OVS - ArticlesOVS - Latest News

സുപ്രീംകോടതി വിധി: സഭയുടെ ഐക്യാഹ്വാനം

2017 ജൂലൈ മാസം 3-ാം തീയതി ഭാരതത്തിന്‍റെ പരമോന്നതനീതിപീഠം പുറപ്പെടുവിച്ചിരിക്കുന്ന വിധിന്യായത്തിലൂടെ മലങ്കരസഭ അതിന്‍റെ ചരിത്രത്തിന്‍റെ മറ്റൊരു നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുന്നു. സഭയുടെ സ്ഥാപകനും ഭാരതത്തിന്‍റെ അപ്പോസ്തോലനുമായ പ. മാര്‍ത്തോമാ ശ്ലീഹായുടെ ദുഖ്റോനോ ദിവസം തന്നെ ഈ വിധിന്യായം വന്നിരിക്കുന്നത് ദൈവനിയോഗമായി കാണുന്നു. മലങ്കരസഭാമക്കള്‍ക്ക് ഒരുമിച്ച്നിന്നുകൊണ്ട് ആത്മസന്തോഷത്തോടെ സത്യത്തിലും നീതിയിലും ആത്മാവിലും ദൈവാരാധന നടത്തുവാന്‍ ത്രീയേകദൈവം കനിഞ്ഞുനല്‍കിയിരിക്കുന്ന അനുഗ്രഹം.

മലങ്കരസഭയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഇതിനോടകം ഇന്ത്യയിലെ പലകോടതികളില്‍ നിന്നായി ധാരാളം വിധിന്യായങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ 1958-ലും 1995-ലും പ്രധാന നീതിപീഠമായ സുപ്രീംകോടതി നല്‍കിയ വിധിന്യായങ്ങള്‍ നിര്‍ണ്ണായകങ്ങള്‍ ആയിരുന്നു. മലങ്കരസഭയുടെ നേതൃനിരയില്‍ നിന്നവര്‍ ഒരുമിച്ചുനിന്ന് അവ നടപ്പിലാക്കിയിരുന്നെങ്കില്‍ മലങ്കരസഭയുടെ ഭാരതത്തിലെ സ്ഥാനവും ഇന്ന് മറ്റൊന്നാകുമായിരുന്നു. കോടതിവിധിന്യായങ്ങള്‍ യഥാവിധി അനുസരിക്കാത്ത ഒരുവിഭാഗം ഇന്നും മലങ്കരയിലുണ്ടെന്ന സത്യാവസ്ഥ മുന്‍കൂട്ടിക്കണ്ടുകൊണ്ടുതന്നെയാണ് 2017 ജൂലൈ 3-ന് ബഹു. സുപ്രീംകോടതി വീണ്ടും അതിനിര്‍ണ്ണായകമായ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

ക്രൈസ്തവസഭയെന്ന നിലയില്‍ കോടതിവിധിയിലെ ജയപരാജയങ്ങള്‍ ഇവിടെ എണ്ണേണ്ടതില്ല എന്നു കരുതുന്നു. അതിപുരാതനമായ മലങ്കരസഭയില്‍ ഉണ്ടായ തര്‍ക്കവിതര്‍ക്കങ്ങള്‍ മൂലം ഭദ്രതനഷ്ടപ്പെട്ട വിശ്വാസികള്‍ക്ക് പ്രത്യാശ നല്‍കുന്ന ദൈവനിയോഗമായി ബഹു. സുപ്രീംകോടതിവിധിയെ മനസ്സിലാക്കി ഐക്യത്തിലും സമാധാനത്തിലും സഭയെ എത്തിക്കുക എന്നത് മാത്രമാണ് നമ്മുടെ നിയോഗം.

1995-ലെ ബഹു. സുപ്രീംകോടതിവിധിയിലെ സത്തമനസ്സിലാക്കി മലങ്കരസഭയുടെ യോജിപ്പിന് വേണ്ടി ധാരാളം ശ്രമങ്ങള്‍ നടന്നതാണ്. സമാധാനശ്രമങ്ങളുടെ ഭാഗമായി ബഹുമാനപ്പെട്ട സുപ്രീംകോടതിതന്നെ അതിന്‍റെ നിരീക്ഷകനായി ജസ്റ്റീസ് മളീമഠിനെ സാക്ഷിയാക്കി ഭിന്നതയില്‍ നില്‍ക്കുന്ന രണ്ടു വിഭാഗങ്ങളെയും ഒരുമിപ്പിച്ചുനിര്‍ത്തി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വരെ വിളിച്ചുകൂട്ടിയത് നമ്മുടെ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞിട്ടില്ല. പാത്രിയര്‍ക്കീസ് വിഭാഗം/യാക്കോബായ വിഭാഗം/ബാവാകക്ഷി എന്നു വിളിക്കപ്പെടുന്ന ഒരു കൂട്ടര്‍ അതില്‍ പങ്കുചേരാതെ 2002-ല്‍ ഒരു സമാന്തര ഭരണഘടന സൃഷ്ടിച്ചപ്പോള്‍ തകര്‍ന്നത് സമാധാനവും ഐക്യവും കാംഷിച്ചിരുന്ന ദൈവജനത്തിന്‍റെ സ്വപ്നങ്ങളാണ്. അതുകൊണ്ടുതന്നെ, 2017 ജൂലൈ 3-ലെ ന്യായവിധി ദൈവജനത്തിന്‍റെ ഐക്യശ്രമങ്ങളെ തകിടംമറിക്കുന്നതിനെതിരെയുള്ള ഒരു മുന്നറിയിപ്പുകൂടിയായി. അതിക്രമത്തിലൂടെയും നിയമസംഹിതകളെ തകിടം മറിക്കുന്നതിലൂടെയും പള്ളികള്‍ പിടിച്ചെടുത്തും പള്ളികള്‍ അടപ്പിച്ചും സമൂഹത്തിന് മുമ്പില്‍ ഇനിയും സഭയുടെ സാക്ഷ്യം നഷ്ടപ്പെടുത്തരുത് എന്ന മുന്നറിയിപ്പ്.

മലങ്കരസഭയുടെ ദൈവശാസ്ത്രവും സഭാവിജ്ഞാനീയവും പാരമ്പര്യവും അത്യാവശ്യം പഠിച്ചുമനസ്സിലാക്കി സഭയുടെ ഒരുമിപ്പിനുവേണ്ടി ബഹുമാനപ്പെട്ട സുപ്രീംകോടതിയിലെ ന്യായാധിപന്മാര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പോടുകൂടിയ ന്യായവിധി ഇനിയും മനസ്സിലാക്കുവാന്‍ ശ്രമിക്കാതെ നേതൃസ്ഥാനികള്‍ ഉള്‍പ്പെടെ ചില ആളുകള്‍ സഭയില്‍ വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണങ്ങളാണ് നെച്ചൂരിലും മറ്റും സമീപകാലത്ത് സംഭവിച്ച അനിഷ്ട സംഭവങ്ങള്‍. ഭാരതത്തിന്‍റെ ഭരണഘടന എല്ലാ ജനങ്ങള്‍ക്കും അവരവരുടെ വിശ്വാസമനുസരിച്ച് ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന വസ്തുത മനസ്സിലാക്കിത്തന്നെയാണ് ബഹു. സുപ്രീംകോടതി മലങ്കരസഭയിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ന്യായവിധി പുറപ്പെടുവിച്ചിരിക്കുന്നത്. അവനവന്‍റെ വിശ്വാസം അനുസരിച്ചുള്ള ആരാധന നടത്തുവാനുള്ള സ്വാതന്ത്ര്യത്തിന് ഭാരതത്തിന്‍റെ നീതിന്യായവ്യവസ്ഥിതി അതിരുകള്‍ നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ നീതിന്യായവ്യവസ്ഥിതികളെ തള്ളിക്കളഞ്ഞു ദൈവാരാധന നടത്തുവാന്‍ ആര്‍ക്കും അധികാരമില്ല. രാജ്യനിയമം ഏവര്‍ക്കും ബാധകമാണെന്നും പൗരന്മാര്‍ സ്വീകരിക്കുന്ന സ്ഥാനനാമങ്ങള്‍ പോലും ഭാരതത്തിന്‍റെ നീതിന്യായവ്യവസ്ഥയോടു ചേര്‍ന്ന് നില്‍ക്കണമെന്നും അറിയാന്‍ പാടില്ലാത്തത് ആര്‍ക്കാണ്?

വിശ്വാസികള്‍ പള്ളിയില്‍ പോകേണ്ടത് ആരാധിക്കുവാനാണ്. ആരാധനയെ അലങ്കോലപ്പെടുത്തുവാനോ ആരാധനാലയം നിയമപരമായ അവകാശികളില്‍ നിന്ന് കൈയ്യേറി പിടിക്കുവാനോ ആരെയും ആക്രമിക്കുവാനോ ആകരുത്. വി. കുര്‍ബ്ബാനയില്‍ പങ്കുചേരുവാനും അനുഭവിക്കുവാനും പ്രാര്‍ത്ഥിക്കുവാനും വാങ്ങിപ്പോയവരെ അനുസ്മരിച്ച് ധൂപം സമര്‍പ്പിക്കുവാനും ദൈവാലയത്തിലോ സെമിത്തേരിയിലോ എത്തുന്ന ഒരു വിശ്വാസിയെയും നിയമപരമായി നിയോഗിക്കപ്പെട്ടിരിക്കുന്ന വൈദീകരോ പള്ളിച്ചുമതലക്കാരോ മറ്റ് വിശ്വാസികളോ ഒരിക്കലും നിരോധിക്കില്ല.

സഭാനേതൃത്വത്തിലുള്ളവര്‍ എത്ര നേതൃപാടവമുള്ളവരായാലും എങ്ങോട്ടാണ് അവര്‍ വിശ്വാസികളെ നയിക്കുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും സംഘര്‍ഷവും നിലനിര്‍ത്തി നേതാക്കളായി നിലനില്‍ക്കാം എന്ന ചിന്ത ഏതെങ്കിലും സഭാനേതാവിനുണ്ടെങ്കില്‍ അതിന് ഇനി അധികം ആയുസ്സുണ്ടാകും എന്ന് കരുതുന്നില്ല. 2002-ല്‍ ഒരു ഭരണഘടന ഉണ്ടാക്കി സഭയില്‍ അസമാധാനവും സംഘര്‍ഷവും വിതറി നേതാക്കളുടെ എണ്ണം കൂട്ടി പതിനഞ്ച് വര്‍ഷം കൂടി നീട്ടിയെടുത്തു. ആത്യന്തികഫലം എന്ത് എന്ന് ഗൗരവത്തോടെ പരിശോധിക്കുവാന്‍ ഇനിയെങ്കിലും ഇങ്ങനെയുള്ളവര്‍ തയ്യാറാകണം. 1958-ലെ ബഹു. കോടതിവിധിപ്രകാരം സഭയിലെ എല്ലാവരും ഒരുപോലെ അംഗീകരിക്കുകയും മലങ്കരസഭയുടെ ചരിത്രപരമായ ഐക്യത്തിന് അടിസ്ഥാനമായി തീരുകയും ചെയ്ത 1934-ലെ സഭാഭരണഘടന രേഖാപരമായി ഒപ്പിട്ടുകൊടുത്തു സ്വീകരിച്ച നേതാക്കള്‍ പെട്ടന്ന് മറ്റൊരു ഭരണഘടന ഉണ്ടാക്കിയതെന്തിനുവേണ്ടിയാണെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്? സമൂഹത്തിന്‍റെ നന്മയും ക്ഷേമവും ധാര്‍മ്മികമൂല്യങ്ങളും കണക്കിലെടുത്ത് ഉണ്ടാക്കിയിരിക്കുന്ന അംഗീകരിക്കപ്പെട്ട ഒരു ഭരണഘടന നിലവിലിരിക്കുമ്പോള്‍ ജനങ്ങളെ ഭിന്നിപ്പിക്കുവാനും കലഹങ്ങള്‍ ഉണ്ടാക്കുന്നതിനും വേണ്ടി മറ്റൊരു ഭരണഘടന ഉണ്ടാക്കുന്നത് സ്വാര്‍ത്ഥതാല്പര്യങ്ങളുടെ നിവര്‍ത്തിക്കുവേണ്ടിയാണ്.

1934-ലെ ഭരണഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ഉത്തമങ്ങളാണെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് 1958-ലും 1995-ലും 2017-ലും ബഹു സുപ്രീംകോടതി അതിനെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആവര്‍ത്തിച്ചുള്ള വിധികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2002-ലെ ഭരണഘടന ഉള്‍പ്പെടെ സര്‍വ്വ ഉടമ്പടികളെയും റദ്ദാക്കിക്കൊണ്ടു വിധി പ്രഖ്യാപിച്ചിരിക്കുന്നതും അതുകൊണ്ടാണ്. സമൂഹത്തിന്‍റെ നന്മയും അനുരഞ്ജനവും ലക്ഷമാക്കി നീതിപീഠം നല്‍കിയിരിക്കുന്ന വിധിയെ തന്ത്രങ്ങളിലൂടെ മറികടക്കാന്‍ ശ്രമിക്കുന്നതും ചോദ്യം ചെയ്യുന്നതുമൊക്കെ ഇന്ത്യന്‍ ഭരണഘടനയോടും നീതിന്യായവ്യവസ്ഥകളോടുമൊക്കെയുള്ള അവഹേളനമാണ്. നന്മയുള്ള വിശ്വാസികളില്‍ ചിലരെ തീവ്രവാദികളാക്കി മാറ്റി സഭയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന നേതാക്കന്മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ദൈവസന്നിധിയില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും.

അന്ത്യോക്യാ മലങ്കരബന്ധം നീണാള്‍ വാഴട്ടെ. :- സമീപകാലത്തായി ഉയര്‍ന്നുകേള്‍ക്കുന്ന ഒരു മുദ്രാവാക്യമാണിത്. യാക്കോബായ വിഭാഗം എന്ന് വിളിക്കപ്പെടുന്ന സഹോദരങ്ങളാണ് ഇത് ഉച്ചത്തില്‍ വിളിച്ചുപറയുന്നത്. സുറിയാനി ഓര്‍ത്തഡോക്സ് സഭയോടും അതിന്‍റെ പ്രധാന മേലദ്ധ്യക്ഷനായ പ. പാത്രിയര്‍ക്കീസ് ബാവയോടും ഉള്ള ബന്ധത്തെക്കുറിച്ചാണ് ഈ മുദ്രാവാക്യം അര്‍ത്ഥമാക്കുന്നതെങ്കില്‍ ഓര്‍ത്തഡോക്സ് വിശ്വാസം പുലര്‍ത്തുന്ന മലങ്കര സഭയില്‍ ഒരാള്‍ക്കുപോലും അതില്‍ വിയോജിപ്പുണ്ടാകുകയില്ല. ഓര്‍ത്തഡോക്സ് വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലും ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ സഭാവിജ്ഞാനീയത്തിലും ഊന്നിയുള്ള ഒരു ആഗ്രഹത്തെയോ പ്രഖ്യാപനത്തെയോ സഭാവിശ്വാസികള്‍ ആരും എതിര്‍ക്കുകയില്ല. വി. കുര്‍ബ്ബാന ഐക്യത്തില്‍ മുന്നോട്ടുപോകുന്ന എല്ലാ ക്രൈസ്തവസഭകളുമായുള്ള മലങ്കരയുടെ ബന്ധം നീണാല്‍ വാഴണം എന്നതായിരിക്കണം നമ്മുടെ അഭിലാഷം. പരസ്പരബഹുമാനവും ആദരവും നന്ദിയും സ്നേഹവും ഒട്ടും കുറയ്ക്കാതെ ബന്ധം നിലനിര്‍ത്തുവാന്‍ ശക്തിയുള്ള ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാവിജ്ഞാനീയം കാത്തുസൂക്ഷിക്കുവാന്‍ ഏവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഭാരതത്തിന്‍റെ പരമോന്നത നീതിപീഠം നല്‍കിയിരിക്കുന്ന നീതിന്യായവ്യവസ്ഥിതികളെ ലംഘിച്ചുകൊണ്ടും സ്വത്വബോധം നഷ്ടപ്പെടുത്തിക്കൊണ്ടും ആരോടും നീണാല്‍ വാഴുന്ന ബന്ധം ഉണ്ടായിരിക്കരുതെന്ന് വിവക്ഷ.

മലങ്കരയിലെ അന്ത്യോക്യന്‍ പാരമ്പര്യം: മലങ്കരസഭയുടെ പുരാതനകാലം മുതലുള്ള അന്ത്യോക്യന്‍ ബന്ധം എന്ന ചൊല്ല് സമീപകാലത്തായി ഉയര്‍ന്ന് കേള്‍ക്കുന്ന ശബ്ദമാണ്. അത് ഭാരതത്തിലെ പൊതു ക്രൈസ്തവ സമൂഹം ചര്‍ച്ചയ്ക്ക് വിധേയമാക്കാവുന്നതാണ്. ഏ.ഡി. 1665 മുതലുള്ള ബന്ധം സംബന്ധിച്ച് മലങ്കരസഭയില്‍ ആരും വിയോജിക്കുമെന്ന് കരുതുന്നില്ല. ഏതു കാലം മുതലാണെങ്കിലും മലങ്കരസഭയുടെ നിലവിലുള്ള ദൈവശാസ്ത്രം ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടേതും ആരാധനാപാരമ്പര്യത്തിന്‍റെ സിംഹഭാഗം അന്ത്യേക്യന്‍ സുറിയാനിസഭയുടേതുമാണ്. എന്നാല്‍, എല്ലാം അന്ത്യോക്യരുടേതെന്ന് പറയുന്നതില്‍ ന്യായമില്ല. ശരിയായ ഒരു വിശകലനത്തില്‍, അലക്സന്ത്രിയന്‍, ഗ്രീക്ക്, ലത്തീന്‍, ഇന്ത്യന്‍, സുറിയാനി ഘടകങ്ങളുടെ ഒരു സമന്വയം മലങ്കരയുടെ ആരാധനാപാരമ്പര്യത്തിലും ആചാരാനുഷ്ഠാനങ്ങളിലും ദര്‍ശിക്കാവുന്നതാണ്. മലങ്കരയില്‍ മാത്രമല്ല, എല്ലാ ആരാധനാ പാരമ്പര്യങ്ങളിലും ഇതുപോലെയുള്ള ഒരു സമന്വയവും സ്വാധീനവും പ്രകടമാണ്. അന്ത്യോക്യന്‍ പാരമ്പര്യത്തില്‍ ഒരു നല്ല പങ്കും ഗ്രീക്ക് രചനകളില്‍ നിന്ന് രൂപീകരിച്ചിട്ടുള്ളതാണ്. സുറിയാനിക്കാരുടെ കിരീടം എന്ന് വിളിക്കപ്പെടുന്ന അന്ത്യോക്യയിലെ മാര്‍ സേവേറിയോസ് പാത്രിയര്‍ക്കീസിന്‍റെ എഴുത്തുകള്‍ എല്ലാം ലഭ്യമായിരിക്കുന്നത് ഗ്രീക്ക് ഭാഷയില്‍ നിന്നാണ്. ദൈവശാസ്ത്ര-ആരാധനാപാരമ്പര്യങ്ങളുടെ പരസ്പരബന്ധവും സ്വാധീനവും ബഹുമാനാദരവുകള്‍ക്കതീതമായ ഭരണവിധേയ ചിന്താഗതികളായി മാറുന്നത് റോമാ, പോര്‍ച്ചുഗീസ്, ബ്രിട്ടീഷ്, അറബി, സുറിയാനി കോളനിവല്‍ക്കരണ സംസ്ക്കാരത്തിന്‍റെ ഭാഗമാണ്. അതിനെ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാവിജ്ഞാനീയത്തിന്‍റെ ഭാഗമാക്കി മാറ്റുന്നത് ശരിയായ രീതിയായി കാണരുത്. സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ചെയ്തുനല്‍കുന്നത് ക്രൈസ്തവധര്‍മ്മമാണ്.

കോപ്റ്റിക്ക് (അലക്സാന്ത്രിയന്‍) സഭ എത്യോപ്യന്‍ സഭയെ ഏ.ഡി. നാലാം നൂറ്റാണ്ടുമുതല്‍ ഏ.ഡി. 1951 വരെ സഹായിച്ച ഒരു ചരിത്രമുണ്ട്. ഇപ്പോള്‍ എത്യോപ്യന്‍ സഭ സര്‍വ്വ സ്വതന്ത്രയായ സഭയാണ്. അര്‍മ്മീനിയന്‍ പാരമ്പര്യത്തില്‍ സര്‍വ്വസ്വാതന്ത്ര്യമുള്ള രണ്ട് കാതോലിക്കേറ്റുകള്‍ അര്‍മ്മീനിയായിലും ലബനോനിലുമായി നിലവിലുണ്ട്. ഇവയൊക്കെ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ ഭാഗങ്ങളാണ്. ഇങ്ങനെയുള്ള പൗരസ്ത്യ ക്രൈസ്തവ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കുന്നുവെങ്കിലും അംഗീകരിക്കുവാന്‍ തയ്യാറാകാതെ നില്‍ക്കുന്ന നേതൃസ്ഥാനികള്‍ മലങ്കരസഭയില്‍ ഉണ്ടായിരിക്കുന്നു എന്നതാണ് വിരോധാഭാസമായി മാറുന്നത്.

പ. അന്ത്യോക്യാ പാത്രിയര്‍ക്കീസ് പ. പത്രോസ് ശ്ലീഹായുടെ പിന്‍ഗാമിയാണെന്നും ശ്ലൈഹിക അധികാരവും പിന്‍തുടര്‍ച്ചയും അതുവഴിമാത്രമേ ലഭിക്കുകയുള്ളു എന്നും തോമായുടെ ശ്ലൈഹിക സിംഹാസനം ആലങ്കാരികമാണെന്നുമുള്ള വാദങ്ങള്‍ സമീപകാലത്തായി കേള്‍ക്കുന്നതാണ്. റോമന്‍ കത്തോലിക്കാ സഭയുടെ സഭാവിജ്ഞാനിയത്തോട് ചേര്‍ന്ന് പോകുന്ന ചില വാദങ്ങളായിട്ടുമാത്രമേ ഇതിനെ മനസ്സിലാക്കുവാന്‍ പറ്റുന്നുള്ളു. ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെയോ ബൈസന്‍റൈന്‍ ഓര്‍ത്തഡോക്സ് സഭകളുടെയോ സഭാവിജ്ഞാനീയത്തില്‍ ഇപ്രകാരം ഒരുപഠിപ്പിക്കല്‍ ഉണ്ടെന്ന് കരുതുന്നില്ല. ഓര്‍ത്തഡോക്സ് സഭകളുടെ ചിന്തയില്‍ ശ്ലൈഹികത കര്‍ത്താവിനടുത്തതാണ്. കര്‍ത്താവില്‍ നിന്ന് ലഭിച്ചതാണ് അപ്പോസ്തോലന്മാര്‍ക്കുള്ളത്. സത്യവിശ്വാസം പുലര്‍ത്തുന്ന എല്ലാ സഭകളിലും ഈ ശ്ലൈഹിക അധികാരവും പിന്‍തുടര്‍ച്ചയും ഒഴുകുന്നുണ്ട്. അലക്സന്ത്രിയായിലെ സഭയുടെ സ്ഥാപകന്‍ ശ്ലീഹന്മാരില്‍ ഒരുവനല്ലാത്ത വി. മര്‍ക്കോസ് ഏവന്‍ഗേലിയോസ്താ ആണെന്നും അപ്പോസ്തോലിക വിശ്വാസം പുലര്‍ത്തുന്ന ശ്ലൈഹിക സഭകളില്‍ പലതിന്‍റെയും സ്ഥാപകര്‍ പന്ത്രണ്ട് ശ്ലീഹന്മാര്‍ അല്ലെന്നും മനസ്സിലാക്കുന്നവര്‍ക്ക് ഇതില്‍ ഒരു സംശയവും ഉണ്ടാവുകയില്ല. മലങ്കരസഭയുടെ വ്യവഹാരങ്ങള്‍ക്ക് അറുതി വരുത്തി വിധിതീര്‍പ്പ് കല്പിച്ച ന്യായാധിപന്മാര്‍ ഇത് മനസ്സിലാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചു എന്നത് തര്‍ക്കങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി തര്‍ക്കവിഷയങ്ങള്‍ സൃഷ്ടിക്കുന്നവരുടെ കണ്ണുതുറപ്പിക്കും എന്ന് കരുതുന്നു.

പള്ളികളുടെ സ്ഥാപനോദ്ദേശം നിലനിര്‍ത്തണം എന്നതിനാല്‍ പള്ളികള്‍ വിട്ടുകൊടുക്കാന്‍ പാടില്ല എന്നപേരില്‍ നിയമവ്യവസ്ഥിതികളെ വെല്ലുവിളിക്കുന്ന രീതി കാണുന്നുണ്ട്. പൗരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആരാധനയും ആചാരാനുഷ്ഠാനങ്ങളും നിലനിര്‍ത്തി ദൈവജനത്തെ സത്യത്തിലും ആത്മാവിലും നയിക്കുക എന്നതിനപ്പുറമായ ഒരു സ്ഥാപനോദ്ദേശവും മലങ്കരസഭയുടെ പള്ളികള്‍ക്കില്ല. അതിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പള്ളികളില്‍ നിന്ന് വിട്ടുമാറി സ്വന്തഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യം ബഹു. സുപ്രീംകോടതി നല്‍കുന്നുണ്ട്.

ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഇടവകപള്ളികളുടെ സ്വാതന്ത്ര്യവും ഭൂരിപക്ഷത്തിന്‍റെ തീരുമാനവും എന്നൊക്കെയുള്ള അസ്വാദ്യകരമായ വാക്കുകള്‍.. ഇന്ത്യന്‍ ഭരണഘടനയും അതിനുള്ളില്‍ നില്‍ക്കുന്ന മലങ്കരസഭയുടെ 1934-ലെ ഭരണഘടനയും നിയമവ്യവസ്ഥിതികള്‍ക്കുള്ളില്‍ നിന്ന് ഈ രണ്ട് കാര്യങ്ങളും അനുവദിക്കുന്നുണ്ട്. വിശ്വാസം, പട്ടത്വം, ശിക്ഷണം എന്നീ 3 കാര്യങ്ങള്‍ ഒഴികെ (ഇവ മറ്റ് ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ ദൈവശാസ്ത്രം, കാനോനകള്‍ എന്നിവയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവയാകയാല്‍ പ. എപ്പിസ്കോപ്പല്‍ സിന്നഹദോസിന്‍റെ അധികാരത്തില്‍ വരുന്നവയാണ്) ബാക്കി എല്ലാ കാര്യങ്ങളും ഭരണഘടനയ്ക്ക് വിധേയമായി ഭൂരിപക്ഷപ്രകാരമാണ് നിശ്ചയിക്കപ്പെടുന്നത്. പ. കാതോലിക്കായും മെത്രാപ്പോലീത്താമാരും തുടങ്ങി ഭരണനിര്‍വ്വഹണം നടത്തുന്ന എല്ലാവരും ഭൂരിപക്ഷപ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇടവകപ്പള്ളികളുടെ സ്വത്തും മറ്റും സഭാഭരണഘടനയ്ക്ക് വിധേയമായി ഇടവകകള്‍ തന്നെയാണ് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ കൈകാര്യം ചെയ്യുന്നത്. വ്യവസ്ഥിതികളുടെ ഉള്ളില്‍ നിന്നുകൊണ്ട് വിനിയോഗം നടത്തുവാനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം എന്നതിനപ്പുറമായ ഒരു സ്വാതന്ത്ര്യം ശിക്ഷണബോധം നഷ്ടപ്പെടുന്നവരുടെ സ്വാതന്ത്ര്യ ദുര്‍വ്വിനയോഗമായിട്ടേ കണക്കാക്കുവാന്‍ പറ്റുകയുള്ളു. അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു നിയമവ്യവസ്ഥിതി ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നീട് ഭൂരിപക്ഷം നിശ്ചയിക്കുന്നതും സ്വാതന്ത്ര്യം അനുഭവിക്കുന്നതുമൊക്കെ ആ വ്യവസ്ഥിതിയോടുള്ള വിധേയത്വത്തിലാണെന്ന് ബഹു. സുപ്രീംകോടതിവിധി വ്യക്തമാക്കുന്നു.

2017 ജൂലൈ 3-ന് ഉണ്ടായിരിക്കുന്ന വിധി, നടപ്പിലാക്കുക എന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. അതു നടപ്പിലാക്കിയാല്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് ഭംഗം ഉണ്ടാകും എന്ന് ആശങ്കപ്പെടുന്ന ചില നേതാക്കന്മാരും അവരോട് ചേര്‍ന്ന് നില്‍ക്കുന്ന ചില ഉപജാപകവൃന്ദങ്ങളും ഒഴികെ സഭയിലെ ഭൂരിപക്ഷവും അതാഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ഈ വിധി നടപ്പിലാക്കുക എന്നത് ദൈവനിയോഗമായി കണക്കാക്കുവാന്‍ ഏവര്‍ക്കും സാദ്ധ്യമാകണം. മലങ്കരസഭാ തര്‍ക്ക പരിഹാരത്തിനു മദ്ധ്യസ്ഥരുടെ ആവശ്യം ഉണ്ടെന്നത് ഒരു സ്ഥിരപല്ലവിയാണ്. ഭാരതത്തിന്‍റെ പരമോന്നത നീതിപീഠം നല്‍കിയിരിക്കുന്ന മദ്ധ്യസ്ഥതാ തീരുമാനം നടപ്പിലാക്കുവാനും മലങ്കരസഭയില്‍ ഐക്യവും സമാധാനവും ഉണ്ടാകുവാനും ഏതു മദ്ധ്യസ്ഥനും മുന്നോട്ട് വരാവുന്നതാണ്.

ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ