OVS - ArticlesOVS - Latest News

ആദ്യം ഓര്‍ത്തഡോക്‌സ് ബൈബിള്‍: പിന്നെ ഓര്‍ത്തഡോക്‌സ് സ്റ്റഡി ബൈബിള്‍

മലങ്കര സഭയ്ക്ക് ഒരു ഓര്‍ത്തഡോക്‌സ് സ്റ്റഡി ബൈബിള്‍ ഉണ്ടാകണമെന്ന ആവശ്യം ഇന്ന് സജീവമായ ചര്‍ച്ചാ വിഷയമാണ്. ഇക്കഴിഞ്ഞ വൈദീക സംഘം യോഗത്തിലും ഇതു ഒരു ചര്‍ച്ചാ വിഷയമായിരുന്നു.

സ്റ്റഡി ബൈബിള്‍ എന്നതിന്, … In Christian communities, Bible study is the study of the Bible by ordinary people as a personal religious or spiritual practice. Some denominations may call this devotion or devotional acts; however in other denominations devotion has other meanings. എന്നാണ് നിര്‍വചനം. “ബൈബിള്‍ സ്റ്റഡി എന്നാല്‍ ക്രിസ്ത്യാനി സമൂഹങ്ങളില്‍ സാധാരണ ജനങ്ങള്‍ സ്വകാര്യമോ ആത്മീയമോ ആയ നിലയില്‍ വ്യക്തിപരമായി നടത്തുന്ന വേദപുസ്തകപഠനമാണ്. ചില ക്രൈസ്തവ സഭകള്‍ ഇതിനെ ഭക്തി എന്നോ സമര്‍പ്പണ പ്രക്രിയ എന്നോ വിളിക്കുന്നു. എന്നാല്‍ മറ്റു ചില സഭകളില്‍ ഭക്തി എന്നതിന് വ്യത്യസ്ഥമായ അര്‍ത്ഥമാണുള്ളത് എന്നിതിന് അര്‍ത്ഥം കൊടുക്കാം.

ഓര്‍ത്തഡോക്‌സ് കാഴ്ചപ്പാടില്‍ വേദപഠനം മാത്രമല്ല ഭക്തി; അത് സഭാ ജിവിത പ്രക്രിയയിലെ ഒരു ഭാഗം മാത്രമാണ് അതുകൊണ്ട് സാധാരണക്കാരന് വി. ഗ്രന്ഥം പഠിക്കാനുള്ള അവസരവും സാഹചര്യവും ഉണ്ടാക്കിക്കൊടുക്കേണ്ട ബാദ്ധ്യത അതത് ഓര്‍ത്തഡോക്‌സ് സഭകള്‍ക്കാണ് ഉള്ളത്.

ഓര്‍ത്തഡോക്‌സ് വിശ്വാസം വേദാനുസൃതമാണ്. അതേസമയം അത് കൂദാശാധിഷ്ഠിതമാണ് താനും. കൂദാശകളുമായി ബന്ധിപ്പിക്കാനാവാത്ത വേദപഠനവും വേദശസ്ത്ര പഠനവും ഓര്‍ത്തഡോക്‌സ് വിശ്വാസിക്ക് നിരര്‍ത്ഥകമാണ്. പൗരസ്ത്യ ഓര്‍ത്തഡോക്‌സ് ആരാധനകള്‍ എല്ലാം വേദഭാഗങ്ങളാല്‍ പരിപുഷ്ടമാണ്. സങ്കീര്‍ത്തനങ്ങള്‍ ഉള്‍പ്പെടാത്ത ഒരു നമസ്‌ക്കാരവും സഭയില്‍ ഇല്ല. എല്ലാ കൂദാശകളും പഴയ നിയമം, പൊതു ലേഖനങ്ങള്‍, പൗലൂസിന്റെ പ്രബോധനം, സുവിശേഷം ഇവ ഉള്‍പ്പെട്ടതാണ്. അതിനാലാണ് കൂദാശാധിഷ്ഠിതമല്ലാത്ത ഒരു വേദപഠനം നസ്രാണിക്ക് അചിന്ത്യമാണെന്നു പറയുന്നത്.

മലങ്കര സഭ ഒരു സ്റ്റഡി ബൈബിള്‍ ഉണ്ടാക്കുകയോ അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം ഇതുവരെ നല്‍കുകയോ ചെയ്തിട്ടില്ല. ഒരര്‍ത്ഥത്തില്‍ ഒരു ഔദ്യോഗിക ബൈബിള്‍ പോലും സഭ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഒരു ഓര്‍ത്തഡോക്‌സ് സ്റ്റഡി ബൈബിള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ് താനും. പക്ഷേ അത് ഇന്നു പ്രചരിക്കുന്ന പ്രൊട്ടസ്റ്റന്റ് വേദപുസ്തകവും അതിനെ ആസ്പദമാക്കിയുള്ള ഒന്നോ ആയാല്‍ അത് സത്യവിശ്വാസികളെ കുഴപ്പത്തിലാക്കുകയേ ഉള്ളു. ബൈസന്റൈന്‍ സഭകളുടെ സ്റ്റഡി ബൈബിള്‍ അവലംബിച്ചാലും വിഷയം കലുഷിതമാകും.

ഇതിനു കാരണം മലങ്കര സഭ ഇന്നു ഉപയോഗിക്കുന്ന പാശ്ചാത്യ സുറിയാനി ആരാധനാക്രമങ്ങളാണ് എന്നതാണ്. വി. വേദ ഭാഗങ്ങളാല്‍ സമ്പുഷ്ടമാക്കപ്പെട്ട ഈ ആരാധനാക്രമങ്ങള്‍ ജനനമനസില്‍ പാടി പതിഞ്ഞതാണ്. അവ അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നത് സുറിയാനി പ്ശീത്തോയീലാണ്. വേദപുസ്തകത്തിന്‍റെ ഗ്രീക്ക് പരിഭാഷയിലോ ബൈബിള്‍ സൊസൈറ്റിയുടെ കിംഗ് ജെയിംസ് വേര്‍ഷനിലോ അല്ല. അവയുടെ അടിസ്ഥാനത്തില്‍ നസ്രാണികളുടെ ആരാധനാ ക്രമത്തിലെ വേദഭാഗങ്ങള്‍ കണ്ടെത്താന്‍പോലും ആവില്ല. മലങ്കരസഭയുടെ ആരാധനയും വിശ്വാസവും കൂദാശാധിഷ്ഠതമാമാകയാല്‍ അത് ഒഴിവാക്കി ഒരു സ്റ്റഡി ബൈബിള്‍ ഉണ്ടാക്കുക എന്നത് അചിന്ത്യമാണ്.

ഒരൊറ്റ ഉദാഹരണം കൊണ്ട് ഇത് വ്യക്തമാക്കാം. സ്ത്രീകളുടെ ശവസംസ്‌കാരം നാലാം ക്രമത്തില്‍ ... കോട്ടയാല്‍ ചുറ്റപ്പെട്ടിരിക്കുന്ന നഗരംപോലെ ഊര്‍ശ്ലേം പണിയപ്പെട്ടിരിക്കുന്നു... എന്നൊരു മസുമൂര്‍ ഭാഗമുണ്ട്. ഇത് സുറിയാനിയില്‍നിന്നും നേരിട്ട് പരിഭാഷപ്പെടുത്തിയതാണ്. പക്ഷേ മലങ്കരസഭ ഇന്നുപയോഗിക്കുന്ന ബൈബിള്‍ സൊസൈറ്റി പരിഭാഷയില്‍ ഈ വേദഭാഗം കണ്ടെത്താന്‍ സാധിക്കുകയില്ല. …തമ്മില്‍ ഇണക്കിയ നഗരമായി പണിതിരിക്കുന്ന നഗരമായ യേറുശലേമേ…. (സങ്കീ. 122: 3) എന്ന സമാനമായ ബൈബിള്‍ സൊസൈറ്റി പരിഭാഷാ ഭാഗം പ്രാര്‍ത്ഥനാ ക്രമത്തിലെ സന്ദര്‍ഭവുമായി യോജിക്കില്ല. എന്നാല്‍ കണിയാമ്പറമ്പില്‍ കുര്യന്‍ കോര്‍എപ്പിസ്‌ക്കോപ്പായുടെ … യേറുശലേം ചുറ്റും കോട്ടയുള്ള നഗരംപോലെ പണിയപ്പെട്ടിരിക്കുന്നു… (സങ്കീ. 121: 3) എന്ന പരിഭാഷ സന്ദര്‍ഭത്തിനിണങ്ങും. സുറിയാനിയില്‍നിന്നുമുള്ള വേദ പരിഭാഷയാണ് മലങ്കര സഭയ്ക്ക് അനുയോജ്യം എന്നാണ് ഇതു വ്യക്തമാക്കുന്നത്. സ്ത്രീയേ; എനിക്കും നിനക്കും തമ്മില്‍ എന്ത്? മുതലായ പ്രോട്ടസ്റ്റന്റ് വേദപുസ്തകത്തിലെ പിഴവുകള്‍ ഉണ്ടാക്കുന്ന ഗുരുതരമായ ആശയക്കുഴപ്പങ്ങളും ഇവിടെ പരിഗണിക്കണം.

അതേപോലെതന്നെ അപ്പോക്രിഫാ എന്നും ഉത്തര കാനോനികം എന്നും വിവക്ഷിക്കപ്പെടുന്ന ഇതര കാനോനിക ഗ്രന്ഥങ്ങള്‍കൂടി ഉള്‍പ്പെട്ടാലെ നസ്രാണിയുടെ വേദപുസ്തകം പൂര്‍ണ്ണമാകൂ. പ്രോട്ടസ്റ്റന്റ് വേദപുസ്തകത്തിലെ 66 ഗ്രന്ഥങ്ങള്‍ മാത്രമല്ല ഓര്‍ത്തഡോക്‌സ് സഭയുടെ വേദപുസ്തകത്തിലുള്ളത്. ഇതര കാനോനിക ഗ്രന്ഥങ്ങള്‍ എന്നു നാമകരണം ചെയ്യപ്പെട്ടവയും പൗരസ്ത്യ സഭകളുടെ പൂര്‍ണ്ണ വേദപുസ്തകത്തിന്‍റെ ഭാഗമാണ്. അവയുടെ കൂടി അടിസ്ഥാനത്തിലുള്ള ഒരു സ്റ്റഡി ബൈബിള്‍ മാത്രമേ നസ്രാണിക്കു ഗുണം ചെയ്യു. കിംഗ് ജെയിംസ് വേര്‍ഷന്‍റെ മലയാള പരിഭാഷയോ ഗ്രീക്ക് ബൈിബിളിന്‍റെ തര്‍ജ്ജമയോ നസ്രാണി മാപ്പിളയുടെ ആവശ്യത്തിനു ഉപകരിക്കില്ല എന്ന യാഥാര്‍ത്ഥ്യം മനസിലാക്കണം.

നസ്രാണിക്കു ഒരു സ്റ്റഡി ബൈബിള്‍ വേണം. അതില്‍ സംശയമില്ല. പക്ഷേ എന്തായിരിക്കണം അത്. അവിടെയാണ് ഗൗരവമായ പരിചിന്തനം ആവശ്യമായിട്ടുള്ളത്. ആരാധനയില്‍ അധിഷ്ഠിതമായ വേദശാസ്ത്രമുള്ള മലങ്കരസഭയ്ക്ക് അതിന് അനുരൂപമായ ഒരു സ്റ്റഡി ബൈബിള്‍ ആണ് ഉണ്ടാകേണ്ടത്. അതായത് നസ്രാണികളുടെ ആരാധനാ ക്രമങ്ങളുടെ അടിസ്ഥാനമായ പ്ശീത്താ ബൈബിളിന്‍റെ അടിസ്ഥാനത്തിലുള്ള ഒരു സ്റ്റഡി ബൈബിള്‍.

അതിന് ആദ്യം ആവശ്യം പ്ശീത്താ ബൈബിളിന്‍റെ ഒരു ആധികാരിക പരിഭാഷയാണ്. കടവില്‍ മാര്‍ അത്താനാസ്യോസ്, പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍, മലങ്കര മല്പാന്‍ കോനാട്ട് മാത്തന്‍ മല്പാന്‍ മുതലായവര്‍ ഭാഗികമായി പ്ശീത്താ മലയാളത്തിലേയ്ക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണിയാമ്പറമ്പറില്‍ കുര്യന്‍ കോര്‍എപ്പിസ്‌ക്കോപ്പാ പൂര്‍ണ്ണ രൂപത്തിലും പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യം വേണ്ടത് പ്ശീത്താ പരിഭാഷയെ സഭയുടെ അംഗീകൃത വേദപുസ്തകമാക്കി തീരുമാനിക്കുക. അതനുസരിച്ച് വേദവായനകള്‍ ക്രമീകരിക്കുക. അതിനുശേഷം ആ പ്ശീത്തായുടെ ഒരു സ്റ്റഡി ബൈബിള്‍ ഉണ്ടാക്കുക. കൂദാശാധിഷ്ഠതമായ മലങ്കരസഭയ്ക്ക് ആവശ്യം ഇതാണ്.

വെറുതെ ഒരു പരിഭാഷാ കമ്മറ്റി ഉണ്ടാക്കി സമയവും പണവും വ്യര്‍ത്ഥമാക്കുകയല്ല വേണ്ടത്. അത് നിരര്‍ത്ഥകമാണ്. നിലവില്‍ ലഭ്യമായ പ്ശീത്താ പരിഭാഷകള്‍ ഉപയോഗിച്ച് ഒരു സ്റ്റഡി ബൈബിള്‍ ഉണ്ടാക്കുക. അതിനു മുമ്പുതന്നെ ഒരു അംഗീകൃത പ്ശീത്താ പരിഭാഷ പ്രസിദ്ധീകരിക്കുക. അതിനു പകരം കണിയാമ്പറമ്പില്‍ അച്ചന്‍റെ പരിഭാഷ അംഗീകരിച്ചാലും മതി. അതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്നു മാത്രം. വേദവായനകള്‍ അതനുസരിച്ച് ഇതര കാനോനിക ഗ്രന്ഥങ്ങള്‍കൂടി ചേര്‍ത്ത് ക്രമീകരിക്കുക. അതിനു ശേഷം മാത്രം കൂദാശാധിഷഅഠിതമായ ഒരു സ്റ്റഡി ബൈബിള്‍ പ്രസിദ്ധീകരിക്കുക.

എന്തായാലും മലങ്കരസഭയ്ക്ക് കൂദാശാധ്ഷ്ഠിതമായുള്ള നസ്രാണി വേദശാസ്ത്രത്തിനു അനുരൂപമായുള്ള സ്റ്റഡി ബൈബിള്‍ മതി. നാമമാത്രമായ ഒരു അനുകരണം വേണ്ട. കുറച്ചുകാലം മുമ്പ് ഓര്‍ത്തഡോക്‌സ് ബൈബിള്‍ പരിഭാഷ എന്ന പേരില്‍ ചിലര്‍ നടത്തിയ പണവും സമയവും മിനക്കെടുത്തുന്ന പരിപാടി ഇനി വേണ്ട.

ഡോ. എം. കുര്യന്‍ തോമസ്

(OVS Online, 31 ഓഗസ്റ്റ് 2017)