OVS - Latest NewsOVS-Kerala News

തുമ്പമണ്ണിൽ ‘സ്വപ്നമാംഗല്യം’ പദ്ധതിക്കു സാക്ഷാത്കാരം

പന്തളം ∙ തുമ്പമൺ മർത്തമറിയം ഓർത്തഡോക്സ് പള്ളിയുടെ (സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ) 1300–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ‘സ്വപ്നമാംഗല്യം’ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. എം.ജി ഹൈസ്കൂൾ സ്റ്റേഡിയത്തിൽ നടന്ന മംഗള കർമത്തിൽ വധൂവരന്മാരുടെ ബന്ധുക്കളും നാട്ടുകാരും അടക്കം ആയിരങ്ങൾ പങ്കെടുത്തു. സദ്യയും ഒരുക്കിയിരുന്നു. കതിർമണ്ഡപങ്ങളിൽ അഞ്ചു പെൺകുട്ടികളുടെ വിവാഹം അവരവരുടെ മതാചാരപ്രകാരമാണ് നടത്തിയത്.

സ്വപ്നമാംഗല്യം പദ്ധതി പ്രകാരം 13 പെൺകുട്ടികളുടെ വിവാഹം നടത്തുന്നതിനു പുറമെ 10 പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായവും വിതരണം ചെയ്തു. പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിച്ചെങ്കിൽ മാത്രമേ ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബന്ധങ്ങളെ നേർവഴിക്കു നയിച്ചു നാടിനു പുരോഗതി കൈവരിക്കാനാവൂ എന്ന് ചടങ്ങിൽ സംസാരിച്ച ലോകപ്രശസ്ത മനുഷ്യാവകാശ പ്രവർത്തക ഇറോം ഷർമിള പറഞ്ഞു.

വികാരി ഫാ. മാത്യു തോമസ് അധ്യക്ഷത വഹിച്ചു. ഇടവക മൊബൈൽ ഡയറക്ടറി ആപ് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, മലങ്കര സഭ വൈദിക ട്രസ്റ്റി ഡോ. എം.ഒ. ജോൺ, മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോൾ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആർ. രാജശേഖരൻ, റവ. ബസലേൽ റമ്പാൻ, മലങ്കര അസോ. സെക്രട്ടറി ബിജു ഉമ്മൻ, ആഘോഷ കമ്മിറ്റി ചെയർമാന്മാരായ ഫാ. സാമുവൽ ജോൺ തേവത്തുമണ്ണിൽ, ഫാ. ഗീവർഗീസ് ജോഷ്വ, അസി. വികാരിമാരായ ലിജു പി. ജോസ്, ഫാ. തോമസ് മാത്യു, ഇടവക സെക്രട്ടറി അജി, ട്രസ്റ്റി കെ.വി. ബാബു എന്നിവർ പ്രസംഗിച്ചു. ആഘോഷങ്ങൾ പരിമിതപ്പെടുത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകിയാണ് വാർഷികാഘോഷ പദ്ധതികൾ ക്രമീകരിച്ചിട്ടുള്ളത്. ഭവനങ്ങൾ നിർമിച്ചു നൽകുന്നതുൾപ്പെടെ വിവിധ പദ്ധതികളിലൂടെ 1,458 പേർക്കു സഹായം ലഭിക്കും. കൂടാതെ, ആഗോള കുടുംബ സംഗമം, വിശുദ്ധനാട് സന്ദർശനം, ജൂബിലി സ്മാര മ്യൂസിയം എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്.