OVS - Latest NewsOVS-Kerala News

പാത്രീയര്‍ക്കീസുമായി നേരിട്ടു ചര്‍ച്ചയ്ക്ക് സന്നദ്ധം; എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്

വംശീയവും മതപരവും ഭാഷാപരവും രാഷ്ട്രീയപരവുമായ അസഹിഷ്ണുത വളര്‍ന്നുവരുന്ന അപകടകരമായ പ്രവണതയ്‌ക്കെതിരെ ശക്തമായ ബോധവത്ക്കരണം അത്യാവശ്യമായിരിക്കുന്നു എന്ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മലങ്കര സഭ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആഹ്വാനം ചെയ്തു. പട്ടിണിമരണങ്ങള്‍, പകര്‍ച്ച വ്യാധികള്‍, തൊഴിലില്ലായ്മ, ഊര്‍ജ്ജ പ്രതിസന്ധികള്‍ തുടങ്ങി യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുളള നടപടികള്‍ സ്വീകരിക്കുന്നതിനു പകരം മനുഷ്യത്വരഹിതമായ നടപടികള്‍ ഉണ്ടാകുന്നതില്‍ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്‍റെ ആശങ്ക പ്രകടിപ്പിക്കുന്നു. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുവാനും മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന ശ്രമങ്ങളെ ചെറുത്തു തോല്പിക്കുവാനും രാഷ്ട്രീയ- മതചിന്തകള്‍ക്ക് അതീതമായി കേരള സമൂഹം ഒരുമിച്ചു മുന്നേറണം”.

1934- ലെ ഭരണഘടനയുടെയും ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ സമാധാനപരമായും നിയമപരമായും സഭയിലെ ഐക്യം പൂര്‍ണ്ണമാക്കുവാനും ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം സഭയിലെ എല്ലാ വിശ്വാസികളിലും എത്തിക്കുവാനുതകുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുവാനും തീരുമാനിച്ചു. അതിനുവേണ്ടി ആവശ്യമെങ്കില്‍ അന്തിയോക്യ പാത്രീയര്‍ക്കീസുമായി നേരിട്ടു ചര്‍ച്ച നടത്തുന്നതിനുളള സന്നദ്ധത അറിയിച്ചു.

സഭയുടെ ആരാധനാലയങ്ങള്‍ ഹരിതദേവാലയങ്ങളാക്കി മാറ്റുവാനും പരിസര മലിനീകരണം തടയുവാനും ഊര്‍ജ്ജ-ജല സംരക്ഷണ സംരംഭങ്ങള്‍ സംഘടിപ്പിക്കുവാനും ഇടവകകള്‍ക്കു പരിശീലനം നല്‍കും. ഉച്ചഭാഷിണികളിലൂടെയുളള ശബ്ദമലിനീകരണവും പെരുന്നാളുകള്‍, വിവാഹങ്ങള്‍ എന്നിവയിലെ ധൂര്‍ത്തും നിയന്ത്രിക്കും. സ്ലീബാദാസ സമൂഹത്തിന്‍റെ സ്ഥാപകനായ പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ ചരമകനകജൂബിലി പ്രമാണിച്ച് ദളിതരുടെയൂം ദളിത്‌ക്രൈസ്തവരുടെയൂം ഉന്നമനം ലക്ഷ്യമാക്കി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.

ലോക ആത്മഹത്യ പ്രതിരോധദിനമായ സെപ്റ്റംബര്‍ 10 ഞായറാഴ്ച്ച ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുകയും ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും, ബോധവത്ക്കരണ ക്ലാസ്സുകളും നടത്തുകയും, സൈബര്‍വലയിലും, സാമൂഹ്യമാധ്യമങ്ങളിലും കുടുങ്ങിപ്പോകുന്ന യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ബോധവത്ക്കരണ പരിപാടികള്‍ ഭദ്രാസന- മേഖലാ തലങ്ങളില്‍ സംഘടിപ്പിക്കുകയും ചെയ്യും. കുടുംബ ബന്ധങ്ങളുടെ ശക്തീകരണത്തിനുതകുന്ന സെമിനാറുകള്‍ സംഘടിപ്പിക്കാനും കൗണ്‍സലിംഗ് വിഭാഗം ഭദ്രാസന തലങ്ങളില്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

സഭയുടെ ‘ബി’ ഷെഡ്യൂളില്‍പ്പെട്ട പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും വരവ് ചെലവ് കണക്കുകള്‍ അംഗീകരിച്ചു. 2018 മാര്‍ച്ച് 23 -ന് പരിശുദ്ധ മൂറോന്‍ കൂദാശ ചെയ്യുന്നതിന് തീരുമാനിച്ചു. കൂദാശയുടെ ക്രമീകരണങ്ങള്‍ക്കുവേണ്ടി സഖറിയാ മാര്‍ അന്തോണിയോസ്, ഡോ.മാത്യൂസ് മാര്‍ സേേവറിയോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം എന്നിവരെ ചുമതലപ്പെടുത്തി.

ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസേ്യാസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് എന്നിവര്‍ ധ്യാനയോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുത്തു.

സമാധാന ചർച്ച- പാത്രിയർക്കീസിന്‍റെത് ആത്മാർത്ഥതയില്ലാത്ത നടപടി