OVS - Articles

കഴിഞ്ഞു പോയ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ ഒന്നാം വാര്‍ഷിക സ്മരണ

(പരിശുദ്ധ പരുമല തിരുമേനിയുടെ ഒന്നാം ഓര്‍മ്മപ്പെരുനാളിന്റെ റിപ്പോര്‍ട്ട് മലയാള മനോരമ  1903 നവംബര്‍ 11-നു പ്രസിദ്ധീകരിച്ചത്  ovsonline വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു. ഏതാണ്ട് ഇതില്‍ പറയുന്ന രീതിയില്‍ തന്നെ എല്ലാ ചടങ്ങുകളും ഇപ്പോഴും നടത്തപ്പെടുന്നതായി കാണാം)

പോയ കൊല്ലം ഈ മാസത്തില്‍ പരുമല സിമ്മനാരിയില്‍ വച്ചു കാലം ചെയ്ത മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത തിരുമേനിയുടെ ശ്രാദ്ധാഘോഷം  ഈ മാസം 2-നു തിങ്കളാഴ്ച ആ സിമ്മനാരിയില്‍ വച്ചു അനേകായിരം സുറിയാനി ക്രിസ്ത്യാനികള്‍ കൂടി കൊണ്ടാടിയിരിക്കുന്നു. മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ തിരുമേനിയും, മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമേനിയും കാലേ കൂട്ടി സ്ഥലത്ത് എത്തിയിരുന്നു. ആ സാമ്മനാരിയില്‍ കാര്യം വിചാരിക്കുന്ന കല്ലാശേരില്‍ പുന്നൂസ് റമ്പാന്‍ അവര്‍കളും, കാലം ചെയ്ത മെത്രാപ്പോലീത്തയുടെ ഒരു പ്രത്യേക ശിഷ്യനും മാര്‍ ദീവന്നാസിയോസ് സിമ്മനാരിയുടെ അധ്യക്ഷനുമായ മലങ്കരമല്പാന്‍ വട്ടശ്ശേരില്‍ ഫാദര്‍ ഗീവര്‍ഗീസ് അവര്‍കളും അടിയന്തിരം ഭംഗിയാക്കുവാന്‍ കാലേകൂട്ടി വേണ്ട ചട്ടംകെട്ടുകള്‍ ചെയ്തിരുന്നു.

മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ ജീവിതകാലത്തു വിളങ്ങിയിരുന്ന അസാധാരണമായ ഈശ്വരഭക്തി പണ്ടേ തന്നെ പ്രസിദ്ധമായതിനു പുറമേ അദ്ദേഹത്തിന്‍റെ കാലശേഷം ആ നാമത്തില്‍ സമര്‍പ്പിക്കുന്ന വഴിപാടുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും വിശേഷവിധമായ ഫലം ഉണ്ടെന്നു സുറിയാനിക്കാരുടെ ഇടയില്‍ പൊതുവേ ഒരു ദൃഡവിശ്വാസമുണ്ടായിരുന്നതിനാല്‍, കൊച്ചി-തിരുവിതാംകൂര്‍ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പത്തിരുപതിനായിരം ജനങ്ങള്‍ ഈ അടിയന്തിരത്തില്‍ സംബന്ധിക്കാന്‍ നേര്‍ച്ചകാഴ്ചകളോടുകൂടി വന്നുകൂടിയിരുന്നു. അതുമാത്രമല്ല, ഫാദര്‍ ഗീവര്‍ഗീസ് കത്തനാര്‍ അവര്‍കള്‍ക്ക് അടിയന്തിരത്തിന്റെ തലേദിവസം ഞായറാഴ്ച റമ്പാന്‍സ്ഥാനം കൊടുക്കാന്‍ നിശ്ചയിച്ചിരുന്നതിനാല്‍ അതു കാണ്മാന്‍ കൂടി ആളുകളുടെ വരവ് ശനിയാഴ്ച മുതല്‍ തന്നെ ഒട്ടും കുറവല്ലായിരുന്നു.

ശ്രാദ്ധം സംബന്ധിച്ച ചടങ്ങുകള്‍ ഞായറാഴ്ച സന്ധ്യയ്ക്ക് ആരംഭിച്ചു. റമ്പാന്‍മാരും പട്ടക്കാരും ശെമ്മാശന്മാരുംകൂടി കത്തുന്ന മെഴുകുതിരികള്‍ പിടിച്ചു രണ്ടു നിരയായി നിന്ന് മെത്രാപ്പോലീത്തന്മാരെ പള്ളിയകത്തേക്ക് സുറിയാനി ഗീതം ചൊല്ലി എതിരേറ്റു. മുറപ്രകാരമുള്ള സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം കാലം ചെയ്ത മെത്രാപ്പോലീത്തയ്ക്കു വേണ്ടി പ്രത്യേക പ്രാര്‍ഥനകളും ശുശ്രൂഷകളും നടത്തപ്പെട്ടു. അനന്തരം വൈദികഗണം തിരുമേനിമാരെ പള്ളിയിലേക്ക് ആനയിച്ചതുപോലെ, തിരികെ മുറിയിലേക്ക് എതിരേറ്റു. അപ്പോള്‍ മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്ത ആശീര്‍വാദം നല്‍കി. പത്തുമണി രാത്രിയില്‍ വെള്ളിക്കുരിശുകള്‍, മുത്തുക്കുടകള്‍, കൊടികള്‍ മുതലായവയോടുകൂടെ ആഖോഷകരമായ ഒരു പ്രദക്ഷിണം നടത്തുകയുണ്ടായി. പിറ്റേദിവസം മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും പുതിയ റമ്പാന്‍ ഉള്‍പ്പെടെ രണ്ടു റമ്പാന്‍മാരും ചേര്‍ന്ന് മൂന്നിന്മേല്‍ കുര്‍ബാന നടത്തി. അതിന്‍റെ മധ്യത്തില്‍ പ്രസംഗവും വാങ്ങിപ്പോയ ആളിനുവേണ്ടി പ്രത്യേക ശുശ്രൂഷകളും ഉണ്ടായിരുന്നു. അവയെല്ലാം കഴിഞ്ഞപ്പോഴെക്ക് മണി പന്ത്രണ്ടായി. അനന്തരം തിരുമേനിമാരെ വൈദികഗണം മുറിയിലേക്ക് ആനയിക്കുകയും മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ ആശീര്‍വാദം നല്‍കുകയും ചെയ്തു. മൂന്നു മണിക്ക് ആഡംബരപൂര്‍വമായ റാസയും നടത്തപ്പെട്ടു. അനന്തരം സന്ധ്യയായപ്പോഴേക്കു ജനമെല്ലാം പിരിഞ്ഞുപോയി.

ശനിയാഴ്ച മുതല്‍ കൂടിയ പട്ടക്കാര്‍ക്കെല്ലാം മൂന്നുനേരവും ശരിയായ വിരുന്നുസല്‍ക്കാരം ഉണ്ടായിരുന്നു. വഴിപാടായി 1900 രൂപയും കുര്‍ബാനയ്ക്ക്‌ വേണ്ടി 500 രൂപയും വരവുണ്ടായിരുന്നു. ഇതിനുപുറമേ പൊന്‍ വെള്ളി സാധനങ്ങളായി പല കാഴ്ചകളും വന്നിരുന്നു.

ഞായറാഴ്ചയും തിങ്കളാഴ്ചയും പ്രസിദ്ധനായ കായംകുളം ജോണ്‍ ഉപദേശിയുടെ പ്രസംഗങ്ങള്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ചത്തെ പ്രസംഗത്തിന്‍റെ മധ്യത്തില്‍ മാര്‍ ഗ്രീഗോറിയോസ് സ്‌മാരക സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകന്മാരും സിമ്മനാരിയില്‍ വരികയും മെത്രാപ്പോലീത്തന്മാരാലും മറ്റും താല്പര്യപൂര്‍വ്വം കൈക്കൊള്ളപ്പെടുകയും ചെയ്തു.

 

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)