OVS - Latest NewsOVS-Kerala News

തീർഥാടകരാൽ നിറഞ്ഞ‍് പരുമല ഭക്തിസാന്ദ്രം

പരുമല ∙ പുണ്യവാന്‍റെ മണ്ണിലേക്ക് പദയാത്രകൾ എത്തി. പമ്പാതീരം തീർഥാടകരെക്കൊണ്ടു നിറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ 115–ാം ഒ‍ാർമപ്പെരുന്നാളിൽ പങ്കെടുക്കാൻ ഇന്നലെ പുലർച്ചെ മുതൽ വിശ്വാസികൾ എത്തിയിരുന്നു. കേരളത്തിലെ വടക്കൻ ഭദ്രാസനങ്ങളായ ബത്തേരി, മലബാർ എന്നിവിടങ്ങളിൽ നിന്നും പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിൽ നിന്നും ഉള്ള പദയാത്ര സംഘങ്ങൾ ഇന്ന് വൈകിട്ട് എത്തും.

ഇടുക്കി ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലയിൽ നിന്നുള്ള സംഘങ്ങളും കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള സംഘങ്ങളും പദയാത്രയിൽ നാളെ പുലർച്ചെ എത്തിച്ചേരും. ബാഹ്യ കേരള ഭദ്രാസനങ്ങളായ കൊൽക്കത്ത, ഡൽഹി, അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ളവർ ട്രെയിൻ മാർഗം ചെങ്ങന്നൂർ, തിരുവല്ല റെയിൽവേ സ്‌റ്റേഷനുകളിൽ ഇന്നും നാളെയുമായി എത്തി പദയാത്രയായി പരുമലയിൽ ഒത്തുചേരും.

മികച്ച ഗുരു അമ്മ: കാതോലിക്കാ ബാവാ
പരുമല ∙ ലോകത്തിലെ ഏറ്റവും വലിയ സർവകലാശാല കുടുംബങ്ങളാണെന്നും അതിലെ ഏറ്റവും മികച്ച ഗുരു അമ്മയാണെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.  പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന പേട്രൻസ്‌ ഡേ ആചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബാവാ. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് പ്രഭാഷണം നടത്തി.

വിവിധ കോളജുകളിൽ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ച പ്രഫ. ഇ.ജോൺ മാത്യുവിനെക്കുറിച്ച് തോമസ് നീലാർമഠം തയാറാക്കിയ സൗമ്യം ദീപ്‌തം മധുരം എന്ന പുസ്‌തകം ഡോ. സിറിയക് തോമസിന് നൽകി കാതോലിക്കാ ബാവാ പ്രകാശനം ചെയ്‌തു. ഡോ. പോൾ മണലിൽ പുസ്‌ത‌ക പരിചയം നടത്തി. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, സെമിനാരി മാനേജർ ഫാ. എം.സി.കുര്യാക്കോസ്, ഫാ. ജേക്കബ് ഫിലിപ്, പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ഡോ. വർഗീസ് മാത്യു, ജേക്കബ് തോമസ് അരികുപുറം, മനോജ് മാത്യു, പ്രഫ. കെ.കെ.രാജു, പ്രഫ. കെ.എ.ടെസി എന്നിവർ പ്രസംഗിച്ചു.

പ്രകൃതി സംരക്ഷണം അനിവാര്യം: മാർ ക്ലിമ്മീസ്
പരുമല ∙ പ്രകൃതി സംരക്ഷണം മനുഷ്യന്‍റെ നിലനിൽപിന് അനിവാര്യമാണെന്നും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യരുതെന്നും ഒ‍ാർത്തഡോക്സ് സഭ പരിസ്ഥിതി കമ്മിഷൻ പ്രസിഡന്റ് കുര്യാക്കോസ് മാർ ക്ലിമ്മീസ് മലങ്കര ഓർത്തഡോക്സ് സഭ പരിസ്ഥിതി കമ്മിഷന്‍റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഡോ. ജോസഫ് മാർ ദിവന്നാസിയോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മുൻ അംഗം ഡോ. കെ.പി.ലാലാദാസ് ക്ലാസ് നയിച്ചു. ഫാ. എം.സി.കുര്യാക്കോസ്, കെ.വി.ജോസഫ് റമ്പാൻ, ഡോ. ബിനോയ് റ്റി.തോമസ്, ഷാജി സി.പോൾ, ജോസഫ് ജോൺ എന്നിവർ പ്രസംഗിച്ചു.

കരുതലും ആർദ്രതയും ശക്തിപ്പെടണം
പരുമല ∙ കുടുംബങ്ങളിൽ പരസ്‌പരം കരുതലും ആർദ്രതയും ശക്തിപ്പെടണമെന്നും അതിലൂടെ ആത്മീയതയുടെ നവചൈതന്യം സൃഷ്ടിക്കുവാൻ അമ്മമാർ ശ്രദ്ധിക്കണമെന്നും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്. അഖില മലങ്കര മർത്തമറിയം സമാജം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂഹാനോൻ മാർ പോളിക്കാർപ്പോസ് അധ്യക്ഷത വഹിച്ചു. പ്രാർഥനയുടെ ബലത്തിൽ ജീവിച്ച വലിയ ഇടയനായിരുന്നു പരിശുദ്ധ പരുമല തിരുമേനിയെന്ന് അദ്ദേഹം പറഞ്ഞു.

പ്രസ്ഥാനം നവതി ആഘോഷങ്ങളുടെ ഉദ്‌ഘാടനം ബറോഡ സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിൽ നടക്കും എന്നും യോഗത്തിൽ അറിയിച്ചു. ജിജി ജോൺസൺ ക്ലാസിന് നേതൃത്വം നൽകി. ഫാ. എം.സി.കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ഫാ. മാത്യു വർഗീസ്, ജനറൽ സെക്രട്ടറി മേരി മാത്യു, ശോശാമ്മ മാമ്മൻ എന്നിവർ പ്രസംഗിച്ചു.

പരുമല തിരുമേനി നവോത്ഥാന നായകൻ
പരുമല ∙ സാമൂഹികവും ആധ്യാത്മികവുമായ ദർശനങ്ങളെ സമന്വയിപ്പിച്ച നവോത്ഥാന നായകനാണ് പരുമല തിരുമേനിയെന്ന് മുൻ വിവരാവകാശ കമ്മിഷണർ ഡോ. കുര്യാസ് കുമ്പളക്കുഴി. ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ പരുമല തിരുമേനിയും നവോത്ഥാന ദർശനങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ നവോത്ഥാനം വിവിധ സമുദായങ്ങളുടെ കൂട്ടായ യജ്ഞമായിരുന്നു. അതിനാൽ പരുമല തിരുമേനിയെ വിസ്മരിച്ചുള്ള നവോത്ഥാന ചരിത്രം പൂർണമല്ല എന്നും അദ്ദേഹം പറഞ്ഞു. ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപന സപ്തതി പ്രഭാഷണ പരമ്പരയുടെ സമാപന സന്ദേശം യോഗക്ഷേമ സഭയുടെ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസൻ ഭട്ടതിരി നൽകി. ഫാ. എം.സി.കുര്യാക്കോസ്, എം.ഡി.യൂഹാനോൻ റമ്പാൻ, ഫാ. മത്തായി വിളനിലത്ത്, ഫാ. അജി കെ.തോമസ്, ജോ ഇലഞ്ഞിമൂട്ടിൽ, യോഹന്നാൻ ഈശോ എന്നിവർ പ്രസംഗിച്ചു.

പരുമല പള്ളി പെരുന്നാൾ: ഒരുക്കം പൂർത്തിയാക്കി മാന്നാർ പഞ്ചായത്ത്

മാന്നാർ ∙ പരുമല പള്ളി പെരുന്നാളിനു മുന്നോടിയായി മാന്നാർ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോയിക്കൽ ജംക്‌ഷൻ മുതൽ പന്നായിക്കടവ് പാലം വരെയുള്ള മുഴുവൻ തെരുവു വിളക്കുകളും പൂർണമായി പ്രകാശിപ്പിച്ചു. സ്റ്റോർ ജംക്‌ഷൻ ബസ് സ്റ്റാൻഡിലെ ഇരുട്ട് പൂർണമായും നീക്കി.

പരുമലയിലെത്തുന്ന തീർഥാടകരെ സഹായിക്കുന്നതിനായി മാന്നാർ പൊലീസുമായി ചേർന്നു സേവന കേന്ദ്രം തുറന്നു. ഇവിടെ മാന്നാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ സഹായം, ഇരിപ്പിടം, കുടിവെള്ളമടക്കമുള്ള സംവിധാനങ്ങളൊരുക്കി. മാലിന്യങ്ങൾ നിക്ഷേപിക്കാനായി പാതയോരങ്ങളിൽ വീപ്പകൾ സ്ഥാപിച്ചു ശുചിത്വം ഉറപ്പു വരുത്തുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരി, വൈസ് പ്രസിഡന്റ് ഷൈന നവാസ് എന്നിവർ അറിയിച്ചു.

 

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്) 

മലങ്കര സഭയും പരിശുദ്ധനായ പരുമല തിരുമേനിയും