OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ്‌ സഭക്ക് 519 കോടിയുടെ ബജറ്റ്: ജപ്തി ഭീഷണിനേരിടുന്നവർക്കും-വിദ്യാർത്ഥികൾക്കുള്ള ലോൺ സ്കോളർപ്പ് പദ്ധതികൾ,ഭവന-വിവാഹ-ചികിത്സാ ധന സാഹയം; പരിശുദ്ധ സഭയുടെ ബജറ്റ് ഇങ്ങനെ

കോട്ടയം :- ഭവന നിർമ്മാണത്തിനും കൃഷിക്കും വായ്പയെടുത്തു ജപ്തി നടപടി നേരിടുന്ന സഭാംഗങ്ങൾക്കായി പ്രത്യേക പദ്ധതികൾ ഉൾപ്പെടെ 519 കോടി രൂപയുടെ ബജറ്റ് പരിശുദ്ധ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ പാസ്സാക്കി. പഴയ സെമിനാരിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ്‌ ദ്വിതിയൻ കാതോലിക്ക ബാവായുടെ അധ്യക്ഷതയിൽ ചേർന്ന സഭാ മാനേജിംങ് കമ്മിറ്റി യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി ഡോ.ജോർജ് ജോസഫ്‌ ബജറ്റ് അവതരിപ്പിച്ചു. ഭവന നിർമ്മാണ സഹായ പദ്ധതിക്കും വിവാഹ ധന സഹായ പദ്ധതിക്കും തുക നീക്കി വച്ചിട്ടുണ്ട്. രോഗികൾക്കായുള്ള ചികിത്സാ സഹായ പദ്ധതിക്കും വിദ്യാർത്ഥികൾക്കുള്ള ലോൺ സ്കോളർപ്പ് പദ്ധതിക്കും തുക വകകൊള്ളിച്ചിട്ടുണ്ട്. 10 കോടിയുടെ രൂപ കാതോലിക്ക ദിനപിരിവായി ശേഖരിക്കുന്നതിന് ലക്ഷ്യമിടുന്ന ബജറ്റിൽ സഭാജ്യോതിസ് പുലിക്കോട്ടിൽ ഒന്നാമൻ തിരുമേനിയുടെ ചരമ ദ്വിശതബ്തി ആഘോഷങ്ങൾക്കും ശാസ്താംകോട്ടയിലെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്‌ ദ്വിതീയൻ സ്മാരക സ്മൃതി മന്ദിരത്തിനും തുക വക കൊള്ളിച്ചു.

പ്രകൃതി ചൂഷണം മൂലം കൊടും വരൾച്ച നേരിടുന്ന സഹാചര്യം അതീവ ഗുരുതരമാണെന്നും പ്രകൃതി സംരക്ഷണം വ്യക്തികളുടെയും സഭയുടെയും ആത്മീക ഉത്തരവാദിത്തമാണെ ന്നും പരിശുദ്ധ കാതോലിക്ക ബാവ ഉദ്ബോധിപ്പിച്ചു. ഫാ.ഐപ്പ് പി സാം ധ്യാന പ്രസംഗം നടത്തി

ഡോ.സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, ബിഷപ്പ് സാം മാത്യു എന്നിവർക്കും സഭാ മാനേജിംങ് കമ്മിറ്റി അംഗങ്ങളായിരുന്ന സി.എം ഫിലിപോസ് റബാൻ , ഫാ.എം.സി ജോർജ് മുണ്ടപ്ലാമൂട്ടിൽ, കോശി ജോർജ് ഉഷസിൽ കട്ടപ്പന, ടി.ടി വർഗീസ്‌ തെങ്ങോൺ എന്നിവർക്കും കൊല്ലം പരവൂർ വെടിക്കെട്ട്‌ ദുരന്തത്തിൽ മരണമടഞ്ഞവർക്കും യോഗം ആദരാഞ്ജലി അർപ്പിച്ചു.