നസ്രാണിയുടെ യഹൂദ പാരമ്പര്യം – ഒരു പിന്‍കുറിപ്പ്
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൊടുങ്ങല്ലുരിനടുത്ത് നടന്നുവരുന്ന പട്ടണം പര്യവേഷണം അസന്നിഗ്ദമായി തെളിയിക്കുന്ന ചില വസ്തുതകളുണ്ട്. എ. ഡി. ഒന്നാം നൂറ്റാണ്ടില്‍ മാര്‍ത്തോമ്മാ ശ്‌ളീഹായ്ക്ക് കേരളത്തില്‍ എത്തിച്ചേരുവാനുള്ള ഭൗതിക സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും ഉണ്ടായിരുന്നു എന്നു പ്രഖ്യാപിക്കുന്നവയാണ് അവ. അവയില്‍ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്.
1. വടക്കന്‍ പറവൂരിനടുത്ത് പട്ടണം എന്ന് ഇന്നറിയപ്പെടുന്ന സ്ഥലം ബി. സി. 500 മുതെലങ്കിലും ഒരു മികച്ച അന്തര്‍ദേശീയ തുറമുഖമായിരുന്നു.
2. മദ്ധ്യപൗരസ്ത്യദേശം മുതല്‍ പൂര്‍വപൗരസ്ത്യദേശം വരെ നീണ്ടുകിടന്ന ഒരു വ്യാപാര ശ്രംഘലയിലെ സുപ്രധാനകണ്ണിയായിരുന്നു പട്ടണം.
3. സ്വാഭാവികമായും ഇത്തരം അന്തര്‍ദേശീയ വ്യാപാരത്തിന് അനുരൂപമാകുംവണ്ണം വികസിച്ച ഒരു നാഗരികത പട്ടണത്തില്‍ ഉണ്ടായിരുന്നു.
4. ചെങ്കടല്‍ തീരത്തെ പഴയ തുറമുഖമായ ബര്‍ണിക്കയില്‍ നടത്തിയ ഉത്ഖനനം, ഇതേ കാലഘട്ടത്തില്‍ കേരളവുമായി ആ തുറമുഖത്തിനു വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു എന്ന് തെളിയിച്ചിട്ടുണ്ട്. എന്നുമാത്രമല്ല, തമിഴ് മലയാളം തുടങ്ങിയ ദ്രാവിഡ ഭാഷകളുടെ പ്രാചീനരൂപമായ ബ്രഹ്മി ലിപിയില്‍ എഴുതിയ ദ്രാവിഡ നാമങ്ങള്‍ ബര്‍ണിക്കയില്‍നിന്ന് ലഭിച്ചിട്ടുണ്ട്.
ഇതൊക്കയും മാര്‍ത്തോമ്മാ ശ്‌ളീഹായ്ക്ക് കേരളത്തില്‍ വരുവാനുള്ള ഭൗതീക സാഹചര്യങ്ങള്‍ അന്നില്ലായിരുന്നുയെന്നും, ആ വചനം ഉള്‍ക്കൊള്ളാനുള്ള സാംസ്‌കാരിക ഉന്നമനം കേരളത്തിലെ ജനങ്ങള്‍ക്ക് ഇല്ലായിരുന്നുയെന്നും വാദിച്ച് അദ്ദേഹത്തിന്‍റെ കേരളപ്രവേശനം നിഷേധിക്കുന്നവരുടെ വായടപ്പിക്കുന്നവയാണ്.
മാര്‍ത്തോമ്മാ ശ്‌ളീഹാ കേരളത്തിലെത്തി ഏഴര പള്ളികള്‍ സ്ഥാപിച്ചു എന്ന വാദമാണ് അടുത്തതായി ചോദ്യം ചെയ്യപ്പെടുന്നത് ഏഴും ഏഴരയുമൊക്കെ പ്രചാരത്തിലായത് കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിലാണ്. അവതന്നെ സൗകര്യാര്‍ത്ഥം മാറിയും മറിച്ചും പറയുന്നുണ്ടുതാനും. പതിനെട്ടാം നൂറ്റാണ്ടില്‍ വ്യത്യസ്ഥങ്ങളായ മൂന്നിലധികം പട്ടികകള്‍ നിലവിലുണ്ടായിരുന്നു. അവയിലെല്ലാം പൊതുവായുള്ളത് ഒന്നാം നൂറ്റാണ്ടിലെ ഏതാനും തുറമുഖങ്ങളായിരുന്നു. അതിനാല്‍ മാര്‍ത്തോമ്മാ ശ്‌ളീഹാ ഏതാനും പള്ളികള്‍ കേരളത്തിലെ തുറമുഖങ്ങളില്‍ സ്ഥാപിച്ചു എന്നു മനസിലാക്കിയാല്‍ മതി.
അടുത്ത പ്രശ്‌നം പള്ളി സ്ഥാപിച്ചു എന്ന പരാമര്‍ശനമാണ്. ഒന്നാം നൂറ്റാണ്ടില്‍ ലോകത്തൊരിടത്തും ക്രൈസ്തവ ദേവാലയങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതിനാല്‍ ഈ പരാമര്‍ശനം മൂലം മാര്‍ത്തോമ്മാ പാരമ്പര്യം അസംബന്ധമാണന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. യഥാര്‍ത്ഥത്തില്‍ ഇതൊരു ഭാഷാ പ്രശ്‌നമാണ്. പത്തൊമ്പതാം നൂറ്റാണ്ടുവരെ സഭ എന്ന അര്‍ത്ഥത്തില്‍ പള്ളിയെന്ന വാക്ക് പരക്കെ ഉപയോഗിച്ചിരുന്നു. ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകളിലെ ശുദ്ധമാനറോമാപ്പള്ളി…, നിരണം ഗ്രന്ഥവരിയിലെ ശുദ്ധമാനകാതോലിക്കാപള്ളി റോമാപ്പള്ളിയല്ല…., പാമ്പാക്കുട നമസ്‌ക്കാരത്തിലെ പള്ളിയിതാ മക്കളേ…. തുടങ്ങിയ പരാമര്‍ശനങ്ങള്‍ ഇതിന്‍റെ വ്യക്തമായ ഉദാഹരണങ്ങളാണ്. ചുരുക്കത്തില്‍, പ. പത്രോസ് ശ്‌ളീഹായും, പ. പൗലുസ് ശ്‌ളീഹായും സ്ഥാപിച്ചതുപോലെ നഗര സഭകള്‍ പ. മാര്‍ത്തോമ്മാ ശ്‌ളീഹായും സ്ഥാപിച്ചു എന്ന അര്‍ത്ഥത്തിലാണ് പള്ളി സ്ഥാപിച്ചു എന്ന സംജ്ഞ നസ്രാണികള്‍ ഉപയോഗിച്ചിരുന്നതെന്ന് വ്യക്തം.
അടുത്തപ്രശ്‌നം ആരോടു സുവിശേഷമറിയിച്ചു എന്നതാണ്. മറ്റ് അപ്പോസ്‌തോലന്മാരും അവരുടെ ശിഷ്യന്മാരും സുവിശേഷം അറിയിച്ചത് യഹൂദന്മാരോടും ഗ്രീക്കുകാരോടും റോമാക്കാരോടും ആയിരുന്നു. അതിനെപ്പറ്റി … യഹൂദന്മാര്‍ അടയാളം ചോദിക്കുകയും യവനര്‍ ജ്ഞാനം അന്വേഷിക്കുകയും ചെയ്യുന്നു…. (1 കൊരി. 1:22) എന്നാണ് പ. പൗലൂസ് ശ്‌ളീഹാ വിലയിരുത്തുന്നത്. അതായത് ക്രൂശിക്കപ്പെട്ട യേശുവിനെ പ്രഘോഷിക്കാന്‍ ഒരു അടിസ്ഥാനം ആവശ്യമാണന്ന് സാരം. പ. പൗലൂസ് ശ്‌ളീഹാ അജ്ഞാത ദേവനെപ്പറ്റി അഥീനയില്‍ പ്രസംഗിച്ചതും ഇവിടെ പരിഗണനാര്‍ഹമാണ്.
ഇവിടെയാണ് അബ്രഹാം ബന്‍ഹറും, ഫാ. ഡോ. ജേക്കബ് കുര്യനും മുമ്പോട്ടു വയ്ക്കുന്ന നസ്രാണികളുടെ മൂലം യഹൂദരാണ് എന്ന വാദത്തിനു പ്രസക്തിയേറുന്നത്. വിശ്വാസപരമായി അംഗീകാര യോഗ്യമെങ്കിലും യുക്ത്യാധിഷ്ഠിത ചിന്തകര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ് ബഹുഭാഷാവരം. കേരള തുറമുഖങ്ങളിലെ യഹൂദ കുടിയേറ്റക്കാരോടാണ് പ. മാര്‍ത്തോമ്മാ ശ്‌ളീഹാ സുവിശേഷം പ്രസംഗിച്ചത് എന്നു ചിന്തിച്ചാല്‍ ഈ പ്രശ്‌നം ഒഴിവാകും.
യഹൂദന്മാര്‍ക്കുള്ള മറ്റൊരു അനുകൂലഘടകം, വരുവാനുള്ള മിശിഹായെപ്പറ്റിയുള്ള പ്രത്യാശയാണ്. യേശുക്രിസ്തുവിന്‍റെ സുവിശേഷം അറിയിക്കാന്‍ ഏറ്റവും അനുകൂല പശ്ചാത്തലം. അക്കാലത്തെ കേരളവാസികള്‍ സംസ്‌കാര സമ്പന്നരായിരുന്നു എങ്കിലും സുവിശേഷം സ്വീകരിക്കാന്‍ അവരേക്കാള്‍ അനുകൂലമായ പശ്ചാത്തലം യഹൂദര്‍ക്കായിരുന്നു.
അബ്രഹാം ബന്‍ഹര്‍ ഭാരതത്തിലെ ജൂത ക്രിസ്ത്യാനികള്‍ എന്ന തന്‍റെ കൃതിയില്‍ പറയുന്നപ്രകാരം ഇസ്രായേലിലെ കാണാതെപോയ ഗോത്രങ്ങള്‍ ലോകമെങ്ങും പരന്നകൂടെ കേരളത്തിലും കുടിയേറി എന്ന വാദം ചരിത്രദൃഷ്ട്യാ യുക്തിഭദ്രമല്ല. ശവക്കല്ലറകളിലെ ചില സമാനതകളുടെ മാത്രം അടിസ്ഥാനത്തില്‍ അത്തരമൊരു നിഗമനത്തിലേയ്ക്ക് എടുത്ത് ചാടാനാവില്ല. അതേസമയം വ്യാപാരാവശ്യത്തിനായി യഹൂദര്‍ കേരളതീരത്ത് എത്തുന്നതിന് അനുകൂലമായ സാഹചര്യവുമുണ്ടായിരുന്നു. ബി. സി. 972-932 ശലോമോനു വേണ്ടി ഹീരാം എന്ന ഫിനീഷ്യന്‍ നാവികന്‍റെ തര്‍ശീശ് കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് എത്തിയിരുന്നു. (2 ദിന. 9:21). എന്‍സൈക്‌ളോപീഡിയ ജൂഡായിക്കാ പ്രകാരം, ബി. സി. 175 – 163 -ല്‍ അന്ത്യോക്കസ് എപ്പിഫാനസിന്‍റെ കാലത്തെ പീഡയില്‍, ഒരു വിഭാഗം യഹൂദര്‍ ഇന്ത്യയില്‍ കുടിയേറി. ബി. സി. 500 മുതലെങ്കിലും മദ്ധ്യപൗരസ്ത്യദേശവുമായി വ്യാപാര ബന്ധമുണ്ടായിരുന്ന കേരളതീരം ഇത്തരം ഒരു കുടിയേറ്റത്തിന് തികച്ചും അനുയോജ്യമായിരുന്നു.
ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാലത്ത് നസ്രാണികള്‍ തങ്ങളുടെ സ്വത്വം പ്രകടമാക്കിയത് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴി പാടും എന്ന സംജ്ഞ ഉപയോഗിച്ചാണ്. പഴയ മലയാളഭാഷയില്‍ വഴിപാട് എന്ന വാക്കിന് വംശം, വര്‍ഗ്ഗം എന്നൊക്കെയാണ് അര്‍ത്ഥം. യഹൂദനായ പ. മാര്‍ത്തോമ്മാ ശ്‌ളീഹായുടെ വംശം എന്ന് നസ്രാണികള്‍ അഭിമാനിച്ചത് തങ്ങളില്‍ സൂപ്തമായിരുന്ന ഈ യഹൂദ പാരമ്പര്യത്തിന്‍റെ പശ്ചാത്തലത്തിലാണ് എന്നു ചിന്തിക്കുന്നത് യുക്തിഭദ്രമാണ്. ഒരുപക്ഷേ ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകള്‍ ചൂണ്ടിക്കാണിക്കുന്ന നസ്രാണി നാമങ്ങളിലെ പഴയനിയമ അതിപ്രസരം ഈ യഹൂദ പാരമ്പര്യത്തിന്‍റെ അനന്തരഫലമാകാം.
1861-ല്‍ രേഖപ്പെടുത്തിയ നസ്രാണി വായ്‌മൊഴി പാരമ്പര്യം, ആദിമ നസ്രാണികളുടെ യഹൂദ പശ്ചാത്തലം സൂചിപ്പിക്കുന്നുണ്ട്. വ്യാപാരത്തിനായി കുടിയേറിയ യഹൂദരും നാട്ടുകാരുമാണ് പ. മാര്‍ത്തോമ്മാ ശ്‌ളീഹായാല്‍ നസ്രാണികളായതെന്നാണ് ആ പരമ്പര്യം. പാന്തേനൂസിന് കേരളത്തില്‍നിന്നു ലഭിച്ച അരമായ ഭാഷയിലുള്ള വി. മത്തായിയുടെ സുവിശേഷവും യഹൂദ പാരമ്പര്യത്തിലേയ്ക്കു വിരല്‍ചൂണ്ടുന്നു.
പ. മാര്‍ത്തോമ്മാ ശ്‌ളീഹാ സ്ഥാപിച്ച ആദിമ സഭകളെ തോമാപര്‍വം റമ്പാന്‍പാട്ടിലൊക്കെ വര്‍ണ്ണിക്കുന്നതുപോലെ ആയിരക്കണക്കിന് അംഗങ്ങളുള്ളവയായി കണക്കാക്കരുത്. അവ അതിന്യൂനപക്ഷമായ കൂട്ടായ്മകളായിരുന്നു. അതിനാലാണ് ഏതാനും നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോഴേയ്ക്കും അത് ഏതാണ്ട് ഇല്ലാതാകുന്ന അവസ്ഥ ഉണ്ടായത് എന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല.
ഇതുകൊണ്ടൊന്നും തങ്ങളുടെ സിരകളില്‍ യഹൂദരക്തം തിളയ്ക്കുന്നതായി ഒരു നസ്രാണിയും വീര്യം കൊള്ളേണ്ടതില്ല. മഹാസമുദ്രത്തില്‍ ഒരു തുള്ളി ചെളിക്കു സമാനമായിരിക്കും ഇന്ന് നസ്രാണിയിലെ യഹൂദരക്തം. ബഹുഭാര്യത്വം യഹൂദര്‍ക്ക് അനുവദനീയമായിരുന്നു. അതുപോലെതന്നെ അന്യജാതി വിവാഹവും. വ്യാപാരത്തിനെത്തിയ യഹൂദര്‍ തദ്ദേശീയരായ സ്ത്രീകളെ യഹൂദമതത്തില്‍ ചേര്‍ത്ത് ഭാര്യമാരായി സ്വീകരിക്കാനും, അങ്ങിനെ ഒരു തദ്ദേശീയ യഹുദ സമൂഹം രൂപമെടുക്കാനുമുള്ള സംഭാവ്യത വളരെയധികമാണ്.
പൂര്‍ണ്ണമായോ ഭാഗികമായോ യഹൂദരക്തം സിരകളില്‍ ഒഴുകുന്ന നസ്രാണികളുടെ വര്‍ഗ്ഗ സങ്കലനം അവിടെ അവസാനിച്ചില്ല. നാലുമുതല്‍ പത്തുവരെയുള്ള നൂറ്റാണ്ടുകളിലെ വിവിധ പേര്‍ഷ്യന്‍ കുടിയേറ്റങ്ങളാണ് അടുത്ത വര്‍ണ്ണസങ്കരം സമ്മാനിക്കുന്നത്. നാലാം നൂറ്റാണ്ടിലെ ക്‌നായിത്തൊമ്മന്‍ കുടിയേറ്റത്തെപ്പറ്റി .… ഊര്‍ശ്ലേമില്‍ നിന്നുവന്ന നസ്രാണികളും മലയാളത്തില്‍ ഉണ്ടായിരുന്ന നസ്രാണികളും തങ്ങളില്‍ ബന്ധുക്കളായി. അവ്വണ്ണമെ കുലഹീനം വരായ്‌വാന്‍, വന്നതിന്‍ അടിമപ്പെട്ടവരെയും നിന്നതില്‍ പര്യപ്പെട്ടവരെയും തങ്ങളില്‍ ബന്ധുക്കളാക്കി ചമച്ച … എന്ന നസ്രാണി ഇതിഹാസം (കരവട്ടുവീട്ടില്‍ മാര്‍ ശെമവോന്‍ ദീവന്നാസ്യോസിന്‍റെ നാളാഗമം) ഈ വസ്തുതയേപ്പറ്റി പില്‍ക്കാല നസ്രാണികള്‍ക്കുണ്ടായിരുന്ന അവബോധത്തിന്‍റെ സാക്ഷ്യമാണ്.
ഇന്ത്യയിലെ അര്‍മ്മീനിയാക്കാരുടെ ചരിത്രമെഴുതിയ ജേക്കബ് മെസറബ് സേത്ത് കേരളത്തിലേയ്ക്ക് ഒരു അര്‍മ്മീനിയന്‍ കുടിയേറ്റം നടന്നതായി സൂചിപ്പിക്കുന്നുണ്ട്. പക്ഷേ ഇന്ത്യയിലെ മറ്റു പുരാതനനഗരങ്ങളില്‍ ഉള്ളതുപോലെ കേരളത്തിലൊരിടത്തും അര്‍മീനിയന്‍ പള്ളികളോ മറ്റ് അവശിഷ്ടങ്ങളോ ശേഷിച്ചിട്ടില്ല. യഹൂദരേപ്പോലെ ഒരു അന്തര്‍ദേശീയ വര്‍ത്തക സമൂഹമായ അര്‍മീനിയാക്കാര്‍ അതിവിപുലവ്യപാര സാദ്ധ്യതയുള്ള കേരളം ഉപേക്ഷിക്കുമെന്നു കരുതാനുംവയ്യ. എന്നാല്‍ കേരളത്തിലെ അര്‍മീനിയന്‍ സമൂഹം കാലക്രമത്തില്‍ നസ്രാണികളില്‍ ലയിച്ചുപോയി എന്നു കരുതുന്നതില്‍ അസാംഗത്യമില്ല. അര്‍മീനിയന്‍ അവശിഷ്ടങ്ങള്‍ ശേഷിക്കാതെ പോയത് അതിനാലാവാം.
പതിനഞ്ച്-പതിനാറ് നൂറ്റാണ്ടുകളില്‍ നസ്രാണികള്‍ നായര്‍ സ്ത്രീകളെ ഭാര്യമാരാക്കിയിരുന്നു എന്ന് രേഖകളുണ്ട്. മതം എന്ന സങ്കല്പം ഇല്ലാതിരുന്ന – ജാതി അധിഷ്ഠിതമായ – അന്നത്തെ കേരള സമൂഹത്തില്‍ അത്തരം അനുലോമ വിവാഹങ്ങളില്‍ അസ്വഭാവികത ഒന്നും ദര്‍ശിക്കാനില്ല. കേരളത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഉറയ്ക്കുന്നതിനുമുമ്പ് നസ്രാണിയുടെ വിവാഹ ശൃംഖല ഇതിലും വിപുലമായിരുന്നിരിക്കും.
ചുരുക്കത്തില്‍ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും (മാര്‍ത്തോമ്മായുടെ വിശ്വാസവും വംശവും) എന്ന നസ്രാണി സ്വത്വത്തിന് നരവംശപരമായി ഏകവംശ അടിത്തറയില്ല. അതിന്‍റെ ആഢ്യത്വം (അങ്ങനെയൊന്നുണ്ടെങ്കില്‍) അവകാശപ്പെടാനുമാവില്ല. അതിനെ ബന്ധിപ്പിച്ചു നിര്‍ത്തുന്നത് നസ്രാണിത്വം എന്ന നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവന്ന സംസ്‌ക്കാരമാണ്.
ഇന്നു നസ്രാണിരക്തം കൂടുതല്‍ സങ്കലനത്തിനു വിധേയമാവുകയാണ്. ലോകമെങ്ങുമുള്ള നരവംശങ്ങള്‍ നസ്രാണിവിവാഹ ശൃംഖലയില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു. ഈ സമൂഹത്തെ ബന്ധിപ്പിക്കുന്ന ഏകകണ്ണി മാര്‍ത്തോമ്മായുടെ വിശ്വാസത്തില്‍ അധിഷ്ഠിതമായ നസ്രാണിത്വം എന്ന സംസ്‌കാരം മാത്രമാണ്.
ഡോ. എം കുര്യന്‍ തോമസ്