ചന്ദ്രന്‍ ഒന്നു പതിച്ചു കിട്ടുമോ സാറെ?.. ഡോ. എം. കുര്യന്‍ തോമസ്

‘ചന്ദ്രന്‍ ഒന്നു പതിച്ചു കിട്ടാന്‍ എന്താണ് വഴി വക്കീല്‍ സാറെ?’
‘ഏതു ചന്ദ്രന്‍.’

‘നമ്മുടെ ആകാശത്തു കാണുന്ന ചന്ദ്രന്‍.’
‘ഓ അതോ? അത് നിസാരം. കോടതിയില്‍ ഒരു അന്യായം ഫയല്‍ ചെയ്താല്‍ മതി.’

‘മതിയോ’
‘മതി’

ചെയ്യാവോ സാറെ?
‘ഏറ്റു’

എന്നാ ചിലവു വരും’
‘എന്റെ ഫീസ് 2000 രൂപാ മാത്രം. ഇത്തരം നിസാര കേസിനൊന്നും ഞാന്‍ വല്യ ഫീസ് വാങ്ങാറില്ല.’

എങ്കില്‍ ഇന്നുതന്നെ ചെയ്യു സാറെ
‘ഇന്നു വ്യാഴാഴ്ച. ഇന്നും നാളേം കൊണ്ട് അന്യായം തയാറാക്കാം. തിങ്കളാഴ്ച. അല്ലേല്‍ തിങ്കളാഴ്ച വേണ്ട. ശരിയിയല്ല. ചൊവ്വാഴ്ച്ച ഫയല്‍ ചെയ്യാം. ബുധനാഴ്ച്ചയോ വ്യാഴാഴ്ച്ചയോ കേസ് എടുപ്പിക്കാം. വെള്ളിയാഴ്ച്ച വിധി ഉറപ്പ്. അടുത്ത തിങ്കളാഴ്ച. അല്ലേല്‍ ചൊവ്വാഴ്ച്ച വിധിപകര്‍പ്പ് കിട്ടും. താന്‍ ബുധനാഴ്ച്ച വന്നേര്. നമ്മള് ജയിച്ച വിധി റെഡി. പിന്നെ ചന്ദ്രന്‍ നിങ്ങള്‍ക്ക് സ്വന്തം.’

എങ്കില്‍ വേണ്ടത് ചെയ്യു സാറെ. ഞാന്‍ ബുധനാഴ്ച വരാം.’
‘ഏറ്റു. ഒരു 1000 രൂപാ അഡ്വാന്‍സ് വേണം. പിന്നെ കോര്‍ട്ടുഫീസും ചില്ലറ ചിലവും ആ ഗുമസ്തനെ ഏല്‍പ്പിച്ചര്. ഇനി നിങ്ങള്‍ ബുധനാഴ്ച വന്നാല്‍ മതി.’

തുക കൈമാറുന്നു. കക്ഷി സ്ഥലം വിടുന്നു. വീണ്ടും അടുത്ത ബുധനാഴ്ച.

സാറെ നമ്മുടെ വധി?’
‘ഏതു വിധി?’

‘നമ്മുടെ ചന്ദ്രന്‍….?’
‘ഓ. അതോ? എന്തു ചെയ്യാനാടോ. ഒരു ഒന്നാന്തരം അന്യായമാ ഞാന്‍ ഫയല്‍ ചെയ്തത്. കറക്ട് ലാ പോയിന്റ് വെച്ചിട്ട്. സുപ്രീം കോടതി പോലും വിറച്ചേനെ. പക്ഷേ എന്തു ചെയ്യാം. ആ മണ്ടന്‍ മജിസ്രേട്ടിന് അതു മനസിലായില്ല. അയാളതങ്ങ് തള്ളി.’

ഇനി എന്തു ചെയ്യും സാറെ?’
എന്തു ചെയ്യാന്‍? തള്ളിപ്പോയില്ലെ? പിന്നെ ഒരു കാര്യം ചെയ്യാം. താന്‍ വക്കീല്‍ ഫീസില്‍ ബാക്കി തരാനുള്ള ആയിരം രൂപ തരേണ്ട. എനിക്കങ്ങനയല്ലെ സഹായിക്കാനാവു. കക്ഷികളെ ബുദ്ധിമുട്ടിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല.’

കോട്ടയത്തെ സരസനായ ഒരു വക്കീല്‍ അതേ ബാറിലെ ഒരു കേസില്ലാ വക്കീലിൻ്റെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് മൂന്നു ദശവല്‍സരം മുമ്പ് ഈ ലേഖകനോട് വിവരിച്ചതാണിത്. കേരളാ സര്‍ക്കാറിൻ്റെ നിര്‍ദ്ദിഷ്ട ക്രൈസ്തവ ശവസംസ്‌കാരത്തെ കുറിച്ചുള്ള ഓര്‍ഡിനന്‍സ് വാര്‍ത്തകളാണ് ഈ പഴയ കഥ വീണ്ടും ഓര്‍മ്മയിലെത്തിച്ചത്.

അഖിലലോക വിഢിദിനം എന്നൊരു ദുഷ്‌പ്പേര് ഏപ്രില്‍ 1-ന് ഉണ്ട്. അത്തരം പതിത്വമൊന്നുമില്ലാത്ത ജനുവരി 1-നാണ് ക്രിസ്ത്യന്‍ പളളികളിലെ ഇടവകാംഗം മരിച്ചാല്‍ മൃതദേഹം പള്ളി സെമിത്തേരിയില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള അവകാശം ഉറപ്പാക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് കേരളാ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതും മന്ത്രിസഭാ യോഗത്തിനുശേഷമുള്ള ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍. അതിനാല്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം മുമ്പോട്ടു നീങ്ങുകയാണ് എന്നുതന്നെ കരുതണം.

ക്രിസ്ത്യന്‍ പളളികളിലെ ഇടവകാംഗം എന്നൊക്കെ വിശാലമായി പറഞ്ഞുവെങ്കിലും മൂന്നാം സമുദായ കേസില്‍ 2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയും, സുപ്രീം കോടതിയും കേരളാ ഹൈക്കോടതിയും അതിനനുബന്ധമായി പുറപ്പെടുവിച്ച തുടര്‍വിധികളും മറികടന്ന് മുന്‍ യാക്കോബായ വിഭാഗത്തിന് നിര്‍ബാധം പള്ളി സെമിത്തരികളില്‍ കടന്നുകൂടാനുള്ള അവസരമൊരുക്കുവാനാണ് ഈ ഓര്‍ഡിനന്‍സ് എന്നത് പകല്‍പോലെ വ്യക്തമാണ്. ഇസഹാക്കിനെ ഏശാവ് എന്നു തെറ്റിദ്ധരിപ്പിക്കാന്‍ കൈയ്യില്‍ ആട്ടിന്‍തോല്‍ ചുറ്റിയിട്ടും യാക്കോബിനു ശബ്ദം മാറ്റാന്‍ ആവാഞ്ഞതുപോലെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ യഥാര്‍ത്ഥ ശബ്ദം പുറത്തായി. ഓര്‍ത്തഡോക്‌സ് സഭ, മന്ത്രിസഭാ ഉപായസമതിക്ക് കീഴ്‌പ്പെടാതിരുന്നതിനുള്ള മറുമരുന്ന് എന്ന നിലയിലാണ് അദ്ദേഹം വിഷയം അവതരിപ്പിച്ചത്.

ഈ നിയമം ഓര്‍ത്തഡോക്‌സ് സഭയുടെ ഒരു പള്ളി സെമിത്തേരിയേയും ബാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം ഈ നിയമംകൊണ്ട് കോളടിച്ചത് പെന്തക്കോസ്ത് സഭകള്‍ക്ക് – പ്രത്യേകിച്ചും തങ്ങള്‍ക്ക് പ്രത്യേക താല്പര്യമുള്ള ചില ആള്‍ദൈവ സഭകള്‍ക്ക് – ആണ്. റോമന്‍ കത്തോലിക്കാ – മാര്‍ത്തോമ്മാ – സി.എസ്.ഐ. സഭകളില്‍നിന്നും പെന്തക്കോസ്ത് സഭകളിലും ആള്‍ദൈവ സഭകളിലും ചേക്കേറിയവര്‍ക്ക് ഈ നിയമപ്രകാരം ഇനി അന്ത്യവിശ്രമത്തിന് ഇനി പഴയ പള്ളി സെമിത്തേരികളിലേയ്ക്ക് നിര്‍ബാധം ചേക്കേറാം. ആരും തടയില്ല. തടഞ്ഞാല്‍ ഒരു വര്‍ഷം തടവും 10,000 രൂപാ പിഴയും ഉറപ്പ്! ആനന്ദലബ്ദിക്കിനിയെന്തുവേണം?

കേരള സര്‍ക്കാരിൻ്റെ മനോരാജ്യത്തിലിരിക്കുന്ന ഈ ഓര്‍ഡിനന്‍സ് നിയമമാകണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പിടണം. അത് നടന്നില്ലങ്കില്‍ അടുത്ത നിയമസബയില്‍ ബില്‍ ആയി കൊണ്ടുവന്ന് പാസാക്കണം. പാസായാലും നിയമമാകണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പിടണം. കഴിഞ്ഞ ദിവസം കേരള നിയമ സഭ പാസാക്കിയ പൗരത്വ നിയമത്തിനെതിരെയുള്ള പ്രമേയം ഗവര്‍ണര്‍ മടക്കിയതിൻ്റെ ചൂട് ആറിയിട്ടില്ല.

ഇനി ഗവര്‍ണര്‍ ഒപ്പിട്ടാലും കോടതിയില്‍ ഈ ഓര്‍ഡിനന്‍സ് ചോദ്യം ചെയ്യപ്പെടും. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ഏതെങ്കിലും സംസ്ഥാന നിയമസഭ നിയമ നിര്‍മ്മാണം നടത്തിയാല്‍ അതു നിലനില്‍ക്കില്ലാ എന്നത് ഇന്ത്യന്‍ ഭരണഘടനയുടെ നിബന്ധനയാണ്. നിലവിലുള്ള കേരള സര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായ അനുഭവ പാഠമുണ്ട്. കണ്ണൂര്‍-കരുണ മെഡിക്കല്‍ കോളേജുകളിലെ അനധികൃത പ്രവേശനം റദ്ദാക്കിയ സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമസഭ പാസാക്കിയ ബില്‍, സുപ്രീം കോടതി റദ്ദാക്കിയതിൻ്റെ ചൂട് ഇതുവരെ ആറിയിട്ടില്ല. അതേ സാഹചര്യമാണ് ഈ വിഷയത്തിലും നിലവിലുള്ളത്.

ഗര്‍ഭസ്ഥ ഓര്‍ഡിനന്‍സിൻ്റെ ഉള്ളടക്കത്തേപ്പറ്റി പത്രവാര്‍ത്തകള്‍ക്കപ്പുറം വിവരമൊന്നുമില്ല. ഉള്ളതുതന്നെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ അധിഷ്ഠിതവും. കുടുംബ കല്ലറയില്‍ മതപരമായ ചടങ്ങുകള്‍ കൂടാതെ അടക്കാനുള്ള അവകാശം ഉറപ്പുവരുത്തുമെന്നു പറഞ്ഞ് ആരംഭിക്കുന്ന വിവരണം മുമ്പോട്ട് നീങ്ങുമ്പോള്‍ കുടുംബ കല്ലറ ഇല്ലങ്കിലും അടക്കാം എന്ന വിശദീകരണത്തില്‍ എത്തി നില്‍ക്കുന്നു. ഒരുപക്ഷേ കുടുംബകല്ലറ എന്ന വിശദീകരണം വരേണ്യവര്‍ഗത്തേ മാത്രം അഭിസംബോധന ചെയ്യുന്നതാണന്നും അത് പള്ളിത്തര്‍ക്കര്‍ത്തില്‍ കായികമായ സാന്നിദ്ധ്യംകൊണ്ട് കേസില്‍പ്പെട്ട് ജീവിതം തുലയ്ക്കുന്ന പ്രോലിറ്റേറിയന്‍സിനു ബാധകമല്ലന്നുമുള്ള പില്‍ക്കാല തിരിച്ചറിവായിരിക്കും ഇത്തരമൊരു കൂട്ടിച്ചേര്‍ക്കലിനു മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. അതിന് മതപരമായ മരണാനന്തര ചടങ്ങുകള്‍ നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം ഇടവകാംഗത്തിന് ഉണ്ടത്രെ! ചുരുക്കത്തില്‍, ഏത് അണ്ടനും അടകോടനും പള്ളി സെമിത്തേരിയില്‍ കബറടങ്ങാം! അത് ഓര്‍ത്തഡോക്‌സ് പള്ളി ആവണമെന്നില്ല, റോമന്‍ കത്തോലിക്ക – മാര്‍ത്തോമ്മാ – സി.എസ്.ഐ. അടക്കമുള്ള ഏതു എപ്പിസ്‌ക്കോപ്പല്‍ സഭകളുടെ സെമിത്തേരിയിലും ആകാം!

ഓര്‍ഡിനന്‍സ് ഒരു അടിയന്തിര – താല്‍ക്കാലിക സംവിധാനമാണ്. ആറുമാസം മാത്രമാണ് അതിൻ്റെ ആയുസ്. ഏത് ഓര്‍ഡിനന്‍സും അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ ആയി കൊണ്ടുവന്ന് പാസാക്കിയേ പറ്റു. ഇല്ലങ്കില്‍ ഓര്‍ഡിനന്‍സ് സ്വാഹഃ. ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയും ഈ ഓര്‍ഡിനന്‍സിനു അംഗീകാരം കൊടുത്ത മന്ത്രിസഭയും മനസിലാക്കാതെപോയ ഒരു യാഥാര്‍ത്ഥ്യമുണ്ട്. ഇന്ത്യ എന്ന രാജ്യത്തിനു ഒരു ഭരണഘടനയുണ്ട്. ആ ഭരണഘടന അനുസരിച്ച് സുപ്രീം കോടതി വിധി രാജ്യത്തിൻ്റെ നിയമമാണ്. അതിനെ മറികടക്കാന്‍ ഒരു നിയമനിര്‍മ്മാണം നടത്താനും സംസ്ഥാന നിയമസഭകള്‍ക്ക് അധികാരമില്ല. അത്തരമൊരു ഓര്‍ഡിനന്‍സിലോ ഇനി നിയമത്തിലോ ഗവര്‍ണര്‍ ഒപ്പിട്ടു തരണമെന്നില്ല. അഥവാ ഒപ്പിട്ടു തന്നാലും സുപ്രീം കോടതി ചുരുട്ടി ചവറ്റു കുട്ടയിലെറിയും.

തങ്ങൾക്ക് പ്രയോജനമില്ലാത്ത ഓര്‍ത്തഡോക്‌സ് സഭയെ പാഠം പഠിപ്പിക്കാനും, തങ്ങളുടെ ഏകോദര സഹോദരങ്ങളായ മുന്‍ യാക്കോബായ വിഭാഗത്തെ പ്രീണിപ്പിക്കുവാനും തല്ലിക്കൂട്ടിയ നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സ് മലങ്കര സഭയുടെ പള്ളി സെമിത്തേരികളിലെ അനധികൃത ശവസംസ്‌ക്കാരത്തെ സഹായിക്കില്ല എന്നതാണ് നിയമപരമായ യാഥാര്‍ത്ഥ്യം. അതു മനസിലാക്കാന്‍ 2017 ജൂലൈ 3-ലെ വിധി പരിശോധിക്കാം.

17. പളളിയും സെമിത്തേരിയും ആര്‍ക്കും പിടിച്ചെടുക്കാവുന്നതല്ല. അത് ഇടവകാംഗങ്ങളുടെ അവകാശമായി തുടരണം. മലങ്കര സഭയില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇവിടെ അന്തസ്സോടെ സംസ്‌ക്കരിക്കപ്പെടുന്നതിന് ഒരു ഇടവകാംഗത്തിനുളള അവകാശത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല.

മലങ്കര സഭയില്‍ വിശ്വസിക്കുന്നുവെങ്കില്‍… എന്ന കോടതി പരാമര്‍ശനം തല്‍ക്കാലം മറക്കാം. പക്ഷേ ഇടവകാംഗം എന്ന പരിമിതി നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സിലും ഉണ്ട്. അതു കൂടാതെ ഈ വിശ്വാമിത്ര സൃഷ്ടി പ്രഥമദൃഷ്ട്യാ പോലും നിലനില്‍ക്കില്ല എന്നതാണ് വാസ്തവം. ഇവിടെ ചോദ്യം ഇടവകാംഗം എന്നത് എങ്ങനെ തെളിയിക്കും എന്നതാണ്. അതിനു അംഗീകൃത രേഖ വേണം. മുന്‍ തലമുറയില്‍ ആരോ ഇടവകാംഗമായിരുന്നു എന്നത് ഒരാളുടെ അംഗത്വത്തിനുള്ള അവകാശമല്ല. അമ്മാവന്‍ ആന കയറിയതുകൊണ്ട് മരുമകൻ്റെ ആസനത്തില്‍ തഴമ്പു വീഴുകയില്ല എന്നതാണ് ഇവിടെ പ്രമാണം. നിര്‍ദ്ദിഷ്ട വ്യക്തി നിലവില്‍ ഇടവകാംഗമാണ് എന്നു എങ്ങിനെ തെളിയിക്കാനാവും എന്നതാണ് പ്രശ്‌നം.

മലങ്കര സഭയിലെ ഇടവക പള്ളികളെ സംബന്ധിച്ച് നിലവിലുള്ള അടിസ്ഥാന നിയമം 1934-ലെ സഭാ ഭരണഘടനയാണന്ന് 1958, 1995, 2002, 2017 എന്നീ വര്‍ഷങ്ങളിലെ സുപ്രീം കോടതി വിധികളും 2017-നു ശേഷമുള്ള അനുബന്ധ വിധികളും അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുള്ളതാണ്. അതായത്, ഈ ഭരണഘടനപ്രകാരം മാത്രമാണ് ഇടവകാംഗം എന്ന അവകാശം സ്ഥാപിക്കപ്പെടുന്നത്. അതനുസരിച്ച് ഇടവക രജിസ്റ്ററില്‍ പേരുണ്ടായിരിക്കുക എന്നതു മാത്രമാണ് ഇടവകാംഗത്വം തെളിയിക്കാനുള്ള ഏക നിയമാനുസൃത രേഖ. ഭരണഘടനയുടെ താഴെ പറയുന്ന ആറാം വകുപ്പാണ് ഇതിനാസ്പദം:

ഓരോ പള്ളി ഇടവകയ്ക്കും ഓരോ ഇടവക രജിസ്റ്റര്‍ ഉണ്ടായിരിക്കേണ്ടതാകുന്നു. ഇടവകയിലെ ഓരോ അംഗത്തിൻ്റെയും പേര് ഇടവക രജിസ്റ്ററില്‍ ഉള്‍പ്പെടുത്തേണ്ടതാകുന്നു. ഇടവകയിലെ ഏതെങ്കിലും അംഗം സഭയില്‍നിന്നു മാറ്റപ്പെടുകയോ, മറ്റുസഭയിലേക്ക് വിവാഹം ചെയ്ത് അയയ്ക്കപ്പെടുകയോ, സ്ഥിരമായി മറ്റൊരു ഇടവകാംഗത്വം സ്വീകരിക്കുകയോ ചെയ്താല്‍ ഇടവകയിലെ അംഗത്വം നഷ്ടമാകുന്നതാണ്.

സഭാ ഭരണഘടന 43-ാം വകുപ്പ് ഈ രജിസ്റ്റര്‍ ആര് എഴുതി സൂക്ഷിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.

മാമോദീസാ രജിസ്റ്റര്‍, വിവാഹ രജിസ്റ്റര്‍, മരണ രജിസ്റ്റര്‍, ഇടവകയോഗ രജിസ്റ്റര്‍, കുമ്പസാര രജിസ്റ്റര്‍, എന്നിതുകളും ഇവയ്ക്കു പുറമെ ഇടവകയിലുള്ള എല്ലാ സ്ത്രീ പുരുഷന്മാരുടെയും പേരുവിവരം അടങ്ങിയ ഇടവക രജിസ്റ്ററും വികാരിയുടെ ചുമതലയില്‍ അപ്പോഴപ്പോള്‍ എഴുതി സൂക്ഷിക്കേണ്ടതും ഇടവക മെത്രാപ്പോലീത്താ ഇടവക സന്ദര്‍ശനാര്‍ത്ഥം പള്ളിയില്‍ വരുന്ന അവസരങ്ങളില്‍ ഇവ അദ്ദേഹത്തെ കാണിച്ച് അടയാളം വയ്പിക്കേണ്ടതുമാകുന്നു….

ചുരുക്കത്തില്‍, 1934-ലെ മലങ്കരസഭാ ഭരണഘടനപ്രകാരം നിയമിക്കപ്പെടുന്ന വികാരി എഴുതി – കാലോചിതമായി പരിഷ്‌ക്കരിച്ച് – സൂക്ഷിക്കുന്ന ഇടവക രജിസ്റ്റര്‍ മാത്രമാണ് ഒരാളുടെ ഇടവകാംഗത്വം നിര്‍ദ്ധാരണം ചെയ്യുന്ന ഏക രേഖ. അപ്രകാരം ഒരാളെ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അംഗമായി കണക്കാണമെങ്കില്‍ അയാള്‍ക്കു വേണ്ട അടിസ്ഥാന യോഗ്യതയും സഭാ ഭരണഘടനയുടെ 4-ാം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വി. മാമോദീസാ കൈക്കൊണ്ടവരും വി. ത്രിത്വത്തിൻ്റെ ദൈവത്വം, പുത്രൻ്റെ മനുഷ്യാവതാരം, പരിശുദ്ധാത്മാവിൻ്റെ പുറപ്പാട്, വി. സഭ എന്നിവയിലും, അവയില്‍ നിഖ്യാ വിശ്വാസപ്രമാണത്തിൻ്റെ ഉപയോഗം, വി. പാരമ്പര്യങ്ങളുടെ ദൈവനിശ്വാസം, ദൈവമാതാവിൻ്റെയും ശുദ്ധിമാന്മാരുടെയും മദ്ധ്യസ്ഥത, മരിച്ചവരുടെ ഓര്‍മ്മ, ഏഴു കൂദാശകളുടെ കര്‍മ്മങ്ങള്‍, നോമ്പ് മുതലായി നിയമാനുസരണമുള്ള അനുഷ്ഠാനങ്ങള്‍ എന്നിവയിലും വിശ്വാസമുള്ളവരും അവയെ അനുഷ്ഠിക്കേണ്ട ബാദ്ധ്യത സ്വീകരിച്ചിട്ടുള്ളവരും ആയ എല്ലാ സ്ത്രീപുരുഷന്മാരും ഈ സഭയിലെ അംഗങ്ങള്‍ ആയിരിക്കുന്നതാകുന്നു.

അതായത്, 2017-ലെ സുപ്രീം കോടതി വിധിപ്രകാരവും 1934-ലെ മലങ്കരസഭാ ഭരണഘടനപ്രകാരവും തയാറാക്കിയ മലങ്കര സഭയില്‍ വിശ്വസിക്കുന്നവരുടെ രജിസ്റ്ററില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് സെമിത്തേരിയില്‍ മാന്യമായ ശവസംസ്‌കാരത്തിന് അര്‍ഹത. കേരള സര്‍ക്കാരിന് കേവലം ഒരു ഓര്‍ഡിനന്‍സിലൂടെ ഇതു മറികടക്കാനാവില്ല. പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കാന്‍ കര്‍മ്മം നടത്തണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാന്‍ ആരാണ് കേരള സര്‍ക്കാരിന് അധികാരം നല്‍കിയത്? …മലങ്കര സഭയില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇവിടെ അന്തസ്സോടെ സംസ്‌ക്കരിക്കപ്പെടുന്നതിന് ഒരു ഇടവകാംഗത്തിനുളള അവകാശത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല… എന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുന്ന കാലത്തോളം ആ വിശ്വാസപ്രകാരമുള്ള ആചാരാനുഷ്ടാനങ്ങളെ സംസ്ഥാന സര്‍ക്കാരിന് ഏകപക്ഷിയമായി ഇല്ലാതാക്കാനാവില്ല.

സെമിത്തേരി ഭരണപരമായി മാത്രമല്ല, വിശ്വാസപരമായും ആചാരപരമായും പള്ളിയുടെ അവിഭാജ്യ ഘടകമാണ്. അതിനാല്‍ത്തന്നെ ആ സെമിത്തേരിയിലെ കുടുംബക്കല്ലറകള്‍ എന്നു വിശേഷിപ്പിക്കുന്നവ അടക്കം ഇടവകാംഗങ്ങളുടെ മാത്രം ഉപയോഗത്തിനുള്ളതാണ്. മലങ്കര സഭയില്‍ വിശ്വസിക്കുന്നുവെങ്കില്‍… അവര്‍ മലങ്കര സഭയുടെ കൂദാശാ-ആചാരാനപഷ്ടാനങ്ങള്‍ പരിപാലിക്കുന്നവരും ഭരണ സംവിധാനം അംഗീകരിക്കുന്നവരുമായിരിക്കണം. അല്ലാതെ താനോ, തൻ്റെ മുന്‍ തലമുറക്കാരോ ആ പള്ളിയില്‍ എന്നോ ഇടവകക്കാരനായിരുന്നു എന്നതിനാല്‍ സെമിത്തേരിയിലെ സംസ്‌ക്കാരത്തിന് അവകാശവാദം ഉന്നയിക്കാന്‍ തടസമാകുന്ന 2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധി മറികടക്കാനല്ലേ ഈ ഓര്‍ഡിനന്‍സ്? സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള ഈ ശ്രമം നിയമദൃഷ്ട്യാ നിലനില്‍ക്കുമോയെന്നു കണ്ടറിയാം.

ഇടവക പള്ളിയുടെ അവിഭാജ്യ ഘടകമാണ് അവയുടെ സെമിത്തേരികള്‍. അവിടുള്ള കല്ലറകള്‍ – അവ കുടുംബ കല്ലറകള്‍ ആയാലും – പള്ളി സെമിത്തേരിയുടെ ഭാഗമാണ്. എന്നാല്‍ സ്വകാര്യ ഭൂമിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്മാശനഭൂമിയിലും ഏതെങ്കിലും മത/സഭ വിഭാഗത്തിൻ്റെ സെമിത്തേരിയില്‍ ഉപ്പെടാതെ പണിത ധാരാളം കുടുംബ കല്ലറകള്‍ കേരളത്തില്‍ ഉണ്ട്. പെന്തക്കോസ്ത് സഭകളില്‍പ്പെട്ടവരാണ് അപ്രകാരം ചെയ്യുന്നത്. അവയ്ക്ക് ഈ നിയമം ബാധകമായേക്കാം. പക്ഷേ അവ കൈമാറ്റം ചെയ്തു കഴിഞ്ഞാലോ? ഉടമസ്ഥരെല്ലാം വിദേശത്തു കുടിയേറിയതിനാല്‍ ഇതുവരെ ഉപയോഗിക്കാത്ത ഇത്തരമൊരു കുടുംബക്കല്ലറ വില്പനയ്ക്ക് എന്നൊരു പത്രപരസ്യം ഏതാനും വര്‍ഷം മുമ്പു കണ്ടു. അപ്രകാരം വില്പന നടന്നു കഴിഞ്ഞാല്‍ പിന്നെ പഴയ കുടുംബക്കാര്‍ക്ക് അവകാശമുണ്ടോ? ചില സമുദായങ്ങളില്‍ പരമ്പാഗതമായി മൃതദേഹം ദഹിപ്പിക്കുന്നത് തറവാട്ടു പറമ്പിൻ്റെ ഒരു പ്രത്യേക ഭാഗത്തായിരുന്നു. ആളോഹരി വീതം വാങ്ങി മാറിപ്പോയ അതേ കുടുംബാങ്ങള്‍ പിന്നീട് അവിടെ ശവദാഹ അവകാശം ഉന്നയിച്ചാല്‍ എന്താവും സ്ഥിതി?

ക്രിസ്ത്യന്‍ സെമിത്തരികളെ ആലപ്പുഴ വലിയ ചുടുകാടിനു സമമായും, എപ്പിസ്‌ക്കോപ്പല്‍ സഭകളുടെ ശവസംസ്‌ക്കാര ശുശ്രൂഷകള്‍ പാര്‍ട്ടി ശവസംസ്‌ക്കാരത്തിനു തുല്യമായും, വിശ്വാസികളുടെ ഓര്‍മ്മദിനം അജ്ഞാത സഖാക്കളുടെ രക്തസാക്ഷിദിനം പോലയും ലാഘവ ബുദ്ധിയോടെ കാണുന്ന ഒരു വിചിത്ര സൃഷ്ടിയാണ് ഈ ഓര്‍ഡിനന്‍സ്. മുന്‍ യാക്കോബായ വിഭാഗ നേതൃത്വം തങ്ങളുടെ വിഭജന മോഹം പൂവണിയിക്കാന്‍ നടത്തുന്ന ശ്രമമാണ് സെമിത്തരി അവകാശം സ്ഥാപിച്ചെടുക്കല്‍. കോടതികളിലും മനുഷ്യാവകാശ കമ്മീഷനിലും 2017 മുതല്‍ ഇതഃപര്യന്തം അവര്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. അവയെ മറികടക്കാനാണ് ഈ ഓര്‍ഡിനന്‍സ്. യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി കര്‍ശനമായി വിലക്കിയ സമാന്തര ഭരണത്തിനു വഴിവെക്കുന്നതാണ് ഈ നിയമ നിര്‍മ്മാണം.

സുപ്രീം കോടതിവിധയ്ക്കനുസൃതമായി മാന്യമായി ശവസംസ്‌ക്കാരം നടത്തുവാന്‍ തയാറാണന്ന് മലങ്കര സഭ വ്യക്തമാക്കിയിട്ടുണ്ട്. അപ്രകാരം നടത്തുന്നുമുണ്ട്. പക്ഷേ അതു തുടര്‍ന്നാല്‍ തങ്ങളുടെ വിഭജന – സമാന്തര സഭാ മോഹം ഒരിക്കലും തളിര്‍ക്കയില്ലന്നു മുന്‍ യാക്കോബായ വൈദീക നേതൃത്വത്തിനറിയാം. അണികളെ തങ്ങളോടൊപ്പം പിടിച്ചു നിര്‍ത്താനുള്ള അറ്റകൈപ്രയോഗമാണ് ഇപ്പോള്‍ സര്‍ക്കാര്‍ വഴി നടപ്പിലാക്കന്‍ അവര്‍ ശ്രമിക്കുന്നത്.

ഓര്‍ത്തഡോക്‌സ് വൈദീകര്‍ തങ്ങളുടെ മൃതശരീരങ്ങളില്‍ തൊടുന്നതു പോലും ഞങ്ങളുടെ ആളുകള്‍ക്ക് വെറുപ്പാണ് എന്ന് ഒരു മുന്‍ യാക്കോബായ മെത്രാന്‍ ചാനല്‍ ചര്‍ച്ചയില്‍ തട്ടിവിട്ടത് ഏതാനും മാസം മുമ്പാണ്. ഓര്‍ത്തഡോക്‌സ് ശവസംസ്‌കാരത്തില്‍ വൈദീകര്‍ ശരീരത്തു തൊടുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഈ മെത്രാന് അറിയാമോ എന്ന ചോദ്യം ഉണ്ട്. പക്ഷേ അതൊന്നും കഴിഞ്ഞ ദിവസം കണ്ടനാട് ഭദ്രാസനത്തിലെ അട്ടിന്‍കുന്ന് പള്ളിയില്‍ നടന്ന ശവസംസ്‌ക്കാരത്തില്‍ കണ്ടില്ലല്ലോ? ഇതുവരെ വിധിനടപ്പാക്കാത്ത ആ പള്ളിയില്‍ ഇരുപക്ഷ വൈദീകരും തവണ വെച്ചാണ് കര്‍മ്മം നടത്തുന്നത്. ഓരോ ആഴ്ചയും വരുന്ന ശവസംസ്‌ക്കാരങ്ങളും മരണാന്തര കര്‍മ്മങ്ങളും കക്ഷിഭേദമന്യേ ആ ആഴ്ച തവണയുള്ള വൈദീകനാണ് നടത്തുന്നത്. സമീപകാലത്ത് മുന്‍ യാക്കോബായ വിഭാഗത്തിലെ ഒരു പ്രമുഖൻ്റെ പിതാമഹിയുടെ ശവസംസ്‌കാരം നടത്തിയത് ആ ആഴ്ച തവണ ഉണ്ടായിരുന്ന മലങ്കര സഭാ വൈദീകനാണ്. അതില്‍ അറപ്പും വെറുപ്പും കണ്ടില്ലല്ലോ? പട്ടമില്ലാത്തവര്‍ എന്നു സ്വന്തം കക്ഷി നേതാക്കള്‍ മുട്ടിനു മുട്ടിനു വിളിച്ചുകൂവുന്ന എതിര്‍വിഭാഗത്തില്‍ പെട്ട വൈദീകൻ്റെ കൈമുത്തുന്നതിന് പ്രമുഖന് യാതൊരു മടിയും കണ്ടില്ലല്ലോ? അപ്പോള്‍പ്പിന്നെ ഓരോ പള്ളിയിലും വിധി നടപ്പിലാക്കി കഴിയുമ്പോഴാണോ പട്ടം പോകുന്നതും വെറുപ്പുണ്ടാകുന്നതും?

സുപ്രീംകോടതി ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻ്റെ 2017 ജൂലൈ 3, 2019 ജൂലൈ 2 വിധികളുടെ അടിസ്ഥാനത്തില്‍ മാത്രമേ ശവസംസ്‌കാരം മലങ്കര സഭയുടെ പള്ളികളില്‍ അനുവദിക്കാനാവൂ എന്ന ഉത്തരവ് ഈ ഓര്‍ഡിനന്‍സ് വഴി മറികടക്കാനാവില്ലന്നു സര്‍ക്കാരിന് അറിയാമെന്നാണ് ഈ ലേഖകൻ്റെ ഉറച്ച വിശ്വാസം. പിന്നെന്തിനു ഓര്‍ഡിനന്‍സ് ഇറക്കണം? അത് ചന്ദ്രന്‍ പതിച്ചു കിട്ടാന്‍ വ്യവഹാരം ഫയല്‍ ചെയ്ത വക്കിലിനെപ്പോലെ എന്നു പറയാം. ഓര്‍ഡിനന്‍സ് ഉണ്ടാക്കി: യാക്കോബായ വിഭാഗത്തിനു സംതൃപ്തി. നിയമദൃഷ്ട്യാ നിലനില്‍ക്കാതെ തള്ളിപ്പോകും: മലങ്കര സഭയ്ക്ക് ആശ്വസം. എല്ലാവര്‍ക്കും സന്തോഷം. തികച്ചും ദ്വന്ദ്വമാന ഭൗതീക (ആത്മീയ) വാദം!

വാല്‍ക്കഷണം. ദുരിതമനുഭവിക്കുന്ന യാക്കോബായ സഹോദരങ്ങളെ ആശ്വസിപ്പിക്കാന്‍ എന്ന വ്യാജേനെ ഈ ഓര്‍ഡിനന്‍സ് തല്ലിക്കൂട്ടിയത് സ്വന്തം പാര്‍ട്ടി സഖാക്കളുടെ തടി രക്ഷിക്കാനാണ് എന്ന ആരോപണവും ശക്തമാണ്. ക്രിസ്ത്യാനിയായി ജനിച്ച്, പാര്‍ട്ടിപ്രേമം മൂത്ത് പള്ളിയെ തള്ളിപ്പറഞ്ഞ്, പാര്‍ട്ടിക്കല്യാണവും നടത്തി നടക്കുന്ന കുറെ സഖാക്കള്‍ക്ക് സുരക്ഷിതമായ അന്ത്യ വിശ്രമസ്ഥലം ഉറപ്പാക്കാനാണത്രെ യാക്കോബായ വിഭാഗത്തിൻ്റെ മറവില്‍ ഈ നിയമം കൊണ്ടുവരുന്നത്! പള്ളി വിലക്കുള്ളവരും അതേസമയം ദഹിപ്പിക്കലില്‍ വിമുഖരുമായ പാര്‍ട്ടി സഖാക്കളുടെ ശവസംസ്‌ക്കാരം ഇന്ന് ഒരു വലിയ തലവേദനയായി വളര്‍ന്നിരിക്കുകയാണ്. ഈ ഓര്‍ഡിനന്‍സിൻ്റെ മറവില്‍ അവരെ ഇനി ഏരിയാ കമ്മറ്റി സെക്രട്ടറിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പള്ളി സെമിത്തേരിയില്‍ അടക്കാം. അച്ചനും കപ്യാരും പുറത്ത്! ഇത് ഏറെ ബാധിക്കുക റോമന്‍ കത്തോലിക്കാ സഭയെ ആണ്. ഓര്‍ത്തഡോക്‌സ് സഭ പ്രതിരോധത്തിലായി എന്നു കരുതി ആഹ്‌ളാദിക്കുന്നവര്‍ ഇതു മനസിലാക്കിയാല്‍ നന്ന്.

ഡോ. എം. കുര്യന്‍ തോമസ്

മലങ്കരസഭാ ഭരണഘടന കെട്ടിയിറക്കിയതല്ല

error: Thank you for visiting : www.ovsonline.in