OVS - Latest News

നിഷ്കളങ്കതയുടെ പരിശുദ്ധിയുമായി മലയാങ്കരയുടെ മോറാൻ

ഭാരത സഭയുടെ അപ്പോസ്തോലനും കാവൽ പിതാവുമായ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന കിഴക്കിന്റെയൊക്കെയും ഏക പരമോന്നത കാതോലിക്കായും മലങ്കര മെത്രാപോലീത്തയുമായ മോറാന്‍ മാര്‍ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവ എഴുപത്തിയൊന്നാം വയസിലേക്ക് പ്രവേശിക്കുന്നു.

ബാല്യവും കൗമാരവും യൗവനവും ദൈവത്തെയും സത്യവിശ്വാസത്തെയും മുറുകെപ്പിടിച്ച കെ.ഐ. പോൾ വൈദീകനായപ്പോഴും പൗലോസ് മാർ മിലിത്തിയോസ് എന്നാ മെത്രാപ്പോലീത്താ ആയപ്പോഴും മലങ്കര സഭയുടെ മുഴുവന്റെയും കാതോലിക്കാ ആയി മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിൽ ആരൂഢനായപ്പോഴും എല്ലാ വേദനകളെയും സന്തോഷങ്ങളെയും ഒരുപോലെ ദൈവീക തിരുസന്നിധിയിൽ സമർപ്പിക്കുന്ന പരിശുദ്ധ പിതാവിന് ഭാവമാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല.

മലങ്കര സഭയിലെ വിഘടിത പ്രവർത്തനങ്ങളെ പൂർണമായി നിരോധിച്ച് ജൂലൈ മൂന്നിന് രാജ്യത്തെ പരമോന്നത നീതിപീഠം വിധി പറഞ്ഞപ്പോൾ പരിശുദ്ധ പിതാവ് ചിന്തിച്ചതും ആഗ്രഹിച്ചതും സംസാരിച്ചതും സമാധാനത്തെക്കുറിച്ചാണ്. പരിശുദ്ധ കാതോലിക്കാമാർ ദൈവത്തിന്‍റെ അത്യുന്നത മഹാപുരോഹിതരാണ്. ദൈവത്തോട് ചേർന്നിരിക്കുന്നവർ ആകയാൽ പരിശുദ്ധ പിതാവും തന്റെ ശ്രേഷ്‌ഠരായ എല്ലാ മുൻഗാമികളെയും പോലെ തന്നെ സമാധാന പ്രിയനാണ്. ഇല്ലാതെ ഒരാൾക്ക് എങ്ങനെ കഴിഞ്ഞ കാലങ്ങളിൽ സഹിച്ച എല്ലാ വേദനകളെയും ആക്രമണങ്ങളെയും മറന്ന് ഐക്യത്തിന്റെയും സമാധാനത്തിന്റെയും ആഹ്വാനം നൽകുവാൻ സാധിക്കും.എല്ലാവരെയും ഒരുപോലെ കാണുന്ന എല്ലാവരോടും ഹൃദയം തുറന്നു സംസാരിക്കാൻ ആഗ്രഹിക്കുന്ന ഒരു വലിയ ഇടയൻ. വലിയവൻ എന്നോ ചെറിയവൻ എന്നോ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാ മക്കളെയും ഒരുപോലെ കാണുന്ന സ്നേഹനിധിയായ പിതാവ്.

2011ൽ പരിശുദ്ധ ബാവാ തിരുമനസ്സുകൊണ്ട്‌ കോലഞ്ചേരി പള്ളിക്കു മുൻപിൽ പരിശുദ്ധ സഭക്ക് നീതി ലഭ്യമാക്കണം എന്ന് ആവിശ്യപ്പെട്ട് നിരാഹാരം കിടന്ന സമയത്തു ഒരു ദിവസം സന്ധ്യക്ക് വിശ്വാസികളെ അഭിസംബോധന ചെയ്തു ഇപ്രകാരം പറഞ്ഞു ”ഞാൻ മരിച്ചാലും കുഴപ്പമില്ല; എന്റെ സഭക്ക് നീതി ലഭിക്കണം”, വിഘിടിത വിഭാഗത്തിന്റെ ആക്രമണങ്ങളെ അപമാനങ്ങളെയും ഏറ്റപ്പോഴൊന്നും കണ്ണ് നിറയാത്ത മലങ്കര സഭയുടെ യുവ ഹൃദ്യങ്ങൾ വിങ്ങുന്നതും കണ്ണീർ വാർക്കുന്നതും അന്ന് നാം കണ്ടു. സഭയെ തകർക്കാൻ ബലയാറുകൾ കൂട്ടംകൂടിയപ്പോഴും. പ്രതിസന്ധികൾ ഒന്നൊന്നായി അഭിമുഖീകരിച്ചപ്പോഴും ദൈവകൃപയിൽ ആശ്രയിച്ചു പരിശുദ്ധ പിതാവ് യാത്ര തുടർന്നു.

മൗനത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് നാം വിശാലമായി ചർച്ച ചെയ്യുമ്പോൾ നമ്മുക്ക് മുൻപിലുള്ള ഏറ്റവും ശ്രേഷ്‌ഠമായ മാതൃകയാണ് പൗലോസ് ദ്വിതീയൻ ബാവ. അനാവശ്യമായ ബഹളങ്ങളോ പ്രകടനകളോ ഒന്നുമില്ലാതെ അധികാര പ്രൗഢിയിൽ വീണ്ടും വിനീതനാവുകയാണ് നമ്മുടെ പിതാവ്. നിഷ്കളങ്കതയുടെ പരിശുദ്ധിയുമായി മലങ്കര സഭയുടെ വലിയ ഇടയൻ എഴുപത്തിയൊന്നാം വയസിലേക്ക് പ്രവേശിക്കുമ്പോൾ മലങ്കര ഒന്നാകെ പ്രാർത്ഥിക്കുന്നു ”കിഴക്കിന്റെ ഒക്കെയും വന്ദ്യകാതോലിക്കാ ആമോദമായ് വാഴ്‌ക നീണാൾ…”

– അബി എബ്രഹാം കോശി

 

പരിശുദ്ധ പിതാവിന് ഓർത്തഡോൿസ് വിശ്വാസ സംരക്ഷകന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ത്രിപ്പാദത്തിങ്കൽ സമർപ്പിക്കുന്നു.