ഥാനം, പാപ്പാ, പാത്രിയര്‍ക്കാ, കാതോലിക്കാ സ്ഥാനികള്‍ക്ക് സമമായതും ശ്ലൈഹികപിന്തുടര്‍ച്ചയും യഥാര്‍ത്ഥ സഭാമേലദ്ധ്യക്ഷതയും ഉള്ളതുമായ സ്വതന്ത്ര സഭാതലവന്‍റെ സ്ഥാനമായിരുന്നു. അതിന്‍റെ പദവിക്ക് അധോഗതിയുണ്ടായത് റോമന്‍, പാശ്ചാത്യ സുറിയാനി സഭകളുമായുള്ള ബന്ധംകൊണ്ടാണ്.

സഭാഭിന്നതകള്‍
മേലദ്ധ്യക്ഷന്‍റെ ചുമതല സഭാശുശ്രൂഷയെക്കാളുപരി, ഭരണമാണെന്ന ചിന്ത വളര്‍ന്നുവന്ന സാഹചര്യത്തില്‍ സഭയില്‍ തര്‍ക്കങ്ങളും വിഭജനങ്ങളുമുണ്ടായി. രാഷ്ട്രങ്ങള്‍ തമ്മിലുള്ള മത്സരവും യുദ്ധവും സഭയെയും ബാധിച്ചു. വേദശാസ്ത്രപരമായ മാനങ്ങള്‍ അതില്‍ ആരോപിതമായി. റോം, അലക്‌സന്ത്ര്യാ, അന്ത്യോഖ്യാ, പേര്‍ഷ്യ എന്നിവിടങ്ങളിലെ പ്രധാന മേലദ്ധ്യക്ഷന്മാര്‍ വിവിധ ചേരികളിലായി. വിശാസപരമായ ഭിന്നതകളായി അത് പരിണമിച്ചു. ഈ ഭിന്നതകള്‍ ആദ്യകാലത്ത് മലങ്കരസഭയെ ബാധിച്ചിരുന്നില്ല. അധികാരത്തിനും ഭരണത്തിനും ശ്രമിക്കാതെ, പേര്‍ഷ്യയില്‍ നിന്ന് വന്നിരുന്ന മെത്രാന്മാര്‍ സഭാശുശ്രൂഷയില്‍ മാത്രം ശ്രദ്ധിച്ചിരുന്നതിനാല്‍ ഈ സഭ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോയി.

മലങ്കര സഭയുടെ ഇതര സഭാബന്ധങ്ങള്‍
കേരള ക്രൈസ്തവസമൂഹം കിഴക്കന്‍ സുറിയാനി സഭാപാരമ്പര്യമാണ് പിന്തുടര്‍ന്നു വന്നത്. പേര്‍ഷ്യന്‍ ക്രിസ്ത്യാനികളുടെ കേരളത്തിലേക്കുള്ള കുടിയേറ്റം ഈ ബന്ധത്തിന് ശക്തി പകര്‍ന്നിട്ടുണ്ട്. പോര്‍ട്ടുഗീസുകാരുടെ ആക്രമണം വരെയുള്ള സഭാചരിത്രം നോക്കിയാല്‍ ഇക്കാര്യം സുവ്യക്തമാണ്. അതേസമയം അക്കാലത്തിനിടയ്ക്ക് സഭയില്‍ ഉണ്ടായ വേദശാസ്ത്ര തര്‍ക്കങ്ങളും അതിലുള്ള സാമ്രാജ്യാധിപതികളുടെ ഇടപെടലുകളും മൂലമുണ്ടായ ഭിന്നിപ്പുകളില്‍ കേരള ക്രൈസ്തവസമൂഹം പങ്കുചേര്‍ന്നിരുന്നില്ല. തര്‍ക്കങ്ങള്‍ ഉടലെടുക്കുംമുമ്പുള്ള വിശ്വാസവും ആരാധനാസമ്പ്രദായങ്ങളും ഇവിടെ നിലനിന്നു; പലപ്പോഴും സന്ദര്‍ശകരായ മേലദ്ധ്യക്ഷന്മാരുടെ സഭാപാരമ്പര്യത്തിന്‍റെ സ്വാധീനം അവിടവിടെ അല്‍പ്പാല്‍പ്പമായി ഉണ്ടായിരുന്നുവെങ്കിലും.

പോര്‍ട്ടുഗീസുകാര്‍ ഇവിടെ വരുന്നതുവരെ പേര്‍ഷ്യയില്‍നിന്ന് മെത്രാന്മാരെ ലഭിക്കുന്നതിനും അവരിലൂടെ സഭാശുശ്രൂഷകള്‍ നിര്‍വ്വഹിക്കുന്നതിനും തടസ്സമുണ്ടായിരുന്നില്ല. സഭാഭിന്നതയുടെയും അധികാരമത്സരത്തിന്‍റെയും ആശയങ്ങള്‍ പേറി വന്ന പോര്‍ട്ടുഗീസ് മിഷനറിമാര്‍ ഈ സഭയെ റോമിലെ പാത്രിയര്‍ക്കീസിന് – പാപ്പായ്ക്ക് – കീഴിലാക്കുവാന്‍ അശ്രാന്തപരിശ്രമം ചെയ്തു. (കൂടുതല്‍ വായനയ്ക്ക് നോക്കുക: Bishop Gregory Karemprel CMI, The Ecclesial Mission and Pastoral Care of the Migrants of the Syro-Malabar Church. Thomas Christian Heritage, Vol. 1 , LRC Publications, Mount St. Thomas, Kakkanad, 2009. p.108)

പേര്‍ഷ്യയിലെ കാതോലിക്കാ അയച്ചുവന്ന മെത്രാന്മാരെത്തന്നെയും റോമിന്‍റെ കീഴിലാക്കുവാന്‍ സൈനികശക്തികൊണ്ടും മറ്റും ശ്രമിച്ചു. പലരും അതില്‍ വീണുപോയി. പട്ടക്കാരിലും ജനങ്ങളിലും ഒരു വിഭാഗം അവരുടെ പ്രചരണങ്ങളില്‍ പെട്ടു. ഒടുവില്‍ പേര്‍ഷ്യന്‍ മെത്രാന്മാരുടെ ഇവിടേയ്ക്കുള്ള വരവുതന്നെ നിരോധിച്ചു. സകല അധികാരവും മിഷനറിമാരിലൂടെ റോമിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ഒടുവില്‍ മെത്രാന്മാരെ അവര്‍ നിയമിക്കുന്ന സാഹചര്യമായി.

പോര്‍ട്ടുഗീസ് സഭാകോളനി സ്ഥാപിക്കുവാനും റോമന്‍ സഭാപാരമ്പര്യം ഇവിടെ ഉറപ്പിക്കുവാനും നടത്തിയ ശ്രമങ്ങളെ അന്നത്തെ കേരള ക്രൈസ്തവസമൂഹം എതിര്‍ത്തു. പക്ഷെ, സൈന്യബലവും അവര്‍ പാട്ടിലാക്കിയ നാട്ടുരാജാക്കന്മാരുടെ സമ്മര്‍ദ്ദവും മൂലം എതിര്‍പ്പുകള്‍ ഒതുക്കി റോമന്‍പാരമ്പര്യം അടിച്ചേല്‍പ്പിക്കുവാന്‍ ഗോവ ആര്‍ച്ച് ബിഷപ്പ് ഉദയംപേരൂരില്‍ പള്ളിയോഗം വിളിച്ചുകൂട്ടി. (കൂടുതല്‍ വായനയ്ക്ക് നോക്കുക: Fr. Dr. Xavier Koodapuzha, The Ecclesial Spirituality of the Syro-Malabar Church, Vol.3 Thomas Christian Heritage, LRC Publications, Mount St. Thomas, Kakkanad, 2010. p.43) എന്നാല്‍ ആ സുന്നഹദോസ് ആരംഭിച്ചത് കല്‍ദായ (വകുദാശി, ബാഗ്ദാദ്) ശെമയോന്‍ ദെന്ഹാ പാത്രിയര്‍ക്കീസിന്‍റെ പേര് കുര്‍ബ്ബാനയാല്‍ ഓര്‍ത്തുകൊണ്ടാണ്. പേര്‍ഷ്യന്‍ സഭ റോമിന്‍റെ കീഴിലായിരുന്നതിനാല്‍ റോമിന് ഈ സഭയില്‍ കോയ്മ ഉണ്ടായിരുന്നുവെന്നും, അല്ല പേര്‍ഷ്യന്‍ സഭ അന്ത്യോഖ്യന്‍ സഭയുടെ കീഴിലായിരുന്നുവെന്നും അതതു പാരമ്പര്യത്തോടു കൂറുള്ളവര്‍ ഇന്ന് വാദിക്കുന്നത് അന്നത്തെ സഭാ സാഹചര്യങ്ങളെ മറച്ചുവച്ചുകൊണ്ടാണ്. രാഷ്ട്രീയസാഹചര്യങ്ങളാല്‍ മാത്രം പ്രധാന സഭാകേന്ദ്രങ്ങളായി വളര്‍ന്ന അന്ത്യോഖ്യ, റോമ, അലക്‌സന്ത്ര്യ, കസ്തന്തീനോസ്‌പോലീസ് എന്നിവയോട് വിശ്വാസൈക്യമില്ലാതിരുന്ന (4-ാം നൂറ്റാണ്ടു മുതലേ തന്നെ) പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ കല്‍ദായ സഭയുമായാണ് മലങ്കരസഭയ്ക്ക് വൈദികബന്ധമുണ്ടായിരുന്നത്. ഇതിലൊന്നിന്‍റെയും കോയ്മ കല്‍ദായസഭയില്‍ ഉണ്ടായിരുന്നില്ല. കല്‍ദായസഭയില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ അതില്‍ ഇടപെട്ട് ആധിപത്യമുറപ്പിക്കുവാന്‍ സുലാക്കായുടെ കാലത്ത് റോമന്‍സഭ ശ്രമിച്ചതിനു ശേഷമാണ് അവിടെ റോമാബന്ധം തുടങ്ങിയത്.

റോമന്‍ മിഷനറിമാരോടുള്ള എതിര്‍പ്പ് കെട്ടടങ്ങാതിരിക്കേ പൂര്‍വ്വികപാരമ്പര്യത്തിലേക്ക് മടങ്ങാന്‍ മലങ്കരസഭ ഉദയംപേരൂര്‍ സുന്നഹദോസിനു ശേഷവും പരിശ്രമിച്ചുകൊണ്ടിരുന്നു. യൂറോപ്യന്മാരല്ലാത്ത മെത്രാന്മാരാരും ഈ നാട്ടില്‍ വന്നുചേരാതിരിക്കുവാന്‍ കടലിലും കരയിലും പോര്‍ട്ടുഗീസുകാരുടെ കണ്ണുണ്ടായിരുന്നു. അലക്‌സാന്ത്രിയ, അന്ത്യോഖ്യാ, പേര്‍ഷ്യ എന്നീ സഭകളില്‍ നിന്ന് മേല്‍പ്പട്ടക്കാരെ വരുത്തുവാന്‍ ഈ സഭ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു. പള്ളികള്‍ സ്ഥാപിക്കുവാനും വൈദികര്‍ക്കു പട്ടം കെട്ടുവാനും വൈദികമേലദ്ധ്യക്ഷനെ ലഭിക്കുകയായിരുന്നു അന്നത്തെ മലങ്കരസഭയുടെ ആവശ്യം. ഒരു പ്രത്യേക സഭയോട് മാത്രമല്ലാതെ ഇതിന് അഭ്യര്‍ത്ഥന നടത്തിയത് ഒരു കേന്ദ്രത്തോടും നമുക്ക് വിധേയത്വമില്ലായിരുന്നു എന്നതിന്‍റെ തെളിവാണല്ലോ. റോമന്‍ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ കീഴിലല്ലാതിരുന്ന കേരളസഭയ്ക്ക് സ്‌നേഹന്ധത്തിനുപരിയായ വൈദികമേലദ്ധ്യക്ഷ പദവി അംഗീകരിക്കേണ്ട ഒരു ബാദ്ധ്യതയും ഇല്ലായിരുന്നു.

അഹത്തള്ള എന്ന മെത്രാനെ പോര്‍ട്ടുഗീസുകാര്‍ ബന്ധനത്തിലാക്കിയതും അതിനെ തുടര്‍ന്ന് ജനങ്ങള്‍ വിപ്ലവത്തിനൊരുങ്ങിയതും വിശ്വാസം നിലനിര്‍ത്തുവാന്‍ കൂനന്‍കുരിശുസത്യം ചെയ്തതും ഈ സാഹചര്യത്തിലാണ്. റോമില്‍നിന്നല്ലാത്ത മെത്രാന്മാരെ ലഭിക്കുവാനുള്ള പരിശ്രമങ്ങള്‍ ഈ സഭ ചെയ്തത് ആദ്യമൊന്നും ഫലപ്രദമായില്ല. ഒടുവില്‍ ഈ സഭയിലെ പട്ടക്കാരും ജനങ്ങളും പള്ളിയോഗം ചേര്‍ന്ന് അര്‍ക്കദിയാക്കാന്‍ എന്ന സ്ഥാനിയെ മെത്രാനായി അംഗീകരിച്ചു. മെത്രാന്മാരെ വാഴിച്ചുകിട്ടുവാനുള്ള സാഹചര്യം ഇല്ലാതെ വന്നപ്പോള്‍ നിര്‍ബ്ബന്ധിതസാഹചര്യത്തില്‍ ഇവിടെത്തന്നെ ഒരാളെ വാഴിച്ചുവെന്നുള്ളത് അതുവരെ ഉണ്ടാകാത്ത കാര്യമായിരുന്നു. മെത്രാനെ വാഴിക്കുവാനുള്ള സംവിധാനം ഇവിടെ അനിവാര്യമാണെന്ന കാര്യം അന്നേ ബോദ്ധ്യമായതാണ്.

മലങ്കര പള്ളിയോഗങ്ങള്‍
ഈ സഭയുടെ പൊതുഭരണകാര്യങ്ങള്‍ അര്‍ക്കദിയാക്കോന്‍റെ നേതൃത്വത്തില്‍ നടത്തുന്ന പള്ളിപ്രതിനിധിയോഗമാണ് നിശ്ചയിച്ചിരുന്നത്. പോര്‍ട്ടുഗീസ് സൈന്യബലവും നാട്ടുരാജാക്കന്മാരുടെ പിന്തുണയും ഉണ്ടായിട്ടും ഗോവ ആര്‍ച്ച് ബിഷപ്പ് മെനസീസ് ഇവിടത്തെ പള്ളിയോഗം വിളിച്ചുകൂട്ടുവാനുള്ള കുറി പള്ളികള്‍ക്കയയ്ക്കുവാന്‍ ആര്‍ക്കദിയാക്കോനെ സമ്മര്‍ദ്ദം ചെലുത്തി സമ്മതിപ്പിക്കുകയായിരുന്നു. വിദേശിയായ ഗോവ സഭാദ്ധ്യക്ഷന്‍റെ (പദ്രൊവാദൊ) അധികാരം അന്ന് മലങ്കരപ്പള്ളികളില്‍ വിലപ്പോകുമായിരുന്നില്ല. (അതുകൊണ്ടാണ് കേരളത്തില്‍ ഒരു ക്രിസ്ത്യന്‍ റിപ്പബ്ലിക്കാണ് ഉള്ളതെന്ന് 18-ാം നൂറ്റാണ്ടില്‍ പൗലിനോസ് എഴുതിയത്.)

മലങ്കരസഭയിലെ ആരാധനാചാരാനുഷ്ഠാനങ്ങളും ഭരണക്രമങ്ങളും കാലാനുസൃതം നിശ്ചയിച്ച് ക്രമവത്ക്കരിക്കുവാന്‍ മുമ്പും പള്ളിയോഗങ്ങള്‍ ചേര്‍ന്ന് തീരുമാനങ്ങളെടുത്തിട്ടുണ്ട്. അങ്കമാലി, ആലങ്ങാട്, പുത്തന്‍കാവ്, കണ്ടനാട്, ആര്‍ത്താറ്റ്, മാവേലിക്കര, തുടങ്ങിയ സ്ഥലങ്ങളില്‍ ചേര്‍ന്ന പള്ളിയോഗങ്ങള്‍ എഴുതിവച്ച പടിയോലകള്‍ സഭാചരിത്രരേഖകളില്‍ കാണാം. ഇന്നത്തെ സഭാഭരണഘടനയുടെ മൂലരൂപങ്ങള്‍ ഇവയില്‍ കണ്ടെത്താം. അത്തരം യോഗതീരുമാനങ്ങളോട് ഇടവകപ്പള്ളികള്‍ക്ക് തികഞ്ഞ വിധേയത്വം ഉണ്ടായിരുന്നു. കാരണം അവ അവരുടെ പ്രതിനിധികള്‍ ചേര്‍ന്ന് സുചിന്തിതമായി എടുക്കുന്ന തീരുമാനങ്ങളായിരുന്നു. (കാണുക: Fr. Dr. Xavier Koodapuzha, The Ecclesial Spirituality of the Syro- Malabar Church, Vol.3 Thomas Christian Heritage, LRC Publications, Mount St. Thomas, Kakkanad, 2010. p.37, 38)

സിറിയന്‍ സഭാബന്ധം
റോമന്‍ മിഷനറിമാരോടുള്ള എതിര്‍പ്പ് ഒടുവില്‍ പൊട്ടിത്തെറിയിലെത്തിയത് വിദേശത്തുനിന്ന് വന്ന അഹത്തള്ള എന്ന മേല്‍പ്പട്ടക്കാരനെ പോര്‍ട്ടുഗീസുകാര്‍ മട്ടാഞ്ചേരിയില്‍ കടലില്‍ കെട്ടിത്താഴ്ത്തി കൊന്നുകളഞ്ഞു എന്ന വാര്‍ത്ത മൂലമായിരുന്നു. (ഈ മേല്‍പ്പട്ടക്കാരന്‍ ഏതു പാരമ്പര്യത്തില്‍ നിന്നുള്ള ആളായിരുന്നുവെന്ന് തീര്‍ച്ചയാക്കുവാന്‍ ചരിത്രരേഖകള്‍ വ്യക്തമല്ല. ഏതായാലും സിറിയന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് അല്ലായിരുന്നുവെന്ന് പാത്രിയര്‍ക്കീസുമാരുടെ പട്ടികയില്‍ നിന്ന് വ്യക്തമായറിയാം, ഇന്നും അങ്ങനെ ചിലര്‍ ആണയിടുന്നുണ്ടെങ്കിലും!) തുടര്‍ന്നുണ്ടായ പള്ളിയോഗങ്ങള്‍ മിഷനറിമാരുമായും റോമുമായും ഇടക്കാലത്തുണ്ടായ ബന്ധങ്ങള്‍ പറിച്ചെറിഞ്ഞു. അന്ന് പൊതു സഭാനേതൃത്വം വഹിച്ചിരുന്ന അര്‍ക്കദിയാക്കോനെ മേല്‍പ്പട്ടക്കാരനായി വാഴിക്കുകയും ചെയ്തു. ഒന്നാം മാര്‍ത്തോമ്മാ എന്നാണിദ്ദേഹം വിളിക്കപ്പെടുന്നത്.

ഇന്ത്യയിലെ വിശ്വാസികളുടെ തലവന്‍‘ ‘ജാതിക്കു കര്‍ത്തവ്യന്‍ എന്നീ നിലയില്‍ കേരളക്രിസ്ത്യാനികളുടെ തലവനായ അര്‍ക്കദിയാക്കോനെ അസാധാരണവും അത്യാവശ്യവുമായ സന്ദര്‍ഭത്തില്‍ സഭാതലവനായ മേലദ്ധ്യക്ഷനായി ഉയര്‍ത്തിയതില്‍ കൈവെപ്പിന്‍റെ തലനാരിഴ കീറി പരിശോധിച്ച് ക്രമരാഹിത്യം ആരോപിക്കേണ്ടതില്ല. ചരിത്രത്തില്‍ പല സഭകളിലും അവ സ്വയംശീര്‍ഷകത്വം ആര്‍ജ്ജിച്ചപ്പോഴോ മറ്റ് പ്രശ്‌നസാഹചര്യങ്ങളിലോ ഒക്കെ ഇത്തരം സ്ഥാനാരോഹണങ്ങള്‍ നടന്നിട്ടുണ്ട്. കരയിലും കടലിലും ആധിപത്യം പുലര്‍ത്തിയവര്‍ റോമന്‍സഭയുടേതല്ലാത്ത ഒരു മേലദ്ധ്യക്ഷന്‍റെ സേവനം പൂര്‍വ്വികപാരമ്പര്യാനുസരണം ഈ സഭയ്ക്ക് ലഭിക്കുന്നതിന് അസാദ്ധ്യമാകുംവിധം ഈ സഭയെ കൂച്ചുവിലങ്ങിലിട്ടപ്പോള്‍, സഭയില്‍ നിക്ഷിപ്തമായ പൗരോഹിത്യനല്‍വരം കൈമാറി സ്ഥാനാരോഹണം നടത്തിയത് മഹാപാപമല്ല. ഇന്ന് അലംഘ്യമെന്ന് കൊട്ടിഘോഷിക്കുന്ന കാനോനും ചട്ടങ്ങളും അന്ന് അത്ര കര്‍ക്കശമായ കാര്യങ്ങളായി കരുതപ്പെട്ടിരുന്നുമില്ല. ഒരു പാരമ്പര്യത്തിന്‍റെയും കാനോന്‍റെയും പിന്‍ബലമില്ലാതെ, അനധികൃതമായി ഈ സഭയില്‍ മേലധികാരം നേടിയവര്‍ക്ക് അതിനെക്കുറിച്ച് ആക്ഷേപിക്കുവാന്‍ ധാര്‍മ്മികമായി ഒരവകാശവുമില്ല. ഏല്ലാ സഭയുടെയും പ്രധാന മേലദ്ധ്യക്ഷന്‍റെ സ്ഥാനത്തേക്ക് കീഴുള്ളവരാണ് വാഴ്ച നടത്തുന്നത് എന്നതും ഒര്‍ക്കണം.

കൈവെപ്പിന്‍റെ ഇടമുറിയാത്ത ശ്രംഖലാന്ധത്തെപ്പറ്റി തലനാരിഴ കീറി പരിശോധിക്കുന്നവര്‍ ഒരു കാര്യം മറക്കരുത്. ഒരു സഭാതലവന്‍റെ മരണശേഷം അടുത്ത തലവന്‍ സ്ഥാനമേല്‍ക്കുന്നതു വരെ ഈ ശ്രംഖലയുടെ കണ്ണി മുറിയുകയാണല്ലോ. പുതിയ ഒരാളെ വാഴിക്കുമ്പോള്‍ പട്ടത്വത്തിന്‍റെ തുടര്‍ച്ച ഉളവാകുന്നതായും കരുതപ്പെടുന്നു. ഇവിടെ ഒരു തലവന്‍റെ കൈവെപ്പല്ലല്ലോ പിന്തുടര്‍ച്ചക്കാരന് ലഭിക്കുന്നത്. സഭയുടെ പ്രതിനിധികളായ മെത്രാന്മരോ കര്‍ദ്ദിനാളന്മാരോ സഭാസമൂഹമോ ഒരാളെ തെരഞ്ഞെടുത്തിട്ട് മെത്രാന്മാരും വൈദികരും ജനങ്ങളും ഒരുമിച്ചാണ് പിന്തുടര്‍ച്ചക്കാരന്‍റെ വാഴ്ച പൂര്‍ത്തീകരിക്കുന്നത്. അതിനര്‍ത്ഥം യേശുമ്ശിഹായുടെ പൗരോഹിത്യ നല്‍വരം സഭയിലാണ് നിലനില്‍ക്കുന്നത് എന്നാണ്. അത് സഭയെ പ്രതിനിധീകരിക്കുന്ന സ്ഥാനികളുടെ കൈവെപ്പിലൂടെയാണ് കൈമാറുന്നത്. ഏകസ്ഥാനിയുടെ സ്വന്തമല്ല ഈ കൈവെപ്പ്; സഭയുടേതാണ്. സഭയിലാണ് പട്ടത്വം എന്നതിനാല്‍ ഒരു സ്ഥാനിയുടെ നിര്യാണമോ സഭാഭ്രംശമോ കൈവെപ്പിന്‍റെ ശ്രംഖലയില്‍ വിടവുണ്ടാക്കുകയില്ല. ഈ സത്യം സഭൈക്യ ചര്‍ച്ചയില്‍ പരിഗണിക്കേണ്ടതുണ്ട്.

ഒമ്പതാം ശതകത്തില്‍ തീമോത്തി ഒന്നാമന്‍ പാത്രിയര്‍ക്കീസിന്‍റെ കാലം വരെ ഇന്ത്യയിലെ മെത്രാന്മാര്‍ ചേര്‍ന്ന് പാത്രിയര്‍ക്കീസിന്‍റെ എഴുത്ത് തെരഞ്ഞെടുക്കപ്പെട്ട ആളിന്‍റെ തലയില്‍ വച്ച് അദ്ദേഹത്തെ മെത്രാപ്പോലീത്തായായി വാഴിക്കുകയായിരുന്നു പതിവ് എന്ന് മുമ്പ് സൂചിപ്പിച്ചതാണ്. കൂനന്‍കുരിശു സത്യത്തിനു ശേഷം അര്‍ക്കദിയാക്കോനെ മെത്രാനായി വാഴിച്ചത് ഇത്തരം ഒരു പാരമ്പര്യത്തിന്‍റെ ബലത്തിലാകാം. അഹത്തള്ളായുടെ ഒരു കല്പനപ്രകാരമാണ് വാഴ്ച നടന്നതെന്നതും ഓര്‍ക്കണം.

അന്ത്യോഖ്യന്‍ ബന്ധം
ഈ മേല്‍പ്പട്ടക്കാരന്‍റെ കൈവെപ്പിന്‍റെ ന്യൂനതയെക്കുറിച്ച് റോമന്‍പക്ഷം ഉന്നയിച്ച ആരോപണം മറികടക്കുവാന്‍ ഈ സഭയ്ക്ക് വീണ്ടും ഇതര സഭാമേലദ്ധ്യക്ഷന്മാരോട് സഹായം അഭ്യര്‍ത്ഥിക്കേണ്ടിവന്നു. വൈദേശികസഭകളുടെ ആത്മികഭരണസമ്പ്രദായങ്ങള്‍ പോര്‍ട്ടുഗീസ് കാലഘട്ടം മുതല്‍ ഇവിടെ പരിചയിക്കേണ്ടിവന്നതിന്‍റെ ഫലമായ ഒരു കോട്ടമായി ഇതിനെ കാണണം. അതിന്‍റെ ഫലമായി അന്ത്യോഖ്യന്‍ സുറിയാനിസഭയുമായി നമുക്ക് ബന്ധമുണ്ടായി. തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ക്ഷണിക്കപ്പെട്ടും അല്ലാതെയും മേലദ്ധ്യക്ഷന്മാരുടെ ചുമതലകള്‍ ഇവിടെ നിര്‍വ്വഹിക്കുവാന്‍ വന്ന പിതാക്കന്മാര്‍ വിവിധ സഭാപാരമ്പര്യത്തില്‍ നിന്ന് – അലക്‌സാന്ത്രിയ, അന്ത്യോഖ്യാ, തെഗ്രിസ്, പേര്‍ഷ്യന്‍ (നെസ്‌തോര്‍ കല്‍ദായ, അതില്‍തന്നെ കത്തോലിക്കാ സഭയില്‍ ചേര്‍ന്നവരില്‍ നിന്ന് – ഉള്ളവരായിരുന്നു. (ഈ മേല്‍പ്പട്ടക്കാര്‍ പാശ്ചാത്യ പൗരസ്ത്യ സുറിയാനിസഭകളില്‍ നിന്നുള്ളവരായിരുന്നു അധികവും. അവരൊക്കെ ഏതെങ്കിലും ഭദ്രാസനഭരണം ഉണ്ടായിരുന്നവരോ അതുപേക്ഷിച്ച് പോന്നവരോ ആകാന്‍ സാദ്ധ്യതയില്ല. പ്രത്യേക സാഹചര്യത്തില്‍ ഇവിടേക്കു പോരുവാന്‍ വാഴിക്കപ്പെട്ടവരാകാം. പലരും തിരികെ പോയി. ചിലരൊക്കെ ഈ മണ്ണില്‍ വിലയം പ്രാപിച്ചു.) എന്നാല്‍ ക്രമേണ അന്ത്യോഖ്യന്‍ സഭയുമായി ബന്ധം ശക്തിപ്പെടുകയും, അക്കൂട്ടത്തില്‍ നിന്ന് വന്ന പിതാക്കന്മാരിലൂടെ അന്ത്യേഖ്യന്‍ ആരാധനാക്രമം (പാശ്ചാത്യ സുറിയാനി) ഇവിടെ വേരൂന്നുകയും ചെയ്തു. എന്നാല്‍ ആര്‍ച്ച് ബിഷപ്പ് മെനസീസ് കല്‍ദായസുറിയാനി ആരാധനക്രമങ്ങള്‍ മാറ്റി, ലത്തീന്‍ ക്രമത്തിന്‍റെ സുറിയാനിരൂപം പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചിട്ടും, 100 വര്‍ഷത്തോളം മുമ്പും, പേര്‍ഷ്യന്‍ (കല്‍ദയ) പൗരസ്ത്യ ആരാധനക്രമങ്ങള്‍ പഴയ പള്ളികളിലൊക്കെ ഉണ്ടായിരുന്നു.

ഇംഗ്ലീഷ് മിഷനറിമാര്‍
ആഗ്ലീക്കന്‍ മിഷനറിമാരുടെ വരവും അവരും മലങ്കരസഭയുമായുള്ള സമ്പര്‍ക്കവും അതിന്‍റെ ശൈഥില്യവും പിന്നീട് അന്ത്യോഖ്യന്‍ ബന്ധം ഉറപ്പിച്ചു പ്രഖ്യാപിക്കുവാന്‍ ഇടയാക്കി. പോര്‍ട്ടുഗീസുകാരെപ്പോലെതെന്ന ആഗ്ലീക്കന്‍സഭയിലെ പില്‍ക്കാല മിഷനറിമാര്‍ രാജകീയ പിന്‍ബലത്തോടെ ഈ സഭയില്‍ നവീകരണവിശ്വാസം നടപ്പാക്കുവാന്‍ ശ്രമിച്ചപ്പോള്‍, അതില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗം എന്ന നിലയില്‍ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്‍റെ നേതൃത്വം ഈ സഭ പ്രഖ്യാപിക്കുകയായിരുന്നു. ആ നടപടികളുടെ പരിണതഫലമാണ് സിറിയന്‍സഭയുടെ പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ കേരളത്തില്‍ വരുവാന്‍ ഇടയായത്. മിഷനറിമാരുടെ സഭാനവീകരണശ്രമങ്ങളെ ചെറുക്കുവാന്‍ ബാവായുടെ നേതൃത്വത്തില്‍ മലങ്കരപള്ളിയോഗം മുളന്തുരുത്തിയില്‍ ചേരുകയും പൂര്‍വ്വികപാരമ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നുള്ള ഭരണസംവിധാനങ്ങളുടെ ഒരു രൂപരേഖ ഉണ്ടാകുകയും ചെയ്തു.

മലങ്കരസഭയുടെ തലവനായ മലങ്കരമെത്രാപ്പോലീത്തായുടെ പദവി പൗരാണികവും, രാജാക്കന്മാരാല്‍ അംഗീകരിക്കപ്പെട്ടു പോന്നതുമാണ്. നേരത്തേ സൂചിപ്പിച്ച ഇന്ത്യയുടെ കവാടം‘ എന്ന പദവിയുടെ തുടര്‍ച്ച അതിനുണ്ടായിരുന്നു. അര്‍ക്കദിയാക്കോന്‍റെ പദവിയും അതില്‍ സമ്മേളിച്ചിരുന്നു, ഒന്നാം മാര്‍ത്തോമ്മാ മെത്രാന്‍റെ കാലം മുതല്‍. എന്നാല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായുള്ള ബന്ധം ശക്തിെപ്പടുകയും അവരിവിടെ നേരിട്ട് കാലുകുത്തുകയും ചെയ്തപ്പോള്‍ മുതല്‍ ഈ സ്ഥാനവും പദവിയും ന്യൂനവത്ക്കരിക്കുവാന്‍ ശ്രമമുണ്ടായി. മെത്രാന്‍വാഴ്ചയ്ക്ക് പാത്രിയര്‍ക്കീസിനെ ആശ്രയിക്കേണ്ടിവന്നതിനാല്‍, അവര്‍ മലങ്കരമെത്രാപ്പോലീത്താപദവിയെ താഴ്ത്തുവാന്‍ വേണ്ടി, സഭയെ പാത്രിയര്‍ക്കീസിന്‍റെ നേരിട്ടുള്ള ഭരണത്തിന്‍കീഴുള്ള ഭദ്രാസനങ്ങളാക്കി വിഭജിക്കുവാന്‍ ശ്രമിച്ചു.

കാതോലിക്കേറ്റിന്‍റെ പ്രസക്തി
മലങ്കരസഭയ്ക്ക് പ്രധാനമേലദ്ധ്യക്ഷ സ്ഥാനിക്കായി പേര്‍ഷ്യയിലെ കാതോലിക്കോസിനെ ആശ്രയിക്കേണ്ടിവന്നിരുന്നു. പില്‍ക്കാലത്ത് റോമിന്‍റെ പദ്രവാദോ അധികാരത്തിന്‍കീഴില്‍ പോര്‍ട്ടുഗലിനെയും അതിനു ശേഷം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെയും മെത്രാന്‍വാഴ്ചയ്ക്ക് ആശ്രിക്കേണ്ടതായി വന്നു. ഇവിടെത്തന്നെ മെത്രാനെ വാഴിക്കുവാന്‍ പഴുതില്ലായിരുന്നു. ആ കുറവ് പരിഹരിക്കുവാന്‍ കാതോലിക്കാസ്ഥാപനത്തിന് – കാതോലിക്കേറ്റിന് – സാധിക്കുന്നുവെന്നതാണ് അതിന്‍റെ പ്രസക്തിയുടെ ആദ്യവസ്തുത.

1912 -ല്‍ ഇവിടെ കാതോലിക്കാവാഴ്ച നടന്നത് കൂനന്‍കുരിശു സത്യത്തെത്തുടര്‍ന്നുണ്ടായ മെത്രാന്‍ വാഴ്ച പോലെ ധീരമായ ഒരു നടപടിയായി കാണണം. മെത്രാന്മാരെ വാഴിച്ചുകിട്ടുവാനുള്ള സാഹചര്യം ഇല്ലാതെ വന്നപ്പോള്‍ നിര്‍ബ്ബന്ധിത സാഹചര്യത്തില്‍ അന്ന് ഇവിടെത്തന്നെ ഒരാളെ വാഴിച്ചുവെന്നുള്ളത് അതുവരെ ഉണ്ടാകാത്ത കാര്യമായിരുന്നു. മെത്രാനെ വാഴിക്കുവാനുള്ള സംവിധാനം ഇവിടെ അനിവാര്യമാണെന്ന കാര്യം അന്നേ ബോദ്ധ്യമായതാണ്. ആ ബോദ്ധ്യം പ്രായോഗികമാക്കി എന്നതാണ് കാതോലിക്കേറ്റിന്‍റെ പ്രസക്തിയുടെ രണ്ടാമത്തെ വസ്തുത.

മലങ്കരസഭയില്‍ ദേശീയസഭാദ്ധ്യക്ഷന്‍റെ പദവി പുനഃസ്ഥാപിച്ചതുവഴി മലങ്കരസഭയുടെ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും പുനരുദ്ധരിക്കപ്പെട്ടു. അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്‍റെ നേതൃത്വവും അനുവാദവും ഉണ്ടായിട്ടും വിമര്‍ശനം ഒഴിവായില്ല. സാധുവായ പട്ടത്വത്തിന്‍റെ ന്യൂനതയും മറ്റും വിഷയമാക്കി ആ നടപടിയെ ഒരു കൂട്ടര്‍ അംഗീകരിച്ചില്ല. കാതോലിക്കായുടെ പിന്‍ഗാമികളെ മലങ്കരസഭ വാഴിച്ചപ്പോള്‍ വിമര്‍ശനം ശക്തമായി തുടര്‍ന്നു. പക്ഷേ, 1958-ലെ സഭാസമാധാനത്തില്‍ ഒരു പ്രശ്‌നവും കൂടാതെ ആ സ്ഥാനി അംഗീകൃതനായി. സഭാതലവനായി ഒരാളെ വാഴിക്കുന്നത് പാരമ്പര്യവിരുദ്ധമായ ഒന്നല്ലെന്ന് വിമര്‍ശകര്‍ക്കും ബോദ്ധ്യമുണ്ടായിരുന്നെന്ന്  ഇത് തെളിയിക്കുന്നു.

മലങ്കരയിലെ കാതോലിക്കാ, സെലൂക്യയിലെ കാതോലിക്കായുടെയോ, അതല്ല, തെഗ്രീസിലെ കാതോലിക്കായുടെയോ ആരുടെ പിന്‍ഗാമിയാണ് എന്നതിനെച്ചൊല്ലി തര്‍ക്കിക്കുകയോ, കൈവയ്പ്പുശ്രംഖലയിലെ കണ്ണിയുടെ എണ്ണം പറയുകയോ ചെയ്യുവാന്‍ തല പുണ്ണാക്കേണ്ടതില്ല. ദേശീയസഭയുടെ അദ്ധ്യക്ഷനായി ഒരാള്‍ വാഴിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് പ്രധാനം. ദേശീയസഭയുടെ തലവനായി കേരളത്തില്‍ ഉണ്ടായിരുന്ന മേലദ്ധ്യക്ഷന്‍റെ സ്ഥാനം പുനഃസ്ഥാപിച്ചതുവഴി മെത്രാന്മാരെ വാഴിക്കുവാന്‍ മലങ്കരസഭയ്ക്കുണ്ടായിരുന്ന തടസ്സം ഇല്ലാതെയായി. മറ്റൊരു സഭയെയും ഇക്കാര്യത്തില്‍ ആശ്രയിക്കേണ്ടതില്ലെന്ന അവസ്ഥ സംജാതമായി. ഫലത്തില്‍ ഇന്ത്യന്‍സഭയുടെ പൂര്‍വ്വികപദവി പുനഃസ്ഥാപിതമായി. ഈ നടപടി അകാനോനികവും സാധുവായ കൈവെപ്പില്ലാത്തതുമെന്നൊക്കെ ആക്ഷേപിക്കുന്നര്‍ വൈദേശികസഭയുടെ കോളനിയായി ഈ സഭയെ നിലനിര്‍ത്തുവാന്‍ കുഴലൂതുന്നവരാണ്. പൗരാണികമായ പേര്‍ഷ്യന്‍ കാതോലിക്കേറ്റിന്‍റെ മലങ്കരയിലെ പുനഃസ്ഥാപനം, ഈ സഭയുടെ സ്വാതന്ത്രവും സ്വയംശീര്‍ഷകത്വവും പ്രഖ്യാപിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഇതാണ് കാതോലിക്കേറ്റിന്‍റെ പ്രസക്തിയുടെ മൂന്നാമത്തെ വസ്തുത.

കാതോലിക്കാസ്ഥാപനം സഭാഭിന്നതയുടെ പശ്ചാത്തലത്തിലാണ് 1912-ല്‍ ഇവിടെ ഉണ്ടായത്. അന്ന് അതിന് പൊതുവേ അംഗീകാരമുണ്ടായില്ല. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ അനുകൂലിക്കുകയും കാതോലിക്കായെ നിഷേധിക്കുകയും ചെയ്തുവന്ന സഭാവിഭാഗം പിന്നീട് 1958-ല്‍ അതിനെ അംഗീകരിച്ചു. കാതോലിക്കാപദവിയില്‍ സഭാദ്ധ്യക്ഷനെ വാഴിച്ചതും നിലനിറുത്തുന്നതും ഒരു അപരാധമായി കണ്ടിരുന്ന അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് അനുകൂലികള്‍, ഒടുവില്‍ ആ സ്ഥാനിക്കു സമാന്തരമായി ശ്രേഷ്ഠകാതോലിക്കായെ – അദ്ദേഹം പാത്രിയര്‍ക്കീസിന്‍റെ കീഴില്‍ ഒരു നാമമാത്രപദവിയാണ് വഹിക്കുന്നതെങ്കിലും – വാഴിക്കുക വഴി, ഒരു ശതാബ്ദം മുമ്പുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ധീരനടപടി പ്രത്യക്ഷമായല്ലെങ്കിലും പരോക്ഷമായി ശരിയാണെന്ന് സമ്മതിച്ചിരിക്കുന്നു.

റോം മാത്രമാണ് ഏകമേലദ്ധ്യക്ഷന്‍ എന്ന് വാദിച്ചുവരുന്ന മലങ്കരക്കത്തോലിക്കര്‍ തങ്ങളുടെ പ്രധാന മേലദ്ധ്യക്ഷനെ – മേജര്‍ ആര്‍ച്ച് ബിഷപ്പിനെ – കാതോലിക്കോസ് എന്ന് വിളിച്ച് അഭിമാനിക്കുന്നു. നവീകരണത്തിന്‍റെ പേരില്‍ ഈ സഭയില്‍നിന്ന് വിഘടിച്ചുപോയ മാര്‍ത്തോമ്മാസഭയുടെ പ്രധാനമേലദ്ധ്യക്ഷനെ വലിയ മെത്രാപ്പോലീത്താ എന്നാണ് വിളിക്കുന്നത്. ഇതെല്ലാം കാതോലിക്കേറ്റിന്‍റെ പ്രസക്തിയെയാണ് വെളിപ്പെടുത്തുന്നത്.

ക്രൈസ്തവസഭയിലെ ഓരോ പ്രദേശത്തും പ്രധാന മേലദ്ധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ – സ്വയംശീര്‍ഷകതയില്‍ – സഭ നിലനിന്നുവെന്നത് നേരത്തെ സൂചിപ്പിച്ചതാണ്. രാജ്യങ്ങളിലെ സഭകള്‍ സ്വതന്ത്രവും സ്വയംശീര്‍ഷകത്വം ഉള്ളതുമായിരുന്നു. സാമ്രാജ്യത്വസ്വാധീനമാണ് അവയെ ഇല്ലാതാക്കി സഭകളില്‍ ഇതരസഭകളുടെ കോളനിസമ്പ്രദായം കൊണ്ടുവന്നത്.

മലങ്കരസഭ പേര്‍ഷ്യയില്‍നിന്നുള്ള മെത്രാന്‍റെ മേലദ്ധ്യക്ഷതയില്‍ സ്വതന്ത്രവും സ്വയംശീര്‍ഷകത്വമുള്ളതുമായിരുന്നു. അത് നഷ്ടപ്പെട്ടത് റോം, അന്ത്യോഖ്യാ എന്നിവിടങ്ങളിലെ പ്രധാന മേലദ്ധ്യക്ഷന്മാരുടെ അവിഹിതവും അനാശാസ്യവും അനധികാരികവുമായ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. ചുരുക്കത്തില്‍ ഒരു സഭയ്ക്ക് പ്രാദേശിക മേലദ്ധ്യക്ഷനെ വാഴിക്കുവാനുള്ള സംവിധാനം, സഭയ്ക്കു വേണ്ട പുരോഗതിക്കും പ്രവര്‍ത്തനത്തിനും വേണ്ടി ഇതരസഭകളെ ആശ്രയിക്കാതെ മെത്രാന്മാരെ വാഴിക്കുവാനുള്ള സാദ്ധ്യത, സഭയുടെ സ്വാതന്ത്ര്യം, സ്വയംശീര്‍ഷകത്വം എന്നിവയ്ക്ക് അനിവാര്യമായ പ്രധാന മേലദ്ധ്യക്ഷസ്ഥാനത്തിന്‍റെ ലഭ്യത എന്നിവയാണ് കാതോലിക്കേറ്റിന്‍റെ പ്രസക്തിയുടെ വസ്തുതകളായി ബോദ്ധ്യമാകുന്നത്.

കാതോലിക്കാ സ്ഥാനം: ചില വസ്തുതകള്‍