OVS - ArticlesOVS - Latest News

ആത്മീയ കോളനിവത്കരണം

യേശു ക്രിസ്തു സ്ഥാപിച്ച രാജ്യം ഐഹികമല്ല എന്നിരിക്കിലും ആദിമ പാത്രിയർക്കേറ്റുകൾക്കു ഉണ്ടായ ഒരു അധികാര ഭ്രമം ആയിരുന്നു ഈ ആത്മീയ കോളനിവത്കരണം. നിഖ്യാ സുന്നഹദോസ് നിശ്ചയിച്ച അധികാര പ്രവശ്യകൾക്കു വെളിയിൽ മറ്റു സഭകളെ കീഴ്പ്പെടുത്തി കോളനികൾ സൃഷ്ടിക്കാൻ ആദിമ സഭകളുടെ പഞ്ചപാത്രിയക്കേറ്റുകളിൽ ഏറെക്കുറെ റോമും, അന്ത്യോഖ്യയും കുസ്തന്തീനോസ്പോലീസും ഒരേ പോലെ ശ്രമിക്കുകയും, സൈനിക ശകതിയിൽ മുൻപിൽ നിന്നിരുന്ന റോം അതിൽ പൂർണമായും വിജയിക്കുകയും ചെയ്തു . പറങ്കി കത്തോലിക്ക ജെസ്യൂട്ട ബിഷപ്പ് മെൻസിസിന്‍റെ നേതൃത്യത്തിൽ 1599-ലെ ഉദയംപേരൂർ സുന്നഹോദോസ് എന്നു കുപ്രസിദ്ധ സംഭവം വഴി മാർത്തോമയുടെ മലങ്കര നസ്രാണി സഭയെ ബലാല്‍ക്കാരമായി റോമൻ കത്തോലിക്ക സഭയുടെ കീഴിൽ ചേര്‍ക്കുക മാത്രമല്ല, നാളതുവരെ മലങ്കര നസ്രാണി സമൂഹം സൂക്ഷിച്ചിരുന്ന എല്ലാ ആരാധന, ചരിത്ര ഗ്രന്ഥങ്ങളും ചുട്ടെരിച്ചു ഒരു വലിയ ജനതയെ, അസ്തിത്വത്തെ ഇല്ലായ്‌മ ചെയ്തു ആത്മീയ അടിമത്തിലേക്കു തള്ളിവിട്ടു.

54 വർഷം നീണ്ട ആ വേദനജനകമായ അടിമത്തത്തിന് ശേഷം, മിസ്രയം ദേശത്തു നിന്നു മോശയെ കൊണ്ടു ദൈവം തന്‍റെ ജനത്തെ വീണ്ടു എടുത്തത് പോലെ, 1653-ൽ മലങ്കരയിൽ തോമ അർക്കിദെയോന്‍റെ നേതൃത്തിൽ മാർത്തോമയുടെ വിശ്വാസധീരരായ നസ്രാണി പൗരുഷം അത്ഭുതകരമായ നിലയിൽ ഒരു തിരിച്ചു വരവ് നടത്തി. തങ്ങളുടെ രക്ഷക്കായി കടൽ കടന്ന് വന്ന അഹ്തുള്ള ബാവയെ പറങ്കിപട കൊന്നു കടലിൽ താഴ്ത്തി എന്നു അറിഞ്ഞ നസ്രാണി ജനത കൊച്ചിയിലേക്ക് ഇരമ്പി വരുകയും തങ്ങളുടെ അമർഷവും, വേദനയും, വീര്യവും മട്ടാഞ്ചേരിയിൽ ഒരു കുരിശു നാട്ടി, അതിൽ ആലാത്തുകൾ ഉറപ്പിച്ചു, കയർ കെട്ടി അതിൽ പിടിച്ചു കൊണ്ട് ” തങ്ങളും തങ്ങളുടെ സന്തതിപരമ്പരകളും ഒരു വൈദേശിക ശക്തിക്കും മലങ്കര നസ്രാണി സഭയുടെ സ്വാതന്ത്ര്യത്തെ ഇനിമേൽ അടിയറ വെയ്ക്കില്ല “ എന്നു സത്യം ചെയ്ത് മലങ്കര സഭയുടെ സ്വാതന്ത്ര്യത്തെ പുനസ്‌ഥാപിച്ചു. അതിനു ശേഷം തോമ അർക്കിദയോനെ മലങ്കരയുടെ ആദ്യ തദ്ദേശീയ മേൽപട്ടകരാനായി വാഴിച്ചു അദ്ദേഹത്തിന്‍റെ ഭരണ സഹായത്തിനായി 4 പട്ടക്കാരെ ചുമതലപ്പെടുത്തിയെങ്കിലും അതിൽ ഒരുവനായ പറമ്പിൽ ചാണ്ടിയുടെ നേതൃത്തത്തിൽ ഒരു വിഭാഗം ജനത്തെ അടർത്തി മാറ്റി മലങ്കര സഭയെ വിഭജിക്കുന്നതിൽ വൈദേശിക ശക്തികൾ ആദ്യ വിജയം കണ്ടു.

അങ്ങനെ ഭാരതത്തിലെ ആദ്യ കത്തോലിക്ക റീത്തു പ്രസ്ഥാനമായി സിറോ മലബാർ റീത്തു നിലവിൽ വന്നു. ഇത്തരം കോളനിവത്കരണത്തെ, മോക്ഷത്തിന് വേണ്ടിയല്ല മറിച്ചു പൂർണതയ്ക്കു വേണ്ടി എന്നു പറഞ്ഞ 1930-ൽ മലങ്കര സഭയിൽ നിന്നും പുറത്തു പോയി സ്വയം വരിച്ച മാർ ഇവാനിയോസിന്‍റെ ഭാഗ്യാന്വേഷികളുടെ റീത്തു പ്രസ്ഥാനമാണ് ഈ സ്രെണിയിലെ ഏറ്റവും അവസാനത്തേതും, അപകടം പിടിച്ചതും. ഇപ്പോൾ ഇവരുടെ നവ ചരിത്രം നിർമ്മാണം, ഇവരെ അമ്മയ്ക്ക് ജന്മം കൊടുത്ത പുത്രി എന്നു വിളിക്കപ്പെടുന്ന നിലയിലേക്ക് എത്തിച്ചു കൊണ്ടു ഇരിക്കുന്നു.

ആത്മീയ കോളനിവത്കരണത്തിൽ കുസ്തന്തീനോസ്പോലീസ് വിജയിച്ചു എങ്കിലും ‘Dominion status’ നൽകി എല്ലാവരെയും വെറുതെ വിടുകയും ചെയ്തു ; എന്നാൽ അന്ത്യോഖ്യാ, പേർഷ്യയിലെ മഫ്രിയാനേറ്റിന്‍റെ സ്ഥാപനം മുതൽ ഇങ്ങു മലങ്കരയിൽ ഉള്ള അധികാര പ്രകടനത്തിൽ വരെ പരാജയമടഞ്ഞു. ജെറുസലേമിനു എന്തോ, പറയത്തക്ക കാൽവപ്പു ഇതിൽ നടത്താൻ കഴിഞ്ഞില്ല. അലക്സാണ്ടറിയായിലെ കോപ്റ്റിക് പാത്രിയർക്കീസ്, ഇതിനെ കുറിച്ചു ചിന്തിക്കുക പോലും ചെയ്ത് കാണില്ല അന്നും ഇന്നും. അല്ലായിരുന്നു എങ്കിൽ അവർ കൈവയ്പ്പ് നൽകിയ അന്ത്യോഖ്യായിൽ അവകാശം ഉന്നയിച്ചേനെ; എത്യോപ്യയിൻ പാത്രിയർക്കീസിനെ വാഴിച്ചു പരിപൂർണ്ണ അധികാരം നല്കില്ലായിരുന്നു.

1599-ൽ നടന്ന, ഇന്ന് കത്തോലിക്ക യൂണിയേറ്റെ റീത്തുകൾ എല്ലാം കൂടി വെള്ളപൂശാൻ നോക്കുന്ന ഉദയംപേരൂർ സുന്നഹദോസ് മലയാളക്കരയെ റോമ അല്ലേൽ പറങ്കി കത്തോലിക്കാ കോളനി ആക്കാൻ ശ്രമിച്ചു് എങ്കിലും 1653-ൽ കൂനൻകുരിശു സത്യം നടത്തി നസ്രാണി സമൂഹം ശക്തമായ തിരിച്ചു വരവ് നടത്തി. പിന്നീട് നമ്മുടെ സഹായത്തിനു കടന്ന് വന്ന അന്ത്യോക്യൻ സുറിയാനി സഭ ക്രമേണ മലങ്കര സഭയെ തങ്ങളുടെ കീഴിലാക്കാൻ ഘട്ടംഘട്ടമായി ശ്രമിക്കുകയും ,അതിന്‍റെ പര്യവസാനം എന്നു നിലയിൽ 1876-ൽ മലങ്കരയിലേക്കു വന്ന പത്രോസ് തൃതിയൻ പാത്രയര്‍ക്കിസ് മുളന്തുരുത്തി സുന്നഹദോസ് വിളിച്ചു കൂട്ടി മലങ്കരയെ സുറിയാനി പാത്രിയർക്കീസിന്‍റെ ഭാഗം ആക്കാൻ വേണ്ടി മലങ്കരസഭ തലവനായ മലങ്കര മെത്രാപോലീത്തയെ വിശ്വാസത്തിൽ എടുക്കാതെ മലങ്കരയെ ഏഴ് പ്രവിശ്യയായി വിഭജിച്ചു.

മലങ്കരയെ പൂർണമായും കാൽകീഴിൽ ആക്കുവാനുള്ള ശ്രമത്തെ മലങ്കര സഭഭാസുരൻ, പരിശുദ്ധ വട്ടശ്ശേരി ദിവാനിയോസിസിന്‍റെ നേതൃത്തിൽ മലങ്കരയിൽ പൗരസ്ത്യ കാതോലിക്കറ്റ പുനസ്‌ഥാപിച്ചു തടഞ്ഞു. അതിനെ തുടര്ന്ന് മലങ്കര സഭയിൽ ഭിന്നിപ്പ് ഉണ്ടായെങ്കിലും 1958 -ലെ സുപ്രീം കോടതി വിധിയോടെ പാത്രിക്കിസ് ബാവകക്ഷി മലങ്കര സഭയുടെ ഭാഗമായി മാറി. നഷ്ടപ്പെട്ട പോയ മലങ്കര സഭയെ കിട്ടിയില്ലെങ്കിലും അതിൽ എക്കാലവും ഉളളത് പോലെ ഭാഗ്യാന്വേഷികളെ വിലയ്ക്ക് എടുത്തു 1970-ൽ വീണ്ടും അന്ത്യോക്യൻ തീവ്രവാദം മലങ്കരയിൽ ശക്തിപ്പെട്ടു. വൈദശിക മേൽക്കോയ്മക്കു വേണ്ടിയുള്ള 47 വർഷത്തെ നിര്ഭാഗ്യ വ്യവഹാര -സംഘർഷ കാലഘട്ടത്തിനു ശേഷം ജൂലൈ 3-നു വീണ്ടും ദൈവം മാർത്തോമയുടെ മലങ്കര സഭയ്‌ക്ക്‌ വേണ്ടി നീതി പ്രദാനം ചെയ്തു അസ്തമനബിന്ദുവിനും അപ്പുറത്ത്, പൂർണ്ണ ഇരുട്ടിലേക്ക് വൈദേശിക നിഴൽ ശക്തികളെ മടക്കി അയച്ചു.

പറങ്കികൾ മലങ്കര നസ്രാണികളെ ഭിന്നിപ്പിച്ചു ഭരിക്കുവാൻ ശ്രമിച്ചു് , അതിൽ അവർ വിജയിച്ചു. ഉദയംപേരൂർ സുന്നഹദോസും പറങ്കി കുബുദ്ധിയും കൂടി അവിഭക്ത മലങ്കര സഭയിൽ ഭിന്നിപ്പുകൾ ഉണ്ടാക്കി അതിനെ നെടുകെ പിളർത്തി. ശീമാക്കാരോ, ഒന്നായ, മലങ്കര മെത്രാൻ ഭരിക്കുന്ന സഭയെ 7 ആയി കീറി മുറിച്ചു, മെത്രാന്മാരുടെ എണ്ണം കൂട്ടി, അവരിൽ അഭിപ്രായവ്യത്യാസം ഉണ്ടാക്കി സഭയെ മുഴുവനായി വിഴുങ്ങാൻ ശ്രമിച്ചു്. അനേകം വർഷങ്ങൾ നീണ്ട ചെറുത്തു നിലിപ്പിലൂടെ അവിടെയും മലങ്കര സഭ അതിന്‍റെ സ്വാതന്ത്ര്യത്തെ പൂർണ്ണമായും സംരക്ഷിച്ചു തല ഉയർത്തി പ്രശോഭിച്ചു നിൽക്കുന്നു.

ആത്മീയ കോളനിവത്കരണം, Spiritual Colonialism, Leaning Cross Oathഇത്തരം ലജ്ജാകരമായ കൊളോണിയൽ കീഴടക്കലിനെ ലത്തീൻകാർ മഹത്വവത്കരിക്കുക ആണ് ഇന്നും ചെയ്യുന്നത്. ആദരണീയനായ. ശ്രീ. ശശി തരൂർ പറഞ്ഞത് പോലെ ‘Synod of Diamper is simply a forced Council to colonize Indian Church.’ അതിനെ വരാപ്പുഴകാർ എത്ര പുകഴ്ത്തിയാലും അതു മാറില്ല. ആലഞ്ചേരി പിതാവിനെ കൂടി ഇരുത്തിയിട്ടു വേണം, ഉദയംപേരൂർ നിശ്ചയങ്ങൾ പരിശുദ്ധം ആണെന്ന് ലത്തീൻ സഭക്കാർ പറയേണ്ടിയിരുന്നത്; പറങ്കികളുടെ കണ്‍കെട്ടിൽ ഏറ്റവും കൂടുതൽ വീണത് ആലഞ്ചേരി പിതാവിന്‍റെ മലബാർ സുറിയാനി സഭ ആളുകൾ ആണല്ലോ?

ഉദയംപേരൂർ സുന്നഹദോസും അതിന്‍റെ പുറകെ ഉള്ള പറങ്കികളുടെ ഇടപെടലകളും കൂടി വലിയ നന്മകൾ ഒന്നും തന്നെ ഇവിടെ ഉണ്ടാക്കിയില്ല; നസ്രാണികളെ തമ്മിൽ തല്ലിച്ചു വിഭജിച്ചു ശത്രുക്കൾ ആക്കി. മുളന്തുരുത്തി സുന്നഹദോസും അതിന്‍റെ ശേഷം ഉള്ള അറബി കളികളും കൂടി മലങ്കര സഭയെ തമ്മിൽ തല്ലിച്ചു അവസാനം കൊലപാതകങ്ങളിൽ വരെ കലാശിച്ചു.

കൊളോണിയവത്കരണത്തിന്‍റെ ഒരു സ്വഭാവം ആണ് നേരിട്ടുള്ള തങ്ങളുടെ ഭരണം നഷ്ടപ്പെട്ടാലും പ്രീ കോളോണിയൻ കാലത്തിലേക്ക് തിരിച്ച പോകാൻ അനുവദിക്കില്ല എന്നത്. ഈ ആത്മീയ കോളനി ഉടമസ്ഥരുടെയും കാര്യം അതു തന്നെ ആണ്. പറങ്കികളുടെ നേരിട്ടുള്ള ഭരണം ഇല്ലാതായി എന്നിട്ടും സഭ ഒന്നാകാൻ സമ്മതിച്ചില്ല. കേസ് പറഞ്ഞു കേസ് പറഞ്ഞു പാത്രിയർക്കീസിന്‍റെ സ്ഥാനം ‘vanishing point’-ൽ എത്തിയിട്ടും ‘പ്രശ്നങ്ങൾ എല്ലാം നിങ്ങൾ ചർച്ച ചെയ്ത് തീർക്കുക, എനിക്ക് ഇവിടെ സ്ഥാനം ‘vanishing point നും അപ്പുറത്തുള്ള’ ഏതോ ഒരു പോയിന്റിൽ ആണ്’ എന്ന് ബോധ്യത്തിൽ തങ്ങളുടെ ഇല്ലാ അവകാശ വാദങ്ങൾ ഒക്കെ ഉപേക്ഷിച്ചു ഈ മലങ്കര സഭയിൽ സമാധാനവും, അഭിവൃദ്ധിയും ഉണ്ടാക്കാൻ വേണ്ടി ഒരു കല്പന പോലും എഴുതാൻ ഈ പാത്രിയർക്കീസിന് ഇന്ന് വരെ തോന്നിയില്ല.

ഇപ്പോഴും ബ്രിട്ടീഷ്കാരെ ഓടിക്കേണ്ട കാര്യം ഇല്ലായിരുന്നു എന്നു പറയുന്നവർ ഉണ്ടെന്നപോലെ, അടിമത്തം തലക്കു പിടിച്ച കുറെ ആളുകൾ പറങ്കി ഉദയംപേരൂർ കല്പനകളെയും, അറബി കല്പനകളെയും എപ്പോഴും പുകഴ്ത്തി കൊണ്ടിരിക്കും.

വാസ്തവത്തിൽ ഈ കാലഘട്ടത്തിൽ ഉദ്ദേയുംപേരൂർ സുന്നഹദോസ് പോലെയുള്ള, അടിമത്തത്തിന്‍റെ നാണംകെട്ട ഗതകാല സമരണകളെ അയവിറക്കി നടക്കാതെ, സാമ്രാജ്യ ശക്തികൾക്കു എതിരെ കൂനൻ കുരിശു പോലെയുള്ള വീരോജിത ചേര്ത്തു നില്പിന്‍റെയും, പോരാട്ടത്തിന്‍റെയും ചരിത്രമാണ് ചർച്ച ചെയ്യപ്പെടേണ്ടതും വരും തലമുറയ്ക്ക് പകര്ന്നു കൊടുക്കേണ്ടതും എന്നു ഓർക്കുക.

ചരിത്രം രേഖപ്പെടുത്തുക അടിമകളുടെയും അവസരവാദികളുടെയുമല്ല, അതു പോരാളികളുടെയും ,ചെറുത്തു നിന്നു ധീരരന്മാരുടെയുമാണ് ” മലങ്കര സഭയക്കു ആകെ ഇന്നും എന്നും അഭിമാനമായ വിളങ്ങുന്ന, മട്ടാഞ്ചേരിയിലെ ആ നസ്രാണി വീര്യം കലര്ന്ന ഭൂമി ഇന്നും മലങ്കരസഭ തങ്ങളുടെ പൂർവികരുടെ വീര സ്മരണയ്ക്കായി കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുന്നു.

ഓ.വി.എസ് വെബ്‌ ഡസ്ക്

മലങ്കരസഭയിലെ വൈദികമേലദ്ധ്യക്ഷപദവി: പി. തോമസ്, പിറവം