OVS - Latest NewsOVS-Kerala News

ബ്രിട്ടിഷ് ഭരണം അവസാനിച്ചിട്ടും ഇപ്പോഴും കൊളോണിയൽ ശൈലി: ഇറോം ശർമിള

കോട്ടയം :- ഇന്ത്യ ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുമ്പോഴും ഒട്ടേറെ ഇടങ്ങളിൽ പിന്നാക്ക വിഭാഗങ്ങളും സ്ത്രീകളും കുട്ടികളും പീഡനം അനുഭവിക്കുന്നുണ്ടെന്നും ഇവയ്ക്കു മാറ്റം വരുത്താൻ ജനാധിപത്യ വിശ്വാസികൾ മുന്നോട്ടുവരണമെന്നും മണിപ്പൂർ സമരനായിക ഇറോം ശർമിള. ഓർത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗം സംഘടിപ്പിച്ച ആത്മഹത്യാ പ്രതിരോധ ദിനാചരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

ബ്രിട്ടിഷ് ഭരണം അവസാനിച്ചിട്ടും ഇപ്പോഴും കൊളോണിയൽ ശൈലിയിലാണു രാജ്യത്തെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. എതിർപ്പു പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കുന്ന അവസ്ഥ രാജ്യത്ത് ഏറിവരികയാണ്. ഉന്നതവിദ്യാഭ്യാസമുള്ള കേരളീയർക്കിടയിൽ ആത്മഹത്യ ഏറുന്നതിന്റെ കാരണവും പരിഹാരവും കണ്ടെത്തേണ്ടതുണ്ടെന്നും ഇറോം ശർമിള പറഞ്ഞു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്പൂർണസാക്ഷരത നേടിയ കേരളത്തെ ആത്മഹത്യാരഹിത സംസ്ഥാനമാക്കാൻ സർക്കാരും സന്നദ്ധസംഘനകളും സഹകരിച്ചു പ്രവർത്തിക്കണമെന്നു ബാവാ ആവശ്യപ്പെട്ടു. വിജയത്തെ മാത്രമല്ല പരാജയത്തെയും അംഗീകരിക്കാൻ യുവതലമുറയെ പ്രാപ്തരാക്കണമെന്നു സാഹിത്യകാരൻ ബെന്യാമിൻ പറഞ്ഞു. തോൽവിയെ അഭിമുഖീകരിക്കാൻ അവർ പഠിക്കുമ്പോൾ വിജയത്തിലേക്കുള്ള പാത തുറന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.

മാനവശാക്തീകരണ വിഭാഗം പ്രസിഡന്റ് മാത്യൂസ് മാർ തേവോദോസിയോസ് അധ്യക്ഷതവഹിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് ആത്മഹത്യാവിരുദ്ധ പ്രതി‍ജ്ഞ ചൊല്ലിക്കൊടുത്തു. സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മാനവശാക്തീകരണ വിഭാഗം സെക്രട്ടറി ഫാ. പി.എ. ഫിലിപ്പ്, വിപാസന ഡയറക്ടർ ഡോ. സിബി തരകൻ എന്നിവർ പ്രസംഗിച്ചു. ഫാ. വർഗീസ് ലാൽ സംവിധാനം ചെയ്ത ആത്മഹത്യാവിരുദ്ധ സന്ദേശം അടങ്ങുന്ന ‘ടാഗ്’ എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു.

ബോധവൽക്കരണ ശിൽപശാല ഡോ. വർഗീസ് പുന്നൂസ് നയിച്ചു. സന്ദേശ മാരത്തൺ ജില്ലാ പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് ഫ്ലാഗ് ഓഫ് ചെയ്തു. സമ്മേളനത്തിനു മുൻപ് ഇറോം ശർമിളയും ഭർത്താവ് ഡെസ്മണ്ട് കുടിഞ്ഞോയും സഭാ ആസ്ഥാനമായ ദേവലോകത്ത് പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ചു.